റേക്കേവിക്: ഐസ്ലൻഡിൽ വിനോദസഞ്ചാര കേന്ദ്രമായ വക്വാനാക്കിൽ ഗ്ലേഷ്യർ ഇടിഞ്ഞു വീണു. നിരവധി വിനോദ സഞ്ചാരികൾ സ്ഥലത്തുളളപ്പോഴായിരുന്നു അപകടം. ഗ്ലേഷ്യർ ഇടിയുന്നതു കണ്ട വിനോദ സഞ്ചാരികൾ ഓടി രക്ഷപ്പെടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ വഴി പുറത്തുവന്നിട്ടുണ്ട്.
സംഭവ സ്ഥലത്തുണ്ടായിരുന്ന ഐസ്ലൻഡ് ടൂർ കമ്പനിയായ ഹാഫ്ജലിന്റെ സ്റ്റീഫൻ മാട്ലർ ആണ് വീഡിയോ പകർത്തിയതെന്ന് സിഎൻഎൻ റിപ്പോർട്ടിൽ പറയുന്നു. അദ്ദേഹം വീഡിയോ ഫെയ്ബുക്കിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. ഗ്ലേഷ്യർ ഇടിയുന്നതു കണ്ട് വിനോദസഞ്ചാരികൾ ഓടുന്നത് വീഡിയോയിൽ കാണാം. ഇതിനുപിന്നാലെ തിരമാലകൾ ശക്തമായി തീരത്തേക്കെത്തുന്നതും വീഡിയോയിലുണ്ട്.
പത്തോളം പേരാണ് സംഭവ സമയത്ത് സ്ഥലത്ത് ഉണ്ടായിരുന്നതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരും സുരക്ഷിതരാണ്. ആർക്കും പരുക്കേറ്റിട്ടില്ല. ആഗോളതാപനിലയിലെ വ്യതിയാനം മൂലമാണ് ഗ്ലേഷ്യർ ഇടിഞ്ഞു വീഴുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു.