/indian-express-malayalam/media/media_files/p9EjefhYyi1a7vma0Qiw.jpg)
പല തവണ അനുമതി നിഷേധിക്കപ്പെട്ട്, ആശങ്കയുടെ 17 മാസത്തെ കാത്തിരിപ്പിനും ശേഷം പാക്കിസ്താനിൽ നിന്നുളള 105 വയസുകാരി ഹാജിറ ബീബി അറുപതുകാരിയായ അനന്തിരവൾ ഹനിഫാനെ കഴിഞ്ഞയാഴ്ച്ച പുണ്യഭൂമിയായ മെക്കയിലെ ക അബയിൽ വെച്ച് കണ്ടുമുട്ടി.
1947ലെ വിഭജനത്തെ തുടർന്ന് വേർപ്പെട്ട കുടുംബങ്ങൾ തമ്മിൽ കാണാൻ പല തവണ ശ്രമിച്ചെങ്കിലും വിവിധ കാരണങ്ങളാൽ കണ്ടുമുട്ടൽ നീണ്ടുപോവുകയായിരുന്നു
കഴിഞ്ഞ വർഷം ജൂണിൽ വന്ന ഹൃദയഭേദകമായ ഫോൺ കോളും പാകിസ്താനിൽ നിന്നുളള ദയാലുവായൊരു യൂട്യൂബറുമാണ് ഹാജിറ ബീബിയുടെയും അനന്തിരവളുടെയും സമാഗമത്തിന് മെക്കയിൽ വഴിയൊരുക്കിയത്.
പാകിസ്താനിലെ ഗുരുദ്വാര ദർബാർ സാഹിബിനെയും പഞ്ചാബിലെ ഗുർദാസ്പൂരിലുളള ഗുരുദ്വാര ദേരാ ബാബ നാനാകിനെയും ബന്ധിപ്പിക്കുന്ന ഗുരുദ്വാര കർതാർപൂർ സാഹിബിൽ പരസ്പരം കാണാൻ കുടുംബങ്ങൾ നിരവധി ശ്രമങ്ങൾ അനുമതി നിഷേധിച്ചതു മൂലം നടക്കാതെ പോവുകയായിരുന്നു.
പഞ്ചാബിലെ കപൂർത്തലയിൽ താമസിക്കുന്ന ഹനിഫാൻ ഹാജിറ ബീബിയെ കാണാനായി പാകിസ്താനി വിസക്ക് അപേക്ഷിച്ചെങ്കിലും അതും നിരസിക്കപ്പെടുകയായിരുന്നു.
കഴിഞ്ഞ വർഷം ജൂണിലാണ് ഹാജിറ ബീബി ഹനിഫാനെ വീഡിയോ കോൾ വിളിക്കുന്നത്. സംഭാഷണത്തിനിടെ തന്റെ ഇളയ സഹോദരി മജീദയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോഴാണ് മജീദ ഏതാനും നാളുകൾക്കു മുമ്പ് മരിച്ചുപോയതറിയുന്നത്. ആ വാർത്ത ഹാജിറ ബീബിയെ തകർത്തുകളഞ്ഞു.
തമ്മിൽ കാണാനുളള ഇരുകുടുംബങ്ങളുടെയും പ്രതീക്ഷ ഏതാണ്ട് നഷ്ടമായി തുടങ്ങിയപ്പോഴാണ് പാകിസ്താനി യൂട്യൂബറായ നസീർ ധില്ലനും അമേരിക്കയിൽ താമസക്കാരനായ സിക്കുകാരൻ പോൾ സിങ്ങ് ഗില്ലും ഇവരുടെ സഹായത്തിനെത്തുന്നത്. ഇരുവരുടെയും സഹായത്തോടെ കുടുംബങ്ങൾ മെക്കയിലേക്ക് യാത്ര ചെയ്യുകയും കഴിഞ്ഞ വ്യാഴാഴ്ച്ച ക അബയിൽ വെച്ച് തമ്മിൽ കാണുകയും ചെയ്തു.
“ഹാജിറ ബീബിയുടെ വീഡിയോ അപ് ലോഡ് ചെയ്തതോടെ ഇന്ത്യയിലെ പഞ്ചാബിലുളള അവരുടെ സഹോദരിയുടെ കുടുംബത്തെ കണ്ടെത്താൻ എളുപ്പമായി. 1947 ലെ വിഭജനത്തെ തുടർന്നാണ് ഹാജിറ പാകിസ്താനിലെത്തിയത്.” ഇവരുടെ ഇളയ സഹോദരി മജീദ ഇന്ത്യയിൽ തന്നെ തുടരാൻ തീരുമാനിക്കുകയായിരുന്നുവെന്ന് ധില്ലൻ പറഞ്ഞു.
ഇരുവരുടെ കൂടിക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ മെക്കയിലെത്തിയ ധില്ലൻ ഹൃദയസ്പർശിയായ സംഗമം റെക്കോർഡ് ചെയ്ത് തന്റെ യൂട്യൂബ് ചാനലായ പഞ്ചാബി ലെഹറിൽ അപ് ലോഡ് ചെയ്തു. ഫോൺ വഴി ബന്ധമുണ്ടായിരുന്നെങ്കിലും ഇരുവരും ഇതാദ്യമായാണ് നേരിൽ കാണുന്നത്.
“എന്തുകൊണ്ടാണ് ഹനിഫാന് ഗുരുദ്വാര കർതാർപൂർ സാഹിബ് സന്ദർശിക്കാനുളള അനുമതി നിഷേധിക്കപ്പെട്ടതെന്ന് അറിയില്ല. മുമ്പിതുപോലെ വിഭജനത്തെ തുടർന്ന് വേർപിരിഞ്ഞുപോയ സഹോദരങ്ങൾ സാദിഖ് ഖാനും സിക്ക ഖാനും ഗുരുദ്വാര കർതാർപൂർ സാഹിബിൽ വെച്ച് കണ്ടിരുന്നു,” ഹാജിറയെ കാണാനായി പാകിസ്താനി വിസയ്ക്ക് ഹനിഫാൻ അപേക്ഷിച്ചിരുന്നെങ്കിലും ഇന്ത്യയിലെ പാകിസ്താൻ ഹൈക്കമ്മീഷൻ അത് നിഷേധിക്കുകയാണുണ്ടായതെന്ന് ധില്ലൻ പറഞ്ഞു.
ഇരുകുടുംബങ്ങളുടെയും സാമ്പത്തികസ്ഥിതി അത്ര മെച്ചമല്ലാത്തതുകൊണ്ട് യുഎസ്സിൽ നിന്നുതന്നെയുളള മറ്റൊരു സിക്കുകാരന്റെ സഹായത്തോടെയാണ് മെക്ക യാത്ര സാധ്യമായത്. “യുഎസ്സിൽ നിന്നുളള പോൾ സിങ്ങ് ഗിൽ ആണ് മെക്കയിൽ വെച്ചുളള ഈ സമാഗമത്തിനുളള സഹായം നൽകിയത്. ഹാജിറ ബീബിക്ക് 105 വയസായതുകൊണ്ടു തന്നെ എത്രയും പെട്ടെന്ന് ഇവർ കണ്ടുമുട്ടാനുളള തത്രപ്പാടിലായിരുന്നു ഞങ്ങൾ എല്ലാവരും,” ധില്ലൻ പറഞ്ഞു നിർത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.