മെൽബൺ: കുട്ടികളെ പീഡിപ്പിച്ച കേസിൽ കർദിനാൾ ജോർജ് പെൽ കുറ്റക്കാരനെന്ന് കോടതി. വിക്ടോറിയ കൗണ്ടി കോടതിയാണ് കർദിനാൾ കുറ്റക്കാരനെന്ന് വിധിച്ചത്. ഡിസംബർ 11 നാണ് 12 പേരടങ്ങിയ ജൂറി വിധി പുറപ്പെടുവിച്ചതെങ്കിലും ഇപ്പോഴാണ് ജൂറി തീരുമാനം പുറത്തുവന്നത്. കേസിൽ പെല്ലിന് 50 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്. അതേസമയം ജൂറിയുടെ കണ്ടെത്തലിനെതിരെ ജോർജ് പെൽ അപ്പീല്‍ നല്‍കിയിട്ടുണ്ട്.
1996 ൽ മെൽബണിൽ ആർച്ച് ബിഷപ്പായിരിക്കവെ സെന്റ് പാട്രിക് കത്തീഡ്രലിലെ ഞായറാഴ്ച കുർബാനയ്ക്ക് ശേഷം കൊയർ സംഘത്തിലെ 13 വയസ്സുളള രണ്ടു ആൺകുട്ടികളെ ജോർജ് പെൽ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. അദ്ദേഹത്തിന് അന്ന് 35 വയസായിരുന്നു. സഭയ്ക്കുളളിലെ ലൈംഗികാതിക്രമങ്ങൾക്കെതിരെ വത്തിക്കാനിൽ പോപ് ഫ്രാൻസിസ് വിളിച്ചു ചേർത്ത ഉച്ചകോടി സമാപിച്ചതിന് പിന്നാലെയാണ് ജോർജ് പെല്ലിനെ കുറ്റക്കാരനാണെന്ന് വിധിച്ചതിന്റെ വിവരങ്ങൾ പുറത്തുവന്നത്.
വത്തിക്കാനിലെ മൂന്നാമത്തെ ശക്തനായ കർദിനാളാണ് ജോർജ് പെൽ. വത്തിക്കാൻ ട്രഷററും പോപ്പിന്റെ മുഖ്യ ഉദേഷ്ടാവുമായിരുന്നു ഇദ്ദേഹം. ഡിസംബറിൽ ജോർജ് പെൽ കുറ്റക്കാരനെന്ന വിധി വന്നതോടെയാണ് അദ്ദേഹത്തെ ഉപദേഷ്ടാവിന്റെ സ്ഥാനത്തുനിന്നും നീക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിലിൽ മറ്റൊരു കേസിലും ജോർജ് പെൽ വിചാരണ നേരിടണം. 1970 കളിൽ ബല്ലാറട്ടിലെ സ്വിമ്മിങ് പൂളിൽവച്ച് 10 നും 12നും അടുത്ത് പ്രായമുളള രണ്ടു ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.