ന്യൂഡൽഹി: ജീനോം സീക്വൻസിങ് നടപടികൾ കർശനമാക്കി ഒമിക്രോൺ ഉൾപ്പെടെയുള്ള പുതിയ വകഭേദങ്ങൾ നേരത്തെ കണ്ടെത്താൻ നടപടിയുമായി കേന്ദ്ര സർക്കാർ. കർണാടകയിലെ ധാർവാഡിലും മഹാരാഷ്ട്രയിലെ താനെയിലും അടക്കം എല്ലാ കോവിഡ് ഹോട്ട്‌സ്‌പോട്ടുകളിൽ നിന്നുമുള്ള എല്ലാ സാമ്പിളുകളും പരിശോധനയ്ക്ക് അയക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയതായി വിവരം.
ചൊവ്വാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ ജീനോം സീക്വൻസിങ്ങിനായി പോസിറ്റീവായ എല്ലാ സാമ്പിളുകളും INSACOG ലാബുകളിലേക്ക് അയക്കാൻ സംസ്ഥാനങ്ങളോട് നിർദ്ദേശിച്ചതായാണ് അറിവ്. നേരത്തെ, ആർടിപിസിആർ പരിശോധനയിൽ പോസിറ്റീവാകുന്ന അഞ്ച് ശതമാനം സാമ്പിളുകൾ മാത്രമാണ് ജീനോം സീക്വൻസിങ്ങിനായി അയച്ചിരുന്നത്.
നടപടിയുടെ ആദ്യ ഘട്ടമായി ധാർവാഡിലെ മെഡിക്കൽ കോളേജിലും താനെയിലെ ഭിവണ്ടിയിലെ ഒരു വൃദ്ധസദനത്തിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററിൽ നിന്നുള്ള എല്ലാ സാമ്പിളുകളും അയക്കാൻ നിർദേശം നൽകിയതായി ഉന്നത സർക്കാർ വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു.
“പുതിയ ഹോട്ട്‌സ്‌പോട്ടുകളും ക്ലസ്റ്ററുകളും ഉണ്ടാകുമ്പോഴെല്ലാം, അതിലെ എല്ലാ സാമ്പിളുകളും ജിനോം സീക്വൻസിങ് നടത്തണമെന്ന് പറഞ്ഞിട്ടുണ്ട്. ഒരു സ്ഥാപനത്തിൽ 240 ലധികം കേസുകളുള്ള ധാർവാഡിലും 60 കേസുകൾ കണ്ടെത്തിയ ഭിവണ്ടിയിലെ വൃദ്ധസദനത്തിലും നിന്നുള്ള സാമ്പിളുകളാണ് ഇത് ചെയ്യുന്നത്. അത്രയും കേസുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ ജീനോം സീക്വൻസിങ് നടത്തണമെന്ന് ഞങ്ങൾ സംസ്ഥാനങ്ങളോട് പറഞ്ഞിട്ടുണ്ട്,” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
Also Read: ഒമിക്രോൺ കോവിഡ് വകഭേദത്തെ ആർടി-പിസിആർ പരിശോധനയിൽ കണ്ടെത്താനാവുമോ
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയ ആളുകൾ വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നുണ്ടെന്ന് ഉറപ്പാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു. അങ്ങനെയുള്ളവർ എട്ടാം ദിവസം പരിശോധന നടത്തിയെന്നത് ജില്ലാഭരണകൂടം പരിശോധിക്കണമെന്നും പറഞ്ഞിരുന്നു.
ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള രാജ്യാന്തര യാത്രക്കാർ റിപ്പോർട്ട് വരുന്നതുവരെ വിമാനത്താവളങ്ങളിൽ കാത്തിരിക്കണമെന്നും അതുവരെ കണക്റ്റിങ് ഫ്ലൈറ്റുകൾ ബുക്ക് ചെയ്യരുതെന്നും കേന്ദ്രം പറഞ്ഞിട്ടുണ്ട്.
ആർടിപിസിആർ, റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളിൽ നിന്ന് ഒമിക്രോൺ കണ്ടെത്താൻ കഴിയുമെന്ന് യോഗത്തിൽ ഐസിഎംആർ ഡി-ജി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. “ഹർ ഘർ ദസ്തക്” കാമ്പയിൻ ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം അറിയിച്ചു.