scorecardresearch
Latest News

Top News Highlights: താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി; വിശദീകരണം തേടി ജില്ലാ കളക്ടര്‍, റിപ്പോര്‍ട്ട് നാളെ

സംഭവത്തില്‍ കളക്ടര്‍ നാളെ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.

Kerala Strike, Harthal, General strike ie malayalam

Top News Highlights:പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ തഹസില്‍ദാരിനോടും ഡെപ്യൂട്ടി തഹസില്‍ദാരുമാരോടും ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ഉദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തില്‍ കളക്ടര്‍ നാളെ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.

വെള്ളിയാഴ്ചയാണ് കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് മൂന്നാറില്‍ ഉല്ലാസയാത്ര നടത്തിയത്. ആകെയുള്ള 63 പേരില്‍ 21 ജീവനക്കാര്‍ മാത്രമാണ് അന്ന് ഓഫീസില്‍ എത്തിയത്. 20 പേര്‍ അവധി അപേക്ഷ പോലും നല്‍കാതെയാണ് യാത്ര പോയതെന്നാണ് പുറത്തുവന്ന ആരോപണം. അനധികൃതമായി അവധി എടുത്തവരും ഇത്രയധികം ജീവനക്കാര്‍ക്ക് ഒന്നിച്ച് അവധി നല്‍കിയ തഹസില്‍ദാരും നടപടി നേരിടേണ്ടി വരുമെന്നാണ് സൂചന.

കൂട്ട അവധി വിവാദമായതോടെ ഇത് സംബന്ധിച്ച് സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തില്‍ വിശദാംശങ്ങള്‍ തേടിയതായും പരിശോധിച്ചശേഷം തുടര്‍നടപടി ഉണ്ടാകുമെന്നുാണ് പുറത്തു വരുന്ന വിവരം. സംഭവത്തില്‍ മന്ത്രി കെ. രാജന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.

Live Updates
20:34 (IST) 14 Feb 2023
ഹൈക്കോടതി ജഡ്ജിയെ അധിക്ഷേപിച്ചു, കെ എം ഷാജഹാനെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

കോഴ ആരോപണവുമായി ബന്ധപെട്ടു ഹൈക്കോടതി ജഡ്ജിയെ യുടൂബ് ചാനൽ വഴി അധിക്ഷേപിച്ച കെ എം ഷാജഹാനെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനൽ കോടതിയലക്ഷ്യ കേസ് ഏടുത്തൂ. അഡ്വ. സൈബി ജോസിനെതിരായ കൈക്കൂലി ആരോപണ കേസുമായി ബന്ധപ്പെട്ടായിരുന്നു പ്രതിപക്ഷം എന്ന യു ട്യൂബ് ചാനലിലൂടെ അധിക്ഷേപം. കേസിൽ കെ എം ഷാജഹാന് നോട്ടീസ് അയക്കാൻ ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രനും പി ജി അജിത്കുമാറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

19:52 (IST) 14 Feb 2023
ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന് മുഖ്യമന്ത്രി

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിലെ ആദായ നികുതി വകുപ്പ് നടപടികളുടെ ഉദ്ദേശ്യശുദ്ധി സംശയകരമാണെന്ന് മുഖ്യമന്ത്രി. ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി ഡോക്യുമെന്ററിയിൽ ബിജെപി ഭരണകൂടം പ്രകോപിതരായിരുന്നു. ആ പശ്ചാത്തലത്തിലാണ് ആദായ നികുതി വകുപ്പ് ബിബിസിക്ക് നേരെ തിരിഞ്ഞിരിക്കുന്നത്. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് ഇതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വിമർശനം ഉയർന്നുകഴിഞ്ഞു. ഇത് അന്താരാഷ്ട്ര സമൂഹത്തിനുമുന്നിൽ രാജ്യത്തിന് നാണക്കേടുണ്ടാക്കുന്നതാണ്. മാധ്യമ സ്വാതന്ത്ര്യത്തിനുനേരെയുണ്ടാകുന്ന ഏതൊരു തെറ്റായ നടപടിയും പ്രതിഷേധാർഹമാണ്. ഇതിനെ ജനാധിപത്യ സമൂഹം ആശങ്കയോടെ കാണണം.

19:40 (IST) 14 Feb 2023
ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസി വഴി ലഭ്യമാക്കും

ടൈഫോയ്ഡ് വാക്‌സിന്‍ കാരുണ്യ ഫാര്‍മസികള്‍ വഴി ലഭ്യമാക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുസംബന്ധിച്ച് കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ നടപടിക്രമങ്ങളുടെ ഭാഗമായുള്ള ഹെല്‍ത്ത് കാര്‍ഡ് എടുക്കുന്നവര്‍ക്ക് ടൈഫോയ്ഡ് വാക്‌സിന്‍ 2011ല്‍ തന്നെ നിര്‍ബന്ധമാക്കിയിട്ടുള്ളതാണ്. ടൈഫോയ്ഡ് വാക്‌സിന്‍ എസന്‍ഷ്യല്‍ മരുന്നുകളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തതിനാല്‍ കെ.എം.എസ്.സി.എല്‍. വഴി ലഭ്യമാക്കിയിരുന്നില്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ പരമാവധി വിലകുറച്ച് ടൈഫോയ്ഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് കാരുണ്യ വിഭാഗം വഴി ലഭ്യമാക്കാന്‍ കെ.എം.എസ്.സി.എല്‍.ന് നിര്‍ദേശം നല്‍കിയത്. എത്രയും വേഗം ഇത് ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

18:13 (IST) 14 Feb 2023
എയര്‍ബസില്‍ നിന്ന് 250 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എയർബസിൽ നിന്ന് 40 വൈഡ് ബോഡി വിമാനങ്ങൾ ഉൾപ്പെടെ 250 വിമാനങ്ങൾ വാങ്ങാനൊരുങ്ങുന്നു.

17 വർഷത്തിനിടെ ഇതാദ്യമായാണ് എയർ ഇന്ത്യ വിമാനങ്ങള്‍ക്കായി ഓർഡർ നൽകുന്നത്. ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലായതിന് ശേഷം നൽകുന്ന ആദ്യ ഓർഡർ കൂടിയാണിത്.

https://malayalam.indianexpress.com/news/air-india-to-buy-250-planes-from-airbus-including-40-wide-body-planes-753929/

17:40 (IST) 14 Feb 2023
ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നല്‍കാന്‍ കെഎസ്ആര്‍ടിസി; ശമ്പളം അതനുസരിച്ച്

കെഎസ്ആര്‍ടിസിയില്‍ ഇനിമുതല്‍ വരുമാനത്തിന് അനുസരിച്ച് ശമ്പളം നല്‍കാന്‍ മാനേജ്മെന്റ്. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വരുമാനം വര്‍ധിപ്പിക്കുന്നതിനായി ഡിപ്പൊ തലത്തില്‍ ടാര്‍ഗറ്റ് നിശ്ചയിക്കും. ബസിന്റേയും ജീവനക്കാരുടേയും എണ്ണം അനുസരിച്ചായിരിക്കും ടാര്‍ഗറ്റ് നല്‍കുക.

മാനേജ്മെന്റ് നല്‍കുന്ന ടാര്‍ഗറ്റ് തികയ്ക്കുകയാണെങ്കില്‍ മുഴുവന്‍ ശമ്പളവും എല്ലാം മാസവും അഞ്ചാം തീയതി നല്‍കും. ടാര്‍ഗറ്റ് പകുതി മാത്രമാണ് പൂര്‍ത്തിയാക്കുന്നതെങ്കില്‍ ശമ്പളവും പകുതിയായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ടാര്‍ഗറ്റ് നടപ്പാക്കുന്നതിലൂടെ കെഎസ്ആര്‍ടിസിയുടെ പ്രതിമാസ വരുമാനം 240 കോടിയാക്കുക എന്ന ലക്ഷ്യമാണുള്ളത്.

15:41 (IST) 14 Feb 2023
സാമ്പത്തിക പ്രതിസന്ധി: പാക്കിസ്ഥാനില്‍ ഒരു ലിറ്റര്‍ പാലിന് വില 210 രൂപ; കോഴി കിലോയ്ക്ക് 700

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ പാക്കിസ്ഥാനില്‍ പാല്‍, പെട്രോള്‍ പോലുള്ള അവശ്യ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. അടുത്ത ആഴ്ചയോടെ പെട്രോള്‍ ഒരു ലിറ്ററിന് 20 രൂപ കൂടിയേക്കുമെന്നാണ് ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാല്‍ ഒരു ലിറ്ററിന് 210 പികെആറാണ് (പാക്കിസ്ഥാന്‍ രൂപ) വില. ഇന്ത്യയില്‍ ഇത് 65.42 രൂപയാകും. ബ്രോയിലര്‍ കോഴിക്ക് 480 പികെആറാണ് വില. ഇന്ത്യയില്‍ ഇത് 149.52 രൂപയാണ്. പാക്കിസ്ഥാന്‍ ആസ്ഥാനമായ ഡോണ്‍ എന്ന മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗ്യാസ് വില 112.33 ശതമാനം വരെ ഉയര്‍ന്നേക്കുമെന്നാണ് വിവരം.

14:52 (IST) 14 Feb 2023
ഹെല്‍ത്ത് കാര്‍ഡ് രണ്ടാഴ്ച കൂടി സാവകാശം: മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 28 വരെ സാവകാശം അനുവദിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സ്ഥാപനങ്ങളിലെ 60 ശതമാനത്തോളം ജീവനക്കാര്‍ ഹെല്‍ത്ത് കാര്‍ഡ് എടുത്തു എന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് വിലയിരുത്തുന്നത്. ബാക്കി വരുന്ന 40 ശതമാനം പേര്‍ക്ക് കൂടി ഹെല്‍ത്ത് കാര്‍ഡ് എടുക്കാനുള്ള സാവകാശം പരിഗണിച്ചാണ് ഈ മാസം അവസാനം വരെ അനുവദിക്കുന്നത്.

13:56 (IST) 14 Feb 2023
ബിബിസിയുടെ ഡൽഹി-മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പിന്‍റെ ‘സര്‍വ്വേ’

ബ്രിട്ടീഷ് ബ്രോഡ്‌കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ (ബിബിസി) യുടെ ഡൽഹിയിലെയും മുംബൈയിലെയും ഓഫീസിൽ ആദായനികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സംഘം ‘സര്‍വ്വേ’ നടത്തുന്നു. ഒന്നിലധികം സ്ഥലങ്ങളിൽ ‘സർവേ’കൾ നടക്കുന്നുണ്ടെന്ന് ഐടി ഡിപ്പാർട്ട്‌മെന്റ് വക്താവ് ദി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. നികുതി വെട്ടിപ്പ് അന്വേഷണത്തിന്‍റെ ഭാഗമാണ് ‘സർവ്വേകൾ’ എന്നും, കമ്പനിയുടെ ബിസിനസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ടെന്നും ഐടി ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. Readmore

13:05 (IST) 14 Feb 2023
ആദിവാസി യുവാവിന്റെ തൂങ്ങിമരണം: സ്വമേധയാ കേസെടുത്ത് ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍

വയനാട് സ്വദേശിയായ ആദിവാസി യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദേശീയ പട്ടികവര്‍ഗ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ കമ്മീഷന്‍ ചെയര്‍മാന്‍ ഹര്‍ഷ് ചൗഹാന്‍ ഡിജിപി അനില്‍ കാന്തിനോടും കോഴിക്കോട് ജില്ല കലക്ടറോടും സിറ്റി പൊലീസ് കമ്മീഷണറോടും റിപ്പോര്‍ട്ട് തേടി. മൂന്നു ദിവസത്തിനകം മറുപടി നല്‍കാനാണ് നിര്‍ദേശം. യുവമോര്‍ച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്, എസ്സി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് തുടങ്ങിയവര്‍ വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ചെയര്‍മാന് പരാതി നല്‍കിയിരുന്നു.

12:22 (IST) 14 Feb 2023
രാഹുല്‍ ഗാന്ധി നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചെന്ന് പരാതി

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ മെഡിക്കല്‍ ഉപകരണങ്ങള്‍ മടക്കി അയച്ചെന്ന് പരാതി. വണ്ടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് നല്‍കിയ ഡയാലിസിസ് ഉപകരണങ്ങളാണ് മടക്കിയയച്ചത്. നടപടി ആശുപത്രി മെഡിക്കല്‍ ഓഫീസറുടേതാണെന്നും അന്വേഷിക്കാന്‍ സമിതിയെ നിശ്ചയിച്ചെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

11:50 (IST) 14 Feb 2023
സെബി ജോസഫിനെതിരെയുള്ള കോഴ ആരോപണം: അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി

കോഴ ആരോപണം നേരിടുന്ന അഡ്വ. സെബി ജോസഫ് കിടങ്ങൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് കോടതിയുടെ വാക്കാല്‍ നിര്‍ദേശം. അന്വേഷണത്തില്‍ സഹകരിക്കണമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ എപ്പോള്‍ വേണമെങ്കിലും ഹാജരാകാണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

10:53 (IST) 14 Feb 2023
എടിഎം പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം

എടിഎം പടക്കം പൊട്ടിച്ച് തകര്‍ത്ത് പണം മോഷ്ടിക്കാന്‍ ശ്രമം. മണ്ണാര്‍ക്കാട് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എ.ടി.എം. തകര്‍ത്ത് മോഷ്ടിക്കാനായിരുന്നു ശ്രമം നടത്തിയിരുന്നത്. എന്നാല്‍ അലാറമടിച്ചതിനാല്‍ മോഷണ ശ്രമം പരാജയപ്പെട്ടു. മോഷണ ശ്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

09:36 (IST) 14 Feb 2023
താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധി; വിശദീകരണം തേടി ജില്ലാ കളക്ടര്‍, റിപ്പോര്‍ട്ട് നാളെ

കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയില്‍ തഹസില്‍ദാരിനോടും ഡെപ്യൂട്ടി തഹസില്‍ദാരുമാരോടും ജില്ലാ കളക്ടര്‍ വിശദീകരണം തേടി. ദ്യോഗസ്ഥരെ കളക്ടറേറ്റില്‍ വിളിച്ചുവരുത്തിയാണ് വിശദീകരണം ചോദിച്ചത്. സംഭവത്തില്‍ കളക്ടര്‍ നാളെ വിശദമായ റിപ്പോര്‍ട്ട് ലാന്‍ഡ് റവന്യൂ കമ്മീഷ്ണര്‍ക്ക് കൈമാറും.

Web Title: Top news live updates february 13