Top News Highlights: കൊച്ചിയിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ആക്രമണം. രവിപുരത്തെ റെയിൽസ് ട്രാവൽസ് ബ്യൂറോ എന്ന സ്ഥാപനത്തിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ യുവാവ് കുത്തിപ്പരുക്കേൽപ്പിച്ചു. സംഭവത്തിൽ ജോളി ജെയിംസ് എന്നയാളെ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ജോലിക്കായി ഒരു ലക്ഷം രൂപ ജോളി ജെയിംസ് ട്രാവൽസിൽ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഇടുക്കിയില്‍ ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 2022 മേയിലാണ് കേസിനാസ്പദമായ സംഭവം. ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോൾ ആയിരുന്നു അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. വീട്ടിൽ സന്ദർശനത്തിന് എത്തിയപ്പോഴാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ചത്. കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം പറഞ്ഞത്.
ഏതു തരത്തിലുള്ള നിരോധനവും അടിച്ചമര്‍ത്തലും ജനങ്ങളെ ഭയപ്പെടുത്തുന്നതും സത്യം പുറത്തുവരുന്നതു തടയാന്‍ സഹായിക്കില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 2002 ലെ ഗുജറാത്ത് കലാപത്തെയും കുറിച്ചുള്ള വിവാദ ബി ബി സി ഡോക്യുമെന്ററിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്കിടെയാണു രാഹുലിന്റെ പ്രതികരണം.
‘ഇന്ത്യ: മോദി ക്വസ്റ്റിയന്‍’ എന്ന ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ തടയാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ട്വിറ്ററിനും യൂട്യൂബിനും സര്‍ക്കാര്‍ വെള്ളിയാഴ്ച നിര്‍ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠമല്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ ‘പ്രചാരണ ശകലം’ എന്നാണു ഡോക്യുമെന്ററിയെ വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചത്.
ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 90 റണ്‍സ് വിജയം. 386 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന്റെ പോരാട്ടം 295 റണ്‍സില്‍ അവസാനിച്ചു. 138 റണ്‍സുമായി ഡവോണ്‍ കൊണ്‍വെ സന്ദര്‍ശകര്‍ക്കായി പൊരുതി. മൂന്ന് വീക്കറ്റ് വീതം നേടിയ ഷാര്‍ദൂല്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരാണ് ഇന്ത്യന്‍ ജയം വേഗത്തിലാക്കിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംബന്ധിച്ച ബി ബി സിയുടെ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നതിനെതിരായ ബി ജെ പി പ്രതിഷേധത്തില്‍ പൂജപ്പുരയില്‍ സംഘര്‍ഷം. ബി ജെ പിയുടെയും യുവമോര്‍ച്ച അനുകൂല സംഘടനകളുടെയും പ്രതിഷേധ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡി വൈ എഫ് ഐയുടെ നേതൃത്വത്തിലാണു പൂജപ്പുരയില്‍ ‘ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍’ എന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചത്. ഇതിനെതിരെ ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു ബി ജെ പി മാര്‍ച്ച്.
എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഓസ്കര് നോമിനേഷന്. ബെസ്റ്റ് ഓറിജിനല്‍ സോങ് വിഭാഗത്തിലാണ് നോമിനേഷന് ലഭിച്ചിരിക്കുന്നത്.
അപ്ലോസ് (ടെല്‍ ഇറ്റ് ലൈക്ക് എ വിമന്‍), ഹോള്‍ഡ് മൈ ഹാന്‍ഡ് (ടോപ് ഗണ്‍ മാവറിക്ക്), ലിഫ്റ്റ് മി അപ്പ് ( ബ്ലാക്ക് പാന്തര്‍: വക്കാണ്ട ഫോറെവര്‍), ദിസ് ഈസ് എ ലൈഫ് (എവിരിത്തിങ് എവെരിവെയര് ഓള് അറ്റ് വണ്‍സ്) എന്നിവയാണ് നോമിനേഷന് ലഭിച്ച മറ്റ് ഗാനങ്ങള്‍.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ. വരും മണിക്കൂറുകളില്‍ ഇടി മിന്നലോടു കൂടിയുള്ള മഴയുണ്ടായേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനുമാണ് സാധ്യത.
അമേരിക്കയില്‍ ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ആമസോണ്‍ തുടങ്ങിയ കമ്പനികള്‍ സമീപകാലത്ത് ആയിരക്കണക്കിന് തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഐടി പ്രൊഫഷണലുകളും ഉള്‍പ്പെടുന്നു. എന്നാല്‍ തൊഴില്‍ വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് മറ്റൊരു ജോലി കണ്ടെത്താനായി പാടുപെടുകയാണിവര്‍. പുതിയ ജോലി കണ്ടെത്താന്‍ സാധിച്ചില്ലെങ്കില്‍ അമേരിക്കയില്‍ തുടരാനും കഴിയില്ല.
ദി വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം രണ്ട് ലക്ഷത്തോളം ഐടി ജീവനക്കാര്‍ക്കാണ് കഴിഞ്ഞ നവംബറിന് ശേഷം ജോലി നഷ്ടമായത്. ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഫെയ്സ്ബുക്ക്, ആമസോണ്‍ എന്നീ കമ്പനികള്‍ പിരിച്ചുവിടലിന്റെ കാര്യത്തില്‍ റെക്കോര്‍ഡ് കുറിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഡല്‍ഹിയുടെ ചില ഭാഗങ്ങളില്‍ ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.
വിഴിഞ്ഞത്ത് സെപ്റ്റംബറിലോ ഒക്ടോബറിലോ ആദ്യ കപ്പൽ എത്തിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അറിയിച്ചു. ആദ്യ കപ്പൽ എത്തുന്നത് പരീക്ഷണാടിസ്ഥാനത്തിലായിരിക്കും. തുറമുഖം പൂർണ സജ്ജമാകണമെങ്കിൽ ഇനിയും ഒരു വർഷത്തിലേറെ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരായത് കൊണ്ട് ബിസിസി ലോകവ്യാപകമായി പ്രദർശിപ്പിച്ച ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കാൻ അനുദിക്കില്ലെന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് ജനാധിപത്യ വിരുദ്ധവും അഭിപ്രായ സ്വാതന്ത്യത്തിന്മേലുള്ള വെല്ലുവിളിയുമാണെന്ന് കോൺസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സിജെഎം കോടതി ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചുവെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.
യുജിസി ചട്ടങ്ങൾ പാലിച്ചാണ് കണ്ണൂർ സർവകലാശാലയിൽ തനിക്ക് പുനർനിയമനം നൽകിയതെന്ന് കണ്ണൂർ വിസി ഡോ. ഗോപിനാഥ് രവീന്ദ്രൻ. തന്റെ നിയമനം നിയമവിധേയമാണെന്ന് വ്യക്തമാക്കി, അദ്ദേഹം സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിലെത്തി. ഒരു ഗ്രാമിന് 5,270 രൂപയും ഒരു പവന് 42,160 രൂപയുമാണ് ഇന്നത്തെ വില. ഒരു ഗ്രാമിനു 35 രൂപയും പവനു 280 രൂപയുമാണ് ഇന്ന് കൂടിയത്. 2020 ഓഗസ്റ്റിലാണ് ഇതിനു മുൻപ് സ്വർണവില 42,000 രൂപയിൽ എത്തിയത്.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബിബിസി തയ്യാറാക്കിയ ‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍’ എന്ന ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ. അവരുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഡിവൈഎഫ്ഐ ഈ വിവരം അറിയിച്ചത്.
നടിയെ ആക്രമിച്ച കേസിൽ രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ തുടങ്ങുന്നു. മഞ്ജു വാര്യർ അടക്കം 20 സാക്ഷികളെയാണ് വിസ്തരിക്കുക.