തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന ആരോപണങ്ങളെ പോപ്പുലര്‍ ഫ്രണ്ട് നിഷേധിച്ചു. യുപിയിലെ പ്രതിഷേധങ്ങള്‍ക്ക് പോപ്പുലര്‍ ഫ്രണ്ട് സാമ്പത്തിക സഹായം നല്‍കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
വെസ്റ്റ് യുപിയിലെ പല ബാങ്കുകളിലായി 120 കോടി രൂപയോളം നിക്ഷേപിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് വൃത്തങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു റിപ്പോര്‍ട്ട്. പൗരത്വ നിയമം പാര്‍ലമെന്റിൽ പാസായ ശേഷമാണ് ഇത് നടന്നതെന്നും വാര്‍ത്തകളുണ്ടായിരുന്നു.
Read Also: രാജ്യത്തെ വഞ്ചിക്കുന്നവരെ വെടിവച്ചു കൊല്ലണം; കേന്ദ്രമന്ത്രിയുടെ കൊലവിളി പ്രസംഗം
ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധ പരിപാടികള്‍ നടത്താന്‍ വേണ്ടി പോപ്പുലര്‍ ഫ്രണ്ടാണ് പണം നിക്ഷേപിച്ചെന്ന ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍, ഇത്തരം ആക്ഷേപങ്ങളെ പോപ്പുലര്‍ ഫ്രണ്ട് പൂര്‍ണ്ണമായി തള്ളി കളഞ്ഞു. പൗരത്വ പ്രതിഷേധങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് പോപ്പുലര്‍ ഫ്രണ്ട് ജനറല്‍ ബോഡി വ്യക്തമാക്കി.
73 ബാങ്കുകളിലായി 120 കോടി രൂപ ഉണ്ടെന്നായിരുന്നു ആക്ഷേപം. കശ്മീരിലേക്കും പോപ്പുലര്‍ ഫ്രണ്ട് പണം അയച്ചെന്ന ആക്ഷേപങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, കശ്മീരില്‍ തങ്ങള്‍ക്ക് സംഘടനയില്ലെന്ന് ജനറല്‍ ബോഡി പറയുന്നു.