ന്യൂഡൽഹി: മലിനീകരണത്തിൽ ലോക നിലവാരത്തിലെത്തി നിൽക്കുന്ന ഇന്ത്യൻ നഗരങ്ങൾ ശിശു സൗഹൃദമല്ലാതാവുന്നു. ഇവിടങ്ങളിലെ വിഷ വായു ശ്വസിച്ച് നാളെയുടെ ഈ പ്രതീക്ഷകൾ കുരുന്നിലെ കരിഞ്ഞു പോയേക്കാം എന്ന് ഇന്ത്യയിലെ യൂണിസെഫ് പ്രതിനിധി യാസ്മിൻ അലി ഹക്ക് പറയുന്നു. ലോകത്തിലെ ഏറ്റവും മലീമസമായ ഇരുപതു നഗരങ്ങളിൽ പത്തെണ്ണം ഇന്ത്യയിലാണെന്നു പറയുമ്പോൾ ഈ അവസ്ഥ കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന വിപത്തും ആലോചിക്കാവുന്നതേ ഉള്ളൂ. പത്തു നഗരങ്ങൾ ഏറ്റവും മലിനീകരിക്കപ്പെട്ടത് എന്ന് പറയുമ്പോൾ ഇവിടങ്ങളിലെ വിഷ വായു ബാധിക്കുക 8 മില്യൺ കുട്ടികളെയാണെന്ന വസ്തുത ഭീതിതമാണ്. വിഷ വായു കുട്ടികളിൽ തലച്ചോറിന്റെ വികാസത്തെയും, പ്രവർത്തനത്തെയും മന്ദീഭവിപ്പിക്കുന്നു എന്ന് ഡോക്ടർമാർ പറയുന്നു.
മലിനീകരണത്തിനു ഉത്തരവാദികളായ എല്ലാവരെയും ബോധവത്കരിക്കുകയും ഇവരെ ഹരിത കേന്ദ്രീകൃതമായ ജീവിത വ്യവസ്ഥയിലേക്കു നയിക്കുകയുമാണ് വേണ്ടതെന്നു യാസ്മിൻ പറയുന്നു. വിദൂര ഭാവിയിൽ ഇത് മലിനീകരണ തോത് കുറഞ്ഞു വരുവാനിടയാക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ഡൽഹിയിൽ യൂണിസെഫിന്റെ പുതിയ ആഗോള പത്രിക പുറത്തിറക്കി കൊണ്ട് സംസാരിക്കുകയായിരുന്നു യാസ്മിൻ ഹക്ക്. ലോകത്താകമാനം 17 മില്യൺ കുട്ടികൾ വിഷ വായു ശ്വസിച്ചു അപകടകരമായ അന്തരീക്ഷത്തിൽ ജീവിക്കുന്നുണ്ട്. വായു മലിനീകരണം ഒരു ആഗോള പ്രശ്നമാണ്. ദക്ഷിണ ഏഷ്യയിൽ വയലുകൾ കത്തിച്ചു അന്തരീക്ഷ മലിനീകരണത്തിന്റെ തോത് ഉയർത്തുമ്പോൾ കൽക്കരി പ്ലാന്റുകൾ ലോകത്തെല്ലായിടത്തും പ്രവർത്തിക്കുന്നു- യാസ്മിൻ ചൂണ്ടിക്കാട്ടി.
എല്ലാ രാജ്യങ്ങളിൽ നിന്നും അന്തരീക്ഷ മലിനീകരണത്തിന് എതിരെ നടപടി വേണം. എന്നാൽ മാത്രമേ ഭാവിയിൽ കുട്ടികൾക്ക് ശുദ്ധവും ആരോഗ്യകരവുമായ ഒരു ലോകത്തിലേക്ക് പിറന്നു വീഴാൻ കഴിയുകയുള്ളൂ എന്നും യാസ്മിൻ പറഞ്ഞു.