മിസിസോഗ: ടൊറന്റോയിലെ മിസിസോഗയിൽ ഇന്ത്യൻ റസ്റ്ററന്റിൽ സ്‌ഫോടനം. ബോംബെ ബേൽ റസ്റ്ററന്റിൽ രാത്രി 10.30 ഓടെയായിരുന്നു സ്‌ഫോടനം നടന്നതെന്ന് പൊലീസ് അറിയിച്ചു. സ്‌ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ നില ഗുരുതരമാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത് റസ്റ്ററന്റിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.

അതിനിടെ, സ്‌ഫോടനത്തിനു പിന്നിലെന്ന് സംശയിക്കുന്ന രണ്ടുപേരുടെ ചിത്രം പൊലീസ് പുറത്തുവിട്ടു. മുഖം മറച്ച രണ്ടുപേർ നടന്നു പോകുന്ന ചിത്രമാണ് പുറത്തുവിട്ടത്. ഇതിൽ ഒരാളുടെ കൈയ്യിൽ എന്തോ വസ്തുവുളളതായി കാണാം. ഇവരാണ് റസ്റ്ററന്റിൽ ബോംബ് വച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

ടൊറന്റോയിൽ ജനക്കൂട്ടത്തിനുനേരെ വാടകയ്ക്ക് എടുത്ത വാൻ ഓടിച്ചു കയറ്റി ഒരാൾ 10 പേരെ കൊന്നിരുന്നു. ഈ സംഭവം നടന്ന് ഒരു മാസം പിന്നിടുമ്പോഴാണ് ടൊറന്റോയിൽനിന്നു 32 കിലോമീറ്റർ അകലെയുളള മിസിസോഗയിൽ സ്ഫോടനം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ