scorecardresearch

Top News Highlights: കോതി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കുമെന്ന് സതീശന്‍

ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു

VD Satheeshan, KT Jaleel, Lokayuktha

Top News Highlights: കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കല്‍ പ്രദേശങ്ങളില്‍ ശുചിമുറി മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കോര്‍പറേഷനും സര്‍ക്കാരും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണ്.

കഴിഞ്ഞ ദിവസം കോതിയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് മതില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും യുഡിഎഫ് പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായാണ് മര്‍ദിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത് നീതീകരിക്കാനാകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

തൃശൂരില്‍ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു

തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് തിരുവില്ലാമലയിലേക്ക് വരികയായിരുന്ന ബസ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബസ് അപകടത്തില്‍പ്പെട്ടതിന് അരമണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നു.

Live Updates
20:59 (IST) 25 Nov 2022
ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗലിന് ആദ്യ ജയം

ലോകകപ്പില്‍ ആതിഥേയരായ ഖത്തറിനെ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി സെനഗല്‍. മത്സരത്തില്‍ സമ്പൂര്‍ണ ആധിപത്യം സ്ഥാപിച്ചായിരുന്നു ആഫ്രിക്കന്‍ ചാമ്പ്യന്‍മാരുടെ വിജയം. ജയത്തോടെ സെനഗല്‍ നോക്കൗട്ട് റൗണ്ട് സാധ്യതകള്‍ സജീവമാക്കി. ചുരുക്കം ചില മികച്ച നീക്കങ്ങള്‍ നടത്തിയതല്ലാതെ ഖത്തറിന് കൂടുതല്‍ ഒന്നും ചെയ്യാനായില്ല. ഫിനിഷിങ്ങിലെ പിഴവുകളാണ് ഖത്തറിന് തിരിച്ചടിയായത്.

ഫിഫ ലോകകപ്പ് ചരിത്രത്തിലെ ആദ്യ ഗോള്‍ നേടി ചരിത്രം കുറിച്ചാണ് ഖത്തര്‍ പുറത്താകുന്നത്. 78ാം മിനിറ്റിലായിരുന്നു ലോകകപ്പിലെ ഖത്തറിന്റെ ചരിത്ര ഗോള്‍ പിറന്നത്. മുഹമ്മദ് മുന്‍ടാരിയാണ് ഖത്തറിനായി ചരിത്രമെഴുതിയത്. മുഹമ്മദിന്റെ ക്രോസിന് കൃത്യമായി തലവെച്ച മുന്‍ടാരി തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ വലകുലുക്കുകയായിരുന്നു. സെനഗലിനായി ബൗലായെ ഡിയ, ഫമാറ ഡൈഡ്ഹിയോ, ബാംബ ഡിയെങ്ങ് എന്നിവരാണ് സെനഗലിനായി വലകുലുക്കിയത്. 41ാം മിനിറ്റിലും 49 ാം മിന്നിറ്റിലും 84-ാം മിനിറ്റിലുമാണ് ഗോളുകള്‍ പിറന്നത്.

20:57 (IST) 25 Nov 2022
‘പാകിസ്ഥാന്‍ സിന്ദാബാദ്’ മുദ്രാവാക്യം; ഭാരത് ജോഡോ യാത്രക്കെതിരെ ബിജെപിയുടെ പുതിയ ആരോപണം

മധ്യപ്രദേശില്‍ ഭാരത് ജോഡോ യാത്ര മൂന്നാം ദിവസം പര്യടനം നടത്തവെ വിമര്‍ശനവുമായി ഭരണകക്ഷിയായ ബിജെപി. ‘പാകിസ്ഥാന്‍ സിന്ദാബാദ്’ എന്ന് മുദ്രവാക്യങ്ങള്‍ വിളിക്കുന്ന യാത്രയുടെ വിഡിയോ ദൃശ്യങ്ങളാണ് ബിജെപി നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കിട്ടത്. എന്നാല്‍ പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യാജമാണെന്ന് ആരോപണങ്ങള്‍ നിഷേധിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നു. യാത്രയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ മുന്നറിയിപ്പ്.

18:58 (IST) 25 Nov 2022
പരുക്ക് വില്ലനായി; നെയ്മര്‍ അടുത്ത മത്സരത്തിനുണ്ടാകില്ല

പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മാര്‍ അടുത്ത മല്‍സരത്തിനുണ്ടാകില്ല. സെര്‍ബിയക്കെതിരായ മല്‍സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് അടുത്ത മല്‍സരം.

17:55 (IST) 25 Nov 2022
ഇഞ്ചുററി ടൈമില്‍ പിറന്നത് രണ്ട് ഗോളുകള്‍; വെയില്‍സിനെ മടക്കി ഇറാന്‍

ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ വെയില്‍സിനെതിരെ ഇറാന് ജയം. അവസാന മിനിറ്റുകള്‍ വരെ ഗോള്‍ അകന്ന് നിന്ന മത്സരത്തില്‍ ഇഞ്ചുറി ടൈമിലാണ് ഗോളുകള്‍ പിറന്നത്. എതിരില്ലാതെ രണ്ട് ഗോളിനായിരുന്നു ഇറാന്റെ ജയം. വെയ്ല്‍സ് ഗോളി ഹെന്‍സേ ചുവപ്പ് കാര്‍ഡ് കണ്ട് മടങ്ങിയ മത്സരത്തിന്റെ ഇഞ്ചുറി ടൈമിന്റെ എട്ട്, പതിനൊന്ന് മിനിറ്റുകളിലായിരുന്നു ഗോളുകള്‍. റൗസ്ബെ ചെഷ്മിയും റാമിന്‍ റെസെയ്നുമാണ് ഗോളുകള്‍ നേടിയത്.

16:31 (IST) 25 Nov 2022
രാജ്ഭവന്‍ മാര്‍ച്ച്: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്; നടപടി ആവശ്യപ്പെട്ടിട്ടില്ലെന്ന് ഗവര്‍ണര്‍

എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്. രാജ്ഭവന്‍ വിശദീകരണം തേടിയതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് അയച്ചത്. അതേസമയം ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ താന്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പ്രതികരിച്ചു.

മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുത്തെങ്കില്‍ എന്ത് നടപടി സ്വീകരിച്ചെന്നാണ് രാജ്ഭവന്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടിയത്‌. രണ്ട് അഡീഷനല്‍ സെക്രട്ടറിമാരടക്കം ഏഴ് ഉദ്യോഗസ്ഥരാണ് നോട്ടീസില്‍ മറുപടി നല്‍കേണ്ടത്. ഉദ്യോഗസ്ഥര്‍ സമരത്തില്‍ പങ്കെടുത്തെങ്കില്‍ ഉചിതമായ നടപടിയെടുക്കാന്‍ ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിരുന്നു. സര്‍വീസിലിരിക്കുന്ന കാലയളവില്‍ രാഷ്ട്രീയ സമരങ്ങളില്‍ പങ്കെടുക്കുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയോ ചെയ്യാന്‍ പാടില്ലെന്നാണ് ചട്ടം.Readmore

15:36 (IST) 25 Nov 2022
സ്വവര്‍ഗ വിവാഹം റജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടി ഹര്‍ജി; കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടിസ്

സ്വവര്‍ഗ വിവാഹങ്ങള്‍ 1954ലെ സ്പെഷല്‍ മാരേജ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി തേടിയുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്രസര്‍ക്കാര്‍ പ്രതികരണം തേടി. അറ്റോര്‍ണി ജനറലിനും കോടതി പ്രത്യേകം നോട്ടിസ് അയച്ചു.

വിഷയം നാലാഴ്ചയ്ക്കുള്ളില്‍ വാദം കേള്‍ക്കാനായി ലിസ്റ്റ് ചെയ്തു. രണ്ടു ജോഡി സ്വവര്‍ഗ ദമ്പതികള്‍ സമര്‍പ്പിച്ച രണ്ടു പൊതു താല്‍പ്പര്യ ഹര്‍ജികളാണു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ഹിമ കോഹ്ലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. സ്വവര്‍ഗ വിവാഹം അംഗീകരിക്കാത്തതു വിവേചനത്തിനു തുല്യമാണെന്നു ഹര്‍ജിയില്‍ പറയുന്നതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.Readmore

14:36 (IST) 25 Nov 2022
കോതി ജനകീയ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ യുഡിഎഫ് പ്രതിരോധിക്കുമെന്ന് സതീശന്‍

കോഴിക്കോട് ജില്ലയിലെ കോതി, ആവിക്കല്‍ പ്രദേശങ്ങളില്‍ ശുചിമുറി മലിനജല സംസ്‌കരണ പ്ലാന്റുകള്‍ സ്ഥാപിക്കാനുള്ള നീക്കത്തില്‍ നിന്നും കോര്‍പറേഷനും സര്‍ക്കാരും പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ജനവികാരം മാനിക്കാതെ ഏന്തുവില കൊടുത്തും പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന വാശി ജനാധിപത്യ വിരുദ്ധ സമീപനമാണ്.

കഴിഞ്ഞ ദിവസം കോതിയില്‍ പ്ലാന്റ് നിര്‍മ്മിക്കാന്‍ കണ്ടെത്തിയ സ്ഥലത്ത് മതില്‍ കെട്ടാനുള്ള ശ്രമം തടഞ്ഞ പ്രദേശവാസികളെയും യുഡിഎഫ് പ്രവര്‍ത്തകരെയും പൊലീസ് ക്രൂരമായാണ് മര്‍ദിച്ചത്. കുട്ടികളെ മര്‍ദ്ദിക്കുകയും സ്ത്രീകളെ റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത് നീതീകരിക്കാനാകില്ലെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

12:41 (IST) 25 Nov 2022
കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ വിധിക്ക് ഹൈക്കോടതി സ്റ്റെ

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമെനെതിരായ നരഹത്യക്കുറ്റം ഒഴിവാക്കിയ സെഷന്‍സ് കോടതി ഉത്തരവ് സ്റ്റെ ചെയ്ത് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് സ്റ്റെ ചെയ്തത്. സര്‍ക്കാരിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു.

കേസിന്റെ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്‍ എ എ പറഞ്ഞു. രണ്ട് മാസത്തേക്കാണ് ഉത്തരവ് സ്റ്റെ ചെയ്തിരിക്കുന്നത്. പ്രതിഭാഗത്തിന് കോടതി നോട്ടീസ് അയച്ചു.

12:00 (IST) 25 Nov 2022
‘ഫുട്ബോള്‍ ലഹരിയാവരുത്, കൃത്യസമയത്ത് നമസ്കാരത്തിനെത്തണം’; ലോകകപ്പ് ആവേശത്തിന് സമസ്തയുടെ റെഡ് കാര്‍ഡ്

സംസ്ഥാനത്തുടനീളം ഫുട്ബോള്‍ ലോകകപ്പിന്റെ ആവേശം തിരതല്ലുമ്പോള്‍ നിര്‍ദേശങ്ങളുമായി സമസ്ത കേരള ജംഇയ്യത്തുള്‍ ഖുത്വബ സംസ്ഥാന കമ്മിറ്റി.

“ഫുട്ബോൾ കായികാഭ്യാസമെന്ന നിലയിൽ നിഷിദ്ധമായ കളിയല്ലെന്നും മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഒന്നുമാണ്. നമസ്‌കാരം കൃത്യസമത്ത് നിർവഹിക്കുന്നതിൽ നിന്നും തടസപ്പെടുത്തുന്ന വിധത്തിലായിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം,” സംസ്തയുടെ പ്രസംഗക്കുറിപ്പില്‍ പറയുന്നു.

https://malayalam.indianexpress.com/kerala-news/samstha-shows-red-card-to-football-fans-instructions-given-to-watch-world-cup-723638/

10:49 (IST) 25 Nov 2022
തലശേരി ഇരട്ടക്കൊലപാതകത്തിന് പിന്നില്‍ ഗൂഢാലോചന? പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തലശേരിയില്‍ ലഹരി വില്‍പ്പന ചോദ്യം ചെയ്ത രണ്ടു പേരെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണസംഘം. കൊലയ്ക്ക് പിന്നില്‍ കൂടുതല്‍ പേരുടെ ഇടപെടല്‍ ഉണ്ടോയെന്നും അന്വേഷിക്കും. ഇതുവരെ കേസില്‍ അറസ്റ്റിലായ ഏഴ് പേരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഒളിവില്‍ പോയിരുന്ന മുഖ്യപ്രതി പാറായി ബാബുവിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. അറസ്റ്റിലായ ഏഴ് പേരില്‍ അഞ്ച് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നും രണ്ട് പേരാണ് സഹായം ചെയ്തതെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ അജിത് ബാബു അറിയിച്ചിരുന്നു. നിട്ടൂര്‍ സ്വദേശികളായ ഖാലിദ്, ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

10:10 (IST) 25 Nov 2022
തൃശൂരില്‍ നിയന്ത്രണം വിട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞു

തൃശൂര്‍ കൊണ്ടാഴിയില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തൃശൂരില്‍ നിന്ന് തിരുവില്ലാമലയിലേക്ക് വരികയായിരുന്ന ബസ് ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ മുപ്പതോളം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂന്ന് പേരുടെ ആരോഗ്യനില ഗുരുതരമാണ്. ബസ് അപകടത്തില്‍പ്പെട്ടതിന് അരമണിക്കൂറിനുള്ളില്‍ തന്നെ രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിരുന്നു.

Web Title: Top news live updates november 25

Best of Express