Top News Highlights: പാലക്കാട്ട് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. സംഭവത്തിൽ അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. നല്ലേപ്പിള്ളി പാറക്കളം സ്വദേശിനി അനിതയും കുഞ്ഞുമാണു പ്രസവ ശസ്ത്രക്രിയെത്തുടര്‍ന്ന് മരിച്ചത്. തിങ്കളാഴ്ചയാണ് അനിതയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചു. രക്തസ്രാവത്തെത്തുടര്‍ന്ന് അനിതയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുന്‍പ് മരിച്ചു. ചികിത്സാപ്പിഴവാണു മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
കേന്ദ്ര മന്ത്രി വി മുരളീധരന്റെ വീടിനുനേരെ ആക്രമണം
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ തിരുവനന്തപുരം ഉള്ളൂരിലെ വാടക വീടിനു നേരെ ആക്രമണം. മുന്നിലെ ജനൽ ചില്ലുകൾ തകർത്തു. മെഡിക്കൽ കോളജ് പൊലീസ് സ്ഥലത്തെത്തി അന്വഷണം തുടങ്ങി. തലസ്ഥാനത്ത് വരുമ്പോൾ മാത്രമാണ് മന്ത്രി ഈ വീട്ടിൽ താമസിക്കാറുള്ളത്.
പാലക്കാട് കൊല്ലങ്കോട്ടെ യുവാവിന്റെ ആത്മഹത്യ; റമ്മി കളിച്ചുണ്ടായ കടബാധ്യതയെ തുടർന്നെന്ന് ഭാര്യ
പാലക്കാട്: കൊല്ലങ്കോട് യുവാവ് ആത്മഹത്യ ചെയ്തതിനു പിന്നിൽ ഓൺലൈൻ റമ്മി കളിയിലൂടെയുണ്ടായ ലക്ഷങ്ങളുടെ കട ബാധ്യതയെന്ന് ഭാര്യ. തന്റെ 25 പവൻ സ്വർണം ഉൾപ്പെടെ വിറ്റും പണയം വച്ചുമാണ് ഗിരീഷ് റമ്മി കളിച്ചതെന്ന് ഭാര്യ വൈശാഖ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കോവിഡ് കാലത്ത് വീട്ടിൽ ഒറ്റയ്ക്കായപ്പോൾ നേരം പോക്കിനായാണ് ഗിരീഷ് റമ്മി കളിച്ചു തുടങ്ങിയതെന്നും പിന്നീട് അത് സ്ഥിരമായെന്നും അവർ പറഞ്ഞു.
2022 ജൂലൈയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ നേടിയത് അഞ്ച് വിക്കറ്റുകള്‍ (22-8-47-5).
പരുക്കിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജഡേജ.
2022 ജൂലൈയ്ക്ക് ശേഷമുള്ള തിരിച്ചു വരവ് ഗംഭീരമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ ഇന്നിങ്സില്‍ നേടിയത് അഞ്ച് വിക്കറ്റുകള്‍ (22-8-47-5).
പരുക്കിന് ശേഷമുള്ള തിരിച്ചുവരവിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജഡേജ.
ഭൂകമ്പം നാശം വിതച്ച തുർക്കിയിലും സിറിയയിലും രക്ഷാപ്രവർത്തനം തുടരവെ മരണസംഖ്യ 19,000 കവിഞ്ഞു. തുർക്കിയിൽ 16,170 പേരും സിറിയയിൽ മൂവായിരത്തിലേറെ പേരും മരിച്ചു. അതേസമയം, ദുരന്തത്തെ അതിജീവിച്ചവരെ ഇനിയും കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷ രക്ഷാപ്രവർത്തകർക്കു നാലാം ദിവസം കുറഞ്ഞിരിക്കുകയാണ്.
ആളുകള്‍ക്ക് ഒരാഴ്ചയോളം അവശിഷ്ടങ്ങള്‍ക്കിടയില്‍ അതിജീവിക്കാനാകുമെങ്കിലും ഭൂകമ്പത്തിന്റെ ആദ്യ 72 മണിക്കൂര്‍ നിര്‍ണായകമാണെന്നാണു വിദഗ്ധരുടെ അഭിപ്രായം.
സംസ്ഥാനത്ത് രണ്ടു ദിവസങ്ങളിലായി ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 460 സ്ഥാപനങ്ങള്‍ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. അതില്‍ 328 മത്സ്യ പരിശോധനകള്‍ നടത്തി. 110 സാമ്പിളുകള്‍ ഭക്ഷ്യ സുരക്ഷാ മൊബൈല്‍ ലാബില്‍ പരിശോധിച്ചു. വിദഗ്ധ പരിശോധനകള്‍ക്കായി 285 സാമ്പിളുകള്‍ ശേഖരിച്ചു. 63 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. കേടായ 253 കിലോഗ്രാം മത്സ്യം നശിപ്പിച്ചു. എറണാകുളം ജില്ലയില്‍നിന്നു മാത്രം 130 കിലോ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. അഞ്ച് സ്ഥാപനങ്ങള്‍ അടപ്പിച്ചു. പരിശോധനകള്‍ തുടരുമെന്നും മന്ത്രി അറിയിച്ചു.
2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ ഇന്ധന സെസ് രണ്ട് ശതമാനം വര്‍ധിപ്പിച്ചതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ നടപടിക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധത്തേയും മുഖ്യമന്ത്രി വിമര്‍ശിച്ചു. രാജ്യത്ത് ഇന്ധന വില തരാതരം പോലെ കൂട്ടാൻ എണ്ണക്കമ്പനികൾക്ക് അധികാരം നൽകിയവരാണ് പ്രതിഷേധം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
“റിലയൻസിന് വേണ്ടി രണ്ടാം യുപിഎ ഭരണ കാലത്തു മന്ത്രിമാരെ വരെ മാറ്റിയ പാർട്ടിയാണ് കോൺഗ്രസ്. 2015 ലെ ബജറ്റിൽ യുഡിഎഫ് സർക്കാർ ഒരു രൂപ അധിക നികുതി ഏർപ്പെടുത്തി. ഇന്നത്തേതിന്റെ പകുതി വില മാത്രമായിരുന്നു അന്ന് ഇന്ധനത്തിനുണ്ടായിരുന്നത്. സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കി ഇല്ലാതാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്,” മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങള്‍ എത്ര ചെളിവാരിയെറിഞ്ഞാലും താമര വിരിയുമെന്നു രാജ്യസഭയിലെ പ്രതിപക്ഷ ബഹളത്തോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഈ സഭയില്‍ പറയുന്നതു രാജ്യം ശ്രദ്ധാപൂര്‍വം കേള്‍ക്കുന്നു. ചില എം പിമാര്‍ ഈ സഭയ്ക്ക് അപകീര്‍ത്തി വരുത്തുന്നു. നിങ്ങള്‍ ഞങ്ങള്‍ക്കു നേരെ എത്ര ചെളി വാരിയെറുന്നുവോ അത്രയധികം താമര വിരിയുമെന്ന് എല്ലാവരെയും ഓര്‍മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,” അദ്ദേഹം സഭയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സമഗ്രവികസനത്തിന്റെ പേരില്‍ കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി മോദി ആരോപിച്ചു. ”ഇന്ത്യയുടെ സമഗ്രവികസനത്തിനു ശക്തമായ അടിത്തറ സൃഷ്ടിക്കാമായിരുന്നിട്ടു കോണ്‍ഗ്രസ് എല്ലായിടത്തും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതായി 2014 ല്‍ ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍ മനസിലാക്കി,” കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പ്രസ്താവനകള്‍ക്കു മറുപടിയായി അദ്ദേഹം പറഞ്ഞു.
ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റില്‍ ഓസ്ട്രേലിയക്ക് ബാറ്റിങ് തകര്‍ച്ച. ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 177 റണ്‍സിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് സ്വന്താക്കിയ രവിചന്ദ്രന്‍ അശ്വിനുമാണ് ഓസ്ട്രേലിയയുടെ ബാറ്റിങ് നിരയെ തകര്‍ത്തത്.
ചിന്ത ജെറോമിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ചിന്താ ജെറോമിനെ ചൂല് മൂത്രത്തിൽ മുക്കി അടിക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. എന്തു പണിയാണ് അവൾ ചെയ്യുന്നതെന്ന് ചോദിച്ച സുരേന്ദ്രൻ കമ്മീഷൻ അടിക്കൽ മാത്രമാണ് ജോലിയെന്ന് ആരോപിച്ചു.
ഇതിന് മുന്‍പും നിയമസഭയില്‍ സത്യഗ്രഹ സമരങ്ങള്‍ നടന്നിട്ടുണ്ട്. അന്നൊന്നും ഒരു മന്ത്രിയും സമരം ചെയ്യുന്നവരെ അപമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയും ധനമന്ത്രിയും സത്യഗ്രഹികളെ അപമാനിക്കുകയും പ്രതിപക്ഷ സമരത്തെ പുച്ഛിക്കുകയും ചെയ്തു. പാര്‍ട്ടി സെക്രട്ടറിയായിരുന്നപ്പോള്‍ നികുതി അടയ്‌ക്കേണ്ടെന്ന് ആഹ്വാനം ചെയ്ത പിണറായി വിജയന് ഇപ്പോള്‍ നികുതിക്കൊള്ളയ്ക്ക് എതിരായ സമരത്തോട് പുച്ഛമാണെന്ന് വി.ഡി.സതീശൻ പറഞ്ഞു.
ഇന്ധന സെസില്‍ സംസ്ഥാന വ്യാപക പ്രതിഷേധം. കൊച്ചിയിലും കോട്ടയത്തും കോഴിക്കോടും മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
ചെറായിയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു. കുറ്റിപ്പിള്ളിശേരി ശശിയാണ് ഭാര്യ ലളിതയെ വെട്ടികൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ശശിയുടെ മൃതദേഹം ഫോർട്ട് കൊച്ചി തീരത്ത് നിന്ന് കണ്ടെത്തി.
പുത്തൂരിൽ സ്വയം ചിതയൊരുക്കി തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മാറനാട് സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 68 വയസ്സായിരുന്നു. സഹോദരിയുടെ വീട്ടുമുറ്റത്ത് ഒരുക്കിയ ചിതയിൽ തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം കലക്ട്രേറ്റിൽ ബോംബ് വച്ചതായി ഭീഷണിക്കത്തെഴുതിയ കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മതിലിൽ സ്വദേശി ഷാജൻ ക്രിസ്റ്റഫർ, അമ്മ കൊച്ചുത്രേസ്യ എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടിൽനിന്ന് നിരവധി ഭീഷണിക്കത്തുകളും കണ്ടെടുത്തു
കടുവശല്യം രൂക്ഷമായ അമ്പലവയല്‍ അമ്പുകുത്തിയില്‍ കടുവയെ ചത്ത നിലയില്‍ ആദ്യം കണ്ടയാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയാണ് മരിച്ചത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു.