ന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കർണാടകയിൽ ബന്ധാണ്. കാർഷിക ഉൽപാദന വിപണന സമിതി നിയമത്തിലെ ഭേദഗതികൾക്കും ബി എസ് യെഡിയൂരപ്പ സർക്കാർ നടത്തിയ ഭൂപരിഷ്കരണ നിയമങ്ങൾക്കുമെതിരെ പ്രതിഷേധിച്ച് നിരവധി കോൺഗ്രസ്, ജെഡി (എസ്) പ്രവർത്തകരെ തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി ബന്ദിനിടയിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്തു. കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ വിവിധ അസോസിയേഷനുകളുടെയും പ്രവർത്തകരുടെയും കീഴിലുള്ള നൂറുകണക്കിന് കർഷകരും തെരുവിലിറങ്ങി. സംസ്ഥാനത്ത് പ്രക്ഷോഭം ശക്തമാവുകയാണെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ പറഞ്ഞു.
ഡൽഹിയിൽ ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധക്കാർ ട്രാക്ടറിന് തീയിട്ടു. അഗ്നിശമന സേനയുടെ സഹായത്തോടെ പൊലീസ് ട്രാക്ടർ ഇന്ത്യാഗേറ്റിന് മുന്നിൽ നിന്നും മാറ്റി.
രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്കാര ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പുവച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവില്‍ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല.
പഞ്ചാബിലും ഹരിയാനയിലും കര്‍ഷക പ്രതിഷേധം ആളിപ്പടരുകയാണ്. 15 മുതല്‍ 20 വരെ ആളുകള്‍ ചേര്‍ന്നാണ് ഇന്ത്യാഗേറ്റിന് മുമ്പില്‍ വച്ച് ട്രാക്റ്ററിന് തീയിട്ടത്. രാവിലെയായിരുന്നു സംഭവം.
Read More: കാർഷിക ബില്ലിൽ പ്രതിഷേധം ശക്തം; ശിരോമണി അകാലിദൾ എൻഡിഎ വിട്ടു
സംഭവം പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ലൈവായി പോസ്റ്റ് ചെയ്തു. സെപ്തംബര്‍ 20 ന് ഹരിയാനയിലെ അംബാലയില്‍ പഞ്ചാബ് യൂത്ത് കോണ്‍ഗ്രസ് ട്രാക്ടര്‍ കത്തിക്കാന്‍ ശ്രമിച്ചിരുന്നു. പഞ്ചാബിലടക്കം കിസാന്‍ മസ്ദൂര്‍ സമരസമിതി ട്രെയിന്‍ തടഞ്ഞ് പ്രതിേഷേധം തുടരുകയാണ്.
#WATCH: Punjab Youth Congress workers stage a protest against the farm laws near India Gate in Delhi. A tractor was also set ablaze. pic.twitter.com/iA5z6WLGXR
— ANI (@ANI) September 28, 2020
“കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരു ട്രക്കില്‍ ട്രാക്ടര്‍ ഇന്ത്യേഗേറ്റിന് സമീപത്തെത്തിച്ചു. ഇത് കോണ്‍ഗ്രസിന്റെ നാടകമാണ്. ഇതുകൊണ്ടാണ് ജനങ്ങള്‍ അധികാരത്തില്‍ നിന്ന് നീക്കാന്‍ വോട്ട് ചെയ്തത്,” കേന്ദ്രമന്ത്രി പ്രകാശ് ജാവദേകര്‍ ട്വീറ്റ് ചെയ്തു.
രാജ്യവ്യാപകമായി പ്രതിഷേധം കത്തുകയാണ്. കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് ശിരോമണി അകാലിദൾ കഴിഞ്ഞദിവസം എൻഡിഎ വിട്ടു. കാർഷിക താൽപര്യങ്ങൾ സംരക്ഷിക്കുന്നതാണ് ബില്ലുകളെന്ന് അവകാശപ്പെടുമ്പോഴും അകാലിദള്ളിന്റെ പുറത്തുപോകൽ ബിജെപി സർക്കാരിന് രാഷ്ട്രീയമായി തിരിച്ചടി തന്നെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ആഴ്ച അകാലിദൾ നേതാവ് ഹർസിമ്രത് കൗർ കേന്ദ്ര മന്ത്രിസ്ഥാനം രാജിവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ മുന്നണി വിടാനുള്ള തീരുമാനവും.
കാര്‍ഷിക വിളകള്‍ക്ക് താങ്ങുവില ഉറപ്പ് നല്‍കാത്തതിലും പഞ്ചാബ്, സിഖ് വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതിലും പ്രതിഷേധിച്ചാണ് ശിരോമണി അകാലിദള്‍ മുന്നണി വിടുന്നതെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. സഖ്യം വിടുന്നകാര്യം ആലോചിക്കുകയാണെന്ന് അകാലി ദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദല്‍ നേരത്തെ അറിയിച്ചിരുന്നു.