scorecardresearch
Latest News

Top News Highlights: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും

ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക

Top News Highlights: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും
ഫയൽ ചിത്രം

Top News Highlights: സംസ്ഥാനത്തെ റേഷന്‍ കടകള്‍ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെ റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷമാകും വിതരണം വിപുലപ്പെടുത്തണോ എന്നതില്‍ തീരുമാനമുണ്ടാകുക.

ലെയിന്‍ ട്രാഫിക് ലംഘിച്ചാല്‍ ഇന്ന് മുതല്‍ പിഴ

ലെയിന്‍ ട്രാഫിക് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ്. ഇന്ന് മുതല്‍ ആയിരം രൂപ വച്ച് പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു. മനോരമ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലെയിന്‍ ട്രാഫിക് ലംഘനം മൂലം നിരവധി അപകടം സംഭവിക്കുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Live Updates
21:34 (IST) 11 Jan 2023
പച്ചമുട്ട മയോണൈസ് ഇനി കിട്ടില്ല; പകരം വെജിറ്റബിള്‍

സംസ്ഥാനത്ത് മന്തിയും അല്‍ഫാമും ഷവർമയും ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ക്കൊപ്പം ഇനി പച്ചമുട്ട മയോണൈസ് ഇനി ലഭിക്കില്ല. പകരം വെജിറ്റബിള്‍ മയോണൈസോ പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ചുകൊണ്ടുള്ള മയോണൈസോ നല്‍കാന്‍ തീരുമാനം.

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോര കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് കൂടുതല്‍ നേരം വച്ചിരുന്നാല്‍ അപകടകരമാകുന്നതിനാലാണ് ഒഴിവാക്കാനുള്ള തീരുമാനം കൈക്കൊണ്ടത്.Readmore

20:25 (IST) 11 Jan 2023
സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ പിടിയില്‍

സേഫ് ആന്‍ഡ് സ്‌ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീണ്‍ റാണ കോയമ്പത്തൂരില്‍ പിടിയില്‍. തട്ടിപ്പ് കേസില്‍ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാള്‍ സംസ്ഥാനം വിട്ടത്. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ നിരധി പരാതികള്‍ ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ സുഹൃത്തുക്കളുള്ള സംസ്ഥാനങ്ങളില്‍ പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു.

19:29 (IST) 11 Jan 2023
ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളില്‍ സഹകരണം; തുര്‍ക്കി അംബാസിഡറുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി

തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈല്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ടൂറിസം, ആരോഗ്യം, സാംസ്‌കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തു. ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ് നടത്തുക. കേരളത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

18:23 (IST) 11 Jan 2023
എഫ്എഎ സംവിധാനത്തില്‍ തകരാര്‍; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ നിലച്ചു

അമേരിക്കയില്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്റെ(എഫ്എഎ) കമ്പ്യൂട്ടര്‍ സംവിധാനത്തിലുണ്ടായ തകരാറിലായതിനെ തുടര്‍ന്ന് വിമാന സര്‍വീസുകള്‍ നിലച്ചു. പൈലറ്റുമാര്‍ക്കും മറ്റുള്ളവര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന് ഉപയോഗിച്ചിരുന്ന സംവിധാനമാണ് തകരാറിലായത്. വിമാനങ്ങളിലേക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ സാധിക്കുന്നില്ലെന്ന് സിവില്‍ ഏവിയേഷന്‍ റെഗലേറ്റര്‍ വെബ്സൈറ്റില്‍ വ്യക്തമാക്കി.

വിമാന ദൗത്യങ്ങള്‍ക്കുള്ള അറിയിപ്പ് സംവിധാനം തകരാറിലായതായും തകരാറുകള്‍ എപ്പോള്‍ പരിഹരിക്കാനാകുമെന്ന് പറയാനാകില്ലെന്നും എഫ്എഎ പറഞ്ഞു. അതേസമയം പ്രവര്‍ത്തന രഹിതമാകുന്നതിന് മുമ്പുള്ള നല്‍കിയ സന്ദേശങ്ങള്‍ കാണാന്‍ കഴിയുമെന്നും അധികൃതര്‍ പറഞ്ഞു.തകരാറിനെ തുടര്‍ന്ന് ബുധനാഴ്ച 6.30 am ET വരെ 760-ലധികം വിമാന സര്‍വീസുകള്‍ അമേരിക്കയ്ക്ക് അകത്തും പുറത്തുമായി വൈകിയതായി ഫ്‌ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്‌ലൈറ്റ്അവെയര്‍ പറയുന്നു. Readmore

16:14 (IST) 11 Jan 2023
വധശ്രമക്കേസ്: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് 10 വര്‍ഷം തടവ്

വധശ്രമക്കേസസില്‍ ലക്ഷദ്വീപ് എംപി പി പി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ നാലു പേര്‍ക്കു 10 വര്‍ഷം തടവ് ശിക്ഷ. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

2009ലെ തിരഞ്ഞെടുപ്പിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പടനാഥ് സാലിഹിനെ ആക്രമിച്ച് ഗുരുതരമായി പരുക്കേല്‍പ്പിച്ചുവെന്നാണു മുഹമ്മദ് ഫൈസല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ചുമത്തിയ കുറ്റം.Readmore

15:39 (IST) 11 Jan 2023
കെ സുരേന്ദ്രന്‍ ഒന്നാം പ്രതി; മഞ്ചേശ്വരം കോഴക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ ഒന്നാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. കാസര്‍കോട് ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെ അഞ്ച് പ്രതികളാണുള്ളത്. സുരേന്ദ്രനെതിരേ ജാമ്യമില്ലാ വകുപ്പടക്കം ഉള്‍പ്പെടുത്തിയിരുന്നു.Readmore

14:02 (IST) 11 Jan 2023
അരവണയിലെ ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം

ശബരിമലയിലെ അരവണ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഏലയ്ക്കായില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തി. കേന്ദ്ര ലാബിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യ വ്യക്തമായത്. റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരമായിരുന്നു പരിശോധന. ഏലയ്ക്ക ഭക്ഷ്യയോഗ്യമല്ലെന്നും ലാബിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 95 കീടനാശിനികളുടെ സാന്നിധ്യം പരിശോധിച്ചു 14 കീടനാശിനികളുടെ സാന്നിധ്യം അനുവദനീയമായ അളവിലും കൂടുതലാണ്.

13:13 (IST) 11 Jan 2023
തരൂരിന് കെ മുരളീധരന്റെ പിന്തുണ; പാര്‍ട്ടി രീതികള്‍ പാലിക്കണമെന്ന മുന്നറിയിപ്പുമായി താരിഖ് അന്‍വര്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് ശശി തരൂര്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംപിമാരുടെ പ്രതികരണങ്ങളില്‍ മുന്നറിയിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. പാര്‍ട്ടി രീതികള്‍ പാലിക്കാന്‍ എല്ലാവരും തയാറാകണമെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി.

“മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഹൈക്കമാന്‍ഡാണ് എടുക്കേണ്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്ക് നടപടി ക്രമങ്ങളുണ്ട്. ശശി തരൂര്‍ അദ്ദേഹത്തിന്റെ നിലപാട് പറയേണ്ടത് ഹൈക്കമാന്‍ഡിനോടാണ്. പദവികള്‍ ആഗ്രഹിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ അതിന് പാര്‍ട്ടി നടപടികള്‍ പാലിക്കണം,” താരിഖ് അന്‍വര്‍ വ്യക്തമാക്കി.

12:28 (IST) 11 Jan 2023
‘തുനിവ്’ ആഘോഷത്തിനിടെ അപകടം; അജിത്ത് ആരാധകൻ മരിച്ചു

അജിത്ത് ചിത്രം തുനിവിന്റെ റിലീസിനോടനുബന്ധിച്ച് ആഘോഷങ്ങൾ തമിഴ്‌നാട്ടിൽ ഗംഭീരമാവുകയാണ്. ആഘോഷത്തിനിടയിൽ അജിത്ത് ആരാധകൻ മരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. നൃത്തം ചെയ്യുന്നതിനടിയിൽ ലോറിയിൽ നിന്ന് വീണാണ് മരണം സംഭവിച്ചത്. ചെന്നൈയിലെ രോഹിണി തിയേറ്ററിനു സമീപമായിരുന്നു അപകടം. ചിന്താദ്രി സ്വദേശി ഭാരത് കുമാറാണ് മരിച്ചത്.

ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ മുകളിലേക്ക് ചാടി കയറുകയായിരുന്നു ഇയാൾ. ലോറിക്ക് മുകളിൽ നിന്ന് നൃത്തം ചെയ്യുന്നതിനിടയിൽ താഴെ വീഴുകയായിരുന്നു. പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

10:34 (IST) 11 Jan 2023
ലെയിന്‍ ട്രാഫിക് ലംഘിച്ചാല്‍ ഇന്ന് മുതല്‍ പിഴ

ലെയിന്‍ ട്രാഫിക് ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ ഗതാഗത വകുപ്പ്. ഇന്ന് മുതല്‍ ആയിരം രൂപ വച്ച് പിഴ ചുമത്തുമെന്ന് ഗതാഗത കമ്മിഷണര്‍ എസ് ശ്രീജിത്ത് അറിയിച്ചു. മനോരമ ന്യൂസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ലെയിന്‍ ട്രാഫിക് ലംഘനം മൂലം നിരവധി അപകടം സംഭവിക്കുന്ന സാഹചര്യത്തിലാണ് നടപടി. നേരത്തെ ഗതാഗത മന്ത്രി ആന്റണി രാജുവും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

Web Title: Top news live updates january 11