ടൊറന്റോ: കാനഡയിലെ ടോറന്‍റോയില്‍ കാല്‍നടയാത്രക്കാര്‍ക്ക് ഇടയിലേക്ക് വാനിടിച്ച് കയറ്റി 10 പേര്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരുക്കേറ്റു. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. അലേക് മിനസിയാന്‍ എന്ന 25കാരനെയാണ് പൊലീസ് പിടികൂടിയത്.
അമിത വേഗതയില്‍ വന്ന വാഹനം മനഃപൂർവ്വം ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. മുന്നിലുണ്ടായിരുന്ന എല്ലാവരെയും ഇടിച്ചിട്ടു. ഉച്ച ഭക്ഷണ സമയമായതിനാല്‍ റോഡില്‍ തിരക്കുണ്ടായിരുന്നു. ഓഫീസ് ജോലിയുടെ ഇടവേളയില്‍ ഭക്ഷണം കഴിക്കാനെത്തിയവരാണ് അപകടത്തില്‍ പെട്ടവരില്‍ ഏറേയും. പരുക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. പിടിയിലായയാള്‍ മനഃപൂർവ്വം നടത്തിയ അക്രമണമാണോയെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. പിടിയിലായ ആളെ പൊലീസിനും നേരത്തേ പരിചയമില്ല.
എന്നാല്‍ ആൾക്കാരെ ഇടിച്ചിട്ട ശേഷവും ഇയാള്‍ 2 കിലോമീറ്ററോളം വാഹനം ഓടിച്ചതായി ഒരു ദൃക്‌സാക്ഷി പറഞ്ഞു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ പൊലീസിന് നേരെ എന്തോ ഒരു വസ്തു ഉപയോഗിച്ച് ആക്രമണത്തിന് ശ്രമിക്കുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. മൊബൈല്‍ ഫോണാണ് ഇതെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്