ഛണ്ഡീഗഡ്: ദേര സച്ച സൗദായുടെ വിവിധ ബാങ്കുകളിലെ 473 സേവിങ്‌സ് അക്കൗണ്ടുകളില്‍ നിന്നായി 74.96 കോടി രൂപ കണ്ടെത്തിയതായി ഹരിയാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ട്. ഇതില്‍ 7.72 കോടി രൂപ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ സ്വന്തം പേരിലുള്ള അക്കൗണ്ടിലാണ് നിക്ഷേപിച്ചിട്ടുള്ളത്. 12 അക്കൗണ്ടുകളിലായാണ് നിക്ഷേപം നടത്തിയിരുന്നത്.

ഗുര്‍മീതിന്റെ ദത്തുപുത്രി ഹണീപ്രീതിന്റെ പേരില്‍ ആറു ബാങ്ക് അക്കൗണ്ടുകളിലായി ഒരു കോടിയിലധികം രൂപയുടെ നിക്ഷേപമുണ്ട്. ഗുര്‍മീതിന്റെ സിനിമാ നിര്‍മാണ യൂണിറ്റ് ഹകീകത്ത് എന്റര്‍ടെയിന്‍മെന്റിന്റെ പേരില്‍ ഇരുപത് അക്കൗണ്ടുകളിലായി അമ്പതുകോടിയോളം നിക്ഷേപമുണ്ട്.

ദേരയുടെ പേരിലുള്ള 504 ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങളാണ് സര്‍ക്കാര്‍ പുറത്തു വിട്ടിരിക്കുന്നത്. എല്ലാ അക്കൗണ്ടുകളും സര്‍ക്കാര്‍ മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേര സച്ച സൗദായുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ കണക്ക് തയാറാക്കാന്‍ പഞ്ചാബ് -ഹരിയാന ഹൈക്കോടതി ഇരുസംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

ഹരിയാനയിലെ ദേരയുടെ സ്വത്തിന്റെ കണക്കും സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. സിര്‍സ ജില്ലയില്‍മാത്രം 1435 കോടിയുടെ ആസ്തിയാണ് ദേരക്കുള്ളത്. 504 ബാങ്ക് അക്കൗണ്ടുകളില്‍ 495 എണ്ണം സിര്‍സ ജില്ലയില്‍ തന്നെയാണുള്ളത്. വിവിധ ബാങ്കുകളില്‍നിന്ന് ഗുര്‍മീതും ഹണിപ്രീതും വായ്പകളും സ്വീകരിച്ചതായി സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്.

ബലാൽസംഗക്കേസില്‍ ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം അനുയായികള്‍ വന്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പ്രതിഷേധപ്രകടനത്തിനിടെ സ്വകാര്യ-പൊതുമുതലുകള്‍ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ നഷ്ടപരിഹാരം ദേരയില്‍നിന്ന് ഈടാക്കുമെന്ന് കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ