scorecardresearch

Top News Highlights: യുവ സംവിധായികയുടെ മരണത്തില്‍ പുനരന്വേഷണം വേണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Top News Highlights: യുവ സംവിധായികയുടെ മരണത്തില്‍ പുനരന്വേഷണം വേണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

Top News Highlights: യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

2019 ഫെബ്രുവരി 24നാണ് യുവ സംവിധായിക നയന സൂര്യയെ തിരുവനന്തപുരം ആല്‍ത്തറയിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് മ്യൂസിയം പോലീസ് കേസെടുത്തെങ്കിലും പിന്നീട് കാര്യമായ അന്വേഷണം നടന്നില്ലെന്നുന്നും വി ഡി സതഐശന്‍ കത്തില്‍ ആരോപിച്ചു. നയനയുടെ മരണം കൊലപാതകമാകാമെന്ന സംശയം ബലപ്പെടുത്തുന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനകള്‍ ഇപ്പോള്‍ പുറത്ത് വിട്ടിട്ടുണ്ട്. അടിവയറ്റില്‍ ക്ഷതമേറ്റിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വയം പീഡിപ്പിച്ചും ശ്വാസം മുട്ടിച്ചും ആനന്ദം കണ്ടെത്തുകയും അതിലൂടെ മരണം സംഭവിക്കുകയും ചെയ്യുന്ന അസ്ഫിക്സിയോഫീലിയ യാണ് മരണകാരണമെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടിലെ കണ്ടെത്തലെന്ന് പ്രതിപക്ഷ നേതാവ് കത്തില്‍ ചൂണ്ടികാട്ടി.

ഭക്ഷ്യവിഷബാധ: കോട്ടയം നഗരസഭ ഹെല്‍ത്ത് സൂപ്രവൈസര്‍ക്ക് സസ്പെന്‍ഷന്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന യുവതി മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. മുന്‍പും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ പ്രവര്‍ത്തനാനുമതി നല്‍കിയതിന് നഗരസഭ ഹെല്‍ത്ത് സൂപ്രവൈസറിനെ സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ച രശ്മി രാജ് എന്ന യുവതി മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഓര്‍ത്തൊ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സായിരുന്നു രശ്മി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രശ്മിയുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ ഇന്നലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

Live Updates
21:38 (IST) 4 Jan 2023
സഞ്ജു സാംസണ്‍ ശ്രീലങ്കയ്ക്കെതിരേ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ഇറങ്ങില്ല

സഞ്ജു സാംസണ്‍ ശ്രീലങ്കയ്ക്കെതിരേ വ്യാഴാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ട്വന്റി 20 മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. മുംബൈയില്‍ ചൊവ്വാഴ്ച നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം. ആദ്യ മത്സരത്തിനു പിന്നാലെ സ്‌കാനിങ്ങിന് വിധേയനായ സഞ്ജു ഇതിന്റെ ഫലം ലഭിക്കാന്‍ മുംബൈയില്‍ തന്നെ തുടരുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

20:27 (IST) 4 Jan 2023
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു; 48 സ്ഥാപനങ്ങള്‍ കൂടി പൂട്ടി

കോട്ടയത്ത് ഭക്ഷ്യവിഷബാധ മൂലം യുവതി മരിച്ചതിനുപിന്നാലെ സംസ്ഥാനത്തുടനീളം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന തുടരുന്നു. ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളും ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്കു നോട്ടിസ് നല്‍കി. ശക്തമായ പരിശോധന തുടരും.

19:00 (IST) 4 Jan 2023
യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയിച്ച് പൊലീസ്

റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയിച്ച് പൊലീസ്.

ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. കൊറ്റങ്കര സ്വദേശിയായ 32-കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്നമായ നിലയിലായിരുന്നു മൃതദേഹം.

സൗന്ദര്യവര്‍ധക വസ്തുക്കള്‍ വീടുകളില് വില്‍പ്പന നടത്തുകയായിരുന്ന യുവതിയെ കഴിഞ്ഞ മാസം 29 മുതല്‍ കാണാതാവുകയായിരുന്നു. പിന്നാലെ കുടുംബം കുണ്ടറ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. കൊല്ലം ബീച്ചില്‍ ഇവര്‍ എത്തിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നുവെങ്കിലും മറ്റ് തുമ്പുകളൊന്നും ലഭിക്കാതിരുന്നതോടെ അന്വേഷണം വഴിമുട്ടിയ നിലയിലായിരുന്നു.

16:39 (IST) 4 Jan 2023
യുവ സംവിധായികയുടെ മരണത്തില്‍ പുനരന്വേഷണം വേണം; പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

യുവ സംവിധായിക നയന സൂര്യയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മരണത്തിലെ ദുരൂഹത നീക്കണമെന്നും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതി ഗൗരവമായി പരിഗണിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

15:48 (IST) 4 Jan 2023
ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില

ഡല്‍ഹിയില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില. രാജ്യതലസ്ഥാനത്ത് ഇന്നു രാവിലെ 4.4 ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഡല്‍ഹി സഫ്ദര്‍ ജംഗ് മേഖലയില്‍ ഇന്നലെ 8.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. താപനില ആറു ഡിഗ്രി മുതല്‍ നാലു ഡിഗ്രിയില്‍ താഴെ വരെ ആയേക്കാമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ഡല്‍ഹിയില്‍ രണ്ടു മൂന്നു ദിവസം കൂടി അതിശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്.

14:08 (IST) 4 Jan 2023
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി ഉയര്‍ത്തണം, പ്രധാനമന്ത്രിക്ക് നിവേദനവുമായി സര്‍ക്കാര്‍

പ്രധാന കേന്ദ്ര-സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഭരണഘടനാ വ്യവസ്ഥകളില്‍ നിന്നുള്ള വ്യതിയാനങ്ങളും സുപ്രധാന കേന്ദ്ര സംസ്ഥാന സാമ്പത്തിക പ്രശ്നങ്ങള്‍ സംബന്ധിച്ചുമാണ് നിവേദനം നല്‍കുക. സംസ്ഥാന സര്‍ക്കാരിന്‍റെ കടമെടുപ്പ് പരിധി 2017 ന് മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും. ഇതുള്‍പ്പെടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് നിരക്കാത്തതും സംസ്ഥാനം അഭിമുഖീകരിക്കുന്നതുമായ പ്രധാന പ്രശ്നങ്ങള്‍ നിവേദനമായി പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തും. സംസ്ഥാനത്തിന്‍റെ തനി കടമെടുപ്പ് പരിധി കണക്കാക്കുമ്പോള്‍ പൊതു കണക്കിനത്തില്‍ നീക്കിയിരിപ്പായി വരുന്ന തുകയെ സംസ്ഥാനത്തിന്‍റെ പൊതുകടത്തിലുള്‍പ്പെടുത്താന്‍ 2017ല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഭരണഘടനയുടെ അനുച്ഛേദം 293(3)നെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഇത്.

അതനുസരിച്ച് സംസ്ഥാന പൊതുമേഖലാ കമ്പനികള്‍-കോര്‍പ്പറേഷനുകള്‍, പ്രത്യക ഉദ്ദേശ സ്ഥാപനങ്ങള്‍ എന്നിവ സംസ്ഥാന ബജറ്റ് വഴിയോ അവര്‍ക്കായി നിശ്ചയിച്ചു നല്‍കിയ സംസ്ഥാനത്തിന്‍റെ നികുതി/സെസ്/ ഏതെങ്കിലും തരത്തിലുള്ള സംസ്ഥാന വരുമാനം എന്നിവ വഴിയോ തിരിച്ചടയ്ക്കുന്ന വായ്പകള്‍, അനുച്ഛേദം 293(3) പ്രകാരം കടമെടുപ്പിനുള്ള സമ്മതപത്രം പുറപ്പെടുവിക്കുമ്പോള്‍ സംസ്ഥാനം എടുത്ത കടമായി കണക്കാക്കണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ ഗ്യാരണ്ടികളുടെ പിന്‍ബലത്തില്‍ എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നേരിട്ടുള്ള ബാധ്യതകളല്ല. അവയെ സംസ്ഥാനത്തിന്‍റെ ആകസ്മിക ബാധ്യതയായി മാത്രമേ കണക്കാക്കാനാകൂ. സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ചില പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളായ കിഫ്ബി, കെ.എസ്.എസ്പി. എല്‍ മുതലായവ എടുക്കുന്ന എല്ലാ കടമെടുപ്പുകളും സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടത്തിലാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, സമാന സ്ഥാപനങ്ങള്‍ എന്നിവ എടുക്കുന്ന വായ്പകള്‍ക്ക് ഇത് ബാധകമാക്കിയതും ഇല്ല. ഫെഡറല്‍ തത്വങ്ങളുടെ ലംഘനമായ ഈ നടപടി സംസ്ഥാനത്തിന്‍റെ വികസനത്തിന് തടസ്സമാണ്.

ഈ സാഹചര്യത്തിലാണ് പൊതുകണക്കിനത്തിലെ എല്ലാ നീക്കിയിരിപ്പുകളും സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പകളും സംസ്ഥാന സര്‍ക്കാരിന്‍റെ തനി കടമെടുപ്പ് പരിധി നിശ്ചയിക്കുന്നതില്‍ ഉള്‍പ്പെടുത്തുന്ന തീരുമാനം പുനഃപരിശോധിച്ച് 2017ന് മുമ്പ് നില നിന്നിരുന്ന സ്ഥിതി പുനഃസ്ഥാപിക്കണന്ന് കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നത്.

13:12 (IST) 4 Jan 2023
സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് ‘വിദ്യ വാഹന്‍’ മൊബൈല്‍ ആപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്കൂള്‍ ബസുകള്‍ ട്രാക്ക് ചെയ്യുന്നതിന് രക്ഷിതാക്കള്‍ക്കായി വിദ്യ വാഹന്‍ മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് കേരള മോട്ടോര്‍ വാഹന വകുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ആപ്ലിക്കേഷന്‍ സ്വിച്ച് ഓണ്‍ ചെയ്തത്.

മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് രക്ഷിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ സ്കൂള്‍ ബസ് ട്രാക്ക് ചെയ്യാം. സ്കൂള്‍ ബസിന്‍റെ തത്സമയ ലൊക്കേഷന്‍, വേഗത, മറ്റ് അലേര്‍ട്ടുകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് വിദ്യ വാഹന്‍ ആപ്പ് വഴി ലഭ്യമാകും. അടിയന്തിര സാഹചര്യങ്ങളില്‍ രക്ഷിതാക്കള്‍ക്ക് ആപ്പില്‍ നിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം.

കെഎംവിഡിയുടെ നിലവിലുള്ള സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്പ്. പൂര്‍ണ്ണമായും സൗജന്യമായാണ് ഇത് നല്‍കുന്നത്. ആപ്പ് ഉപയോഗിക്കാന്‍ മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് രക്ഷിതാക്കള്‍ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെടണം. സംശയനിവാരണത്തിന് 18005997099 ടോള്‍ ഫ്രീ നമ്പര്‍ പ്രയോജനപ്പെടുത്താവുന്നതാണ്.

12:17 (IST) 4 Jan 2023
എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച് യാത്രക്കാരന്‍; റിപ്പോര്‍ട്ട് തേടി ഡിജിസിഎ

വിമാനത്തില്‍ സഹയാത്രികയുടെ മേല്‍ യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയോട് റിപ്പോര്‍ട്ട് തേടി ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ. ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ചായിരുന്നു സംഭവം.

സംഭവത്തെ നിസാരവത്കരിക്കുകയും അശ്രദ്ധ കാണിച്ചവര്‍ക്കുമെതിരെ നടപടിയുണ്ടാകുമെന്നും ഡിജിസിഎ അറിയിച്ചു. വിഷയം പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുന്നതിനായി എയര്‍ ഇന്ത്യ അഭ്യന്തര കമ്മിറ്റിയെ നിയോഗിച്ചു.

11:22 (IST) 4 Jan 2023
ഗവര്‍ണര്‍-സര്‍ക്കാര്‍ പോരിന് താത്കാലിക ശമനം; നയ പ്രഖ്യാപനത്തിന് ക്ഷണിക്കാന്‍ തീരുമാനം

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് താത്കലിക ശമനസാധ്യത. നിയമസഭ സമ്മേളനം പിരിയുന്നതായി ഗവര്‍ണറെ അറിയിക്കും. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള നയപ്രഖ്യാപനത്തിന് ഗവര്‍ണറെ ക്ഷണിക്കാനും സര്‍ക്കാര്‍ തയാറാകുന്നതായാണ് ലഭിക്കുന്ന വിവരം.

ബജറ്റ് സമ്മേളന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നാളെ ചേരുന്ന മന്ത്രിസഭായോഗത്തിലായിരിക്കും തീരുമാനം. ഈ മാസം തന്നെ സഭ ചേരാനാണ് സാധ്യത. സജി ചെറിയാന്റെ മന്ത്രിസഭാ പുനപ്രവേശനത്തിന് ഗവര്‍ണര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഏറെ അനിശ്ചിതത്വത്തിന് ഒടുവിലായിരുന്നു ഗവര്‍ണറുടെ അനുമതി.

10:13 (IST) 4 Jan 2023
ഭക്ഷ്യവിഷബാധ: കോട്ടയം നഗരസഭ ഹെല്‍ത്ത് സൂപ്രവൈസര്‍ക്ക് സസ്പെന്‍ഷന്‍

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന യുവതി മരിച്ച സംഭവത്തില്‍ നടപടിയുമായി കോട്ടയം നഗരസഭ. മുന്‍പും ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഹോട്ടലിന് മതിയായ പരിശോധനകള്‍ നടത്താതെ പ്രവര്‍ത്തനാനുമതി നല്‍കിയതിന് നഗരസഭ ഹെല്‍ത്ത് സൂപ്രവൈസറിനെ സസ്പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംക്രാന്തിയിലെ ഹോട്ടലില്‍ നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ച രശ്മി രാജ് എന്ന യുവതി മരണപ്പെട്ടത്. കോട്ടയം മെഡിക്കല്‍ കോളജിലെ ഓര്‍ത്തൊ വിഭാഗത്തില്‍ ജോലി ചെയ്യുന്ന നഴ്സായിരുന്നു രശ്മി. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. രശ്മിയുടെ മരണത്തിനിടയാക്കിയ ഹോട്ടല്‍ ഇന്നലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തിരുന്നു.

Web Title: Top news live updates january 04

Best of Express