scorecardresearch
Latest News

Top News Highlights: പി.ടി. സെവന് പുതിയ പേരിട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍

നാല് വര്‍ഷമായി ധോണിയില്‍ ഭീതി പരത്തിയ ആനയെ ഏറെ ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്

AK Saseendran

Top News Highlights: ജില്ലയെ ഭീതിയിലാഴ്ത്തിയ പി.ടി. സെവന് (പാലക്കാട് ടസ്‌കര്‍ ഏഴാമന്‍)പുതിയ പേരിട്ട് മന്ത്രി എ.കെ ശശീന്ദ്രന്‍. ധോണി എന്നാണ് പുതിയ പേര്. പിടി സെവനെ വനംവകുപ്പിന്റെ സ്വത്തായി സംരക്ഷിക്കും. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരിഭ്രാന്തരാക്കരുത്. പിടി സെവന് ഒപ്പമുണ്ടായിരുന്ന മറ്റ് ആനകളേയും നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു. പിടി 7 ദൗത്യത്തിന്റെ ഭാഗമായ എല്ലാവരേയും വനംമന്ത്രി അഭിനന്ദിച്ചു.

നാല് വര്‍ഷമായി ധോണിയില്‍ ഭീതി പരത്തിയ ആനയെ ഏറെ ദിവസത്തെ ശ്രമത്തിനൊടുവിലാണ് പിടികൂടിയത്. വനാതിര്‍ത്തിയായ അപ്പക്കാടിനിന്നും ഇന്ന് രാവിലെ 7.15 ഓടെയാണ് പി.ടി സെവനെ മയക്കുവെടി വെച്ചത്. തുടര്‍ന്ന് സുരേന്ദ്രന്‍, ഭദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റുകയായിരുന്നു.

അബുദാബി രാജകുടുംബത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

അബുദാബി രാജകുടുംബവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ താമസിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി. ജനുവരി 19-ന് ബെംഗളൂരുവില്‍ നിന്ന് 41-കാരനായ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ലീല പാലസില്‍ മൂന്ന് മാസത്തോളം താമസിച്ച് പണമടയ്ക്കാതെയാണ് മുഹമ്മദ് മുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് മുഹമ്മദ് ഹോട്ടലില്‍ താമസിച്ചത്. 24 ലക്ഷത്തോളം രൂപയാണ് മുഹമ്മദ് ബില്ലായി നല്‍കാനുള്ളത്.

Live Updates
21:42 (IST) 22 Jan 2023
ലോകകപ്പ് ഹോക്കി:ന്യൂസിലന്‍ഡിനോട് തോല്‍വി,ഇന്ത്യ പുറത്ത്

പുരുഷ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങി ഇന്ത്യ പുറത്ത്. ക്രോസ് ഓവര്‍ മത്സരത്തില്‍ പെനാല്‍ട്ടി ഷൂട്ടൌട്ടിലാണ് ഇന്ത്യ പരാജയപ്പെട്ടത്. നിശ്ചിത സമയത്ത് ഇരുടീമുകളും 3-3 സമനില പാലിച്ചതോടെ അധിക സമയത്തേക്ക് കടക്കുകയായിരുന്നു. എന്നാല്‍, അധിക സമയത്തും തുല്യരായി നിന്നതോടെ അധിക സമയം അനുവദിച്ചു. ഇരു ടീമുകളും ഓരോ ഗോള്‍ സ്‌കോര്‍ ചെയ്തതോടെ മത്സരം പെനാല്‍ട്ടി ഷൂട്ടൌട്ടിലേക്ക് നീങ്ങുകയായിരുന്നു.

20:17 (IST) 22 Jan 2023
മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ 26ന് പുറത്തിറക്കും

മൂക്കിലൂടെ നല്‍കുന്ന രാജ്യത്തെ ആദ്യ കോവിഡ് വാക്‌സിന്‍ ‘ഇന്‍കോവാക്’ റിപ്പബ്ലിക് ദിനമായ ജനുവരി 26നു പുറത്തിറക്കും. തദ്ദേശീയ മരുന്ന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കാണു വാക്‌സിന്‍ വികസിപ്പിച്ചത്. ‘ഇന്‍കോവാക്’ 26നു പുറത്തിറക്കുമെന്നു ഭാരത് ബയോടെക് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കൃഷ്ണ എല്ല അറിയിച്ചു.Readmore

18:40 (IST) 22 Jan 2023
ലോകകപ്പ് ഹോക്കി: ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യമിട്ട് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നു

പുരുഷ ലോകകപ്പ് ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യമിട്ട് ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇറങ്ങുന്നു. വൈകിട്ട് ഏഴിന് ഭുവനേശ്വറിലാണ് മത്സരം. ഗൂപ്പ് ഡിയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായതോടെയാണ് ഇന്ത്യക്ക് ക്വാര്‍ട്ടറിലെത്താന്‍ ക്രോസ് ഓവര്‍ മത്സരം കളിക്കേണ്ടിവന്നത്.

ഇന്നത്തെ മത്സരം ജയിച്ചാല്‍ മാത്രമേ ആതിഥേയര്‍ക്ക് സെമിയിലെത്താനാകൂ. ലോകറാങ്കിങ്ങില്‍ പന്ത്രണ്ടാം സ്ഥാനമാണ് ന്യൂസിലന്‍ഡിന്. ഇന്ത്യക്ക് ആറാം സ്ഥാനവും. പൂള്‍ സിയില്‍ മൂന്നാം സ്ഥാനക്കാരായാണ് ന്യൂസിലന്‍ഡ് ക്രോസ്ഓവര്‍ മത്സരത്തിനെത്തുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പരിക്കേറ്റ മിഡ്ഫീല്‍ഡര്‍ ഹാര്‍ദിക് സിങ്ങിന്റെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാണ്. ഹാര്‍ദികിന് പകരം രാജ്കുമാര്‍ പാല്‍ ഇറങ്ങും

16:35 (IST) 22 Jan 2023
അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്

അമേരിക്കയില്‍ ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്പ്പ്. ലോസ് ആഞ്ചലസിന് സമീപമുള്ള മോണ്ടെറേ പാര്‍ക്കിലാണ് വെടിവയ്പ്പ് നടന്നത്.

ശനിയാഴ്ച രാത്രി പത്ത് മണിയോടെ മോണ്ടെറെ പാര്‍ക്കിലെ ചൈനീസ് പുതുവത്സരാഘോഷത്തിനിടെയാണ് വെടിവയ്പ്പുണ്ടായത്. പതിനായിരക്കണക്കിന് പേരാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ പാര്‍ക്കില്‍ എത്തിയിരുന്നത്.

15:14 (IST) 22 Jan 2023
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: റവന്യൂ റിക്കവറി നടപടി ക്രമങ്ങള്‍ നാളെ പൂര്‍ത്തിയാക്കും

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി കെ രാജന്‍. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള നടപടി നാളെ പൂര്‍ത്തിയാക്കും. ഏത് കേസിലായാലും കോടതി നിര്‍ദേശപ്രകാരമാണ് റവന്യൂ റിക്കവറി. നാളെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു.

13:51 (IST) 22 Jan 2023
‘വിഷം, ഭീരുത്വം നിറഞ്ഞ നടപടി’; ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരെ പി സായ്നാഥ്

2002-ലെ ഗുജറാത്ത് കലാപവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അദ്ദേഹത്തിന്റെ അന്നത്തെ സര്‍ക്കാരിന്റേയും സമീപനത്തേക്കുറിച്ചുമുള്ള ബിബിസി ഡോക്യുമെന്ററി കേന്ദ്ര സര്‍ക്കാര്‍ സെന്‍സര്‍ ചെയ്ത നടപടിക്കെതിരെ പീപ്പിൾസ് ആർക്കൈവ് ഓഫ് റൂറൽ ഇന്ത്യയുടെ സ്ഥാപക എഡിറ്റർ സായിനാഥ് പി സായ്നാഥ്. കേന്ദ്ര നീക്കം വിഷമാണെന്നും അതിനോടുള്ള മാധ്യമ സമീപനം ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബിബിസി ഡോക്യുമെന്ററിയായ ഇന്ത്യ: ദ മോദി ക്വസ്‌ഷന്റെ ആദ്യ എപ്പിസോഡ് ബ്ലോക്ക് ചെയ്യാൻ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയം യുട്യൂബിനോട് ഉത്തരവിട്ടിരുന്നു. യുട്യൂബിൽ ഡോക്യുമെന്ററിയുമായി ലിങ്കുള്ള 50-ലധികം ട്വീറ്റുകൾ ബ്ലോക്ക് ചെയ്യാനും മന്ത്രാലയം നിർദ്ദേശം നൽകിയിരുന്നു.

12:34 (IST) 22 Jan 2023
ദൗത്യ സംഘത്തിന്റെ പദ്ധതികള്‍ വിജയം; പിടി സെവന്‍ ധോണി ക്യാമ്പില്‍

ധോണിയിലിറങ്ങിയ പിടി സെവന്‍ എന്ന ആനയെ ധോണിയിലുള്ള ക്യാമ്പിലെത്തിച്ചു. ധോണിയിലെ പ്രത്യേകം തയാറാക്കിയെ കൂട്ടില്‍ കൊമ്പനെ എത്തിക്കും. നേരത്തെ ലോറിയില്‍ കയറ്റുന്നതിന് മുന്‍പ് പിടി സെവന് ബൂസ്റ്റര്‍ ഡോസ് ഉപയോഗിച്ച് കുത്തിവയ്പ്പ് നല്‍കിയിരുന്നു. ആദ്യ ഡോസിന്റെ മയക്കത്തില്‍ നിന്ന് ഉണര്‍ന്നതോടെയാണ് ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.

ജനവാസകേന്ദ്രത്തിനും കാടിനും ഇടയിലായിരുന്നു പിടി സെവന്‍ ഉണ്ടായിരുന്നത്. ഏകദേശം 50 മീറ്റര്‍ ദൂരത്ത് നിന്ന് ഇന്ന് രാവിലെ 7.10 ഓടെയാണ് മയക്കുവെടിവച്ചത്. ഇടത് ചെവിക്ക് താഴെയായാണ് മയക്കുവെടിയേറ്റത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റിയത്. പിടി സെവന്റെ കണ്ണുകള്‍ കറുത്ത തുണി വച്ച് മറച്ചിരുന്നു.

11:40 (IST) 22 Jan 2023
അബുദാബി രാജകുടുംബത്തിന്റെ പേരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയില്‍

അബുദാബി രാജകുടുംബവുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ട് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ താമസിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയയാള്‍ പിടിയിലായി. ജനുവരി 19-ന് ബെംഗളൂരുവില്‍ നിന്ന് 41-കാരനായ മുഹമ്മദ് ഷെരീഫിനെ അറസ്റ്റ് ചെയ്തതായി ഡല്‍ഹി പൊലീസ് അറിയിച്ചു. ലീല പാലസില്‍ മൂന്ന് മാസത്തോളം താമസിച്ച് പണമടയ്ക്കാതെയാണ് മുഹമ്മദ് മുങ്ങിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്ന് മുതല്‍ നവംബര്‍ 20 വരെയാണ് മുഹമ്മദ് ഹോട്ടലില്‍ താമസിച്ചത്. 24 ലക്ഷത്തോളം രൂപയാണ് മുഹമ്മദ് ബില്ലായി നല്‍കാനുള്ളത്.

Web Title: Top news live updates january 22