ന്യൂഡല്‍ഹി. കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടര്‍ന്ന ഡല്‍ഹിയില്‍ രോഗവ്യാപനം കുറയുന്നു. 28,000 ത്തില്‍ അധികം കേസുകള്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്തിരുന്ന രാജ്യ തലസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 13,000 ആയി കുറഞ്ഞു. നൂറ് പേരെ പരിശോധിക്കുമ്പോള്‍ 36 പേരില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനമായും കുറഞ്ഞു. ജാഗ്രത കൈവിടരുതെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിന് നിര്‍ദേശിച്ചു.
കൃത്യമായ കണക്കുകള്‍ അനുസരിച്ച് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,651 പേര്‍ക്കാണ് കോവിഡ് പോസിറ്റിവായത്. 319 മരണവും സംഭവിച്ചു. 19.1 ശതമാനമാണ് ടിപിആര്‍. ഏപ്രില്‍ 12-ാം തിയതിക്ക് ശേഷം ഇതാദ്യമായാണ് ഡല്‍ഹിയില്‍ രോഗ്യവ്യാപന തോത് ഇത്രയധികം കുറയുന്നത്. മേയ് 17 വരെ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ തുടരും.
Also Read: ആദ്യ കുത്തിവയ്പിന് ശേഷം കോവിഡ് ബാധിച്ചവര്‍ക്ക് രണ്ടാം ഡോസ് വാക്സിനെപ്പോള്
അതേസമയം ഡല്‍ഹിയില്‍ വാക്സിന് ക്ഷാമം നേരിടുന്നതായി ആരോഗ്യമന്ത്രി ചൂണ്ടിക്കാണിച്ചു. എത്രയും വേഗം പുതിയ സ്റ്റോക്ക് നല്‍കണമെന്ന് കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടതായും സത്യേന്ദര്‍ ജെയിന് കൂട്ടിച്ചേര്‍ത്തു. “ദില്ലിയിൽ വാക്സിനുകളുടെ കുറവുണ്ട്. കോവാക്സിന്റെ സ്റ്റോക്ക് ഒരു ദിവസത്തേക്കും കോവിഷീല്‍ഡിന്റെ സ്റ്റോക്ക് ആറ് ദിവസത്തേക്കും മാത്രമാണുള്ളത്,” ജെയിന് പറഞ്ഞു.
കഴിഞ്ഞ ദിവസം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് കേന്ദ്ര ആരോഗ്യമന്ത്രിക്കും വാക്സിന് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കത്തയച്ചിരുന്നു. അടുത്ത മൂന്ന് മാസത്തേക്ക് 60 ലക്ഷം ഡോസ് വാക്സിന് നല്‍കണമെന്നാണ് ആവശ്യം. മെയ് 8-ാം തിയതി 1.28 ലക്ഷം പേരാണ് ഡല്‍ഹിയില്‍ വാക്സിന് സ്വീകരിച്ചത്. ഇതുവരെ 39 ലക്ഷം ഡോസുകളാണ് ഡല്‍ഹിക്ക് അനുവദിച്ചിട്ടുള്ളത്.