scorecardresearch
Latest News

Top News Highlights: മഴ: എറണാകുളത്തും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

പ്രൊഫഷണല്‍ കോളജുകളും കേന്ദ്രീയ വിദ്യാലയങ്ങളും അങ്കണവാടികളും ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമാണ്

Top News Highlights: മഴ: എറണാകുളത്തും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി
ഫയല്‍ ചിത്രം

Top News Highlights: കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, കോട്ടയം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കോട്ടയത്ത് മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല. പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്നു കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അറിയിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്കു ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 103 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ ബോണസുമടക്കം സെപ്തംബർ ഒന്നാം തീയതിക്കുള്ളില്‍ 103 കോടി രൂപ കെഎസ്ആർടിസക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്. മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സര്‍ക്കാരിന് ബാധ്യതയില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മറ്റ് കോർപ്പറേഷനുകൾക്ക് നൽകുന്ന അതേ പരിഗണന മാത്രമേ, കെഎസ്ആർടിസിക്ക് നൽകാനാകൂവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഗുലാം നബി ആസാദിന് പിന്തുണ, ജമ്മു കശ്മീരില്‍ 50 നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു

ഗുലാം നബി അസാദിന് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരില്‍ 50 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജമ്മു കശ്മീര്‍ മുന്‍ ഉപ മുഖ്യമന്ത്രി താര ചന്ദ്, മന്ത്രിമാരായ അബ്ദുള്‍ മജീദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ, ഖാരു റാം, മുന്‍ എംഎല്‍എ ബല്‍വന്‍ സിങ് എന്നിവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. കൂട്ടായ രാജിക്കത്ത് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി.

Live Updates
22:14 (IST) 30 Aug 2022
പത്തനംതിട്ടയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച ജില്ലാ കലക്ടർ ഡോ. ദിവ്യ എസ് അയ്യർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പ്രകാരമുള്ള യൂണിവേഴ്സിറ്റി പരീക്ഷകൾക്ക് മാറ്റമില്ല.

22:01 (IST) 30 Aug 2022
ലഹരി: ആവര്‍ത്തിച്ച് കുറ്റം ചെയ്യുന്നര്‍ക്കെതിരെ കരുതല്‍ തടങ്കല്‍

ലഹരി ഉപഭോഗവും വിതരണം തടയാന്‍ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഉന്നതതല യോഗത്തില്‍ തീരുമാനം. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ഉയര്‍ന്ന ശിക്ഷ ഉറപ്പാക്കും. നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട് പ്രകാരം ആവര്‍ത്തിച്ച് കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കരുതല്‍ തടങ്കല്‍ നടപടി സ്വീകരിക്കും. കാപ്പ രജിസ്റ്റര്‍ തയാാറാക്കുന്ന മാതൃകയില്‍ ലഹരിക്കടത്ത് കുറ്റകൃത്യം ചെയ്യുന്നവരുടെ ഡാറ്റാബാങ്ക് തയാറാക്കും. അതിര്‍ത്തികളിലും മറ്റു സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കുവരുന്ന ട്രെയിനുകളിലും പരിശോധന ശക്തമാക്കും. സംസ്ഥാനമൊട്ടാകെ പൊലീസിന്റെയും എക്സൈസിന്റേയും നേതൃത്വത്തില്‍ ലഹരി വിരുദ്ധ സ്പെഷ്യല്‍ ഡ്രൈവ് നടത്തും. ലഹരിക്ക് എതിരായ പോരാട്ടം ജനകീയ ക്യാമ്പയിനായി സംഘടിപ്പിക്കും. ക്യാമ്പയിന്‍ ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിനു നടത്തും.

20:56 (IST) 30 Aug 2022
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

ശക്തമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനുമുള്ള സാധ്യത കണക്കിലെടുത്തു കോട്ടയം ജില്ലയില്‍ അങ്കണവാടികളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച ജില്ലാ കലക്ടര്‍ ഡോ. പി കെ ജയശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

19:37 (IST) 30 Aug 2022
പത്തനംതിട്ടയില്‍ ക്വാറികളുടെ പ്രവര്‍ത്തനം നിരോധിച്ചു

പത്തനംതിട്ട ജില്ലയുടെ വനമേഖലയില്‍ ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ ജില്ലയില്‍ പാറമടകളുടെ പ്രവര്‍ത്തനവും മലയോരമേഖലകളിലെ രാത്രി യാത്രയും നിരോധിച്ചു. കഴിഞ്ഞ വിവസങ്ങളില്‍ ജില്ലയില്‍ കനത്ത മഴയാണ് പെയ്തത്. ഇന്നലെ രാത്രി ഞായറാഴ്ച രാത്രി പെയ്തതിന്റെ പകുതി മഴയേ പെയ്തുള്ളു. വയലുകളിലേയും തോടുകളിലേയും ജലനിരപ്പ് താഴ്ന്നു. മൂഴിയാര്‍ അണക്കെട്ടും ആനത്തോട് അണക്കെട്ടും തുറന്നിരിക്കുകയാണ്. കക്കാട്ടാറ്റില്‍ ജലനിരപ്പ് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്.

18:25 (IST) 30 Aug 2022
എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ നാളെ അവധി

കനത്ത മഴ തുടരാനുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച കലക്ടർ അവധി പ്രഖ്യാപിച്ചു. കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്.

17:57 (IST) 30 Aug 2022
ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് അനുമതി നല്‍കി; തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍

ബംഗളൂരു ഈദ്ഗാഹ് മൈതാനം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഉപയോഗിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ അനുമതി നല്‍കിയതായി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചു. ബുധന്‍, വ്യാഴം എന്നീ രണ്ട് ദിവസത്തേക്ക് മൈതാനം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി വിട്ട് നല്‍കിയിരിക്കുന്നത്. കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് തുഷാര്‍ മേത്ത ഇക്കാര്യം സുപ്രീം കോടതിയെ അറിയിച്ചത്.

17:28 (IST) 30 Aug 2022
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്രയ്ക്കു നിരോധനം

പത്തനംതിട്ട ജില്ലയിലെ എല്ലാ മലയോര മേഖലകളിലേക്കുമുള്ള എല്ലാ യാത്രകളും രാത്രി ഏഴു മുതല്‍ രാവിലെ ആറു വരെയും തൊഴിലുറപ്പ് ജോലികള്‍, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിങ്,കുട്ടവഞ്ചി സവാരി, ബോട്ടിങ് എന്നിവയും സെപ്റ്റംബര്‍ രണ്ടു വരെ നിരോധിച്ചു. രണ്ടു ദിവസമായി ജില്ലയില്‍ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ചെറിയ വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകട/ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിനാണ് കലക്ടറുടെ ഉത്തരവ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമം വകുപ്പ് 51 പ്രകാരം നടപടികള്‍ സ്വീകരിക്കും. കോവിഡ് 19, ദുരന്തനിവാരണം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തിര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള യാത്രയ്ക്കു നിരോധനം ബാധകമല്ല.

17:20 (IST) 30 Aug 2022
വടക്കന്‍ അയര്‍ലന്‍ഡില്‍ രണ്ടു മലയാളി കുട്ടികള്‍ മുങ്ങിമരിച്ചു

വടക്കന്‍ അയര്‍ലന്‍ഡില്‍ മലയാളികളായ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കണ്ണൂര്‍ എരുമേലി സ്വദേശികളായ പതിനാറ് വയസുള്ള ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ ജോ സൈമണ്‍ എന്നിവരാണു മരിച്ചത്. സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ഥികളായ ഇരുവരും ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണു മുങ്ങിയത്. ഒരാള്‍ സംഭവസ്ഥലത്തും രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ചതിനു ശേഷവുമാണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റൊരു കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണു വിവരം പുറത്തറിഞ്ഞത്. ഈ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച ജോസഫിന്റെയും റുവാന്റെയും കുടുംബം വടക്കന്‍ അയര്‍ലന്‍ഡില്‍ സ്ഥിരതാമസമാണ്.

15:46 (IST) 30 Aug 2022
വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ വാക്സിനെടുക്കാം

തിരുവനന്തപുരം: വിദേശത്തുനിന്നു വരുന്നവര്‍ക്ക് ഇവിടെ ലഭ്യമായ കോവിഡ് വാക്സിന്‍ രണ്ടാം ഡോസായോ കരുതല്‍ ഡോസായോ സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വിദേശത്ത് ലഭ്യമായ വാക്സിന്‍ ഒരു ഡോസോ, രണ്ട് ഡോസോ എടുത്ത് ഇന്ത്യയിലെത്തിയ പ്രവാസികള്‍ക്ക് അതേ വാക്സിന്‍ ഇവിടെ ലഭ്യമാകാത്തത് വലിയ ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച സാങ്കേിതക ഉപദേശക ഗ്രൂപ്പിന്റെ ശിപാര്‍ശ പ്രകാരമാണു നടപടി. ഇതനുസരിച്ച് ഭാഗികമായി വാക്സിന്‍ എടുത്ത ഇന്ത്യക്കാര്‍ക്കും വിദേശികള്‍ക്കും ആഭ്യന്തരമായി ലഭ്യമായ കോവിഡിന്റെ രണ്ടാമത്തെ ഡോസ് അല്ലെങ്കില്‍ മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാവുന്നതാണ്. വിദേശത്ത് നിന്നും വരുന്നവരുടെ വാക്സിനേഷനായി പോര്‍ട്ടലില്‍ ആവശ്യമായ മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്കു കോര്‍ബിവാക്സ് വാക്സിനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കു കോവാക്സിനുമായിരിക്കും ലഭിക്കുക.

14:58 (IST) 30 Aug 2022
കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 103 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. രണ്ട് മാസത്തെ ശമ്പളവും ഫെസ്റ്റിവല്‍ ബോണസുമടക്കം സെപ്തംബർ ഒന്നാം തീയതിക്കുള്ളില്‍ 103 കോടി രൂപ കെഎസ്ആർടിസക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നത്.

മറ്റ് കോർപ്പറേഷനുകളെ പോലെ ഒരു കോർപ്പറേഷൻ മാത്രമാണ് കെഎസ്ആർടിസി എന്നും അതിലെ ജീവനക്കാർക്ക് ശമ്പളം നൽകാൻ സര്‍ക്കാരിന് ബാധ്യതയില്ലെന്നുമാണ് അപ്പീലില്‍ പറയുന്നത്. മറ്റ് കോർപ്പറേഷനുകൾക്ക് നൽകുന്ന അതേ പരിഗണന മാത്രമേ, കെഎസ്ആർടിസിക്ക് നൽകാനാകൂവെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

14:56 (IST) 30 Aug 2022
ഗുലാം നബി ആസാദിന് പിന്തുണ, ജമ്മു കശ്മീരില്‍ 50 നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടു

ഗുലാം നബി അസാദിന് പിന്തുണ പ്രഖ്യാപിച്ച് ജമ്മു കശ്മീരില്‍ 50 മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടു. ജമ്മു കശ്മീര്‍ മുന്‍ ഉപ മുഖ്യമന്ത്രി താര ചന്ദ്, മന്ത്രിമാരായ അബ്ദുള്‍ മജീദ് വാനി, മനോഹര്‍ ലാല്‍ ശര്‍മ, ഖാരു റാം, മുന്‍ എംഎല്‍എ ബല്‍വന്‍ സിങ് എന്നിവര്‍ രാജിവച്ചവരില്‍ ഉള്‍പ്പെടുന്നു. കൂട്ടായ രാജിക്കത്ത് ഇവര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നല്‍കി.

13:49 (IST) 30 Aug 2022
ശനിയാഴ്ച വരെ മഴ ശക്തമായി തുടരും

സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • 30-08-2022: ഇടുക്കി, തൃശൂര്‍, എറണാകുളം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട
 • യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍

 • 30-08-2022: തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
 • 31-08-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
 • 01-09-2022: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
 • 02-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കാസർഗോഡ്.
 • 03-09-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം.
 • 12:49 (IST) 30 Aug 2022
  ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്

  നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിനോട് സ്പീക്കര്‍ എം ബി രാജഷ്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്റെ പ്രവര്‍ത്തനങ്ങളിലെ അപാകത, പി.പി.ഇ കിറ്റ് അഴിമതി എന്നിവ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ ഉത്തരം നല്‍കിയതിന് പിന്നാലെയായിരുന്നു താക്കീത്. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭ സെക്രട്ടേറിയറ്റ് മന്ത്രിയെ അറിയിച്ചു.

  11:56 (IST) 30 Aug 2022
  ‘വിഴിഞ്ഞം തുറമുഖനിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്നത് ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കാം’

  വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നഘട്ടത്തില്‍, അത് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ഉന്നയിക്കുന്ന ന്യായമായ ഏത് ആവശ്യവും പരിഗണിക്കുന്നതില്‍ സര്‍ക്കാരിന് വിമുഖതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യാഥാര്‍ത്ഥ്യം മനസിലാക്കി ബന്ധപ്പെട്ടവര്‍ സമരത്തില്‍ നിന്ന് പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അപേക്ഷയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

  സമരം ചെയ്യുന്നവര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ മാത്രമല്ല പ്രാദേശികമായി മറ്റു ആശങ്കകളും പ്രശ്നങ്ങളും ഉണ്ടെങ്കില്‍ അവയും സര്‍ക്കാര്‍ പരിഗണിക്കും. ഏറെ പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്ന സമൂഹമാണ് മത്സ്യത്തൊഴിലാളികളുടേത്. അതുകൊണ്ടാണ് തീരമേഖലയിലെ പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ കൂടുതല്‍ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

  11:22 (IST) 30 Aug 2022
  മധ്യ കേരളത്തില്‍ മഴ കനക്കും

  അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

  10:03 (IST) 30 Aug 2022
  മഴ തുടരുന്നു; കൊച്ചിയില്‍ വെള്ളക്കെട്ട്

  സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുന്നു. കൊച്ചിയില്‍ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കലൂര്‍, എംജി റോഡ് എന്നിവിടങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. കലൂര്‍ ഗതാഗതം ഭാഗീകമായി തടസപ്പെട്ടിട്ടുണ്ട്.

  ആലപ്പുഴ കുട്ടനാട് താലൂക്കിലും, പത്തനംതിട്ടയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇരു ജില്ലകളിലും മഴ തോരാതെ നില്‍ക്കുകയാണ്. കുട്ടനാട്ടിലും അപ്പര്‍ കുട്ടുനാട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്.

  09:46 (IST) 30 Aug 2022
  ആംബുലന്‍സിന്റെ വാതില്‍ തുറക്കാനായില്ല; കോഴിക്കോട് രോഗി മരിച്ചു

  കോഴിക്കോട് ആംബുലന്‍സിന്റെ വാതില്‍ തുറക്കാനാകാതെ കുടുങ്ങിയതിനാല്‍ പരുക്കേറ്റ രോഗി മരിച്ചതായി റിപ്പോര്‍ട്ട്. സ്കൂട്ടറിടിച്ച് പരുക്കേറ്റ ഫറോക്ക് കരുവന്‍തിരുത്തിയില്‍ കോയമോനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച ആംബുലന്‍സിന്റെ വാതിലാണ് തുറക്കാനാകാത്ത വിധം അടഞ്ഞുപോയത്.

  ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. വാതില്‍ തുറക്കാനാകാതെ 66കാരനായ കോയമോന്‍ അരമണിക്കൂറോളം ആംബുലന്‍സിനുള്ളില്‍ കുടുങ്ങി. ഒടുവില്‍ വാതില്‍ വെട്ടിപ്പൊളിച്ചാണ് കോയമോനെ പുറത്തെത്തിച്ചത്. ഉടന്‍ തന്നെ അത്യാഹിതവിഭാഗത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

  Web Title: Top news live updates 30 august 2022 kerala news