scorecardresearch
Latest News

Top News Highlights: ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയെ അമ്മയ്ക്കും അമ്മാവനുമൊപ്പമിരുത്തി ചോദ്യം ചെയ്യും

Top News Live Updates: ഇന്നലെ ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു

Top News Highlights: ഷാരോണ്‍ വധക്കേസ്; ഗ്രീഷ്മയെ അമ്മയ്ക്കും അമ്മാവനുമൊപ്പമിരുത്തി ചോദ്യം ചെയ്യും

Top News Highlights: തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയെ പൊലീസ് കസ്റ്റഡിയിലുള്ള അമ്മ സിന്ധു, അമ്മാവൻ നിർമൽ എന്നിവർക്കൊപ്പമിരുത്തി ചോദ്യം ചെയ്യും. ഇന്നലെ ഗ്രീഷ്മയെ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരുന്നു. ചോദ്യം ചെയ്യലും തെളിവെടുപ്പും ക്യാമറയിൽ പകർത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിർമ്മൽ കുമാറിനെയും നാല് ദിവസത്തേക്കും പൊലീസ് കസ്റ്റഡിയിൽ വിട്ടു. മൂന്ന് പേരെയും ഒരുമിച്ച് ചോദ്യം ചെയ്യും.

Live Updates
21:38 (IST) 5 Nov 2022
നോര്‍ത്ത് ഈസ്റ്റിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് വിജയം. എതിരില്ലാത്ത മൂന്ന് ഗോളിനായിരുന്നു മഞ്ഞപ്പട സീസണിലെ രണ്ടാം ജയം സ്വന്തമാക്കിയത്. ദിമിത്രിയോസ് (56), സഹല്‍ അബ്ദുള്‍ സമദ് (85, (90+6) എന്നിവരാണ് സ്കോര്‍ ചെയ്തത്.

20:26 (IST) 5 Nov 2022
ലോകകപ്പ് മുന്നില്‍; ലയണല്‍ മെസിക്ക് പരിക്ക്

ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഫുട്ബോള്‍ ആരാധകര്‍ക്ക് ആശങ്കയായി സൂപ്പര്‍ താരവും അര്‍ജന്റീനയുടെ നായകനുമായ ലയണല്‍ മെസിയുടെ പരിക്ക്.

കാലിന്റെ ഉപ്പൂറ്റിക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന കാര്യം വ്യക്തമല്ല. താരം അടുത്ത വാരം പരിശീലനത്തിനിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

ലോകകപ്പില്‍ സൗദി അറേബ്യയ്ക്കെതിരെ നവംബര്‍ 22-നാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. 27-ന് മെക്സിക്കോയ്ക്കെതിരെയും ഡിസംബര്‍ ഒന്നിന് പോളണ്ടിനെതിരെയുമാണ് മറ്റ് മത്സരങ്ങള്‍.

18:59 (IST) 5 Nov 2022
കത്തയച്ചിട്ടില്ലെന്ന് നഗരസഭ; നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയാക്കി സര്‍ക്കാര്‍

തിരുവനന്തപുരം കോര്‍പറേഷനിലെ 295 താത്കാലിക ഒഴിവുകളില്‍ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം. തദ്ദേശഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. താല്‍ക്കാലിക ഒഴിവുകള്‍ വേഗത്തില്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.

കോര്‍പറേഷനില്‍ 295 താല്‍ക്കാലിക ഒഴിവകളിലേക്കുള്ള നിയമനത്തിനു സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് മുന്‍ഗണനാ പട്ടിക ചോദിച്ചുകൊണ്ടുള്ള മേയര്‍ ആര്യ രാജേന്ദ്രന്റെ പേരിലുള്ള കത്ത് വിവാദമായ സാഹചര്യത്തിലാണു സര്‍ക്കാര്‍ തീരുമാനം

17:36 (IST) 5 Nov 2022
കത്ത് നല്‍കിയിട്ടില്ലെന്ന് നഗരസഭ

തിരുവനന്തപുരം നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല.മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു. ഔദ്യോഗികമായി അത് നടന്ന് വരുകയാണ്. ഇത്തരത്തിൽ നഗരസഭയേയും മേയറേയും ഇകഴ്ത്തി കാട്ടാൻ ചിലർ നേരത്തേയും പല ശ്രമങ്ങളും നടത്തിയിരുന്നു.ആ ശ്രമമെല്ലാം പരാജയപെട്ടപ്പോഴാണ് ഇവർ പുതിയ തന്ത്രവുമായി രംഗത്ത് വരുന്നത്.ഇത്തരം വ്യാജ പ്രചരണങ്ങൾക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് നഗരസഭയും ഭരണ സമിതിയും ഉദ്ദേശിക്കുന്നത്. മാത്രവുമല്ല ഇങ്ങിനൊരു ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും തുടർന്ന് എംപ്ലോയ്മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചു.

16:28 (IST) 5 Nov 2022
വീണ്ടും കത്ത്, ആശുപത്രി നിയമനത്തിനും സി പി എം ലിസ്റ്റ് തേടി; മേയർക്കെതിരെ വിജിലൻസിൽ പരാതി

എസ്എടി ആശുപത്രിയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കാൻ പാർട്ടി ലിസ്റ്റ് ചോദിച്ച് തിരുവനന്തപുരം കോർപറേഷൻ അയച്ച മറ്റൊരു കത്ത് കൂടി പുറത്ത്. കോർപറേഷൻ പാർലമെന്ററി പാര്‍ട്ടി സെക്രട്ടറി ഡി.ആർ.അനിലാണ് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കത്തയച്ചത്. എസ്എടി ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാരുടെ വിശ്രമ കേന്ദ്രത്തിൽ നിയമനത്തിന് കുടുംബശ്രീ അംഗങ്ങളുടെ ലിസ്റ്റ് തരണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

15:21 (IST) 5 Nov 2022
മഴയത്ത് ബൈക്കില്‍ സഞ്ചരിച്ച് സോപ്പ് തേച്ചു കുളി; യുവാക്കൾ പൊലീസ് പിടിയിൽ

ശാസ്താംകോട്ടയിൽ ബൈക്കിൽ സഞ്ചരിച്ചുകൊണ്ട് യുവാക്കളുടെ കുളി. സിനിമാപ്പറമ്പ് സ്വദേശികളായ അജ്മൽ, ബാദുഷ എന്നിവരാണ് മഴയത്ത് റോഡിൽ കൂടി ബൈക്കിൽ യാത്ര ചെയ്തുകൊണ്ട് സോപ്പ് തേച്ച് കുളിച്ചത്. ഇരുവരെയും പൊലീസ് പിടികൂടി. ഇവർക്കെതിരെ ഗതാഗത നിയമം ലംഘിച്ചതിന് പൊലീസ് കേസെടുത്തു.

ഭരണിക്കാവ് ജംങ്ഷനിലൂടെയാണ് അർധ നഗ്നരായി സോപ്പ് തേച്ചു കുളിച്ചു കൊണ്ട് യുവാക്കൾ യാത്ര ചെയ്തത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവ സമയത്ത് യുവാക്കൾ ലഹരിയോ മറ്റു പദാർത്ഥങ്ങളോ ഉപയോഗിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.

14:11 (IST) 5 Nov 2022
ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻതുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്.

14:10 (IST) 5 Nov 2022
പാര്‍ട്ടിക്കാ‍ര്‍ക്ക് കരാര്‍ നിയമനം, മേയറുടെ കത്ത് ഞെട്ടിക്കുന്നു: സതീശൻ

മേയ‍ര്‍ കത്തെഴുതിയത് സംസ്ഥാനത്തെ തൊഴിലന്വേഷകരെ ഞെട്ടിക്കുന്നതാണെന്നും ഉത്തരവാദിത്തം ഏറ്റെടുത്ത് മേയര്‍ സ്വമേധയാ രാജിവെക്കുകയോ സിപിഎം പുറത്താക്കുകയോ ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. 

12:08 (IST) 5 Nov 2022
മേയർ രാജിവെച്ച് പുറത്തു പോകണം: ചെന്നിത്തല

തിരുവനന്തപുരം മേയർ പാർട്ടിപ്രവർത്തകർക്ക് ജോലി നൽകാമെന്നു പറഞ്ഞ് അയച്ച കത്ത് സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഈ സാഹചര്യത്തിൽ മേയർക്ക് ഒരു നിമിഷംപോലും പദവിയിൽ തുടരാൻ അർഹതയില്ല. രാജിവെച്ചു പുറത്ത് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

12:08 (IST) 5 Nov 2022
നഗരസഭയിൽ സഖാക്കൾക്ക് ജോലി; മുൻഗണനാപട്ടിക ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിക്ക് മേയറുടെ കത്ത്, വിവാദം

നഗരസഭയിൽ നിയമനത്തിന് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടുള്ള മേയർ ആര്യ രാജേന്ദ്രന്റെ കത്ത് വിവാദത്തിൽ. സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനാണ് തിരുവനന്തപുരം മേയറുടെ ഔദ്യോഗിക ലെറ്റർ പാഡിൽ കത്തയച്ചിരിക്കുന്നത്. അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലെ 295 പേരുടെ കരാർ നിയമനത്തിനാണ് പാർട്ടി ലിസ്റ്റ് ആവശ്യപ്പെട്ടത്. Read More

11:27 (IST) 5 Nov 2022
പോപ്പുലർ ഫ്രണ്ട് നേതാവിന് ജയിലിൽ സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്

ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് സിം കാർഡ് എത്തിച്ച അച്ഛനും ഭാര്യക്കും മകനുമെതിരെ കേസ്. ഖുറാനിൽ ഒളിപ്പിച്ചാണ് സിം കടത്താൻ ശ്രമിച്ചത്. വിയ്യൂർ അതീവ സുരക്ഷാ ജയിലില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

11:26 (IST) 5 Nov 2022
ഷാരോണ്‍ കൊലക്കേസില്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമമെന്ന് സംശയം

ഷാരോൺ കൊലക്കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയുടെ വീട്ടിനുള്ളിൽ ആരോ കയറിയെന്ന് സംശയം. കേസന്വേഷണത്തിന്‍റെ ഭാഗമായി ഗ്രീഷ്മയുടെ വീട് പൊലീസ് നേരത്തെ സീൽ ചെയ്തിരുന്നു. പൊലീസ് സീൽ ചെയ്ത വാതിൽ തുറന്ന് ആരോ അകത്ത് കയറിയെന്നാണ് സംശയം.

10:38 (IST) 5 Nov 2022
ആറ് വയസുകാരനെ മർദിച്ച സംഭവം; പൊലീസ് വീഴ്ചയിൽ അന്വേഷണം തുടങ്ങി

കാറില്‍ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടി തെറിപ്പിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയോയെന്ന അന്വേഷണം തുടങ്ങി. സംഭവം നടന്നതിനുപിന്നാലെ പ്രതിയെ കസ്റ്റഡിയിലെടുക്കാതെ പറഞ്ഞുവിട്ടിരുന്നു. ഇതിൽ തലശേരി പൊലീസിന് സംഭവിച്ച വീഴ്ചയാണ് എഎസ്‌പി നിഥിൻ രാജ് അന്വേഷിക്കുക. സ്റ്റേഷൻ ഹൗസ് ഓഫീസർ, എസ്ഐ അടക്കമുള്ളവരിൽ നിന്ന് മൊഴിയെടുക്കും. Read More

10:38 (IST) 5 Nov 2022
സംസ്ഥാനത്ത് മഴ ശക്തിപ്പെടും, 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥ പ്രവചനം. തുലാവർഷത്തോടൊപ്പം ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാലാണ് മഴ ശക്തിപ്പെടുകയെന്നാണ് വിലയിരുത്തൽ. ഇന്ന് കണ്ണൂരും കാസർഗോഡും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Web Title: Top news live updates november 05

Best of Express