Top News Highlights: മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. നേരത്തെ ഇരുവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അവകാശവാദമുന്നയിച്ചിരുന്നു. “ഞങ്ങൾ 2019 ലെ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേര്‍ന്ന് മത്സരിച്ചു, അതിനാണ് മഹാരാഷ്ട്രയിലെ ജനങ്ങൾ വോട്ട് ചെയ്തത്. ഞങ്ങൾ അന്ന് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ പോകുന്നു,” വിമത സേനാ ക്യാമ്പിന്റെ വക്താവ് ദീപക് കേസാർക്കർ പറഞ്ഞു.
അനധികൃത ബ്രൂവറികൾ അനുവദിക്കാനുള്ള നീക്കത്തിനെതിരായ ഹർജിയിൽ സർക്കാരിന് തിരിച്ചടി. ക്രമക്കേട് നടന്നിട്ടില്ലെന്നും ഹർജി തള്ളണമെന്നുള്ള സർക്കാർ ഹർജി വിജിലൻസ് കോടതി തള്ളി. ഇതോടെ കേസുമായി ബന്ധപ്പെട്ട രേഖകൾ ഹർജിക്കാരനായ രമേശ് ചെന്നിത്തലയ്ക്ക് നൽകണം. അതിനിടെ, ബഫർസോൺ വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വാക്ക്പോര് നടന്നു. പരിസ്ഥിതി ലോല മേഖല പൂജ്യം മുതല്‍ 12 കിലോമീറ്റര്‍ വരെ വേണമെന്ന് രേഖപ്പെടുത്തിയത് യുഡിഎഫ് ആണെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍ ചോദ്യോത്തരവേളയില്‍ പറഞ്ഞു.
2019 ഒക്ടോബറില്‍ പിണറായി സര്‍ക്കാര്‍ തീരുമാനിച്ചത് പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ ആക്കാനാണ്. ജനവാസമേഖലയെ പൂര്‍ണമായി ഒഴിവാക്കാൻ തീരുമാനിച്ചത് യുഡിഎഫ് സർക്കാർ ആണെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. എന്നാൽ പിണറായി സർക്കാരാണ് അങ്ങനെയൊരു തീരുമാനമെടുത്തതെന്ന് വനം മന്ത്രി പറഞ്ഞു. ജയറാം രമേശ് കേന്ദ്രമന്ത്രിയായിരിക്കെ മേഖല 10 കിലോമീറ്ററാക്കിയെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് 2002ലെ ബിജെപി സര്‍ക്കാരാണ് ഈ തീരുമാനമെടുത്തതെന്ന് പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. സഭയിൽ സണ്ണി ജോസഫ് എംഎൽഎ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിൽ മന്ത്രി മറുപടി പറയുന്നതിനിടയിലാണ് വാദപ്രതിവാദങ്ങൾ.
പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ജൂലൈ 18 മുതല്‍ ആരംഭിക്കും. ലോക്സഭാ സെക്രട്ടേറിയറ്റ് പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് 13 നായിരിക്കും സമ്മേളനം അവസാനിക്കുക. മണ്‍സൂണ്‍ സമ്മേളനം സാധാരണയായി ജൂലൈ മൂന്നാം വാരത്തിലാണ് ആരംഭിക്കുന്നത്. സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി അവസാനിക്കുകയും ചെയ്യും.
മുന്നിലെത്തുന്ന ഓരോ ഫയലും അതീവപ്രാധാന്യത്തോടെ പരിഗണിക്കണമെന്നും ആവുന്നത്ര വേഗത്തിൽ തീർപ്പാക്കണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി സജി ചെറിയാൻ ആവശ്യപ്പെട്ടു. ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ വകുപ്പുകളിലെ ഫയൽ തീർപ്പാക്കൽ യജ്ഞത്തിന്റെ ഭാഗമായി വിളിച്ചുചേർത്ത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഏക്നാഥ് ഷിന്‍ഡെയ്ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയെ ഉയരത്തിലെത്തിക്കാന്‍ ഷിന്‍ഡെയ്ക്ക് സാധിക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മോദി പറഞ്ഞു.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസാണ് ഉപമുഖ്യമന്ത്രി. നേരത്തെ ഇരുവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അവകാശവാദമുന്നയിച്ചിരുന്നു.
മഹാരാഷ്ട്രയുടെ നിയുക്ത മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ രാജ്ഭവനിലെത്തി. സത്യപ്രതിജ്ഞാ ചടങ്ങുകള്‍ അല്‍പസമയത്തിനകം ആരംഭിക്കും. ദേവേന്ദ്ര ഫഡ്നാവീസായിരിക്കും ഉപമുഖ്യമന്ത്രി.
പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച സുപ്രീം കോടതി വിധിയിൽ മോഡിഫിക്കേഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്യാനും വിശദമായ പരിശോധന നടത്തി സംസ്ഥാനത്തിനുള്ള നിയമ നിര്‍മ്മാണ സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയാക്കാനുള്ള സുപ്രീം കോടതി ഉത്തരവ് ജനവാസ മേഖലയെ ബാധിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം.
ജനവാസ മേഖല ഒഴിവാക്കി പരിസ്ഥിതി സംവേദക മേഖല പുനര്‍നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സർക്കാർ സമര്‍പ്പിച്ച വിജ്ഞാപന നിര്‍ദ്ദേശം ഒരാഴ്ചക്കകം കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം.
പരിസ്ഥിതി സംവേദക മേഖലയില്‍ നിലവിലുള്ള കെട്ടിടങ്ങളെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച വിശദാംശങ്ങള്‍ സുപ്രീം കോടതി നിശ്ചയിച്ച സമയ പരിധിക്കുള്ളില്‍ സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഇതിന് പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റിനെ ചുമതലപ്പെടുത്തി.
കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കേന്ദ്രസര്‍ക്കാരിനെയും കേന്ദ്ര എംപവേര്‍ഡ് കമ്മിറ്റിയെയും ബോധ്യപ്പെടുത്തും. ഈ വിവരം സുപ്രീം കോടതിയെ അറിയിച്ച് അനുകൂല വിധി സമ്പാദിക്കുന്നതുവരെ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഉന്നതതല സമിതിയെ നിശ്ചയിച്ചു. വനം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, വനം വകുപ്പ് സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്നിവരാണ് സമിതിയിലുള്ളത്.
ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിനില്‍ വച്ച് പെണ്‍കുട്ടിയ്ക്കും പിതാവിനും നേരെ അതിക്രമം നടത്തിയ കേസില്‍ രണ്ട് പേര്‍ പിടിയില്‍. ചാലക്കുടി സ്വദേശികളായ ജോയ്, സിജോ എന്നിവരെയാണ് എറണാകുളം റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസിലെ ഒന്നും മൂന്നും പ്രതികളാണ് ഇവരെന്നും മറ്റ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമായി തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നും നാളെയും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കും മണിക്കൂറിൽ 40-50 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.
മഹാരാഷ്ട്രയില്‍ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകും. ഗവര്‍ണറെ കണ്ടതിന് ശേഷമുള്ള പത്രസമ്മേളനത്തില്‍ ദേവേന്ദ്ര ഫഡ്നാവിസാണ് പ്രഖ്യാപനം നടത്തിയത്.
മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അവസാനം. പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവീസും വിമത നേതാവ് ഏക്നാഥ് ഷിന്‍ഡെയും ഇന്ന് രാത്രി ഏഴ് മണിക്ക് സത്യപ്രതിജ്ഞ ചെയ്യും. ഇരുവരും ഗവര്‍ണര്‍ ഭഗത് സിങ് കോഷ്യാരിയെ കണ്ട് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് അവകാശവാദമുന്നയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
“മഹാരാഷ്ട്ര ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞാ തീയതി തീരുമാനിക്കും. തീയതി നൽകേണ്ടത് ഗവർണറുടെ പ്രത്യേക അധികാരമാണ്. ഞങ്ങളുടെ ചർച്ചകൾ ആരംഭിച്ചുകഴിഞ്ഞു, ഞങ്ങൾ സർക്കാർ രൂപീകരിക്കും,” ഏകനാഥ് ഷിൻഡെ ക്യാമ്പ് വക്താവ് ദീപക് കേസാർകർ പറഞ്ഞു.
ആന്ധ്രാപ്രദേശിൽ വൈദ്യുതി കമ്പി ഓട്ടോയ്ക്ക് മുകളിലേക്ക് പൊട്ടി വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. ആന്ധ്രായിലെ സത്യസായ് ജില്ലയിലാണ് സംഭവം. കർഷക തൊഴിലാളികൾ സഞ്ചരിച്ച ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയും കമ്പി പൊട്ടിവീഴുകയുമായിരുന്നു.
നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസുകൾ കൂടിയിടിച്ച് 15 പേർക്ക് പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ തിരുവന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മറ്റ് 14 പേരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്ന് പൊൻമുടിയിലേക്ക് പോയ ബസും പാലോട് നിന്ന് തിരുവനന്തപുരത്തേക്ക് പോയ ബസുമാണ് കൂട്ടിയിടിച്ചത്. ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുമ്പോഴാണ് അപകടം.
ജൂലൈ ഒന്ന് മുതൽ രാജ്യത്തെമ്പാടും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധനം കർശനമായി നടപ്പാക്കുകയാണ്. ദേശീയ തലത്തിൽ ആറ് ഇനം വസ്തുക്കൾക്ക് നിരോധനം വരുമ്പോൾ സംസ്ഥാനത്ത് നിരോധിക്കപ്പെടുന്ന വസ്തുക്കളുടെ 21 ആകും. കേന്ദ്രം നടപ്പാക്കുന്ന നിയമപ്രകാരം പത്ത് വർഷം നിരോധനം ബാധകമായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. കൂടുതൽ വായിക്കാം..
62-ാം വയസ്സിൽ, പിതാവ് ബാൽ താക്കറെയുടെ നിഴലിൽ നിന്ന് ഉയർന്നുവന്ന ഉദ്ധവ് താക്കറെ തന്റെ ഹ്രസ്വ രാഷ്ട്രീയ ജീവിതത്തിൽ നേരിട്ട ഏറ്റവും മോശമായ പ്രതിസന്ധിയാണിത്. സാധ്യതയില്ലാത്ത ഒരു കൂട്ടുകെട്ടിനൊപ്പം പന്തയകളി നടത്തി തന്റെ മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ബാലാസാഹെബ് സ്ഥാപിച്ച പാർട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും താക്കറെയുടെ പേരിൽ പാർട്ടിയെ നിലനിർത്താനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്യുന്നു. കൂടുതൽ വായിക്കാം..
സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കൻ ജില്ലകളിലാണ് കൂടുതൽ മഴ സാധ്യത. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. കേരള തീരത്ത് നിന്ന് മീൻ പിടിക്കാൻ പോകാൻ പാടുള്ളതല്ലെന്ന് മുന്നറിയിപ്പുണ്ട്.