scorecardresearch
Latest News

Top News Highlights: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം: രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം

Top News Highlights: ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം: രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

Top News Highlights: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വനിത പൊലീസുകാര്‍ക്കെതിരെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് വേണ്ടി പ്രത്യേകം ശുചിമറിയുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശുചിമുറിയില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ സ്റ്റേഷന് പുറത്തെ ശുചിമുറിയിലാണ് എത്തിച്ചത്.

സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച പരിശോധിക്കുമെന്നും റൂറല്‍ എസ്പി പി ഡി ശില്‍പ പറഞ്ഞിരുന്നു. രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഇതേതുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിപരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. 24 മണിക്കൂര്‍ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.

Live Updates
22:01 (IST) 31 Oct 2022
ഇ ഡി കേസില്‍ സിദ്ദിഖ് കാപ്പന് ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി; ജയിലില്‍ തുടരണം

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പനു എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കേസില്‍ ജാമ്യം നിഷേധിച്ച് ലക്‌നൗ കോടതി. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി എം എല്‍ എ) റജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യാപേക്ഷ ലക്‌നൗ സെഷന്‍സ് കോടതി തള്ളിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.

ജാമ്യം തേടി സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഈ മാസം ആദ്യം വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉത്തരവിനായി ജില്ലാ ജഡ്ജി സഞ്ജയ് ശങ്കര്‍ പാണ്ഡെ മാറ്റിവയ്ക്കുകയായിരുന്നു.

20:56 (IST) 31 Oct 2022
ഷാരോണ്‍ വധം: ഗ്രീഷ്മ അറസ്റ്റില്‍; അമ്മയേയും അമ്മാവനേയും പ്രതിചേര്‍ത്തു

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസില്‍ ഗ്രീഷ്മയുടെ അമ്മേയും അമ്മാവനേയും പ്രതി ചേര്‍ത്തു. അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാര്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നേരത്തെ ഗ്രീഷ്മയുടെ അറസ്റ്റ് അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

20:39 (IST) 31 Oct 2022
പ്രഥമ കേരള പുരസ്‌കാരങ്ങൾ: എംടിക്ക് കേരളജ്യോതി, മമ്മൂട്ടിക്ക് കേരളപ്രഭ

വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള വിശിഷ്ട വ്യക്തികൾക്കു കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു.

എഴുത്തുകാരന്‍ എം ടി വാസുദേവൻ നായർക്കാണു കേരള ജ്യോതി പുരസ്‌കാരം. ഓംചേരി എൻ.എൻ. പിള്ള, ടി. മാധവ മേനോൻ, പി ഐ മുഹമ്മദ് കുട്ടി (മമ്മൂട്ടി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും ഡോ. സത്യഭാമാദാസ് ബിജു (ഡോ. ബിജു), ഗോപിനാഥ് മുതുകാട്, കാനായി കുഞ്ഞിരാമൻ, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, എം.പി. പരമേശ്വരൻ, വിജയലക്ഷ്മി മുരളീധരൻ പിള്ള (വൈക്കം വിജയലക്ഷ്മി) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.

19:45 (IST) 31 Oct 2022
കൊച്ചി കോർപ്പറെഷന്‍ സേവനങ്ങളും പരാതികളും എല്ലാം ഇനി മൈ കൊച്ചി ആപ്പിൽ

അഴിമതി രഹിതവും കാര്യക്ഷമവുമായ ഭരണം ലക്ഷ്യമിട്ട് മൈ കൊച്ചി ആപ്പുമായി കൊച്ചി കോർപ്പറേഷന്‍. കേരളപ്പിറവി ദിനവും കോർപ്പറേഷന്‍ ദിനവുമായ നവംബർ ഒന്നിനാണ് പദ്ധതിക്ക് തുടക്കം. നഗരസഭയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും, പരാതി പരിഹാരവും ഇനി മൈ കൊച്ചി എന്ന ആപ്പിലൂടെ ഏകോപിപ്പിക്കുന്നതാണ്‌ പദ്ധതി.

മേയർ അഡ്വ. എം. അനിൽകുമാറിന്‍റെ നിർദേശപ്രകാരം രൂപകല്‍പ്പന ചെയ്ത പദ്ധതി പൈലറ്റ് അടിസ്ഥാനത്തിൽ 61, 62, 65 ഡിവിഷനുകളിലാണ് തുടക്കത്തിൽ നടപ്പാക്കുന്നത്. ഘട്ടം ഘട്ടമായി മറ്റ് ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്ന ഡിവിഷനുകളിൽ മാലിന്യ ശേഖരണത്തിനുള്ള യൂസർ ഫീ നവംബർ ഒന്നു മുതൽ മൈ കൊച്ചി ആപ്പിലൂടെ നൽകാം. വ്യാപാര സ്ഥാപനങ്ങളിലാണ് ഇത് ആദ്യം പ്രാബല്യത്തിലാകുക. ‍ഡിസംബർ 31നകം മുഴുവന്‍ ഡിവിഷനുകളും മൈ കൊച്ചി ആപ്പിന്‍റെ പരിധിയിലാകും.

അടുത്ത ആറ്‌ മാസത്തിനുള്ളിൽ വസ്തു നികുതി, കെട്ടിട നിർമാണാനുമതി, ജനന – മരണ സർട്ടിഫിക്കറ്റുകൾ, വ്യാപാരാവശ്യത്തിനുള്ള ലൈസന്‍സുകള്‍, ഹോട്ടൽ ലൈസന്‍സ് എന്നിവയും ആപ്പ് വഴി ലഭ്യമാകുമെന്ന് നഗരസഭാ സെക്രട്ടറി ബാബു അബ്ദുള്‍ ഖാദർ അറിയിച്ചു

19:32 (IST) 31 Oct 2022
മോര്‍ബി തൂക്കുപാലം ദുരന്തം: കരാര്‍ കമ്പനിക്കെതിരെ കേസ്; ഒന്‍പതു പേര്‍ അറസ്റ്റില്‍

ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്കുപാലം തകര്‍ന്ന് 134 പേര്‍ മരിച്ച സംഭവത്തില്‍ ഒന്‍പതു പേര്‍ അറസ്റ്റില്‍. പാലം അറ്റകുറ്റപ്പണിയും നടത്തിപ്പും ഏറ്റെടുത്ത കമ്പനിയുടെ മാനേജര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതു പേരെ അറസ്റ്റ് ചെയ്തതായി പൊലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തു.

”ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഒന്‍പതു പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒറേവ കമ്പനിയുടെ മാനേജര്‍മാരും ടിക്കറ്റ് ക്ലാര്‍ക്കുമാരും ഉള്‍പ്പെടുന്നു,” എന്ന് രാജ്കോട്ട് റേഞ്ച് ഐ ജി അശോക് യാദവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു.

18:56 (IST) 31 Oct 2022
ചക്രവാതച്ചുഴി: രാത്രി മഴ കനത്തേക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് രാത്രി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

തുലാവർഷത്തിന്റെ ഭാഗമായി ബംഗാൾ ഉൾകടലിനും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ വടക്കൻ ശ്രീലങ്കൻ തീരത്തിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും, ചക്രവാതച്ചുഴിയിൽ നിന്ന് കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ തെക്ക് കിഴക്കൻ അറബികടൽ വരെ നീണ്ടു നിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ.

17:50 (IST) 31 Oct 2022
ആത്മഹത്യക്ക് ശ്രമിച്ച ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരം

പൊലീസ് സ്റ്റേഷനില്‍ ആത്മഹത്യക്ക് ശ്രമിച്ച പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യനില അപകടത്തിലല്ലെങ്കിലും ഗ്രീഷമ നിരീക്ഷണത്തിലാണ്.

രാവിലെയായിരുന്നു നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ഗ്രീഷ്മ ആത്മഹത്യാശ്രമം നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചത്.

17:34 (IST) 31 Oct 2022
ഗ്രീഷ്മയുടെ ആത്മഹത്യ ശ്രമം: രണ്ട് വനിത പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ വനിത പൊലീസുകാര്‍ക്കെതിരെ നടപടി. നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് വേണ്ടി പ്രത്യേകം ശുചിമറിയുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശുചിമുറിയില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ സ്റ്റേഷന് പുറത്തെ ശുചിമുറിയിലാണ് എത്തിച്ചത്.

16:58 (IST) 31 Oct 2022
നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: ദിലീപും ശരത്തും കോടതിയില്‍ ഹാജരായി

നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപും സുഹൃത്ത് ശരത്തും എറണാകുളം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയില്‍ ഹാജരായി. കേസിലെ തുടരന്വേഷണത്തിന്റെ കുറ്റപത്രം ഇരുവരെയും വായിച്ചു കേള്‍പ്പിച്ചു. ഇരുവരും കുറ്റം നിഷേധിച്ചു. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടി.

ക്രൈം ബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്ന ആവശ്യം വെള്ളിയാഴ്ച തള്ളിയ കോടതി ദിലീപിനും ശരത്തിനുമെതിരായ കുറ്റം നിലനില്‍ക്കുമെന്നു വ്യക്തമാക്കിയിരുന്നു. കുറ്റപത്രം വായിച്ചുകേള്‍പ്പിക്കാന്‍ ഇരുവരും 31 നു ഹാജരാവണമെന്നും കോടതി നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്നാണ് ഇരുവരും ഹാജരായത്.

16:33 (IST) 31 Oct 2022
കോഹ്ലിയോട് മാപ്പ് പറഞ്ഞ് ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍; മുറിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ജീവനക്കാരനെ പുറത്താക്കി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലി താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ ക്ഷമ ചോദിച്ച് ക്രൗണ്‍ പെര്‍ത്ത് ഹോട്ടല്‍. കോഹ്ലി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചതോടെയാണ് ഹോട്ടലിന്റെ നടപടി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനായി ഇന്ത്യന്‍ ടീം താമസിച്ചിരുന്ന ഹോട്ടലില്‍ വച്ചായിരുന്നു സംഭവം.

“അതിഥിയോട് ഞങ്ങള്‍ നിരുപാധികം ക്ഷമ ചോദിക്കുന്നു, ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. സംഭവത്തിന് പിന്നിലുള്ളയാളെ പുറത്താക്കിയിരിക്കുന്നു,” ഹോട്ടല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

15:38 (IST) 31 Oct 2022
ഷാരോണ്‍ വധം: ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി

പാറശാല സ്വദേശി ഷാരോണ്‍ രാജിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിൽവച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ ആത്മഹത്യാശ്രമം നടത്തിയ ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

14:54 (IST) 31 Oct 2022
17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ

ഇരുട്ടി താലൂക്ക് ആശുപത്രിയിലെ ശുചിമുറിയിൽ 17കാരി പ്രസവിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പട്ടം സ്വദേശി കൃഷ്ണൻ ആണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ പോക്‌സോയും ബലാത്സംഗ കുറ്റവും ചുമത്തി. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

13:36 (IST) 31 Oct 2022
എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി

സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ സിപിഎം പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ഡല്‍ഹിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദന്‍.

13:27 (IST) 31 Oct 2022
സര്‍ക്കാരിനെതിരെ സമരവുമായി പ്രതിപക്ഷം; ഭരിക്കാന്‍ മറന്ന് പോയ സര്‍ക്കാരെന്ന് പ്രതിപക്ഷ നേതാവ്

സംസ്ഥാനത്ത് അരിയുടെയും ആവശ്യ സാധനങ്ങളുടെയും വില വര്‍ധിച്ചതായും സര്‍ക്കാര്‍ നിഷ്‌ക്രിയമാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍ക്കാരിനെതിരായ കോണ്‍ഗ്രസും യുഡിഎഫും ശക്തമായ സമരപരിപാടികള്‍ ഉടന്‍ തുടങ്ങുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. സംസ്ഥാനത്ത് അരി വില കൂടുന്നു, അവശ്യസാധന വില കൂടുന്നു, എന്നാല്‍ ഒന്നിലും സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുന്നില്ല. വില നിയന്ത്രിക്കുന്നതില്‍ മുഖ്യമന്ത്രി നിഷ്‌ക്രിയനായി ഇരിക്കുന്നു.പൊലീസിനെ സംസ്ഥാനത്ത് കയറൂരി വിട്ടിരിക്കുന്ന സ്ഥിതിയാണ്. ഡിവൈഎഫ്ഐ ,എസ്എഫ് ഐ പ്രവര്‍ത്തകര്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ഭരിക്കാര്‍ മറന്ന് പോയ സര്‍ക്കാരാണ് ഇപ്പോഴുള്ളതെന്നും നവംബര്‍ 3 മുതല്‍ യുഡിഎഫ് പ്രക്ഷോഭ പരിപാടികള്‍ തുടങ്ങുമെന്നും വി ഡി സതീശന്‍ പറഞ്ഞു.

12:31 (IST) 31 Oct 2022
അഭിഭാഷകര്‍ക്കെതിരായ പൊലീസ് കേസുകളില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു

അഭിഭാഷകര്‍ക്കെതിരായ പൊലീസ് കേസുകളില്‍ പ്രതിഷേധിച്ച് അഭിഭാഷകര്‍ ഹൈക്കോടതി ബഹിഷ്‌കരിച്ചു. എല്‍ദോസ് കുന്നപ്പിളളില്‍ എംഎല്‍എയുടെ ജാമ്യത്തിനായി ഹാജരായ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസ് എടുത്ത സാഹചര്യത്തിലാണ് ഇന്ന് കോടതി ബഹിഷ്‌കരിക്കാനുളള അഭിഭാഷക അസോസിയേഷന്‍ തീരുമാനമെടുത്തത്.

11:19 (IST) 31 Oct 2022
ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റൂറല്‍ എസ്പി

ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് റൂറല്‍ എസ്പി പി ഡി ശില്‍പ. ഗ്രീഷ്മയുടെ സുരക്ഷ ചുമതല നാല് പൊലീസുകാര്‍ക്കാണ് നല്‍കിയിരുന്നത്. ഇന്നലെ ഡ്യൂട്ടിയി രണ്ട് പേര്‍ ഉണ്ടായിരുന്നു. ഇന്ന് രാവിലെ രണ്ട് പേര്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. സുരക്ഷ കണക്കിലെടുത്ത് ഗ്രീഷ്മയ്ക്ക് വേണ്ടി പ്രത്യേകം ശുചിമറിയുണ്ടായിരുന്നു. എന്നാല്‍ രാവിലെ ശുചിമുറിയില്‍ പോകണമെന്ന് ഗ്രീഷ്മ ആവശ്യപ്പെട്ടപ്പോള്‍ എന്നാല്‍ സ്്‌റ്റേഷന് പുറത്തെ ശുചിമുറിയില്‍ എത്തിച്ചത്. സംഭവത്തില്‍ പൊലീസുകാരുടെ ഭാഗത്ത് നിന്ന് വന്ന വീഴ്ച പരിശോധിക്കുമെന്നും ൂറല്‍ എസ്പി പി ഡി ശില്‍പ പറഞ്ഞു. രാവിലെ നെടുമങ്ങാട് പോലീസ് സ്റ്റേഷനില്‍വെച്ചായിരുന്നു ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം. ഇതേതുടര്‍ന്ന് ഗ്രീഷ്മയെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധ പരിപരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

Web Title: Top news live updates 31 october 2022