scorecardresearch

Top News Highlights: ‘സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടി’; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

നിയമസഭ തിരഞ്ഞെടുപ്പിനല്ല ലോക്സഭ തിരഞ്ഞെടുപ്പിനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നാണ് കെപിസിസിയില്‍ ഉയര്‍ന്ന അഭിപ്രായം

Top News Highlights: ‘സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടി’; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

Top News Highlights: ശശി തരൂര്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തുറന്ന് പറഞ്ഞതോടെ മുന്നറിയിപ്പുമായി കെപിസിസി. സ്ഥാനര്‍ത്ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ ഇപ്പോഴൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെച്ചുപൊറുപ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

കോഴിക്കോട്ട് പക്ഷിപ്പനി സ്ഥിരീകരിച്ചു

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഭോപ്പാലിലെ അതീവ സുരക്ഷാ ലാബില്‍ നടത്തിയ പരിശോധനയിലാണ് കോഴികളിൽ തീവ്രവ്യാപന ശേഷിയുള്ള എച്ച് 5 എന്‍ 1 സ്ഥിരീകരിച്ചത്. കോഴികൾ രോഗം വന്ന് ചത്തതിനെത്തുടര്‍ന്നാണ് സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിനുപിന്നാലെ, പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ മന്ത്രി ജെ.ചിഞ്ചുറാണി നിര്‍ദേശം നല്‍കി.

Live Updates
21:54 (IST) 12 Jan 2023
ഉസ്‌ബെക്കിസ്ഥാനിലെ ചുമ സിറപ്പ് മരണങ്ങള്‍: മരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസന്‍സ് മരവിപ്പിച്ചു

ഉസ്‌ബെക്കിസ്ഥാനില്‍ 18 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടു നോയിഡ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ മരിയോണ്‍ ബയോടെക്കിന്റെ ഉത്പാദന ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

മരിയോണ്‍ ബയോടെക്കിന്റെ ഓഫീസില്‍ ഡിസംബര്‍ 29നു പരിശോധന നടത്തിയ കേന്ദ്ര ഏജന്‍സികളുടെയും ഉത്തര്‍പ്രദേശ് ഡ്രഗ് ഡിപ്പാര്‍ട്ട്മെന്റിന്റെയും സംഘം വിവാദ ചുമ സിറപ്പുകളുടെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. പരിശോധനാ ഫലം പുറത്തുവന്നിട്ടില്ല.

21:09 (IST) 12 Jan 2023
India vs Sri Lanka 2nd ODI: നങ്കൂരമിട്ട് രാഹുല്‍; ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം, പരമ്പര

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാല് വിക്കറ്റ് ജയം. 216 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് വിജയം സ്വന്തമാക്കിയത്.

പുറത്താകാതെ 64 റണ്‍സെടുത്ത കെ എല്‍ രാഹുലിന്റെ പ്രകടനമാണ് നിര്‍ണായകമായത്. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര ഇന്ത്യ സ്വന്തമാക്കി. ഗുവാഹത്തിയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ആതിഥേയര്‍ ഉജ്വല ജയം നേടിയിരുന്നു.

20:25 (IST) 12 Jan 2023
മകരവിളക്ക് മഹോത്സവം: തിരുവാഭരണഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു

മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാർത്തുവാനുള്ള ആഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്നും പുറപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു വലിയകോയിക്കൽ ശ്രീധർമശാസ്താക്ഷേത്രത്തിൽ ഘോഷയാത്ര പുറപ്പെട്ടത്.

പന്തളം കൊട്ടാരത്തിലെ കുടുംബാംഗം മരണപ്പെട്ടതിനെ തുടര്‍ന്ന് ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ ഘോഷയാത്ര ആരംഭിച്ചത്. സ്വീകരണങ്ങളും വെടിക്കെട്ടും ചെണ്ടമേളവും ഘോഷയാത്രയുടെ തുടക്കത്തിൽ ഒഴിവാക്കിയിരുന്നു.

19:46 (IST) 12 Jan 2023
വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ കര്‍ഷകന്‍ മരിച്ചു

വയനാട് മാനന്തവാടിയില്‍ കടുവയുടെ ആക്രമണത്തിനിരയായ കര്‍ഷകന്‍ മരിച്ചു. തൊണ്ടര്‍നാട് പുതുശേരി വെള്ളാരംകുന്ന് സ്വദേശി പള്ളിപ്പുറത്ത് തോമസ് (സാലു-52) ആണു മരിച്ചത്.

ഇന്നു രാവിലെ പതിനൊന്നോടെ വീടിനു സമീപത്തെ കൃഷിയിടത്തില്‍വച്ച് തോമസിനെ കടുവ ആക്രമിച്ചത്. കൈകള്‍ക്കും കാലിനും ഗുരുതര പരുക്കേറ്റു. ഉടനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകീട്ടോടെ മരിക്കുകയായിരുന്നു. ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ തോമസിനു ഹൃദയാഘാതം സംഭവിച്ചിരുന്നു.

18:25 (IST) 12 Jan 2023
‘സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കേണ്ടത് പാര്‍ട്ടി’; എംപിമാര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി

ശശി തരൂര്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാര്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കേന്ദ്രീകരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് തുറന്ന് പറഞ്ഞതോടെ മുന്നറിയിപ്പുമായി കെപിസിസി. സ്ഥാനര്‍ത്ഥികളെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും അതില്‍ ഇപ്പോഴൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ വ്യക്തമാക്കി. സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വെച്ചുപൊറുപ്പിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.

17:39 (IST) 12 Jan 2023
നിയന്ത്രണരേഖയില്‍ സ്ഥിതി സുസ്ഥിരമെങ്കിലും പ്രവചനാതീതം: കരസേനാ മേധാവി

ചൈനയുമായുള്ള യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ സ്ഥിതി സുസ്ഥിരമെങ്കിലും പ്രവചനാതീതമാണെന്നു കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ. അതിര്‍ത്തിയില്‍ ഇന്ത്യ അടിസ്ഥാന സൗകര്യ വികസനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് ആകസ്മിക സാഹചര്യവും നേരിടാന്‍ ആവശ്യമായ സൈനികരെയും ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കരസേനാ ദിനത്തിനു മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജനറല്‍ മനോജ് പാണ്ഡെ പറഞ്ഞു. നിയന്ത്രണരേഖയുമായി ബന്ധപ്പെട്ട ഏഴു പ്രശ്‌നങ്ങളില്‍ അഞ്ചെണ്ണം പരിഹരിക്കാനും സൈനിക, നയതന്ത്ര തലങ്ങളില്‍ ചര്‍ച്ചകള്‍ തുടരാനും ഇരു രാജ്യങ്ങള്‍ക്കും കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ജനുവരി 15നാണു കരസേനാ ദിനം.

16:46 (IST) 12 Jan 2023
ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്ത് ഇന്ത്യ; 216 റണ്‍സ് വിജയലക്ഷ്യം

ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 216 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം നേടിയ കുല്‍ദീപ് യാദവും മുഹമ്മദ് സിറാജുമാണ് ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്.

സന്ദര്‍ശകര്‍ക്കായി നുവനിദു ഫെര്‍ണാണ്ടൊ അര്‍ദ്ധ സെഞ്ചുറി (50) നേടി. കുശാല്‍ മെന്‍ഡിസ് (34), ദുനിത് വെല്ലലഗെ (32), വനിന്ദു ഹസരങ്ക (21), അവഷ്ക ഫെര്‍ണാണ്ടൊ എന്നിവരാണ് മറ്റ് പ്രധാന സ്കോറര്‍മാര്‍. ഇന്ത്യക്കായി കുല്‍ദീപിനും സിറാജിനും പുറമെ ഉമ്രാന്‍ മാലിക് രണ്ടും അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റും നേടി.

16:09 (IST) 12 Jan 2023
ബെംഗളൂരു മെട്രോ പില്ലർ തകര്‍ന്ന സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

നിർമാണത്തിലിരിക്കുന്ന ബെംഗളൂരു മെട്രോ പില്ലർ തകർന്ന് അമ്മയും മകനും മരിച്ച സംഭവത്തിൽ ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിലെ (ബിഎംആർസിഎൽ) മൂന്ന് ഉദ്യോഗസ്ഥരെ ബുധനാഴ്ച സസ്പെൻഡ് ചെയ്തു. ബിഎംആർസിഎൽ അതിന്റെ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ, എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, സൈറ്റ് എഞ്ചിനീയർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. വിഷയത്തിൽ സ്വതന്ത്ര അന്വേഷണം നടത്താൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനെ (ഐഐഎസ്‌സി) ചുമതലപ്പെടുത്തുകയും ചെയ്തു.

15:30 (IST) 12 Jan 2023
കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാറ്ററിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ ഉപയോഗിക്കാന്‍ തീരുമാനമെടുത്തു. പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് പാടില്ലെന്നും തീരുമാനിച്ചു. ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിംഗ് എന്നീ മേഖലകളിലെ സംഘടനാ പ്രതിനിധികളുമായുള്ള യോഗത്തില്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നതായും മന്ത്രി വ്യക്തമാക്കി. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.

14:24 (IST) 12 Jan 2023
ആരെയും പറ്റിച്ചിട്ടില്ല, എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്ന് പ്രവീൺ റാണ

ആരെയും പറ്റിച്ചിട്ടില്ലെന്നും എല്ലാ നിക്ഷേപകര്‍ക്കും പണം നല്‍കുമെന്നും സേഫ് ആന്‍റ് സ്ട്രോംഗ് തട്ടിപ്പുകേസിലെ പ്രതി പ്രവീണ്‍ റാണ. ബിസിനസ് മാത്രമാണ് താന്‍ ചെയ്തത്. താന്‍ ആരെയും പറ്റിച്ചിട്ടില്ലെന്നും പിടിയിലായതിന് പിന്നാലെ പ്രവീണ്‍ റാണ പറഞ്ഞു

13:03 (IST) 12 Jan 2023
ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ലെന്ന് തരൂർ

ഒരു സമുദായ നേതാവിനെയും അപ്പോയിന്‍റ്‍മെന്‍റ് എടുത്ത് കണ്ടതല്ലെന്ന് ശശി തരൂര്‍ എംപി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു.

11:48 (IST) 12 Jan 2023
കരിപ്പൂരില്‍ വന്‍സ്വര്‍ണ വേട്ട; 2.55 കോടിയുടെ സ്വര്‍ണം പിടികൂടി

കരിപ്പൂരില്‍ കാര്‍ഗോ വഴി കടത്തിയ 2.55 കോടിയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. കുക്കറിലും ജൂസ് മേക്കറിലും ഫാനിലും ഒളിപ്പിച്ചായിരുന്നു കടത്ത്.

10:34 (IST) 12 Jan 2023
വഴിയിൽ വീണുകിട്ടിയ മദ്യം കഴിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരിച്ചു

വഴിയിൽ വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ്  എന്നിവർ ചേർന്ന് കുടിച്ചത്.

10:33 (IST) 12 Jan 2023
കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ, മലമ്പുഴ ഡാം പരിസരത്ത് ജാഗ്രത

കുട്ടികൾ ഉൾപ്പെടെ ഇരുപതിലധികം വരുന്ന ആനക്കൂട്ടം മലമ്പുഴ ചുരപ്പാറയിലും പരിസരത്തും നിലയുറപ്പിച്ചു. ജാഗ്രത പാലിക്കണമെന്നാണ് വനം വകുപ്പ് മുന്നറിയിപ്പ് നൽകി.

09:35 (IST) 12 Jan 2023
ദേവരായപുരത്ത് പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ

കോയമ്പത്തൂർ: പൊള്ളാച്ചി-കോയമ്പത്തൂർ റൂട്ടിൽ കിണത്തുക്കടവിന് സമീപമുള്ള കുഗ്രാമമായ ദേവരായപുരത്ത് സേഫ് ആൻഡ് സ്ട്രോങ്‌ തട്ടിപ്പുകേസിലെ പ്രതി പ്രവീൺ റാണ ഒളിവിൽ കഴിഞ്ഞത് സന്യാസി വേഷത്തിൽ. കേരള അതിർത്തിയായ വേലന്താവളത്തുനിന്ന് 15 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. Read More

09:34 (IST) 12 Jan 2023
ശബരിമലയിൽ ഏലക്കയില്ലാത്ത അരവണ വിതരണം തുടങ്ങി

ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു. പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്തു തുടങ്ങിയത്. കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയിൽ കണ്ടെത്തിയതോടെ ഇന്നലെ അരവണ വിതരണം നിർത്തിവച്ചിരുന്നു.

Web Title: Top news live updates january 12

Best of Express