scorecardresearch
Latest News

Top News Highlights: സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി; ഉദ്ധവ് താക്കറെ രാജിവച്ചു

Top News Highlights: ഗവർണറുടെ തീരുമാനത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിക്കുകയായിരുന്നു, പിന്നാലെയാണ് രാജി

Top News Highlights: സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി; ഉദ്ധവ് താക്കറെ രാജിവച്ചു

Top News Highlights: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രാജിവച്ചു. വിശ്വാസ വോട്ടെടുപ്പ് നേരിടണമെന്ന സുപ്രീംകോടതി വിധിക്ക് പിന്നാലെയാണ് രാജി. ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് രാജി പ്രഖ്യാപനം. “മുഖ്യമന്ത്രി കസേര വിടുന്നതിൽ എനിക്ക് ഖേദമില്ല…ഞാൻ ചെയ്തതെല്ലാം മറാത്തികൾക്കും ഹിന്ദുത്വത്തിനും വേണ്ടിയാണ്. എല്ലാവരുടെയും മുന്നിൽ വച്ച് തന്നെ ഞാൻ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിക്കുകയാണ്.” ഉദ്ധവ് പറഞ്ഞു. സോണിയക്കും ശരദ് പവാറിനും ഉദ്ധവ് നന്ദി പറഞ്ഞു. രാജിക്കത്ത് ഗവർണർക്ക് കൈമാറി.

മൂന്നര മണിക്കൂറോളം വാദം കേട്ട ശേഷമാണ് വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ഗവർണറുടെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിക്കുകയായിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ നാളെ വിശ്വാസ വോട്ടെടുപ്പ് നേരിടേണ്ട സാഹചര്യത്തിലേക്ക് എത്തുകയായിരുന്നു.

നാളെ രാവിലെ 11 മണിക്ക് സഭ ചേർന്ന് ഭൂരിപക്ഷം തെളിയിക്കാനാണ് ഉദ്ധവ് താക്കറെ സർക്കാരിനോട് മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോഷിയാരി ആവശ്യപ്പെട്ടിരുന്നത്.

അതിനിടെ, കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷൻ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് ആറിനാണ് തിരഞ്ഞെടുപ്പ്. അന്ന് തന്നെയാണ് വോട്ടെടുപ്പ്. ജൂലൈ അഞ്ചിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ജൂലൈ 17-നാണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ജൂലൈ 20ന് പത്രികകളുടെ സൂക്ഷ്‌മ പരിശോധന നടക്കും. 21 വരെ പത്രിക പിൻവലിക്കാം. നിലവിലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് പത്തിനാണ് അവസാനിക്കുക.

ഉദയ്പൂരിൽ കനയ്യ ലാൽ എന്ന തയ്യൽക്കാരനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർക്കെതിരെ രാജസ്ഥാൻ പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തതായി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ഉദയ്പൂർ കൊലപാതകം ഭീകരത പടർത്താൻ ഉദ്ദേശിച്ചുള്ളതായിരുന്നുവെന്നും കൊലയാളികൾക്ക് വിദേശ ബന്ധമുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അന്വേഷിക്കുമെന്നും രാജസ്ഥാൻ പൊലീസിന്റെ തീവ്രവാദ വിരുദ്ധ സേന (എടിഎസ്) അന്വേഷണ ഏജൻസിയുമായി പൂർണമായി സഹകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ 10000 മുകളിൽ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,506 കോവിഡ് കേസുകൾ. കോവിഡ് ബാധിച്ച് 30 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 11,574 പേർ രോഗമുക്തി നേടി. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 99,602 ആണ്.

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. പ്രത്യേക സമ്മേളനം നാളെ വിളിച്ചു ചേർക്കാൻ ഗവർണർ നിർദേശിച്ചു. നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ നിർദേശം നൽകി. വിമത എംഎൽഎമാർ നാളെ മുംബൈയിൽ തിരികെ എത്തും.

രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനിൽ അതീവ ജാഗ്രത. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.

Live Updates
18:47 (IST) 29 Jun 2022
തലശേരിയിൽ സ്‌കൂൾ വിദ്യാർത്ഥിനി സഹപാഠിയെ കുത്തിപ്പരുക്കേൽപ്പിച്ചു

കണ്ണൂർ തലശേരിയിൽ പ്ലസ് ടു വിദ്യാർത്ഥിനി സഹപാഠിയെ കുത്തിപരുക്കേൽപ്പിച്ചു. രാവിലെ പരീക്ഷ ഹാളിലാണ് സംഭവാം. നേരത്തേയുണ്ടായ തർക്കത്തിന്റെ പേരിൽ സഹപാഠിയെ കുത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. സഹപാഠിയായ വിദ്യാർത്ഥിനിയുടെ കൈക്കും കഴുത്തിനുമാണ് കുത്തേറ്റത്.

17:24 (IST) 29 Jun 2022
സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. വടക്കൻ കേരള തീരം മുതൽ വടക്കൻ മഹാരാഷ്ട്ര തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെ സ്വാധീന ഫലമായാണ് മഴ ശക്തിപ്രാപിക്കുന്നത്. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ ജൂലൈ നാല് വരെയും, കർണാടക തീരങ്ങളിൽ ജൂലൈ രണ്ട് വരെയും മീൻപിടിക്കാൻ പോകാൻ പാടുള്ളതല്ല.

16:55 (IST) 29 Jun 2022
രൂപയുടെ മൂല്യത്തിൽ റെക്കോർക്ക് ഇടിവ്; ഡോളർ നിരക്ക് 79.04 രൂപയായി

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് വീണ്ടും വന്‍ ഇടിവ്. ഡോളർ നിരക്ക് 79.04 രൂപയായി. ആദ്യമായാണ് ഡോളർ 79 രൂപയ്ക്ക് മുകളിലെത്തുന്നത്.

16:50 (IST) 29 Jun 2022
കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു

കണ്ണൂർ തലശേരിയിൽ സ്വകാര്യ ബസ് മറിഞ്ഞു ഒരു സ്ത്രീ മരിച്ചു. കണ്ണൂരിൽ നിന്ന് പയ്യന്നൂരിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗത്തിൽ വന്ന ബസ് റോഡിൽ നിന്ന് തെന്നിമാറി മറിയുകയായിരുന്നു എന്നാണ് വിവരം. പരുക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

14:50 (IST) 29 Jun 2022
വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണം; സർക്കാർ സുപ്രീംകോടതിയിൽ

വിജയ് ബാബുവിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. വിജയ് ബാബു വിദേശത്തു നിന്ന് നൽകിയ ജാമ്യ ഹർജി പരിഗണിക്കരുതായിരുന്നെന്നും സുപ്രധാന വിവരങ്ങൾ മറച്ചുവെച്ചാണ് ജാമ്യഹർജി നൽകിയതെന്നും സർക്കാർ പറയുന്നു.

കൂടുതൽ താഴെ വായിക്കാം

13:48 (IST) 29 Jun 2022
രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ളാസുകൾ ജൂലൈ നാലുമുതൽ

രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ക്ളാസുകൾ ജൂലൈ നാലാം തീയതി മുതൽ തുടങ്ങും

13:33 (IST) 29 Jun 2022
വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഇന്ന് വൈകീട്ട് പരിഗണിക്കും

വിശ്വാസ വോട്ടെടുപ്പിനെതിരെ ശിവസേന നല്‍കിയ ഹര്‍ജി ഇന്ന് വൈകിട്ട് സുപ്രീംകോടതി പരിഗണിക്കും. ഇന്ന് വൈകിട്ട് 5 മണിക്ക്

കേസ് പരിഗണിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

12:01 (IST) 29 Jun 2022
ഓൾഡ് വീഞ്ഞ് ഇൻ ന്യൂ കുപ്പി- വീണ വിജയനെതിരായ ആരോപണങ്ങളിൽ മന്ത്രി മുഹമ്മദ് റിയാസ്

വീണ വിജയനെതിരെ ഉന്നയിച്ചത് പഴയ ആരോപണങ്ങളെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ആരോപണങ്ങളിൽ കഴമ്പില്ലെന്ന് വ്യക്തമായതാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ആരോപണം ശക്തമായി തന്നെ യുഡിഎഫ് പ്രചരിപ്പിച്ചതാണ്. താൻ മൽസരിച്ച മണ്ഡലത്തിലും ഈ പ്രചരണം ശക്തമായിരുന്നു. എന്നാൽ ആ മണ്ഡലത്തിലെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് അവിടെ താൻ നേടിയത്. ഇത്തരം തെറ്റായ ആരോപണങ്ങൾ പ്രതിപക്ഷത്തിന് വലിയ തിരിച്ചടി ഉണ്ടാക്കി. യുഡിഎഫ് തുടർ പ്രതിപക്ഷം ആയി തുടരാൻ കാരണം ഇത്തരം പരാമർശങ്ങളാണെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

10:36 (IST) 29 Jun 2022
മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്

മഹാരാഷ്ട്രയിൽ വിശ്വാസ വോട്ടെടുപ്പ് നാളെ നടക്കും. പ്രത്യേക സമ്മേളനം നാളെ വിളിച്ചു ചേർക്കാൻ ഗവർണർ നിർദേശിച്ചു. നാളെ 11 മണിക്ക് സഭ ചേരുമെന്നും 5 മണിക്കകം നടപടികൾ പൂർത്തിയാക്കണമെന്നും ഗവർണർ നിർദേശം നൽകി. വിമത എംഎൽഎമാർ നാളെ മുംബൈയിൽ തിരികെ എത്തും.

09:32 (IST) 29 Jun 2022
കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വിഫ്റ്റ് ബസ് അപകടത്തിൽപെട്ടു

കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മൈസൂർ നഞ്ചൻകോട് അപകടത്തിൽപെട്ടു. ഇന്ന് പുലർച്ചെ മൈസൂർ നഞ്ചൻകോട് ടോൾ ബൂത്തിന് സമീപമാണ് അപകടമുണ്ടായത്. ബസ് ഡിവൈഡറിൽ കയറി മറിഞ്ഞാണ് അപകടം. പത്തിലേറെ പേർക്ക് അപകടത്തിൽ സാരമായി പരുക്കേറ്റു.

08:59 (IST) 29 Jun 2022
മുഖ്യമന്ത്രിയുടെ മകൾക്കെതിരായ തെളിവുകൾ മാത്യു കുഴൻനാടൻ എംഎൽഎ ഇന്ന് പുറത്തുവിടും

മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരായ ആരോപണത്തിൽ കൂടുതൽ വിവരങ്ങൾ മാത്യു കുഴൻനാടൻ എംഎൽഎ ഇന്ന് പുറത്തുവിടും. പതിനൊന്ന് മണിക്കാണ് കെപിസിസിയിൽ വാർത്താസമ്മേളനം ഉണ്ടായിരിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. ഇന്നലെ നിയമസഭയിൽ അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് വീണ വിജയന്റെ കമ്പനിക്ക് പ്രൈസ് വാട്ടേഴ്സ് ഹൗസ് കൂപ്പറുമായി ബന്ധം ഉണ്ടെന്ന് മാത്യു കുഴൽനാടൻ ആരോപിച്ചത്.

08:59 (IST) 29 Jun 2022
ഉദയ്പൂർ കൊലപാതകം: രാജസ്ഥാനിൽ അതീവ ജാഗ്രത

രാജസ്ഥാനിലെ ഉദയ്പൂർ കൊലപാതകത്തിന് പിന്നാലെ രാജസ്ഥാനിൽ അതീവ ജാഗ്രത. എല്ലാ ജില്ലകളിലും ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം റദ്ദാക്കി. പ്രവാചക വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ ദേശീയ വക്താവ് നൂപുർ ശർമയെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതിനാണ് തയ്യൽക്കാരനായ കനയ്യലാലിനെ രണ്ട് പേർ ചേർന്ന് വെട്ടിക്കൊന്നത്.

Web Title: Top news live updates 29 june 2022 kerala