scorecardresearch

Top News Highlights: ‘യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്ത് വരും’; നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണ റിമാന്‍ഡില്‍

തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി

Praveen Rana
Photo: Faceboo/ Praveen Rana

Top News Highlights: സെയ്ഫ് ആന്‍ഡ് സ്ട്രോങ് എന്ന നിക്ഷേപ കമ്പനി വഴി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തു വരുമെന്ന് പ്രവീണ്‍ പ്രതികരിച്ചു. നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.

ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട് പന്തീരാങ്കാവില്‍ ഇരുപത്തിരണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റൊരു പ്രതിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

രണ്ടു ദിവസം മുമ്പാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികളിലൊരാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു. ഇവിടെ വച്ച് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

Live Updates
21:34 (IST) 13 Jan 2023
നയന സൂര്യയുടെ മരണം: പ്രത്യേക അന്വേഷണ സംഘം പുനഃസംഘടിപ്പിച്ചു

സിനിമ സംവിധായിക നയന സൂര്യയുടെ മരണം അന്വേഷിക്കാനായി ക്രൈം ബ്രാഞ്ച് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം പുനഃസംഘടിപ്പിച്ച് സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉത്തരവായി. 13 പേരാണ് സംഘത്തിലുള്ളത്.

ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ് പി എസ് മധുസൂദനൻ സംഘത്തലവനായി തുടരും. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ.

എസ് സി ആർ ബി ഡിവൈഎസ്പി ആർ പ്രതാപൻ നായർ, ഡിറ്റക്റ്റീവ് ഇൻസ്പെക്ടർമാരായ എച്ച് അനിൽകുമാർ, പി ഐ മുബാറക്, സബ് ഇൻസ്പെക്ടർമാരായ ശരത് കുമാർ, കെ മണിക്കുട്ടൻ, ഡിറ്റക്റ്റീവ് സബ് ഇൻസ്പെക്ടർ കെ ജെ രതീഷ്, എ എസ് ഐ മാരായ ടി രാജ് കിഷോർ, കെ ശ്രീകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അർഷ ഡേവിഡ്, എ അനിൽകുമാർ, ക്രിസ്റ്റഫർ ഷിബു എന്നിവരാണ് സംഘത്തിലുള്ളത്.

21:32 (IST) 13 Jan 2023
ഹോക്കി ലോകകപ്പ്: ഇന്ത്യയ്ക്ക് വിജയത്തുടക്കം; സ്പെയിനിനെ തകര്‍ത്തു

ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. പൂള്‍ ഡിയിലെ മത്സരത്തില്‍ സ്പെയിനിനെ പരാജയപ്പെടുത്തി. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ഇന്ത്യയുടെ ജയം. അമിത് രോഹിദാസ്, ഹാര്‍ദിക് സിങ് എന്നിവരാണ് ഗോള്‍ സ്കോര്‍ ചെയ്തത്.

തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യ സമ്പൂര്‍ണ ആധിപത്യമായിരുന്നു പുറത്തെടുത്തത്. സ്പാനിഷ് പ്രതിരോധം പലതവണ ഉലഞ്ഞു. ആദ്യ ഗോള്‍ വീഴാന്‍ കാത്തിരിക്കേണ്ടി വന്നത് 13 മിനുറ്റുകള്‍. പെനാലിറ്റി കോര്‍ണറില്‍ നിന്ന് അമിതാണ് ലക്ഷ്യം കണ്ടത്.

20:40 (IST) 13 Jan 2023
‘യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്ത് വരും’; നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രവീണ്‍ റാണ റിമാന്‍ഡില്‍

സെയ്ഫ് ആന്‍ഡ് സ്ട്രോങ് എന്ന നിക്ഷേപ കമ്പനി വഴി കോടികള്‍ തട്ടിയ കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണയെ രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. തൃശൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് നടപടി. യഥാര്‍ത്ഥ കള്ളന്മാര്‍ പുറത്തു വരുമെന്ന് പ്രവീണ്‍ പ്രതികരിച്ചു. നൂറു കോടി രൂപ തട്ടിയതായാണ് തൃശൂര്‍ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പൊലീസ് പറയുന്നത്.

20:30 (IST) 13 Jan 2023
സര്‍ക്കാരിനെതിരെ ഒരു ലക്ഷം പേരുടെ പ്രക്ഷോഭവുമായി കോണ്‍ഗ്രസ്; മേയ് നാലിന് സെക്രട്ടേറിയറ്റ് വളയും

സംസ്ഥാന സര്‍ക്കാരിനെതിരെ ബഹുജന പ്രക്ഷോഭവുമായി കോണ്‍ഗ്രസ്. കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന ഭാരവാഹികളുടെയും നിര്‍വാഹക സമിതി അംഗങ്ങളുടെയും യോഗത്തിലാണ് തീരുമാനം. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണപരാജയങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്ന ലക്ഷ്യമാണ് പ്രക്ഷോഭത്തിന് പിന്നില്‍.

മേയ് നാലിന് ഭരണ തകര്‍ച്ചയ്‌ക്കെതിരെ, കേരളത്തെ കാക്കാന്‍ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഒരുലക്ഷം പ്രവര്‍ത്തകരെ അണിനിരത്തി സെക്രട്ടേറിയറ്റ് വളയല്‍ സംഘടിപ്പിക്കാനാണ് കെപിസിസിയുടെ തീരുമാനം. രാവിലെ ഏഴ് മുതല്‍ വെെകുന്നേരം അഞ്ച് മണിവരെയാണ് സെക്രട്ടേറിയറ്റ് വളയല്‍ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

19:47 (IST) 13 Jan 2023
വാട്ടര്‍ ചാര്‍ജ് കൂട്ടാന്‍ എൽ ഡി എഫ് അനുമതി; വര്‍ധിക്കുക ലിറ്ററിന് ഒരു പൈസ

സംസ്ഥാനത്ത് വാട്ടര്‍ ചാര്‍ജ് വര്‍ധിപ്പിക്കും. ലിറ്ററിന് ഒരു പൈസയാണു വര്‍ധിപ്പിക്കുക. നിരക്ക് വര്‍ധിപ്പിക്കാനുള്ള ജലവിഭവ കവകുപ്പിന്റെ ശിപാര്‍ശ ഇന്നു ചേര്‍ന്ന ഇടതു മുന്നണി യോഗം അംഗീകരിച്ചു.

ജലവിഭവവകുപ്പിന്റെ ശിപാര്‍ശ പരിശോധിച്ച് നിരക്ക് വര്‍ധനയ്ക്ക് അനുമതി നല്‍കിയതായി ഇടതുമുന്നണി കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയുടെ നഷ്ടം നികത്തുന്നതിനാണു വെള്ളത്തിന്റെ നിരക്ക് വര്‍ധിപ്പിക്കുന്നത്. നിലവില്‍ 2391.89 കോടി രൂപയുടെ നഷ്ടത്തിലാണ് അതോറിറ്റി.

18:27 (IST) 13 Jan 2023
കാര്യവട്ടം ഏകദിനം: ഇന്ത്യ, ശ്രീലങ്ക താരങ്ങള്‍ തിരുവനന്തപുരത്ത്; ഉജ്വല വരവേല്‍പ്പ് നല്‍കി ആരാധകര്‍

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനായി ടീമുകള്‍ തിരുവനന്തപുരത്തെത്തി. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് എയര്‍ വിസ്താരയുടെ പ്രത്യേക വിമാനത്തില്‍ താരങ്ങള്‍ എത്തിയത്.

ഇന്ത്യന്‍ ടീമിന് ഹോട്ടല്‍ ഹയാത്തിലും ശ്രീലങ്കന്‍ ടീമിന് ഹോട്ടല്‍ താജ് വിവാന്തയിലുമാണ് താമസം ഒരുക്കിയിരിക്കുന്നത്. നാളെ ഉച്ചയ്ക്ക് ശേഷമായിരിക്കും ടീമുകള്‍ പരിശീലനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെത്തുക.

17:17 (IST) 13 Jan 2023
‘മൂത്രമൊഴിച്ചത് പരാതിക്കാരി’; ആരോപണങ്ങള്‍ നിഷേധിച്ച് ശങ്കര്‍ മിശ്ര

എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയ്ക്കുമേല്‍ മൂത്രമൊഴിച്ചെന്ന ആരോപണം തള്ളി പ്രതി ശങ്കര്‍ മിശ്ര. ഡല്‍ഹി കോടതിയിലാണ് ശങ്കര്‍ മിശ്ര ഇക്കാര്യം വ്യക്തമാക്കിയത്.

“പരാതിക്കാരിയുടെ മേല്‍ ഞാന്‍ മൂത്രമൊഴിച്ചിട്ടില്ല”, മിശ്ര കോടതിയോട് പറഞ്ഞു.

https://malayalam.indianexpress.com/news/air-india-urination-case-shankar-mishra-declines-allegations-says-complainant-urinated-herself-741903/

16:00 (IST) 13 Jan 2023
ധരം സന്‍സദ് പ്രകോപന പ്രസംഗം: എന്ത് അന്വേഷണം നടത്തിയെന്ന് ഡല്‍ഹി പൊലീസിനോട് സുപ്രീം കോടതി

ഡല്‍ഹിയില്‍ നടന്ന ധരം സന്‍സദ് പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍ അന്വേഷണ നടപടികള്‍ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.

”2021 ഡിസംബര്‍ 19 നു സംഭവം നടന്നതു മുതല്‍ അന്വേഷണം തുടരാന്‍ സ്വീകരിച്ച നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം അറിയിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു.

https://malayalam.indianexpress.com/news/supreme-court-delhi-police-dharam-sansad-probe-741811/

14:52 (IST) 13 Jan 2023
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വമ്പന്‍ ജയം. സര്‍വീസസിനെ കേരളം 204 റണ്‍സിന് തോല്‍പ്പിച്ചു. കേരളം മുന്നോട്ടു വെച്ച 341 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സര്‍വീസസ് 134 റണ്‍സിന് എല്ലാവരും പുരത്തായി. 

13:31 (IST) 13 Jan 2023
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഏപ്രില്‍ 6 വരെ നടക്കുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 12 വരെ അവധിയോടുകൂടിയ സെഷനില്‍ 66 ദിവസങ്ങളിലായി 27 സിറ്റിംഗുകള്‍ ഉണ്ടായിരിക്കും. ഫെബ്രുവരി 1 ന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനും സാധ്യതയുണ്ട്.

13:22 (IST) 13 Jan 2023
കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശക്തമായ പര്യടനമാണ് ശശി തരൂര്‍ നടത്തുന്നത്: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ശക്തമായ പര്യടനമാണ് ശശി തരൂര്‍ നടത്തുന്നതെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. തരൂര്‍ വിശ്വപൗരനാണെന്നും ലോകത്തെ മനസ്സിലാക്കി അതില്‍ നിന്നും ഉള്‍ക്കൊണ്ട പല അറിവുകളും തരൂരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്റെ രണ്ടാം ഘട്ട മലബാര്‍ പര്യടനം തുടരുന്നതിനിടെ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രതികരണം.കോണ്‍ഗ്രസിനെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള ശ്രമമാണ് തരൂര്‍ നടത്തുന്നത്. സമുദായ സംഘടനകളെ കോണ്‍ഗ്രസിനൊപ്പം നിര്‍ത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസിലെ മറ്റുള്ളവര്‍ ചെയ്യാത്തതാണ് തരൂര്‍ ചെയ്യുന്നതും തങ്ങള്‍ പറഞ്ഞു.

12:01 (IST) 13 Jan 2023
ഹോക്കി ലോകകപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തില്‍ സ്‌പെയിനിനെ എതിരിടാന്‍ ഇന്ത്യ

ഹോക്കി ലോകകപ്പ് മത്സരങ്ങള്‍ക്ക് ഒഡിഷയില്‍ ഇന്ന് തുടക്കമാകും. നിലവിലെ ചാമ്പ്യന്‍മാരായ ബല്‍ജിയം അടക്കം 16 ടീമുകളാണ് അണിനിരക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ – സ്‌പെയിനിനെ നേരിടും. അര്‍ജന്റീന-സൗത്ത് ആഫ്രിക്ക, ഓസ്‌ട്രേലിയ-ഫ്രാന്‍സ്, ഇംഗ്ലണ്ട്-വെയില്‍സ് എന്നിങ്ങനെയാണ് മറ്റ് മത്സരങ്ങള്‍. അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്ട്രേലിയ ഫ്രാന്‍സിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട് വെയ്ല്‍സിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്പെയ്ന്‍ പോരാട്ടം. Readmore

10:56 (IST) 13 Jan 2023
ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി; 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി

കോഴിക്കോട് പന്തീരാങ്കാവില്‍ 22 കാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി പീഡിപ്പിച്ചു എന്നാണ് പരാതി. സംഭവത്തില്‍ ചേവായൂര്‍ സ്വദേശികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസിലുള്‍പ്പെട്ട ഒരു പ്രതിക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. രണ്ടു ദിവസം മുമ്പാണ് പൊലീസില്‍ പരാതി ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രതികളിലൊരാള്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് കോഴിക്കോട്ടെ ഒരു ഫ്ലാറ്റിലെത്തിച്ചു. ഇവിടെ വെച്ച് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കി മയക്കി കൂട്ട ബലാത്സംഗം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.

Web Title: Top news live updates january 13