scorecardresearch
Latest News

Top News Highlights: ‘കേരളത്തില്‍ വേരുറപ്പിക്കാന്‍ തരൂര്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നു’; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

Top News Highlights: ‘കേരളത്തില്‍ വേരുറപ്പിക്കാന്‍ തരൂര്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നു’; വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

Top News Highlights: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തരൂര്‍ ആന മണ്ടനാണെന്ന് താന്‍ ഇപ്പോഴാണ് മനസിലാക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ വേരുറപ്പിക്കാന്‍ തരൂര്‍ സമുദായ നേതാക്കളെ സന്ദര്‍ശിക്കുന്നുവെന്ന വിമര്‍ശനമാണ് വള്ളാപ്പള്ളിയുടെ ഉന്നയിക്കുന്നത്.

തരൂര്‍ പിന്നാക്ക വിഭാഗങ്ങളോട് വിരോധമുള്ളയാളാണ്. കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചത് ഇത് വ്യക്തമാക്കുന്നു. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ടു പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ശശി തരൂര്‍ തറവാടി നായരാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം കേട്ടു നിന്നു. പച്ചയ്ക്ക് ജാതി പറഞ്ഞപ്പോള്‍ തിരുത്താനുള്ള ധൈര്യം തരൂര്‍ കാണിച്ചില്ല. തരൂരിനെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തില്‍ വിലപ്പോകില്ല.ശശി തരൂര്‍ ഒരു ആന മണ്ടനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

വാളകത്ത് മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം വാളകത്ത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ തട്ടുകട നടത്തുയാളെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Live Updates
21:53 (IST) 17 Jan 2023
ആഗോള സാമ്പത്തിക വളര്‍ച്ചയിലെ സ്വാധീനം; ഇന്ത്യ ചൈനയ്ക്ക് പകരമാകുമെന്ന് ചിന്തിക്കുന്നത് അപക്വം: രഘുറാം രാജന്‍

ഇന്ത്യ ആഗോള സാമ്പത്തിക വളര്‍ച്ചയെ സ്വാധീനിക്കുന്ന സാഹചര്യത്തില്‍ ചൈനയ്ക്ക് പകരമാകുമെന്ന് ചിന്തിക്കുന്നത് അപക്വമെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവണര്‍ രഘുറാം രാജന്‍. എന്നാല്‍ ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയെന്ന നിലയില്‍ രാജ്യം വളര്‍ച്ച കൈവരിക്കുമെന്നും അതിനുള്ള സാധ്യയതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചീഫ് ഇക്കണോമിസ്റ്റ് ഔട്ട്ലുക്കിനെക്കുറിച്ച് അടുത്തിടെ പുറത്തിറങ്ങിയ വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡബ്ല്യുഇഎഫ്) റിപോര്‍ട്ടില്‍ ഭൂരിഭാഗവും സാമ്പത്തിക ശക്തികളും 2023 ല്‍ ആഗോള മാന്ദ്യം പ്രതീക്ഷിക്കുന്നതായി പറയുന്നു. ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ആഗോള വളര്‍ച്ചാ സാധ്യതകളെ തീര്‍ച്ചയായും കരകയറ്റുമെന്ന് രഘുറാം രാജന്‍ പറഞ്ഞു. ഈ സമയത്ത് നയരൂപകര്‍ത്താക്കള്‍ തൊഴില്‍ വിപണിയിലേക്കും ഭവന വിപണിയിലേക്കും നോക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഇരുട്ടും നാശവുമാണോ? ഒരുപക്ഷേ അല്ല… പുടിന്‍ യുദ്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചാല്‍ തീര്‍ച്ചയായും ഒരു തലകീഴായി മാറും,’ രഘുറാം രാജന്‍ പറഞ്ഞു.Readmore

20:31 (IST) 17 Jan 2023
പറവൂരില്‍ കുഴിമന്തി കഴിച്ച 67 പേര്‍ ആശുപത്രിയില്‍

എറണാകുളം പറവൂരില്‍ ഹോട്ടലില്‍ നിന്ന് കുഴിമന്തിയും ബിരിയാണിയും കഴിച്ച കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികില്‍സതേടിയവരുടെ എണ്ണം 68 ആയി. 28പേരാണ് പറവൂര്‍ താലൂക്ക് ആശുപത്രിയിലുള്ളത്. തൃശൂരില്‍ പന്ത്രണ്ട് പേരും 20 പേര്‍ സ്വകാര്യ ആശുപത്രിയിലും ചികില്‍സയിലാണ്. ഒരാളെ കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്.

18:56 (IST) 17 Jan 2023
വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി

വൈക്കത്ത് അച്ഛനെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം അയ്യരുകുളങ്ങരയില്‍ ജോര്‍ജ് ജോസഫ് (75), ഭിന്നശേഷിക്കാരിയായ മകള്‍ ജിന്‍സി (30) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ജോര്‍ജ് ജോസഫിന്റെ ജഡം തൂങ്ങിയ നിലയിലും മകളുടെ ജഡം മുറിക്കുള്ളില്‍ കട്ടിലിലുമാണ് കണ്ടെത്തിയത്. വൈക്കം പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

17:58 (IST) 17 Jan 2023
ഭരണത്തുടര്‍ച്ച ലക്ഷ്യം; ജെ പി നദ്ദ ബിജെപി അദ്ധ്യക്ഷ സ്ഥാനത്ത് 2024 ജൂണ്‍ വരെ തുടരും

ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ കാലാവധി 2024 ജൂണ്‍ വരെ നീട്ടാന്‍ ബിജെപി ദേശീയ എക്സിക്യൂട്ടീവ് ഐകകണ്ഠേന തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ രണ്ടാം ദിവസമാണ് പ്രഖ്യാപനം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗാണ് നദ്ദയുടെ കാലാവധി നീട്ടാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വച്ചതെന്നും അമിത് ഷാ പറഞ്ഞു. Readmore

16:27 (IST) 17 Jan 2023
കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് അന്തരിച്ചു.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫിന്റെ ഭാര്യ ഡോ. ശാന്ത ജോസഫ് (73) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു ശാന്ത. തൊടുപുഴ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടറാണ്​. മക്കൾ: അപു (കേരള കോൺഗ്രസ്​ സംസ്ഥാന വർക്കിങ്​ കമ്മിറ്റിയംഗം), യമുന, ആന്‍റണി, പരേതനായ ജോമോൻ. മരുമക്കൾ: അനു, ഡോ. ജോ, ഉഷ.

16:24 (IST) 17 Jan 2023
പറവൂരില്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 27 പേര്‍ ആശുപത്രിയില്‍; ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു

എറണാകുളം പറവൂരില്‍ കുഴിമന്തി കഴിച്ച 27 പേര്‍ ആശുപത്രിയില്‍. സംഭവത്തെ തുടര്‍ന്ന് പറവൂര്‍ നഗരത്തിലെ ഹോട്ടല്‍ നഗരസഭ ആരോഗ്യവിഭാഗം എത്തി അടച്ചിച്ചു. ഹോട്ടലില്‍ നിന്ന് കുഴിമന്തിയും ബിരിയാണിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഗുരുതരാവസ്ഥയിലായ ചെറായി സ്വദേശിനി ഗീതുവിനെ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കു മാറ്റി. ദേഹാസ്ഥ്യമുണ്ടായ 9 പേര്‍ കുന്നുകര എംഇഎസ് കോളജിലെ വിദ്യാര്‍ഥികളാണ്. Readmore

14:42 (IST) 17 Jan 2023
‘ഇന്ത്യയുമായുള്ള യുദ്ധങ്ങളില്‍ നിന്ന് ഞങ്ങള്‍ പാഠം പഠിച്ചു’; മോദിയെ സമാധാന ചര്‍ച്ചയ്ക്ക് വിളിച്ച് പാക് പ്രധാനമന്ത്രി

കശ്മീര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രി വരേന്ദ്ര മോദിയുമായി ആത്മാര്‍ത്ഥമായ ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. ദുബായ് ആസ്ഥാനമായുള്ള അൽ-അറബിയ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ ഷെഹബാസ് ഇക്കാര്യം വ്യക്തമാക്കിയത്.

“ഇന്ത്യ വളരെ സാഹോദര്യമുള്ള രാജ്യമാണ്, ഞങ്ങൾ എപ്പോഴും സഹോദരബന്ധം പങ്കിടുന്നു, അത് അതുല്യമാണ്. ഞങ്ങൾ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങൾ നടത്തി, അവയുടെ അനന്തരഫലങ്ങൾ ദുരിതവും തൊഴിലില്ലായ്മയും ദാരിദ്ര്യവുമായിരുന്നു, പാക്കിസ്ഥാന്‍ പാഠം പഠിച്ചു. ഞങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിൽ ഇന്ത്യയുമായി സമാധാനത്തിൽ മുന്നോട്ട് പോകാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നു,” പാക് പ്രധാനമന്ത്രി പറഞ്ഞു.

13:50 (IST) 17 Jan 2023
തെന്നെ വെടക്കാക്കി തനിക്കാക്കണം, അതാണ് ലക്ഷ്യം: വെള്ളാപ്പള്ളി

എസ് എൻ ട്രസ്റ്റിന്റെ ബൈലോയിൽ ഹൈക്കോടതി വരുത്തിയ ഭേദഗതിയിൽ പ്രതികരണവുമായി എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. “14 വർഷം മുൻപ് എസ്എൻ ട്രസ്റ്റിന്റെ എക്സിബിഷൻ നടത്തിയതിൽ സാമ്പത്തിക ആരോപണം ഉയർന്നു. ആ കേസിൽ ആദ്യ അന്വേഷണ റിപ്പോർട്ട് തള്ളി. പിന്നീട് പുനരന്വേഷണം നടത്തി. അതിലൊന്നും തന്നെ പ്രതി ചേർത്തിട്ടില്ല. കുറ്റക്കാരനല്ല,” വെള്ളപ്പള്ളി വ്യക്തമാക്കി.

12:51 (IST) 17 Jan 2023
വെള്ളാപ്പള്ളിക്ക് തിരിച്ചടി; എസ്എന്‍ ട്രസ്റ്റിന്റെ ബൈലൊ ഭേദഗതിക്ക് ഹൈക്കോടതിയുടെ അനുമതി

എസ്എന്‍ ട്രസ്റ്റ് ബൈലൊ ഭേദഗതിക്ക് ഹൈക്കോടതി അനുമതി നല്‍കി. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട അംഗത്തെ ട്രസ്റ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്. ട്രസ്റ്റ് ബോര്‍ഡ് അംഗം ചെറുന്നിയൂര്‍ ജയപ്രകാശിന്റെ ഹര്‍ജിയിലാണ് കോടതി നടപടി. നിലവില്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട അംഗത്തെ മാറ്റിനിര്‍ത്താന്‍ ബൈലോയില്‍ വ്യവസ്ഥയില്ല. ഇതിനാണ് ഭേദഗതി വരുന്നത്.

കോടതിയുടെ തീരുമാനം എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശന് കടുത്ത തിരിച്ചടിയായിരിക്കുകയാണ്. ട്രെസ്റ്റ് സെക്രട്ടറി കൂടിയായ നടേശന്‍ കണിച്ചുകുളങ്ങര എസ്എന്‍ഡിപി യോഗം യൂണിയന്‍ മുന്‍ സെക്രട്ടറി കെ കെ മഹേശന്‍ മരണപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ്. ആലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം മാരാരിക്കുളം പോലീസാണ് സംഭവത്തില്‍ കേസെടുത്തത്.

11:52 (IST) 17 Jan 2023
കൊല്ലത്ത് ക്ഷീര വികസന വകുപ്പ് പിടിച്ചെടുത്ത പാല്‍ ലോറിയുടെ ടാങ്കര്‍ പൊട്ടിത്തെറിച്ചു

ആര്യങ്കാവില്‍ മായം കലര്‍ത്തി എന്ന സംശയത്തെ തുടര്‍ന്ന് പിടികൂടിയ പാല്‍ സൂക്ഷിച്ചിരുന്ന ടാങ്കര്‍ ലോറി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. ടാങ്കറിന്റെ അറയില്‍ സമ്മര്‍ദം ഏറിയതാണ് പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. 15,300 ലിറ്റര്‍ പാല്‍ അടങ്ങിയ ലോറി കഴിഞ്ഞ ആറ് ദിവസമായി തെന്മല സ്റ്റേഷനില്‍ തുടരുകയാണ്.

ജനുവരി 11-നായിരുന്നു തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന പാല്‍ ക്ഷീര വികസന വകുപ്പ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലോറി പിടിച്ചെടുത്തത്. എന്നാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ പാലില്‍ കൊഴുപ്പിന്റെ കുറവ് മാത്രമായിരുന്നു കണ്ടെത്താനായത്. ഹൈഡ്രജന്‍ പെറോക്സൈഡിന്റെ സാന്നിധ്യമുണ്ടെന്നായിരുന്നു ആദ്യ നിഗമനം.

10:45 (IST) 17 Jan 2023
വാളകത്ത് മൂന്ന് ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

കൊല്ലം വാളകത്ത് മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബഥനി കോണ്‍വെന്റിന്റെ കുരിശടിക്ക് മുന്നിലാണ് പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്. പുലര്‍ച്ചെ തട്ടുകട നടത്തുയാളെത്തിയപ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേള്‍ക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് പോകുന്നയാളിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. ഇന്നലെ രാത്രി എട്ടരയോടെയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Web Title: Top news live updates january 17