Top News Highlights: ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണം, ഈ മാസം പത്തിനും പതിനൊന്നിനും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സംസ്ഥാനം വിട്ട് പോകരുത് എന്നിവയാണ് ഉപാധികള്‍. അഭിഭാഷന്റെ ഓഫിസില്‍ വച്ച് മര്‍ദിച്ചെന്നാണ് പരാതി.
മഹാരാജാസ് സംഘര്‍ഷം: കെ എസ് യു, എസ് എഫ് ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ, കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ് എഫ് ഐ പ്രവര്‍ത്തകനായ അനന്ദു, വിദ്യാര്‍ഥിയായ മാലിക്, പുറത്ത് നിന്ന് കോളജിലെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ പത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡി സി പി എസ് ശശിധരന്‍ പറഞ്ഞു.
ഡോ.സിസ തോമസിന് സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല നല്‍കി രാജ്ഭവന്‍ ഉത്തരവിറക്കി. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടറാണ് ഡോ.സിസ. ഉന്നതവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചുമതല നല്‍കാനുളള സര്‍ക്കാര്‍ ശുപാര്‍ശ തളളിയാണ് രാജ്ഭവന്റെ ഉത്തരവ്. തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ നിന്ന് ബി.ടെക്, എം.ടെക് എന്നിവ പൂര്‍ത്തിയാക്കിയ സിസ ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍നിന്ന് പി.എച്ച്.ഡിയും നേടിയിട്ടുണ്ട്. Readmore
സംസ്ഥാനത്തെ 5 മെഡിക്കല്‍ കോളേജുകളില്‍ ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്താന്‍ 4,44,05,600 രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലാണ് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തിപ്പെടുത്തുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് 94.22 ലക്ഷം, കോട്ടയം മെഡിക്കല്‍ കോളേജ് 1 കോടി, ആലപ്പുഴ മെഡിക്കല്‍ കോളേജ് 77.89 ലക്ഷം, തൃശൂര്‍ മെഡിക്കല്‍ കോളേജ് 1 കോടി, കോഴിക്കോട് മെഡിക്കല്‍ കോളേജ് 71.94 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്. അത്യാഹിത വിഭാഗത്തില്‍ അതീവ ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് മികച്ച അതിതീവ്രപരിചരണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്രിറ്റിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ശക്തമാക്കുന്നത്.

എഴുത്തച്ഛൻ പുരസ്കാര ജേതാവ് സേതുവിനെ റവന്യു മന്ത്രി കെ രാജൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തി ആദരിച്ചപ്പോൾ. കളക്ടർ ഡോ.രേണു രാജ് സമീപം.
സംസ്ഥാനത്ത് അരി വില വര്‍ദ്ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തതായി ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ദ്ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കളക്ടര്‍മാരുടേയും, ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും, ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്. കേരളത്തില്‍ മാത്രമായി വില വര്‍ദ്ധനവിന് പ്രത്യേക കാരണങ്ങളൊന്നും സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.
റേഷന്‍ കടകളിലൂടെയും സപ്ലൈകോ മാവേലി സ്റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക് എത്തിക്കുന്നതിനു നടപടികള്‍ സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും. കരിഞ്ചന്ത, പൂഴ്ത്തി വയ്പ് എന്നിവ തടയുന്നതിന് ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കും. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ കൃത്യമായ അവലോകന യോഗം നടത്തി സ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതായി ഉയര്‍ത്തിയ നടപടി പാര്‍ട്ടി അറിഞ്ഞല്ലെന്നു സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ചര്‍ച്ചയില്ലാതെ തീരുമാനമെടുത്തതു കൊണ്ടാണ് ഉത്തരവ് മരവിപ്പിച്ചത്. തീരുമാനം സര്‍ക്കാര്‍ തന്നെ തിരുത്തിയതിനാല്‍ അന്വേഷണത്തിന്റെ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം മന്ത്രിസഭയാണു കൈക്കൊണ്ടത്. മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത് മന്ത്രിസഭ തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ച് തീരുമാനം മരവിപ്പിച്ചു. എങ്ങനെയാണ് തീരുമാനം വന്നതെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.READMORE
പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വീണിടത്ത് കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രിയോ മന്ത്രിമാരോ മന്ത്രിസഭയോ പാര്‍ട്ടിയോ അറിയാതെ എങ്ങനെയാണ് പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള ഉത്തരവിറങ്ങിയത്. ആരും അറിയാതെയാണെങ്കില്‍ ഉത്തരവില്‍ ഒപ്പുവച്ച മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. അതിനുള്ള ധൈര്യമുണ്ടോ? ഇപ്പോള്‍ ആരും അറിഞ്ഞില്ല, മന്ത്രിസഭ ചര്‍ച്ച ചെയ്തില്ല എന്നൊക്കെ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ്. ഉത്തരവ് പൂര്‍ണമായും പിന്‍വലിക്കണം. തൊഴിലാളി വിരുദ്ധമായ ധാരാളം കാര്യങ്ങള്‍ ഈ ഉത്തരവിലുണ്ടെന്നും സതീശന്‍ പറഞ്ഞു.
സംസ്ഥാനത്ത് വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തമിഴ്നാടിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു ഇതിന്റെ സ്വാധീനഫലമായി തിങ്കളാഴ്ച വരെ മഴ ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
ബലാത്സംഗക്കേസിലെ പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ഉപാധികളോടെ എല്‍ദോസിന് ജാമ്യം നല്‍കിയത്. ഒരുലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവയ്ക്കണം, ഈ മാസം പത്തിനും പതിനൊന്നിനും ഇടയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം, സംസ്ഥാനം വിട്ട് പോകരുത് എന്നിവയാണ് ഉപാധികള്‍. അഭിഭാഷന്റെ ഓഫിസില്‍ വച്ച് മര്‍ദിച്ചെന്നാണ് പരാതി.
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലാണ് വോട്ടെടുപ്പ്. എട്ടാം തീയതിയാണ് വോട്ടെണ്ണല്‍. ചീഫ് ഇലക്ഷന്‍ കമ്മിഷണര്‍ രാജീവ് കുമാറാണ് പ്രഖ്യാപനം നടത്തിയത്.
4.9 കോടി പേര്‍ക്കാണ് സംസ്ഥാനത്ത് വോട്ട് ചെയ്യാന്‍ യോഗ്യതയുള്ളത്. 51,000 വോട്ടിങ് കേന്ദ്രങ്ങളായിരിക്കും സംസ്ഥാനത്തുടനീളം. ഇതില്‍ 34,000 കേന്ദ്രങ്ങള്‍ പ്രാദേശിക മേഖലകളിലാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്.
2000-ലെ ചെങ്കോട്ട ആക്രമണക്കേസില്‍ ലഷ്കര്‍ ഇ തൊയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ വധിശിച്ച സുപ്രീം കോടതി ശരിവച്ചു. വധശിക്ഷയ്ക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കോടതി തള്ളി.
“ഇലക്ട്രോണിക് രേഖകൾ പരിഗണിക്കണമെന്ന അപേക്ഷ ഞങ്ങൾ സ്വീകരിച്ചു. അവന്‍ കുറ്റം ചെയ്തതായി തെളിഞ്ഞു. കോടതി എടുത്ത തീരുമാനം ഞങ്ങൾ സ്ഥിരീകരിക്കുകയും പുനഃപരിശോധനാ ഹർജി തള്ളുകയും ചെയ്യുന്നു”, ചീഫ് ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് ബേല എം ത്രിവേദി എന്നിവരടങ്ങിയ ബഞ്ച് വ്യക്തമാക്കി.
സമാന്തര സര്‍ക്കാരാകാനുള്ള ശ്രമം നടത്തുന്നുവെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തിന് മറുപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കര്‍ കാര്യങ്ങളില്‍ അനാവശ്യമായി താന്‍ ഇടപെട്ടതിന്റെ തെളിവ് മുഖ്യമന്ത്രി നല്‍കണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. യോഗ്യത ഇല്ലാത്ത വ്യക്തികളെ നിയമിച്ചാല്‍ താന്‍ ഇടപെടുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ ഇടപെടലുകളെ ആര്‍എസ്എസുമായി കൂട്ടിവായിച്ചുള്ള ആരോപണങ്ങളെയും ആരിഫ് മുഹമ്മദ് ഖാന്‍ തള്ളി. “അനാവശ്യമായി താന്‍ എന്തെങ്കിലും നിയമനം നടത്തിയെന്ന് തെളിയിച്ചാല്‍ രാജി വയ്ക്കാം. ആര്‍എസ്എസ് നോമിനിയെ പോയിട്ട് സ്വന്തം ആളുകളെ പോലും നിയമിച്ചിട്ടില്ല,” ഗവര്‍ണര്‍ വ്യക്തമാക്കി.
135 പേരുടെ മരണത്തിനിടയാക്കിയ തൂക്കുപാലം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം മോര്‍ബി മുന്‍സിപ്പാലിറ്റിയിലേക്ക്. തൂക്കുപാലത്തിന്റെ ചീഫ് ഓഫിസര്‍ (സിഒ) സന്ദീപ്സിന്‍ഹ് സാലയെ പൊലീസ് ചോദ്യം ചെയ്തതിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണിയിലും നവീകരണത്തിലും ഒറെവ ഗ്രൂപ്പിന്റെ സ്വകാര്യ കരാറുകാർ പാലത്തിന്റെ “ഘടനാപരമായ സ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്രീയ വിലയിരുത്തൽ” നടത്തിയില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
എറണാകുളം മഹാരാജാസ് കോളജിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ, കെ എസ് യു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കെ എസ് യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ് എഫ് ഐ പ്രവര്‍ത്തകനായ അനന്ദു, വിദ്യാര്‍ഥിയായ മാലിക്, പുറത്ത് നിന്ന് കോളജിലെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇന്നലെ എറണാകുളം ജനറല്‍ ആശുപത്രിക്ക് മുന്നിലും സംഘര്‍ഷമുണ്ടായിരുന്നു. യൂണിറ്റ് പ്രസിഡന്റ് ഉള്‍പ്പെടെ പത്ത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് ഡി സി പി എസ് ശശിധരന്‍ പറഞ്ഞു.