scorecardresearch
Latest News

Top News Highlights: ഇന്ധന സെസ് കെഎസ്ആര്‍ടിസിയുടെ ചെലവ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

ഇന്ധന നികുതിയിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു

Antony Raju, KSRTC

Top News Highlights: 2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെഎസ്ആര്‍ടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ വിഷയം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന നികുതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസിക്ക് അധിക തുടക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് തിരിച്ചടിയാകുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല, ആന്റണി രാജു ഉറപ്പ് നല്‍കി.

Live Updates
21:18 (IST) 7 Feb 2023
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്.സി മത്സരം ആദ്യപകുതി സമനിലയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സ്-ചെന്നൈയിന്‍ എഫ്.സി മത്സരം ആദ്യപകുതി പിന്നിടുമ്പോള്‍ സമനിലയില്‍. ഇരുടീമുകളും ഓരോ ഗോള്‍ വീതം നേടി. മത്സരത്തിന്റെ ആദ്യ മിനുട്ടില്‍ അല്‍ ഖയാത്തിയുടെ ഒരു ഗംഭീര ഗോളില്‍ ആണ് ചെന്നൈയിന്‍ ലീഡ് എടുത്തത്. പിന്നീട് തുടര്‍ച്ചയായ ആക്രമണത്തിലൂടെ 38ആം മിനുട്ടില്‍ കേരളം തിരിച്ചടിച്ചു. പെനാള്‍റ്റി ബോക്‌സിന്റെ എഡ്ജില്‍ വെച്ച് ലൂണ തൊടുത്ത ഷോട്ട് ചെന്നൈയിന്‍ വലയില്‍ പതിച്ചു.

20:07 (IST) 7 Feb 2023
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ചെന്നൈയിന്‍ എഫ്.സി. മുന്നില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരേ ചെന്നൈയിന്‍ എഫ്.സി. മുന്നില്‍. രണ്ടാം മിനിറ്റില്‍ സൂപ്പര്‍താരം അബ്ദെനാസര്‍ എല്‍ ഖയാത്തിയാണ് ചെന്നൈയിന് വേണ്ടി വലകുലുക്കിയത്.

17:46 (IST) 7 Feb 2023
50 മുതല്‍ 550രൂപ വരെ വര്‍ധന; വെള്ളക്കരം വര്‍ധിപ്പിച്ച് ഉത്തരവിറക്കി

പ്രതിഷേധങ്ങള്‍ക്കിടയിലും വെള്ളക്കരം വര്‍ധിപ്പിച്ച് താരീഫ് ഉത്തരവ് പുറത്തിറക്കി. വിവിധ സ്‌ളാബുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ 50 രൂപ മുതല്‍ 550 രൂപ വരെ പ്രതിമാസം കൂടും. ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് മാസം പതിനയ്യായിരം ലീറ്റര്‍ വരെ സൗജന്യം. മിനിമം നിരക്ക് 22 രൂപ അഞ്ച് പൈസ എന്നത് നിലവില്‍ 72 രൂപ അഞ്ച് പൈസയായിട്ടാണ് വര്‍ധിച്ചത്. മിനിമം നിരക്കില്‍ 50 രൂപയുടെ വര്‍ധനവാണ് ഒരു മാസം ഉണ്ടാകുക. ഒരു കുടുംബം പതിനയ്യായിരം മുതല്‍ 20,000 ലിറ്റര്‍ വരെ ഉപയോഗിക്കുന്നുവെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ ശരാശരി കണക്ക്. അത്തരം സ്ലാബില്‍ പെട്ടവര്‍ക്ക് പ്രതിമാസം 153 രൂപയുടെ വര്‍ധനവാണ് ഉണ്ടാകുക. രണ്ടുമാസം കൂടുമ്പോഴാണ് വെള്ളക്കരം അടയ്ക്കേണ്ടത്. അപ്പോള്‍ മിനിമം നിരക്ക് വര്‍ധന നൂറ് രൂപയായി ഉയരും.

16:38 (IST) 7 Feb 2023
ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ: സർക്കാർ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു

ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയില്‍ സര്‍ക്കാര്‍ ഇടപെടല്‍. ചികിത്സയുടെ മേൽനോട്ടത്തിനു സർക്കാർ ആറംഗ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലെ വിദഗ്ധരായ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തിയാണു മെഡിക്കൽ ബോർഡ് രൂപീകരിച്ചത്. Readmore

16:20 (IST) 7 Feb 2023
ഭൂകമ്പം: തുര്‍ക്കിയിലും സിറിയയിലുമായി മരണസംഖ്യ അയ്യായിരം കവിഞ്ഞു

തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 7.8, 7.6, 6 എന്നീ തീവ്രതകളിലായുണ്ടായ മൂന്ന് ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി ആകെ മരണസംഖ്യ 5102 ആയതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

14:53 (IST) 7 Feb 2023
മന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്ങ്

നിയമസഭ ചേരുന്ന പശ്ചാത്തലത്തില്‍ വെള്ളക്കരം കൂട്ടുന്ന തീരുമാനം സഭയ്ക്ക് പുറത്ത് പ്രഖ്യാപിച്ച ജലവിഭവമന്ത്രി റോഷി അഗസ്റ്റിനെതിരെ സ്പീക്കറുടെ റൂളിങ്. ഇത്തരത്തിലുള്ള ഉത്തരവുകള്‍ ആദ്യം പ്രഖ്യാപിക്കേണ്ടത് സഭയിലാണെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ വ്യക്തമാക്കി. ബജറ്റ് ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസിന്റെ എ പി അനില്‍കുമാറാണ് വിഷയം ക്രമപ്രശ്നമായി ഉന്നയിച്ചത്. സഭ സമ്മേളിക്കുന്ന അവസരത്തില്‍ അത്തരത്തിലുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍ പുറത്ത് പ്രഖ്യാപിക്കുന്നത് നിയമക്രമത്തിലുള്ളതാണോയെന്ന് അനില്‍കുമാര്‍ ചോദിച്ചു.

13:43 (IST) 7 Feb 2023
നികുതി, നിരക്ക് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ കരണത്തടിക്കുന്നു: പ്രതിപക്ഷ നേതാവ്

ഓരോ കാലത്തെയും സാമൂഹിക സാഹചര്യങ്ങളില്‍ ജനങ്ങളുടെ അവസ്ഥ പരിഗണിച്ചു വേണം നികുതി, നിരക്ക് വര്‍ധനകള്‍ നടപ്പാക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ്. പ്രളയവും മഹാമാരിയും കഴിഞ്ഞ് സാമ്പത്തികമാന്ദ്യത്തിന് സമാനമായ കാലഘട്ടത്തിലൂടെയാണ് കേരളത്തിലെ ജനങ്ങള്‍ കടന്നു പോകുന്നത്. എല്ലാ വീടുകളിലേക്കും ജപ്തി നോട്ടീസുകള്‍ പ്രവഹിക്കുകയാണ്. സാധാരണക്കാര്‍ കടക്കെണിയിലാണ്. ഇതിനൊപ്പമാണ് രൂക്ഷമായ വിലക്കയറ്റവും.

12:35 (IST) 7 Feb 2023
തുര്‍ക്കി ഭൂകമ്പത്തില്‍ മരണസംഖ്യ 4,000 കവിഞ്ഞു

തുര്‍ക്കിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ ഉയരുന്നു. 7.8, 7.6, 6 എന്നീ തീവ്രതകളിലായുണ്ടായ മൂന്ന് ഭൂചലനങ്ങളില്‍ തുര്‍ക്കിയിലും സിറിയയിലുമായി ആകെ മരണസംഖ്യ 4,000 കടന്നതയി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

തുര്‍ക്കിയില്‍ മാത്രം 2316 പേര്‍ മരിച്ചതായും 13,000 പേര്‍ക്ക് പരുക്കേറ്റതുമായാണ് ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ഇന്നും തുര്‍‍ക്കിയില്‍ ഭൂചലനമുണ്ടായത് ആശങ്ക വര്‍ധിപ്പിക്കുകയാണ്. 5.6 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

11:29 (IST) 7 Feb 2023
ഇന്ധന സെസ് കെഎസ്ആര്‍ടിസിയുടെ ചെലവ് കൂട്ടുമെന്ന് മന്ത്രി ആന്റണി രാജു

2023-24 സാമ്പത്തിക വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച അധിക ഇന്ധന സെസ് കെഎസ്ആര്‍ടിസിയുടെ ചെലവ് കൂട്ടുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഈ വിഷയം ധനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ധന നികുതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. കെഎസ്ആര്‍ടിസിക്ക് അധിക തുടക ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ നിലനില്‍പ്പിന് തിരിച്ചടിയാകുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല, ആന്റണി രാജു ഉറപ്പ് നല്‍കി.

11:28 (IST) 7 Feb 2023
വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; നിയമനത്തിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി

എൽ വിക്ടോറിയ ഗൗരി മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു. വിക്ടോറിയയുടെ നിയമനം സംബന്ധിച്ചുള്ള സുപ്രീം കോടതി കൊളീജിയത്തിന്റെ ശൂപാര്‍ശയ്ക്കെതിരായ ഹര്‍ജി പരിഗണിക്കാന്‍ സുപ്രീം കോടതി തയാറായില്ല.

പിള്ളപ്പാക്കം ബഹുകുടുമ്പി ബാലാജി, കന്ദസാമി കുളന്തൈവേലു രാമകൃഷ്ണൻ, രാമചന്ദ്രൻ കലൈമതി, കെ ഗോവിന്ദരാജൻ തിലകവാടി എന്നിവരുൾപ്പെടെ മറ്റ് നാല് അഭിഭാഷകർക്ക് മദ്രാസ് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ടി രാജ സത്യവാചകം ചൊല്ലിക്കൊടുത്തു.

Web Title: Top news live updates february 07