ഒസ്ലോ: പൊതുവെ വന്യമൃഗങ്ങളെ മനുഷ്യര്‍ക്ക് നല്ല പേടിയാണ്. എന്നാല്‍ നോര്‍വെയില്‍ ഒരു ആര്‍ട്ടിക് ടൂറിസ്റ്റ് ഗൈഡ് ഹിമക്കരടിയെ വല്ലാതെ അങ്ങ് പേടിപ്പിച്ച് കളഞ്ഞു. വിനോദയാത്രാ സംഘത്തിനൊപ്പം എത്തിയ നോര്‍വെക്കാരനായ ഗൈഡ് ആണ് യാത്രാ സംഘത്തെ കാണിക്കാനായി അതിക്രമം കാട്ടിയത്.
സ്വാല്‍ബാര്‍ഡ് ഹിമപ്രദേശത്തെത്തിയ വിനോദയാത്രാ സംഘത്തില്‍ നിന്നും 2,950 അടി അകലെയായിരുന്നു ഹിമക്കരടി നിന്നിരുന്നത്. അനങ്ങാതെ നിന്നിരുന്ന കരടിയുടെ ഏറ്റവും അടുത്തെത്താനാണ് ഗൈഡ് ആദ്യം ശ്രമിച്ചത്. ശബ്ദം ഉണ്ടാക്കാതെ ഇയാള്‍ അടുത്തെത്തിയെങ്കിലും അടുത്ത നിമിഷം ഞെട്ടിത്തിരിഞ്ഞ കരടി ഓടിമറഞ്ഞു. ഹിമക്കരടിയുടെ അടുത്ത് പോകുന്നതും അവയെ ശല്യപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നിയമവിരുദ്ധമാണെന്ന് സ്വാല്‍ബാര്‍ഡ് ദ്വീപ് ഗവര്ണറ് ഓഫീസ് വ്യക്തമാക്കി. അത് കൊണ്ട് തന്നെ ടൂറിസ്റ്റ് ഗൈഡിന് 1,300 യൂറോ (ഏകദേശം 1 ലക്ഷം രൂപ) പിഴ ഈടാക്കുന്നതായും അധികൃതര്‍ അറിയിച്ചു.
2015ലെ കണക്കുകള്‍ പ്രകാരം സ്വാല്‍ബാര്‍ഡില്‍ ആയിരത്തോളം ഹിമക്കരടികളാണുളളത്. 1973 മുതല്‍ സംരക്ഷിത ജീവി വര്‍ഗത്തിലാണ് ഹിമക്കരടികള്‍ പെടുന്നത്. കഴിഞ്ഞ 40 വര്‍ഷത്തിനുളളില്‍ ഹിമക്കരടികളില്‍ നിന്നുളള അഞ്ച് അക്രമണങ്ങള്‍ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.