scorecardresearch
Latest News

Top News Highlights: സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഡന പരാതി; ജാമ്യാപേക്ഷയിൽ വിധി ചൊവ്വാഴ്ച

Top News Highlights: ഊന്നു വടിയില്ലാതെ നടക്കാൻ കഴിയാത്തയാളാണ് സിവിക് ചന്ദ്രനെന്ന് പ്രതിഭാഗം വാദിച്ചു

Civic Chandran, Sexual harassment, Anticipatory bail

Top News Highlights: കോഴിക്കോട്: ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി ചൊവ്വാഴ്ച വിധി പറയും. ഇന്ന് വരെ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. പ്രതിക്കെതിരെ പുതിയ പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി, എസ് സി/ എസ് ടി വകുപ്പുകൾ നിലനിൽക്കുമെന്നും മുൻ‌കൂർ ജാമ്യം നൽകരുതെന്നും വാദിച്ചു. ഊന്നു വടിയില്ലാതെ നടക്കാൻ കഴിയാത്തയാളാണ് സിവിക് ചന്ദ്രനെന്ന് പ്രതിഭാഗം വാദിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പ്രോസിക്യൂഷൻ ഹാജരാക്കി. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം, സിവിക് ചന്ദ്രനെതിരെ ഒരു യുവ എഴുത്തുകാരി കൂടി ലൈംഗികപീഡന പരാതി നൽകി. 2020ൽ പീഡിപ്പിക്കാൻ ശ്രമിച്ചു കേസ്. കൊയിലാണ്ടി പൊലീസ് തന്നെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, സിവിക്കിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ദലിത് സംഘടനകൾ പ്രതിഷേധത്തിലാണ്. എന്നാൽ സിവിക് സംസ്ഥാനം വിട്ടെന്നാണ് പൊലീസ് പറയുന്നത്. ഒരാഴ്ചയ്ക്കകം നടപടിയുണ്ടായില്ലെങ്കിൽ ഉത്തരമേഖലാ ഐജി ഓഫിസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നാണ് ദലിത് സംഘടനകളുടെ മുന്നറിയിപ്പ്. സിവിക്കിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സാഹിത്യ-സാംസ്കാരിക മേഖലയിലെ നൂറ് പേർ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് നൽകിയിരുന്നു.

മംഗളൂരു കൊലപാതകം: 11 പേർ കൂടി കസ്റ്റഡിയിൽ

മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ ആകെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം 21 ആയി. ഇവർ ആരും കൃത്യത്തിൽ പങ്കെടുത്തവർ അല്ലായെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

അതിനിടെ, ദക്ഷിണ കന്നഡയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. ഇന്ന് രാവിലെ വരെ പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു. അതേസമയം, സുള്ള്യയിലെ യുവമോർച്ച പ്രവർത്തകൻ പ്രവീൺ നാട്ടാരുവിന്റെ കൊലപാതകത്തിൽ എൻഐഎ ഉടൻ അന്വേഷണം ആരംഭിച്ചേക്കും. കർണാടക സർക്കാർ കേസ് ഇന്നലെ എൻഐഎക്ക് കൈമാറിയിരുന്നു. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കസ്റ്റഡിയിലുണ്ട്.

Live Updates
21:35 (IST) 30 Jul 2022
സംസ്ഥാനത്ത് മഴ കനക്കുന്നു; മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം

മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും മണിക്കൂറുകളായി മഴ തോരാതെ തുടരുന്നു. കോഴിക്കോട് ഇരുവഴിഞ്ഞിപ്പുഴയിലെ അരിപ്പാറയിൽ ഉച്ചയോടെ മലവെള്ളപ്പാച്ചിലുണ്ടായി. പുഴയുടെ തീരത്തും താഴ്ന്ന പ്രദേശത്തും താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മധ്യ കേരളത്തില്‍ കോട്ടയത്തും എറണാകുളത്തുമാണ് മഴ ശക്തമായി തുടരുന്നത്. എരുമേലി തുമരംപാറയിൽ ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായി. വനം പ്രദേശത്ത് ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.

21:15 (IST) 30 Jul 2022
മാര്‍ ആന്‍ഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്ട്രേറ്റര്‍

മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഇനി എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍. മാര്‍ ആന്റണി കരിയിലിന്റെ രാജി വച്ച സാഹചര്യത്തിലാണ് നിയമനം. നിലവില്‍ തൃശൂര്‍ അതിരൂപത ആര്‍ച്ച്ബിഷപ്പാണ് ആന്‍ഡ്രൂസ് താഴത്ത്. ഇതിന് പുറമെയാണ് അധികചുമതല നല്‍കിയിരിക്കുന്നത്.

20:19 (IST) 30 Jul 2022
സംസ്ഥാനത്ത് 1,639 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് 1,639 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 15 മരണമാണ് മഹാമാരി മൂലം സംഭവിച്ചത്. തിരുവനന്തപുരത്താണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ജില്ലയില്‍ മാത്രം 430 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

19:09 (IST) 30 Jul 2022
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ഭാരോദ്വഹനം 61 കിലോഗ്രാം വിഭാഗത്തില്‍ പി ഗുരുരാജ വെങ്കലം നേടി. 269 കിലോയാണ് ഗുരുരാജ രണ്ട് റൗണ്ടുകളിലായി ഉയര്‍ത്തിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുരുരാജയുടെ രണ്ടാം മെഡലാണിത്.

17:56 (IST) 30 Jul 2022
മഴ ശക്തമാകുന്നു

സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ തുടരുന്നു. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

16:34 (IST) 30 Jul 2022
ഗുജറാത്ത് കലാപക്കേസ്: ടീസ്റ്റയ്ക്കും ആര്‍ ബി ശ്രീകുമാറിനും ജാമ്യമില്ല

2002 ലെ കലാപവുമായി ബന്ധപ്പെട്ട് വ്യാജ തെളിവുകള്‍ ചമച്ചെന്ന കേസില്‍ സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനും മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാറിനും ഗുജറാത്ത് കോടതി ജാമ്യം നിഷേധിച്ചു.

വിരമിക്കുന്നതിനു രണ്ടു മണിക്കൂര്‍ മാത്രം ശേഷിക്കെയാണു അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡി ഡി തക്കര്‍ ടീസ്റ്റയുടെയും ശ്രീകുമാറിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടു വിധി പ്രസ്താവിച്ചത്. നാലുതവണ മാറ്റിവച്ചശേഷമാണു ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചത്. വിധിപ്രസ്താവത്തിന്റെ പൂര്‍ണരൂപം ഇതുവരെ പുറത്തുവന്നിട്ടില്ല.

15:59 (IST) 30 Jul 2022
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ആദ്യ മെഡല്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനത്തില്‍ സാങ്കേത് സര്‍ഗാര്‍ വെള്ളി നേടി. 55 കിലോ ഗ്രാം വിഭാഗത്തിലായിരുന്നു നേട്ടം.

15:02 (IST) 30 Jul 2022
പ്ലസ്‌ വൺ ട്രയൽ അലോട്ട്‌മെന്റ്: സാങ്കേതിക തകരാർ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ച പോർട്ടലിലെ സാങ്കേതിക തകരാറുകൾ പരിഹരിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിനായി ഒരുക്കിയിയിരുന്ന പോർട്ടലിന്റെ നാല് സെർവറുകളിലും ഒരേസമയം ഒരു ലക്ഷത്തിൽ കൂടുതൽ പേർ പ്രവേശിച്ചതിനാലാണ് ഇന്നലെ ട്രയൽ റിസൾട്ട് പരിശോധിക്കുന്നതിന് തടസം നേരിട്ടതെന്ന് മന്ത്രി അറിയിച്ചു. Read More

14:21 (IST) 30 Jul 2022
സംസ്ഥാനത്ത് മഴ വീണ്ടും കനക്കും; തിങ്കളാഴ്ച മുതൽ അതിശക്തമായ മഴയെന്ന് പ്രവചനം

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച്ച മുതൽ മഴ കണക്കുമെന്നാണ് പ്രവചനം. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്ന് വരെ ഒറ്റപ്പെട്ട ശക്തമായ മഴക്കും ഓഗസ്റ്റ് രണ്ട്, മൂന്ന് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

13:48 (IST) 30 Jul 2022
മങ്കിപോക്‌സ്: ആദ്യ രോഗി രോഗമുക്തി നേടി

രാജ്യത്ത് ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ കൊല്ലം സ്വദേശി (35) രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആദ്യ കേസായതിനാല്‍ എന്‍ഐവിയുടെ നിര്‍ദേശ പ്രകാരം 72 മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം പരിശോധനകള്‍ നടത്തി. എല്ലാ സാമ്പിളുകളും രണ്ട് പ്രാവശ്യം നെഗറ്റീവായി. രോഗി മാനസികമായും ശാരീരികമായും പൂര്‍ണ ആരോഗ്യവാനാണ്. ത്വക്കിലെ തടിപ്പുകള്‍ പൂര്‍ണമായി ഭേദമായിട്ടുണ്ട്. അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ പന്ത്രണ്ടാം തീയതി യുഎഇയില്‍ നിന്നും വന്ന യുവാവിന് പതിനാലിനാണ് മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. രോഗം സംശയിച്ചപ്പോള്‍ തന്നെ മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിരുന്നു. എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. ഇദ്ദേഹവുമായി പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ള കുടുംബാംഗങ്ങളുടെ ഫലവും നെഗറ്റീവ് ആണ്. നിലവില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ച മറ്റ് രണ്ട് പേരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

12:43 (IST) 30 Jul 2022
സിവിക് ചന്ദ്രന്റെ ജാമ്യാപേക്ഷയിൽ ഓഗസ്റ്റ് രണ്ടിന് വിധി

ലൈംഗിക പീഡന കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി. കോടതി ചൊവ്വാഴ്ച വിധി പറയും. ഇന്ന് വരെ സിവിക് ചന്ദ്രന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. പ്രതിക്കെതിരെ പുതിയ പരാതി വന്നിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ഊന്നു വടിയില്ലാതെ നടക്കാൻ കഴിയാത്തയാളാണ് സിവിക് ചന്ദ്രനെന്ന് പ്രതിഭാഗം വാദിച്ചു. വാട്സ്ആപ്പ് സന്ദേശങ്ങളും മറ്റും പ്രോസിക്യൂഷൻ ഹാജരാക്കി .

11:39 (IST) 30 Jul 2022
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിൽ പ്രതിഷേധവുമായി മുസ്ലിം ജമാത്തും

ശ്രീറാം വെങ്കിട്ടരാമനെ കലക്ടറായി നിയമിച്ചതിനെതിരെ മുസ്ലിം ജമാത്തിന്റെ നേതൃത്വത്തിൽ കലക്ടറേറ്റുകളിലേക്കു മാർച്ച് നടത്തുന്നു. എസ് എസ് എഫ്, എസ് വൈ എസ് പ്രവത്തകരടക്കമുള്ളവരാണ് മാർച്ചിൽ അണിനിരക്കുന്നത്.

10:42 (IST) 30 Jul 2022
സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഡന പരാതി

സിവിക് ചന്ദ്രനെതിരെ വീണ്ടും ലൈംഗികപീഡന പരാതി. യുവ എഴുത്തുകാരി നൽകിയ പരാതിയിൽ കൊയിലാണ്ടി പൊലീസ് കേസെടുത്തു. 2020ലാണ് കേസിനാസ്പദമായ സംഭവം. നേരത്തെ മറ്റൊരാളുടെ പരാതിയിൽ കൊയിലാണ്ടി പൊലീസ് ഒരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ആദ്യ പരാതിയിൽ സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് വീണ്ടും പരാതി. മുൻ‌കൂർ ജാമ്യപേക്ഷയിൽ വിധി പറയുന്നത് വരെ സിവിക്കിന്റെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു.

09:45 (IST) 30 Jul 2022
എകെജി സെന്റർ ആക്രമണം നടന്നിട്ട് ഒരുമാസം; പിന്നിലാര്?, ഇരുട്ടിൽ തപ്പി പൊലീസ്

എകെജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിഞ്ഞ സംഭവത്തിൽ ഒരു മാസം കഴിഞ്ഞിട്ടും പിന്നിലാരെന്ന് കണ്ടെത്താനാകാതെ കുഴയുകയാണ് പൊലീസ്. പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചിരുന്ന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ലെന്നാണ് സൂചന. അതിനിടെ, പ്രതിയെന്ന് സംശയിക്കുന്നയാളുടെ സിപിഎം ബന്ധമാണ് അന്വേഷണം എവിടെയും എത്താത്തതിന് കാരണമെന്ന ആരോപണം പ്രതിപക്ഷം ഉയർത്തുന്നുണ്ട്.

08:56 (IST) 30 Jul 2022
കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്രവ്യാപനശേഷിയില്ലെന്ന് പരിശോധനാ ഫലം

കേരളത്തിൽ റിപ്പോര്‍ട്ട് ചെയ്ത മങ്കിപോക്സിന് തീവ്ര വ്യാപനശേഷിയില്ലെന്ന് പരിശോധന ഫലം. കേരളത്തിൽ റിപ്പോർട്ട് ചെയ്ത രണ്ടു കേസുകളുടെ സാമ്പിൾ പരിശോധനയിൽ എ. 2 വൈറസ് വകഭേദമാണ് രോഗത്തിന് കാരണമെന്നാണ് ജിനോം സീക്വൻസ് പഠനത്തിൽതെളിഞ്ഞത്. എ. 2 വ്യാപനശേഷി കുറഞ്ഞ വൈറസ് വകഭേദമാണ്. 

08:38 (IST) 30 Jul 2022
‘ആ ബാർ ഞങ്ങളുടേത്’; സ്‌മൃതി ഇറാനിയുടെ മകൾക്കെതിരായ ആരോപണങ്ങൾക്കിടെ എക്സൈസിന് മറുപടി നൽകി ഗോവൻ കുടുംബം

ഗോവയിലെ അസാഗാവോയിലെ ‘സില്ലി സോൾസ് കഫേ ആൻഡ് ബാർ’ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾ നടത്തുന്നതാണെന്ന കോൺഗ്രസ് ആരോപണങ്ങൾക്കിടെ സ്ഥാപനത്തിന്റെ യഥാർത്ഥ ഉടമകൾ എന്ന് വ്യക്തമാക്കി ഒരു ഗോവൻ കുടുംബം ഇന്നലെ സംസ്ഥാന എക്സൈസിനെ സമീപിച്ചു. സ്ഥാപനം തങ്ങളുടെ ബിസിനസ് സംരഭമാണെന്നും മറ്റൊരു വ്യക്തിക്കോ വ്യക്തികൾക്കോ അതിൽ പങ്കിലെന്നുമാണ് അറിയിച്ചിരിക്കുന്നത്. സ്‌മൃതിയുടെ മകളുടെ സ്ഥാപനത്തിന്റെ ബാർ ലൈസൻസ് മരണപ്പെട്ട ഒരു വ്യക്തിയുടെ പേരിൽ പുതുക്കി നൽകി എന്നതടക്കമുള്ള ആരോപണങ്ങൾ കോൺഗ്രസ് ഉന്നയിച്ചു ദിവസങ്ങൾക്കകമാണ് ഗോവൻ കുടുംബം എക്സൈസ് കമ്മീഷണറോട് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്.

08:37 (IST) 30 Jul 2022
മംഗളൂരു ഫാസിൽ വധം: 11 പേർ കൂടി കസ്റ്റഡിയിൽ; നിരോധനാജ്ഞ നീട്ടി

മംഗളൂരു സൂറത്കൽ സ്വദേശി ഫാസിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേർ കൂടി കസ്റ്റഡിയിൽ. ഇതോടെ ആകെ കസ്റ്റഡിയിൽ ആയവരുടെ എണ്ണം 21 ആയി. ഇവർ ആരും കൃത്യത്തിൽ പങ്കെടുത്തവർ അല്ലായെന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

അതിനിടെ, ദക്ഷിണ കന്നഡയിലെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ ഏർപ്പെടുത്തിയിരുന്ന നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടി. ഇന്ന് രാവിലെ വരെ പ്രഖ്യാപിച്ചിരുന്നത് തിങ്കളാഴ്ച വരെ നീട്ടുകയായിരുന്നു.

Web Title: Top news live updates 30 july 2022 kerala