ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ ശ്രദ്ധേയനായി മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജി. നാഗ്‌പൂരിലെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തശേഷം ആദ്യമായാണ് പ്രണബ് മുഖർജിയും രാഹുൽ ഗാന്ധിയും നേരിട്ട് കാണുന്നത്. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത പ്രണബ് മുഖർജിയെ ഇഫ്‌താർ വിരുന്നിലേക്ക് ക്ഷണിച്ചില്ലെന്ന് കിംവദന്തി പരന്നിരുന്നു. ഇതിനുപിന്നാലെ ഇക്കാര്യം നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. വിരുന്നിൽ പ്രണബ് ദാ പങ്കെടുക്കുമെന്നും രാഹുൽ ഗാന്ധിയുടെ ക്ഷണം പ്രണബ് സന്തോഷത്തോടെ സ്വീകരിച്ചെന്നും കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാലയാണ് ട്വീറ്റ് ചെയ്‌തത്.

രാഹുൽ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷം കോൺഗ്രസ് സംഘടിപ്പിക്കുന്ന ആദ്യ ഇഫ്‌താർ വിരുന്നാണിത്. ഡൽഹിയിലെ താജ് പാലസിൽ ഒരുക്കിയ വിരുന്നിൽ പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നിരയിലെ പലരും വിരുന്നിനെത്തിയില്ല. സമാജ്‌വാദി പാർട്ടിയിൽനിന്നും ആരും എത്തിയില്ല. വിദേശത്ത് ചികിൽസയിലായതിനാൽ സോണിയ ഗാന്ധിക്കും വിരുന്നിൽ പങ്കെടുക്കാനായില്ല.

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് കനിമൊഴി, ആർജെഡിയുടെ മനോജ് ഷാ, ശരത് യാദവ് എന്നിവർ വിരുന്നിനെത്തി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതിനിധിയായ ദിനേശ് ത്രിവേഠിയും മായാവതിയുടെ പ്രതിനിധിയായി എസ്.സി.മിശ്രയും വിരുന്നിൽ പങ്കെടുത്തു. കർണാടകയിലെ ജനതാദൾ സെക്യുലർ നേതാവ് ദാനിഷ് അലിയും വിരുന്നിനെത്തി. മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ, മുൻ വൈസ് പ്രസിഡന്റ് ഹാമിദ് അൻസാരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ എന്നിവർ വിരുന്നിൽ പങ്കെടുത്തു.

ആർജെഡി നേതാവ് തേജസ്വി യാദവിന് വിരുന്നിൽ പങ്കെടുക്കാനായില്ല. പട്‌നയിൽ അദ്ദേഹം ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ പങ്കെടുക്കേണ്ടതിനാലാണ് എത്താൻ കഴിയാതിരുന്നത്. നാഷനൽ കോൺഫറൻസ് നേതാവും ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്‌ദുല്ലയും വിരുന്നിനെത്തിയില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ