scorecardresearch

Top News Highlights: ഇടുക്കിയില്‍ മധ്യവയസ്കനെ മകന്റെ സുഹൃത്തുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതും

Top News Highlights: ഇടുക്കിയില്‍ മധ്യവയസ്കനെ മകന്റെ സുഹൃത്തുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി
പ്രതീകാത്മക ചിത്രം

Top News Highlights: ഇടുക്കി. കട്ടപ്പനയില്‍ സംഘര്‍ഷത്തിനിടെ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശിയായ രാജുവാണ് മരിച്ചത്. രാജുവിന്റെ മകന്‍ രാഹുല്‍ സുഹൃത്തായ ഹരികുമാറിന്റെ ബൈക്ക് യാത്രാ ആവശ്യത്തിനായി എടുത്തിരുന്നു. എന്നാല്‍ യാത്രക്കിടെ വാഹനത്തിന് കേടുപാട് സംഭവിച്ചു. വാഹനം നന്നാക്കി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വൈകി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഹരികുമാറിന് പുറമെ വാഴവര സ്വദേശി ജോബിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Live Updates
21:04 (IST) 27 Nov 2022
മഹാരാഷ്ട്രയില്‍ റെയില്‍വേ സ്റ്റേഷനില്‍ ഓവര്‍ ബ്രിഡ്ജ് തകര്‍ന്ന് 13 പേര്‍ക്ക് പരുക്ക്

മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ ജില്ലയിലെ ബലാര്‍ഷാ റെയില്‍വേ സ്റ്റേഷനില്‍ ഓവര്‍ ബ്രിഡ്ജ് തകര്‍ന്ന് 13 പേര്‍ക്ക് പരുക്കേറ്റതായി വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വൈകിട്ട് 5.10ഓടെയാണ് സംഭവം.

യാത്രക്കാര്‍ പൂനെയിലേക്ക് പോകുന്ന ട്രെയിനില്‍ കയറാന്‍ ഓവര്‍ ബ്രിഡ്ജ് കയുറന്നതിനിടെയായിരുന്നു അപകടം. 20 അടി ഉയരത്തില്‍ നിന്ന് യാത്രക്കാര്‍ റെയില്‍വേ ട്രാക്കില്‍ വീഴുകയായിരുന്നുവെന്ന് റെയില്‍വെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപോര്‍ട്ട് പറഞ്ഞു.

20:21 (IST) 27 Nov 2022
വിഴിഞ്ഞം സമരം: ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ്

വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത നടപടി അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് പൊലീസ് നടപടിയെന്നും അദ്ദേഹം വിമര്‍ശിച്ചു.

വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കത്തെ തുടര്‍ന്നാണെന്ന ലത്തീന്‍ അതിരൂപതയുടെ ആരോപണം ഗുരുതരമാണ്. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സിപിഎം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോ? അദാനിക്ക് വേണ്ടി അടിമ വേല ചെയ്യുന്ന സര്‍ക്കാര്‍ നിലനില്‍പ്പിന് വേണ്ടിയുള്ള മത്സ്യത്തൊഴിലാളികളുടെ സമരത്തെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

19:44 (IST) 27 Nov 2022
ശ്രീനിവാസന്‍ കൊലപാതകം: ഒരാള്‍ കൂടി അറസ്റ്റില്‍

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കാളിയായ ശംഖുവാരത്തോട് സ്വദേശി കാജ ഹുസൈനാണ് പിടിയിലായത്. കേസില്‍ 13ാം പ്രതിയാണ് ഇയാള്‍. പോപ്പുലര്‍ ഫ്രണ്ടിന്റെ മുന്‍ പാലക്കാട് ഏരിയാ റിപ്പോര്‍ട്ടായിരുന്നു കാജ ഹുസൈന്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 40ആയി.

18:27 (IST) 27 Nov 2022
സോളാര്‍ പീഡന കേസില്‍ അടൂര്‍ പ്രകാശ് എം.പിയെ കുറ്റവിമുക്തനാക്കി സി ബി ഐ

സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് എം.പിയെ കുറ്റവിമുക്തനാക്കി സി ബി ഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. പരാതിയില്‍ കഴമ്പില്ലെന്നാണ് സി ബി ഐയുടെ അന്തിമ റിപ്പോര്‍ട്ട്. സോളാര്‍ പദ്ധതിക്ക് സഹായം വാഗ്ദാനംചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ അടൂര്‍ പ്രകാശിനെതിരായ പരാതി. എന്നാല്‍ ആരോപണം സാധൂകരിക്കുന്ന തരത്തിലുള്ള ശാസ്ത്രീയ തെളിവുകളോ സാഹചര്യ തെളിവുകളോ സാക്ഷിമൊഴികളോ ലഭിച്ചില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.

17:49 (IST) 27 Nov 2022
ജപ്പാനില്‍ നിന്ന് ജയം പിടിച്ച് വാങ്ങി കോസ്റ്റാറീക്ക; വിജയ ഗോള്‍ പിറന്നത് 81ാം മിനിറ്റില്‍

ലോകകപ്പില്‍ ജപ്പാനില്‍ നിന്ന് ജയം പിടിച്ച് വാങ്ങി കോസ്റ്റാറീക്ക. രണ്ടാം പകുതി അവസാനിക്കാന്‍ മിനിറ്റുകള്‍ ശേഷിക്കെ നേടിയ ഗോളാണ് കോസ്റ്റാറീക്കയെ വിജയ തീരത്തെത്തിച്ചത്. എരിരില്ലാത്ത ഒരു ഗോളിനായിരുന്നു കോസ്റ്റാറീക്കയുടെ ജയം. 81ാം മിനിറ്റില്‍ കെയ്ഷര്‍ ഫാളര്‍ നേടിയ ഗോളാണ് മത്സരത്തില്‍ നിര്‍ണായകമായത്. മത്സരത്തിന്റെ തുടക്കം മുതല്‍ ജപ്പാന്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും കോസ്റ്റാറീക്കന്‍ പ്രതിരോധം ഗോള്‍ നിഷേധിച്ചുകൊണ്ടിരുന്നു. ഗ്രൂപ്പ് ഇയില്‍ സ്പെയ്ന്‍, കോസ്റ്ററീക്ക, ജപ്പാന്‍ എന്നിവര്‍ക്ക് ഓരോ ജയം വീതമുണ്ട്. പുലര്‍ച്ചെ 12.30ന് നടക്കുന്ന മത്സരത്തില്‍ സ്പെയ്ന്‍ ജര്‍മനിയെ നേരിടും.

17:10 (IST) 27 Nov 2022
നടത്തത്തിന് ഒരിടവേള; ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ബുള്ളറ്റ് സവാരി, വീഡിയോ

ഭാരത് ജോഡോ യാത്രയ്ക്കിടെ ബുള്ളറ്റോടിക്കുന്ന രാഹുല്‍ ഗാന്ധിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തകര്‍. മധ്യപ്രദേശിലെ മോവിലാണ് യാത്രക്കിലെ ബുള്ളറ്റില്‍ സഞ്ചരിച്ച് രാഹുല്‍ അണികള്‍ക്ക് ആവേശം പകര്‍ന്നത്. വൈറലായ വീഡിയോയില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ റോഡില്‍ തിരക്ക് ഒഴിവാക്കുന്നതിന് സജീകരണം ചെയ്യുന്നതും കാണാം. ഹെല്‍മറ്റ് ധരിച്ച് രാഹുല്‍ ബുള്ളറ്റ് ഓടിക്കുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

16:08 (IST) 27 Nov 2022
വിഴിഞ്ഞം സംഘര്‍ഷം: ആര്‍ച്ച് ബിഷപ്പ് ഒന്നാം പ്രതി, സഹായമെത്രാനുള്‍പ്പെടെ അമ്പത് വൈദികരും പ്രതികള്‍

വിഴിഞ്ഞം സംഘര്‍ഷത്തില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. സഹായമെത്രാന്‍ ആര്‍ ക്രിസ്തുരാജ് ഉള്‍പ്പെടെ അമ്പതോളം വൈദികര്‍ പ്രതിപ്പട്ടികയിലുണ്ട്. ആര്‍ച്ച് ബിഷപ്പും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് ഇന്നലെയുണ്ടായ അക്രമങ്ങളില്‍ തുറമുഖ പദ്ധതിയെ എതിര്‍ക്കുന്ന സമരസമിതിക്കും, തുറമുഖത്തെ അനുകൂലിക്കുന്ന ജനകീയ സമിതിക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പരാതികളുടെ അടിസ്ഥാനത്തിലും പോലീസ് സ്വമേധയായും ആകെ പത്ത് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ ഒമ്പതെണ്ണവും സഭയുടെ പിന്തുണയോടെ തുറമുഖ നിര്‍മാണത്തെ എതിര്‍ത്ത് സമരം ചെയ്യുന്ന വിഭാഗത്തിനെതിരെയാണ്.

13:38 (IST) 27 Nov 2022
ഇടുക്കിയില്‍ മണ്ണിടിഞ്ഞ് ഒരു മരണം

ഇടുക്കി നെടുംകണ്ടത്ത് വീട് നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. നെടുംകണ്ടം തോവാളപ്പടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.

12:49 (IST) 27 Nov 2022
‘ഒരു കീഴ്വഴക്കവും ലംഘിച്ചിട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി തരൂര്‍

പാര്‍ട്ടിയുടെ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തനം നടത്തുവെന്ന ആരോപണങ്ങള്‍ നിഷേധിച്ച് തിരുവനന്തപുരം എംപി ശശി തരൂര്‍. “സംസ്ഥാനത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍ ഒരു തരത്തിലുള്ള അതൃപ്തിയും അറിയിച്ചിട്ടില്ല. അച്ചടക്ക സമിതിയുടെ ഭാഗത്തു നിന്നും പ്രതികരണമുണ്ടായിട്ടില്ല,” ശശി തരൂര്‍ വ്യക്തമാക്കി.

“പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ ഡിസിസിയെ അറിയിക്കാറുണ്ട്. സ്വകാര്യ പരിപാടികള്‍ പാര്‍ട്ടിയെ അറിയിക്കില്ല. 16 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത് ഇത്തരത്തിലാണ്. വിവാദങ്ങള്‍ ഞാന്‍ സൃഷ്ടിച്ചതല്ല. നേതാക്കളുമായി അകല്‍ച്ചയോ അമര്‍ഷമോ ഇല്ല. ഞാന്‍ എന്ത് വിവാദമാണ് ഇവിടെ ഉണ്ടാക്കിയത്,” തരൂര്‍ ചോദിച്ചു.

12:12 (IST) 27 Nov 2022
ശ്രീനാഥ് ഭാസിയുടെ വിലക്ക് പിന്‍വലിച്ചു

അഭിമുഖത്തിനിടെ ഓണ്‍ലൈന്‍ ചാനലിന്റെ അവതാരകയോട് അസഭ്യം പറഞ്ഞെന്ന പരാതിയിൽ നടൻ ശ്രീനാഥ് ഭാസിക്ക് ഏർപ്പെടുത്തിയ വിലക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പിൻവലിച്ചു. കേസ് നേരത്തെ ഒത്തുതീർപ്പാകുകയും പരാതിക്കാരിയായ പെൺകുട്ടി പരാതി പിൻവലിക്കുകയും ചെയ്തിരുന്നു. എന്നിട്ടും അസോസിയേഷൻ ഏർപ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. വിലക്കേര്‍പ്പെടുത്തിയിട്ട് രണ്ട് മാസത്തിന് ശേഷമാണ് നടപടി.

11:07 (IST) 27 Nov 2022
ക്രിമിനല്‍ ശൃംഖല തകര്‍ക്കാന്‍ എൻഐഎ; കൊടുംകുറ്റവാളികളെ ദക്ഷിണേന്ത്യന്‍ ജയിലുകളിലേക്ക് മാറ്റാന്‍ നീക്കം

പഞ്ചാബ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിലെ ജയിലുകൾക്കുള്ളിൽ പ്രവർത്തിക്കുന്ന ക്രിമിനലുകളുടെ ശൃംഖല തകർക്കാൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ഇവിടങ്ങളില്‍ കഴിയുന്ന ഗുണ്ടകളെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജയിലുകളിലേക്ക് മാറ്റാൻ ആവശ്യപ്പെട്ടതായി ദി ഇന്ത്യന്‍ എക്സ്പ്രസ് മനസിലാക്കുന്നു.

ഈ മാസം ആദ്യം മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഏജൻസി ഈ അഭ്യർത്ഥന നടത്തിയതെന്നും ചർച്ചകൾക്ക് ശേഷം ജയില്‍ മാറ്റത്തിനായി കുറഞ്ഞത് 25 ഗുണ്ടകളുടെ പേരുകൾ ശുപാർശ ചെയ്തതായും അടുത്ത വൃത്തങ്ങൾ ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പഞ്ചാബി ഗായകൻ സിദ്ധു മൂസ്വാലയെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളിലൊരാളായ ലോറൻസ് ബിഷ്‌ണോയിയെപ്പോലുള്ള മുൻനിര പേരുകൾ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

10:15 (IST) 27 Nov 2022
ഇടുക്കിയില്‍ മധ്യവയസ്കനെ മകന്റെ സുഹൃത്തുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തി

കട്ടപ്പനയില്‍ സംഘര്‍ഷത്തിനിടെ മധ്യവയസ്കന്‍ കൊല്ലപ്പെട്ടു. നിര്‍മ്മല സിറ്റി സ്വദേശിയായ രാജുവാണ് മരിച്ചത്. രാജുവിന്റെ മകന്‍ രാഹുല്‍ സുഹൃത്തായ ഹരികുമാറിന്റെ ബൈക്ക് യാത്രാ ആവശ്യത്തിനായി എടുത്തിരുന്നു. എന്നാല്‍ യാത്രക്കിടെ വാഹനത്തിന് കേടുപാട് സംഭവിച്ചു. വാഹനം നന്നാക്കി കൊടുക്കാമെന്ന് പറഞ്ഞെങ്കിലും വൈകി. ഇതേതുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ ഹരികുമാറിന് പുറമെ വാഴവര സ്വദേശി ജോബിയേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Web Title: Top news live updates november 27