scorecardresearch
Latest News

Top News Highlights: രാജ്ഭവനിലെ സായാഹ്ന വിരുന്നില്‍ മുഖ്യമന്ത്രി എത്തും, മന്ത്രിമാര്‍ക്കും ക്ഷണം

നാളെ വൈകിട്ട് ആറരയ്ക്കാണ് വിരുന്ന്

Top News Highlights: രാജ്ഭവനിലെ സായാഹ്ന വിരുന്നില്‍ മുഖ്യമന്ത്രി എത്തും, മന്ത്രിമാര്‍ക്കും ക്ഷണം

Top News Highlights: റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തുന്ന സായാഹ്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നാളെ വൈകിട്ട് ആറരയ്ക്കാണ് വിരുന്ന്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാര്‍ക്കും മറ്റ് പ്രമുഖര്‍ക്കും ക്ഷണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്ക് ഗുരുതര പരിക്കേറ്റു. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

Live Updates
22:06 (IST) 25 Jan 2023
ദിലീപ് മഹലനാബിസിന് പത്മവിഭൂഷണ്‍; വിപി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ

ഈ വര്‍ഷത്തെ പത്മ പുരസ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഒആര്‍എസ് ലായിനി വികസിപ്പിച്ചെടുത്ത ദിലീപ് മഹലനാബിസിനാണ് പത്മവിഭൂഷണ്‍. മരണാനന്തര ബഹുമതിയായാണ് പുരസ്കാരം. ഒആര്‍എസ് ലായിനി ആഗോളതലത്തില്‍ അഞ്ച് കോടിയിലധികം ജീവന്‍ രക്ഷച്ചതായാണ് കണക്കാക്കപ്പെടുന്നത്. ഇതിന്റെ വിപുലമായ ഉപയോഗത്തിന് ആരംഭം കുറിച്ചത് അദ്ദേഹമായിരുന്നു.

https://malayalam.indianexpress.com/news/padma-awards-2023-announced-updates-jan-25-746616/

21:18 (IST) 25 Jan 2023
കേരളത്തിലെ 11 പൊലീസ് ഉദ്യോഗസ്ഥര്‍ക്കു രാഷ്ട്രപതിയുടെ മെഡല്‍

സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മനു വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍.

സ്തുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പൊലീസ് മെഡലിനു 10 ഉദ്യോഗസ്ഥരും അര്‍ഹരായി. പി. പ്രകാശ് (ഐ.ജി. ഇന്റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി. ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ. മൊയ്തീന്‍കുട്ടി (എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എല്‍. അജിത് കുമാര്‍ (ഡി.വൈ.എസ്.പി. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്‌മെന്റ്), കെ.വി. പ്രമോദന്‍ (ഇന്‍സ്‌പെക്ടര്‍, വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആര്‍. രാജേന്ദ്രന്‍ (എസ്.ഐ, കേരള പൊലീസ് അക്കാഡമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു – 2), അപര്‍ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവര്‍ക്കാണു സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍.

20:34 (IST) 25 Jan 2023
രാജ്ഭവനിലെ സായാഹ്ന വിരുന്നില്‍ മുഖ്യമന്ത്രി എത്തും, മന്ത്രിമാര്‍ക്കും ക്ഷണം

റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാജ്ഭവനില്‍ നടത്തുന്ന സായാഹ്ന വിരുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. നാളെ വൈകിട്ട് ആറരയ്ക്കാണ് വിരുന്ന്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാര്‍ക്കും മറ്റ് പ്രമുഖര്‍ക്കും ക്ഷണമുണ്ടെന്നാണ് ലഭിക്കുന്ന വിവരം. നേരത്തെ ഗവര്‍ണര്‍ വിളിച്ച ക്രിസ്മസ് വിരുന്നില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

19:48 (IST) 25 Jan 2023
ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

ലഹരിമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസന്‍സ് റദ്ദാക്കന്‍ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

വര്‍ധിച്ചുവരുന്ന ലഹരിമരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണം.

ഗതാഗത നിയമലംഘകര്‍ക്കെതിരെയും നടപടിയുണ്ടാകണം. ഹൈവേ പട്രോളിങ് ശക്തിപ്പെടുത്തണമെന്നും ഹോട്ട് സ്‌പോട്ടുകളില്‍ പോലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിശ്ചിത കാലയളവുകളില്‍ പോലിസും മോട്ടോര്‍ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

18:31 (IST) 25 Jan 2023
പി എസ് സിയിലെ ഒഴിവുകള്‍ നികത്തുന്നു

പബ്ലിക് സര്‍വീസ് കമ്മീഷന്റെ അംഗങ്ങളില്‍ നിലവിലുള്ള രണ്ട് ഒഴിവുകളിലേക്ക് കെ. പ്രകാശന്‍, ജിപ്‌സണ്‍ വി പോള്‍ എന്നിവരെ നിയമിക്കുന്നതിന് ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

കണ്ണൂര്‍ ചാലോട് സ്വദേശിയായ കെ പ്രകാശന്‍ കണ്ണൂര്‍ ജില്ലാ പ്ലാനിംഗ് ഓഫീസറാണ്. സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ജിപ്‌സണ്‍ വി പോള്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിലെ പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനാണ്.

17:46 (IST) 25 Jan 2023
കോവിഡ്: ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഡെഡ് ബോഡി മാനേജ്‌മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് മുമ്പുള്ള നിര്‍ബന്ധിത കോവിഡ് പരിശോധന ഒഴിവാക്കി. മരണപ്പെട്ട കേസില്‍ കോവിഡ് ആണെന്ന് ശക്തമായ ക്ലിനിക്കല്‍ സംശയം തോന്നിയാല്‍ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് മതിയാകും. പോസ്റ്റ്‌മോര്‍ട്ടം സമയത്ത് എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക്, രണ്ട് ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.

17:21 (IST) 25 Jan 2023
‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’: ജാമിയ മിലിയയില്‍ വന്‍ പോലീസ് സുരക്ഷ; ഏഴ് വിദ്യാര്‍ഥികള്‍ തടങ്കലില്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന സ്റ്റുഡന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടേയും (എസ്എഫ്ഐ) മറ്റ് വിദ്യാര്‍ഥി സംഘടനകളുടേയും പ്രഖ്യാപനത്തിന് പിന്നാലെ നടപടിയുമായി ഡല്‍ഹി പൊലീസ്.

ഏഴ് വിദ്യാര്‍ഥികളെ തടങ്കലിലാക്കിയതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്നാണ് വിദ്യാര്‍ഥി സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നത്. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് സര്‍വകലാശാല മേഖലയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ തടങ്കലിലാക്കാനുള്ള കാരണം പൊലീസ് വ്യക്തമാക്കിയിട്ടില്ല.

16:14 (IST) 25 Jan 2023
ഓസ്ട്രേലിയന്‍ ഓപ്പണ്‍: മിക്സഡ് ഡബിള്‍സില്‍ സാനിയ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം ഫൈനലില്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ മിക്സഡ് ഡബിള്‍സ് വിഭാഗത്തില്‍ ഫൈനലില്‍ കടന്ന് ഇന്ത്യയുടെ മിര്‍സ – രോഹന്‍ ബൊപ്പണ്ണ സഖ്യം. മൂന്നാം റാങ്കുകാരയ നീല്‍ സ്കുപ്സ്കി (ഇംഗ്ലണ്ട്) – ക്രാവ്ചിക് (അമേരിക്ക) സഖ്യത്തെയാണ് ഇരുവരും കീഴടക്കിയത്. സ്കോര്‍ 7-6 (4), 6-7 (5), (10-6).

തന്റെ അവസാന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന് കിരീടം കൊണ്ട് തിരശീലയിടാനുള്ള അവസരമാണ് സാനിയ മിര്‍സയ്ക്ക് മുന്‍പില്‍ തുറന്നിരിക്കുന്നത്.

14:41 (IST) 25 Jan 2023
കളത്തിലെ പുതിയ രാജാവ്; മുഹമ്മദ് സിറാജ് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

ഐപിഎല്ലില്‍ ബാറ്റര്‍മാരുടെ തല്ലിന്റെ ചൂട് ആവോളം അറിഞ്ഞ താരമായിരുന്നു ഒരു കാലത്ത് മുഹമ്മദ് സിറാജ്. ചെണ്ട ബോളര്‍ എന്ന ആക്ഷേപം കേട്ട് വളര്‍ന്ന കരിയര്‍. ഒടുവില്‍ ഇന്ത്യയുടെ കുപ്പായമണിഞ്ഞതിന് ശേഷം സിറാജ് അസ്തമയങ്ങള്‍ താണ്ടി ഉദിച്ചുയരുകയായിരുന്നു. അണയാത്ത ആവേശം സിറാജിനെ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തുമെത്തിച്ചു.

ന്യൂസിലന്‍ഡ് പരമ്പരയ്ക്ക് ശേഷമുള്ള ഏറ്റവും പുതിയ റാങ്കിങ് പട്ടികയിലാണ് സിറാജിന്റെ ഉയര്‍ച്ച. ഓസ്ട്രേലിയയുടെ ജോഷ് ഹെയ്സല്‍വുഡിനെ പിന്തള്ളിയാണ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ തലപ്പത്ത് സിറാജ് സ്ഥാനം ഉറപ്പിച്ചത്. 729 പോയിന്റാണ് സിറാജിനുള്ളത്. രണ്ടാം സ്ഥാനക്കാരനായി ഹെയ്സല്‍വുഡിന് 727 പോയിന്റുമാണുള്ളത്. ന്യൂസിലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടാണ് മൂന്നാം സ്ഥാനത്ത്.

12:47 (IST) 25 Jan 2023
വധശ്രമക്കേസ്: ലക്ഷദ്വീപ് മുന്‍ എം പി ഉള്‍പ്പെടെയുള്ളവരുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞ് ഹൈക്കോടതി

വധശ്രമക്കേസില്‍ ലക്ഷദ്വീപ് മുന്‍ എംപി പി.പി.മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി ഉത്തരവ്. വധശ്രമക്കേസില്‍ തന്നെയും മറ്റ് മൂന്ന് പേരെയും കുറ്റക്കാരനാക്കി 10 വര്‍ഷം തടവിന് ശിക്ഷിച്ച കവരത്തി സെഷന്‍സ് കോടതിയുടെ വിധി ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസല്‍ അപ്പീല്‍ നല്‍കിയിരുന്നു. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. Readmore

11:37 (IST) 25 Jan 2023
റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് കല്ലായിയില്‍ റെയില്‍വേ ട്രാക്കില്‍ ഇരുന്ന രണ്ടുപേര്‍ ട്രെയിന്‍ തട്ടി മരിച്ചു. മരിച്ചവരെ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലം സ്വദേശി മുഹമ്മദ് ഷാഫിക്ക് ഗുരുതര പരിക്കേറ്റു. കല്ലായി റെയില്‍വേ സ്റ്റേഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം. കണ്ണൂര്‍ – കോയമ്പത്തൂര്‍ എക്സ്പ്രസ് ട്രെയിന്‍ തട്ടിയാണ് അപകടമുണ്ടായത്.

Web Title: Top news live updates january 25