ന്യൂഡൽഹി: മൂന്നാം ഘട്ട ലോക്ക്ഡൗണ്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ ശേഷിക്കുമ്പോഴും രാജ്യത്തെ കൊറോണ ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 3604 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 70,756 ആയി ഉയര്‍ന്നു. ഇതില്‍ 46008 പേര്‍ ചികിത്സയില്‍ തുടരുമ്പോള്‍ 22,454 പേര്‍ രോഗവിമുക്തരായി. സുഖം പ്രാപിക്കുന്നരുടെ നിരക്ക് 31.15 ശതമാനമാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More: Covid 19 Kerala Evacuation Live Updates: ദോഹ വിമാനം ഇന്ന് രാത്രി തിരുവനന്തപുരത്തെത്തും

അതേസമയം, രാജ്യത്ത് ട്രെയിൻ സർവീസുകൾ ഇന്ന് മുതൽ പുനഃരാരംഭിക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിൻ സർവീസുകൾ തുടങ്ങുക. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ദിവസമായ ഇന്ന് പതിനഞ്ച് ട്രെയിനുകളായിരിക്കും ഓടി തുടങ്ങുക. ഇന്നലെ വൈകീട്ട് നാല് മണി മുതൽ തന്നെ ബുക്കിങ് ആരംഭിച്ചിരുന്നു. ഐആർസിടിസി വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് ബുക്കിങ്. റെയിൽവേ സ്റ്റേഷൻ കൗണ്ടർ വഴി ടിക്കറ്റ് ലഭിക്കില്ല.

യാത്രക്കാർ ഒരു മണിക്കൂർ മുമ്പേ റെയിൽവേ സ്റ്റേഷനിലെത്തണമെന്നാണ് നിർദേശം. ടിക്കറ്റ് ഉറപ്പാക്കിയവർക്ക് മാത്രമായിരിക്കും റെയിൽവേ സ്റ്റേഷനിലേയ്ക്ക് പ്രവേശനം നൽകുക. മാസ്‌ക് അടക്കമുള്ള മുൻകരുതലുകൾ നിർബന്ധമായിരിക്കും. രോഗലക്ഷണമുള്ളവർക്ക് യാത്രാനുമതി നൽകില്ല.

കൂടാതെ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവർക്ക് ആരോഗ്യ സേതു ആപ്ലിക്കേഷൻ നിർബന്ധമാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ഇത് ഇല്ലാത്ത യാത്രക്കാരോട് സ്റ്റേഷനിൽ എത്തിയ ശേഷം ഡൗണ്‍ലോഡ്‌ ചെയ്യാൻ ആവശ്യപ്പെടും.

ആഗോളതലത്തിലും കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തന്നെയാണ് രേഖപ്പെടുത്തുന്നത്. 42.5 ലക്ഷത്തിലധികം പേർക്ക് ഇതുവരെ രോഗം ബാധിച്ചു. മരണ സംഖ്യ മൂന്ന് ലക്ഷത്തോടടുക്കുന്നു. ഇതുവരെ 287,250 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്. കോവിഡ് ഏറ്റവുമധികം നാശം വിതച്ച അമേരിക്കയിൽ, രോഗികളുടെ എണ്ണം 13.8 ലക്ഷം കവിഞ്ഞു. എൺപത്തിയൊന്നായിരത്തിലേറെ പേരാണ് അമേരിക്കയിൽ മരിച്ചത്. അതേസമയം, രാജ്യമൊട്ടാകെ സ്ഥിതി മെച്ചപ്പെടുന്നതിന്റെ തെളിവുകൾ കണ്ട് തുടങ്ങിയെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook