scorecardresearch
Latest News

Top News Highlights: വിവാദ നിയമന കത്ത്: കോര്‍പറേഷന്‍ ഓഫിസിന് മുകളിൽ കയറി പ്രതിഷേധം

Top News Highlights: പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസുകാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പൊലീസിനുനേരെ കസേര എറിഞ്ഞു

protest, trivandrum, ie malayalam

Top News Highlights: മേയർ ആര്യ രാജേന്ദ്രന്റെ വിവാദ കത്തിൽ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം കോർപറേഷനിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം. പ്രതിഷേധവുമായി എത്തിയ മഹിളാ കോണ്‍ഗ്രസുകാര്‍ മേയറുടെ കാറില്‍ കരിങ്കൊടി കെട്ടി. പൊലീസിനുനേരെ കസേര എറിഞ്ഞു. കോര്‍പറേഷന്‍ ഓഫിസിനുള്ളില്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ബിജെപിക്കാര്‍ കോര്‍പറേഷന്‍ ഓഫിസിന്റെ മുകളിൽ കയറി പ്രതിഷേധിച്ചു.

മേയറുടെ പേരിലുള്ള കത്ത് കണ്ടിട്ടില്ല, വിവാദ കത്തിൽ ഒന്നുമറിയില്ലെന്ന് ഡി.ആർ.അനിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൗൺസിലറുമായ ഡി.ആർ.അനിൽ. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി.

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദം: വിജിലന്‍സ് കൂടുതൽ പേരുടെ മൊഴിയെടുക്കും

തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തിൽ വിജിലന്‍സ് കൂടുതൽ പേരുടെ മൊഴിയെടുക്കും. ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ഇന്നലെ മേയറുടെ ഓഫിസിലെ രണ്ടു ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. നേരത്തെ സിപിഎം ജില്ലാസെക്രട്ടറി ആനാവൂര്‍ നാഗപ്പന്റേയും മേയര്‍ ആര്യാ രാജേന്ദ്രന്റേയും, ഡി.ആര്‍.അനിലിന്റേയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു.

Live Updates
20:42 (IST) 14 Nov 2022
മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട 16നു തുറക്കും.

മണ്ഡലകാല ഉത്സവത്തിനായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട 16നു വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും. പതിനെട്ടാം പടിക്കു മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്നി പകരും.

19:35 (IST) 14 Nov 2022
ബലാത്സംഗം പോലെ ക്രൂരമാണ് വ്യാജ ആരോപണവും; എല്‍ദോസ് കേസില്‍ ഹൈക്കോടതി

പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ അതിക്രമപരാതിയില്‍ ലൈംഗിക ബന്ധം ഉഭയസമ്മത പ്രകാരമാണോയെന്ന് ആരാഞ്ഞ് ഹൈക്കോടതി. ആദ്യപരാതിയില്‍ ലൈംഗിക പീഡനം ഉണ്ടായിരുന്നോയെന്ന് കോടതി ചോദിച്ചു. പരാതി വായിച്ചപ്പോള്‍ സിനിമാക്കഥപോലെ തോന്നിയെന്നും ഹൈക്കോടതി പറഞ്ഞു.

17:59 (IST) 14 Nov 2022
നാളെ സംസ്ഥാന വ്യാപകമായി കെഎസ്‌യു ബന്ദ്

കേരളത്തില്‍ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു. സര്‍വ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വല്‍ക്കരിക്കുന്നതിനെതിരെ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്യു നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് അക്രമാസക്തമായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ട പ്രവര്‍ത്തകര്‍ പൊലീസിനുനേരെ കല്ലെറിഞ്ഞു.

17:15 (IST) 14 Nov 2022
അമ്പലവയല്‍ സംഭവം: ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു

വയനാട് അമ്പലവയല്‍ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ ടി.ജി. ബാബു പോക്‌സോ കേസിലെ ഇരയായ ആദിവാസി പെണ്‍കുട്ടിയെ തെളിവെടുപ്പിനിടെ അപമാനിച്ചെന്ന മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. വിശദമായ അന്വേഷണം നടത്തി 10 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്കു കമ്മിഷന്‍ നിര്‍ദേശം നല്‍കി.

16:46 (IST) 14 Nov 2022
മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ

മില്‍മ പാല്‍ വില ആറ് മുതല്‍ 10 രൂപവരെ വര്‍ധിപ്പിക്കണമെന്ന് വിദഗ്ധ സമിതിയുടെ ശുപാര്‍ശ. വിഷയം പഠിച്ച രണ്ടംഗ വിദഗ്ധ സമിതിയാണ് ശുപാര്‍ശ നല്‍കിയത്. കാര്‍ഷിക, വെറ്റിനറി സര്‍വകലാശാലകളിലെ വിദഗ്ധര്‍ നടത്തിയ പഠനത്തിന്റെ ഇടക്കാല റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഒരു ലിറ്റര്‍ പാല്‍ വില്‍ക്കുമ്പോള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ നേരിടുന്ന നഷ്ടം 8.57രൂപയാണെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

15:24 (IST) 14 Nov 2022
മണ്ണാറശാല ആയില്യം: ആലപ്പുഴയില്‍ 16ന് അവധി

മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ദിനമായ 16ന് ആലപ്പുഴ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും.

14:07 (IST) 14 Nov 2022
ജിഎസ്‍ടി നഷ്ടപരിഹാരം നീട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തോട് ബാലഗോപാൽ

ധനമന്ത്രി കെ.എൻ.ബാലഗോപാൽ സംസ്ഥാന ധനമന്ത്രി നിര്‍മലാ സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനങ്ങൾക്ക് നൽകി വരുന്ന ജിഎസ്‌ടി നഷ്ടപരിഹാരം നീട്ടണമെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമനോട് ആവശ്യപ്പെട്ടു.

12:24 (IST) 14 Nov 2022
കോട്ടയത്ത് ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ 9 പെൺകുട്ടികളെ കാണാതായി

കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽനിന്ന് കാണാതായ 9 പെൺകുട്ടികളെ കാണാതായി. കൂത്താട്ടുകുളത്തിനു സമീപം ഇലഞ്ഞിയിൽനിന്നാണ് ഇവരെ കണ്ടെത്തിയത്. കാണാതായ ഒരു പെൺകുട്ടിയുടെ ബന്ധുവീട്ടിലാണ് എല്ലാവരും ഉണ്ടായിരുന്നത്.

11:49 (IST) 14 Nov 2022
കുഫോസ് വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി

കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വി.സി നിയമനം ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി.ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. കുഫോസ് വി.സി ഡോ.കെ.റിജി ജോണിന്റെ നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന ഹർജി കോടതി അംഗീകരിച്ചു. Read More

10:44 (IST) 14 Nov 2022
കത്ത് കണ്ടിട്ടില്ല, വിവാദ കത്തിൽ ഒന്നുമറിയില്ലെന്ന് ഡി.ആർ.അനിൽ

തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനത്തിന് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയറുടെ ലെറ്റർ പാഡിൽ കത്ത് നൽകിയ സംഭവത്തെ കുറിച്ച് തനിക്കൊന്നുമറിയില്ലെന്ന് സിപിഎം നേതാവും കൗൺസിലറുമായ ഡി.ആർ.അനിൽ. മേയറുടെ പേരിൽ പ്രചരിക്കുന്ന കത്ത് താൻ കണ്ടിട്ടില്ലെന്നാണ് അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ചിനും വിജിലൻസിനും അനിൽ നൽകിയ മൊഴി.

10:03 (IST) 14 Nov 2022
അതിജീവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ച സംഭവം: നിലവിലെ അന്വേഷണത്തിൽ പ്രതീക്ഷയില്ലെന്ന് കുട്ടിയുടെ അച്ഛൻ

വയനാട്ടിൽ പോക്സോ കേസ് അതിജീവിതയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. ഇപ്പോൾ നടക്കുന്ന അന്വേഷണത്തിൽ പ്രതീക്ഷയില്ല. പ്രതിയുടെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധമുണ്ടെന്നും മകൾക്ക് നീതി കിട്ടണമെന്നും കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടു. Read More

10:03 (IST) 14 Nov 2022
മുഖ്യമന്ത്രി പദത്തിൽ ഇന്ന് 2,364 ദിവസം പിന്നിടുന്നു, പിണറായി വിജയന് റെക്കോർഡ്

കേരളത്തിൽ കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിയായതിന്റെ റെക്കോർഡ് നേട്ടവുമായി പിണറായി വിജയൻ. മുഖ്യമന്ത്രിപദത്തിൽ ഇന്ന് 2,364 ദിവസം പിന്നിടുകയാണ് പിണറായി. ഈ ദിനത്തിൽ സി.അച്യുതമേനോന്റെ റെക്കോർഡാണ് അദ്ദേഹം മറികടക്കുന്നത്. 2,364 ദിവസമാണ് അച്യുതമേനോൻ തുടർച്ചയായി മുഖ്യമന്ത്രിയായിരുന്നത്. Read More

10:02 (IST) 14 Nov 2022
കോട്ടയത്ത് ഷെൽട്ടർ ഹോമിൽനിന്ന് 9 പെൺകുട്ടികളെ കാണാതായി

കോട്ടയം മാങ്ങാനത്ത് ഷെൽട്ടർ ഹോമിൽനിന്ന് 9 പെൺകുട്ടികളെ കാണാതായി. മഹിളാസമഖ്യ എന്ന സ്വകാര്യ എൻജിഒ നടത്തുന്ന ഷെൽട്ടർ ഹോമിൽനിന്നാണ് പോക്സോ കേസ് ഇരകളടക്കമുള്ള പെൺകുട്ടികളെ ഇന്നു രാവിലെ കാണാതായത്. ശിശുക്ഷേമ സമിതിയുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.

09:59 (IST) 14 Nov 2022
തൃക്കാക്കര കൂട്ടബലാത്സംഗക്കേസ്: സിഐ സുനു അടക്കമുള്ള പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ ഏഴ് പ്രതികളാണുള്ളത്. ഇതിൽ അഞ്ച് പേർ കസ്റ്റഡിയിലാണ്.

Web Title: Top news live updates november 14