ന്യൂഡൽഹി: കശ്മീരിൽ തടങ്കലിൽ കഴിയുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയക്കണമെന്ന് യുഎസ് ഉന്നത ഉദ്യോഗസ്ഥർ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു. യുഎസ് നയതന്ത്ര ഉദ്യോഗസ്ഥർക്ക് കേന്ദ്രഭരണ പ്രദേശത്തേക്ക് സ്ഥിരമായി പ്രവേശിക്കാനുള്ള അവസരം നൽകണമെന്നും യുഎസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു.
കശ്മീരിലെ നിയന്ത്രണങ്ങളിൽ യുഎസ് ഉദ്യോഗസ്ഥർ ആശങ്ക രേഖപ്പെടുത്തി. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് പരാമർശം. കശ്മീരിലെ നിയന്ത്രണങ്ങളിൽ ഐക്യരാഷ്ട്രസഭ നേരത്തെ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
അതേസമയം, ആർട്ടിക്കിൾ 370 നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നടപ്പിലാക്കിയ ഇന്റർനെറ്റ് നിരോധനം ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. ബ്രോഡ്ബാൻഡ് സർവീസുകൾ പുനസ്ഥാപിച്ചു. സുപ്രീം കോടതിയെ വിധിയെ തുടർന്നാണ് അവശ്യ സേവനങ്ങൾ പുനസ്ഥാപിച്ചത്.
Read Also: എല്ലാ സവാരികളും ഒരു ചെറിയ അവധിക്കാലമാണ്; ചിത്രങ്ങൾ പങ്കുവച്ച് അഞ്ജു കുര്യൻ
എന്നാൽ, സമൂഹമാധ്യമങ്ങൾക്കുള്ള വിലക്ക് ഇപ്പോഴും തുടരുന്നു. സർക്കാർ സ്ഥാപനങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ എന്നിവിടങ്ങളിലെ അവശ്യ സേവനങ്ങൾക്കായാണ് ഇന്റർനെറ്റ് സേവനം പുനസ്ഥാപിച്ചത്. ടൂറിസം സേവനങ്ങൾ പുനസ്ഥാപിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ആർട്ടിക്കിൾ 19ാം വകുപ്പ് പ്രകാരം ഇന്റർനെറ്റ് സേവനം മൗലികാവകാശമാണെന്ന് പറഞ്ഞ സുപ്രീം കോടതി കശ്മീരിൽ ഇന്റർനെറ്റ് സേവനങ്ങൾ പുനസ്ഥാപിക്കണമെന്ന് ഉത്തരവിടുകയായിരുന്നു.
ആശുപത്രികളും വിദ്യാഭ്യാസ കേന്ദ്രങ്ങളും പോലുള്ള അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാനും ജസ്റ്റിസുമാരായ വിഎന്‍ രമണ, ആര്.സുഭാഷ് റെഡ്ഡി, ആര്‍വി ഗവായ് എന്നിവര്‍ ഉള്‍പ്പെട്ട മൂന്നംഗ ബഞ്ച് ജമ്മു കശ്മീർ ഭരണകൂടത്തോട് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.