scorecardresearch
Latest News

Top News Highlights: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ

മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്

P Kunhaman

Top News Highlights: തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് എം കുഞ്ഞാമന്റെ വിശദീകരണം. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്. ‘എതിര്’ എന്ന കൃതിക്കായിരുന്നു പുരസ്കാരം. കഴിഞ്ഞ ദിവസമായിരുന്നു കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകി: മന്ത്രി വി എൻ വാസവൻ

കരുവന്നൂർ ബാങ്കിൽ നിന്ന് 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും ആകെ 104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം അവസാനം പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഫിലോമിനയുടെ കുടുംബത്തിന് പണം നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്റ്ററുടെ റിപ്പോർട്ടുണ്ട്. അത് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം, സഹകരണ ബാങ്കുകളിലെ ക്രമക്കേട് സര്‍ക്കാര്‍ പരിഹരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. പണം നഷ്ടപ്പെട്ടവർക്ക് വേഗത്തിൽ പണം ലഭ്യമാക്കാൻ നടപടിയുണ്ടാകണം. നല്ല രീതിയില്‍ നടക്കുന്ന ബാങ്കുകളുടെ വിശ്വാസ്യതയെകൂടി ഇത് ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ആര്‍ ബിന്ദുവിന്‍റെ ദൗര്‍ഭാഗ്യകരമായ പരാമര്‍ശമാണെന്നും അത് പിന്‍വലിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.

Live Updates
21:44 (IST) 29 Jul 2022
ഈ വര്‍ഷം മാത്രം ഐടി മന്ത്രാലയം ബ്ലോക്ക് ചെയ്തത് 1482 വെബ്സൈറ്റുകള്‍

ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെ ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം ബ്ലോക്ക് ചെയ്തത് 1,482 വെബ്സൈറ്റുകള്‍. നിയമ നയ സ്ഥാപനമായ സോഫ്റ്റ്വെയര്‍ ഫ്രീഡം ലീഗല്‍ സെന്‍ട്രല്‍ (എസ്എഫ്എല്‍സി.ഇന്‍) സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്.

ബ്ലോക്ക് ചെയ്തവയില്‍ വെബ്പേജുകള്‍, വെബ്സൈറ്റുകള്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലെ പേജുകള്‍ എന്നിങ്ങനെ എല്ലാതരം യുഎആര്‍എല്ലുകളും ഉള്‍പ്പെടുന്നു. 2000ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ ടി) നിയമത്തിലെ 69 എ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് ഈ വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്.

21:02 (IST) 29 Jul 2022
‘സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കണം’; ദിലീപ് സുപ്രീം കോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ സമയബന്ധിതമായി വിചാരണ പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സുപ്രീംകോടതിയില്‍. തുടരന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുതിയ അന്വേഷണത്തിന് അനുമതി നല്‍കരുതെന്നു നിര്‍ദേശം നല്‍കണം, വിസ്തരിച്ചവരെ വീണ്ടും വിചാരണക്കോടതിയില്‍ വിസ്തരിക്കാന്‍ അനുവദിക്കരുത് എന്നിവയാണു ഹര്‍ജിയില്‍ ദിലീപിന്റെ പ്രധാന ആവശ്യങ്ങള്‍.

വിചാരണ പൂര്‍ത്തിയാക്കി വിധി പറയുന്നതില്‍നിന്നു വിചാരണക്കോടതി ജഡ്ജിയെ അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും അതിജീവിതയും തടസപ്പെടുത്തുന്നുവെന്നാണ് ദിലീപ് ഹര്‍ജിയിലെ ആരോപണം. വിചാരണക്കോടതി ജഡ്ജിക്കു സ്ഥാനക്കയറ്റം ലഭിക്കുന്നതു വരെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണു ശ്രമമെന്നും ദിലീപ് ആരോപിക്കുന്നു.

20:35 (IST) 29 Jul 2022
‘രാഷ്ട്രപത്നി’ പരാമര്‍ശം: ക്ഷമാപണം നടത്തി അധിര്‍ രഞ്ജന്‍ ചൗദരി

രാഷ്ട്രപത്നി പരാമര്‍ശത്തില്‍ പ്രസിഡന്റ് ദ്രൗപതി മുര്‍മുവിനോട് ക്ഷമാപണം നടത്തി കോണ്‍ഗ്രസ് എംപി അധിര്‍ രഞ്ജന്‍ ചൗദരി. ഭരണകക്ഷിയായ ബി ജെ പിയില്‍ നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് നടപടി.

“പ്രസിഡന്റ് പദവിയെ വിവരിക്കാന്‍ തെറ്റായ വാക്ക് ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നു. അത് ഒരു നാക്ക് പിഴ സംഭവിച്ചതാണ്. ഞാന്‍ ക്ഷമ ചോദിക്കുന്നു. ക്ഷമാപണം സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു,” പ്രസിഡന്റിനുള്ള കത്തില്‍ അധിര്‍ രഞ്ജന്‍ ചൗദരി വ്യക്തമാക്കി.

19:34 (IST) 29 Jul 2022
കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിക്കുന്നുവെന്ന് എം കുഞ്ഞാമൻ

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നിരസിച്ച് എം കുഞ്ഞാമന്‍. ബഹുമതികളുടെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് എം കുഞ്ഞാമന്റെ പ്രതികരണം. മികച്ച ആത്മകഥക്കുള്ള സാഹിത്യ അക്കാദമി അവാര്‍ഡായിരുന്നു കുഞ്ഞാമന് ലഭിച്ചത്.

18:12 (IST) 29 Jul 2022
ബിജെപിയിലേക്കില്ലെന്ന് കാപ്പന്‍

ബിജെപിയില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി എംഎല്‍എയുടെ എന്‍സികെ നേതാവുമായ മാണി സി കാപ്പന്‍. “ബിജെപിയിലേക്കെന്നുള്ള പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ഒരു കാരണവശാലും ബിജെപിയിലേക്ക് പോകില്ല,” മാണി സി കാപ്പന്‍ വ്യക്തമാക്കി.

17:11 (IST) 29 Jul 2022
കര്‍ണാടകയിലെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം എന്‍ഐഎയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍

ബിജെപി യുവ മോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നാട്ടാരുടെ കൊലപാതകത്തിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ഐഎ) കൈമാറും. കര്‍ണാടക മുഖ്യമന്ത്രി ബാസവരാജ് ബൊമ്മൈയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“അന്വേഷണം പുരോഗമിക്കുകയാണ്. പ്രവീണിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്നും അന്തര്‍ സംസ്ഥാന ബന്ധങ്ങളുണ്ടെന്നും സംശയിക്കുന്നു. അന്വേഷണം എന്‍ഐഎക്ക് കൈമാറാന്‍ തീരുമാനിച്ചിരിക്കുകയാണ്,” മുഖ്യമന്ത്രി വ്യക്തമാക്കി.

16:00 (IST) 29 Jul 2022
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി

മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം തുടര്‍ന്ന് കോണ്‍ഗ്രസ്. ഇന്ന് എറണാകുളത്ത് കാക്കനാട്, കളമശേരി, ആലുവ എന്നിവിടങ്ങളില്‍ വിവിധ പരിപാടികള്‍ക്കെത്തിയതായിരുന്നു മുഖ്യമന്ത്രി. മൂന്നിടത്തും കരിങ്കൊടിയുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

14:23 (IST) 29 Jul 2022
മഴ മുന്നറിയിപ്പിൽ മാറ്റം; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

14:19 (IST) 29 Jul 2022
ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകി: മന്ത്രി വി എൻ വാസവൻ

കരുവന്നൂർ ബാങ്കിൽ നിന്ന് 38.75 കോടി രൂപ നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ. ഫിലോമിനയുടെ കുടുംബത്തിന് 4.60 ലക്ഷം തിരികെ നൽകിയെന്നും ആകെ 104 കോടി രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നതെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ മാസം അവസാനം പണം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഫിലോമിനയുടെ കുടുംബത്തിന് പണം നൽകാൻ കഴിയാതിരുന്നത്. ഇത് സംബന്ധിച്ച് ജോയിന്റ് രജിസ്റ്ററുടെ റിപ്പോർട്ടുണ്ട്. അത് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

14:00 (IST) 29 Jul 2022
ബാംഗ്ലൂർ സ്‌ഫോടനക്കേസ്: മഅദനിക്കെതിരെ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ

ബാംഗ്ലൂർ സ്‌ഫോടനക്കേസിൽ അബ്ദുൽ നാസർ മഅദനി ഉൾപ്പെടെ 21 പ്രതികൾക്കെതിരെ തെളിവുകൾ പുതിയ തെളിവുകൾ ഉണ്ടെന്ന് കർണാടക സർക്കാർ ഹൈക്കോടതിയിൽ. കോൾ റെക്കോർഡുകൾ ഉൾപ്പെടെയുള്ള രേഖകൾ പരിഗണിക്കാൻ വിചാരണ കോടതിക്ക് നിർദ്ദേശം നൽകണമെന്ന് കർണാടക സർക്കാർ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേൾക്കുന്നത് സ്റ്റേ ചെയ്തു. എല്ലാ പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു . പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

12:39 (IST) 29 Jul 2022
ഇൻഡിഗോ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി

അസമിലെ ജോർഹട്ടിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനം ടേക്ക് ഓഫിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, വിമാനത്തിന്റെ ചക്രങ്ങൾ റൺവേയിൽ നിന്ന് തെന്നിമാറി ചതുപ്പിൽ താഴ്ന്നതായി വിമാനക്കമ്പനി അറിയിച്ചു.

വ്യാഴാഴ്ച 98 യാത്രക്കാരുമായി വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയാണ് സംഭവം.

11:41 (IST) 29 Jul 2022
ഇടുക്കിയിൽ നേരിയ ഭൂചലനം

ഇടുക്കിയിൽ പുലർച്ചെ രണ്ടു തവണ നേരിയ ഭൂചലനമുണ്ടായതായി വിവരം. പുലർച്ചെ 1:48 ഓടെയാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്കെയിലിൽ 2.9 , ൩ എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തി. ഇടുക്കിയിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.

11:37 (IST) 29 Jul 2022
മുഖ്യമന്ത്രിക്ക് നേരെ ഇന്നും കരിങ്കൊടി

ആലുവയിൽ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടി. ആലുവ കമ്പനിപ്പടി ഭാഗത്ത് വെച്ചാണ് കരിങ്കൊടി കാട്ടിയത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തു.

11:02 (IST) 29 Jul 2022
മംഗളൂരുവിലെ കൊലപാതകം: സുരക്ഷ ശക്തമാക്കി പൊലീസ്, പ്രദേശത്ത് നിരോധനാജ്ഞ

സംഘർഷ സാധ്യത നിലനിൽക്കുന്ന ദക്ഷിണ കർണാടകയിൽ ഇന്നലെ രാത്രി ഒരാൾ കൂടി കൊല്ലപ്പെട്ടതിന് പിന്നാലെ സുരക്ഷ ശക്തമാക്കി കർണാടക പൊലീസ്. ശനിയാഴ്ച രാവിലെ വരെ സൂറത്ത്കൽ, പനമ്പൂർ, മുൽക്കി, ബജ്‌പെ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.

ഇന്നലെ രാത്രിയാണ് മംഗ്ലൂരു സൂറത്ത്കൽ സ്വദേശിയായ ഫാസിലിനെ (23) ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. മുഖം മൂടി ധരിച്ചെത്തിയ സംഘം തുണിക്കടയ്ക്ക് മുന്നിൽ സുഹൃത്തുമായി സംസാരിച്ചു നിൽക്കുകയായിരുന്ന ഫാസിലിനെ കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ തുണിക്കടയിലേക്ക് ഓടിക്കയറിയ ഫാസിലിനെ ആക്രമികൾ അതിനകത്തിട്ടും തുടരെ വെട്ടി. തുണിക്കടയിലെ ജീവനക്കാർ ഓരോ വസ്തുക്കൾ എറിഞ്ഞ് ആക്രമികളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വെട്ടേറ്റു വീണ ഫാസിലിനെ ആക്രമികൾ തുടരെ വെട്ടിയതായാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

10:19 (IST) 29 Jul 2022
സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ യൂട്യൂബർ സൂരജ് പാലാക്കാരൻ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. കൊച്ചി അസിസ്റ്റന്റെ കമ്മീഷണർക്ക് മുമ്പാകെയാണ് ഹാജരായത്. കഴിഞ്ഞ ദിവസം സൂരജ് പാലാക്കാരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങിയത്.

09:05 (IST) 29 Jul 2022
ശ്രീറാം വെങ്കിട്ടരാമന്റെ നിയമനം; പ്രതിഷേധം കനക്കുന്നു

ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിനെതിരെ പ്രതിഷേധം തുടരുന്നു. മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ കളക്ട്രേറ്റിന് മുന്നിൽ പ്രതിഷേധം സംഗമം നടത്തു. കോൺഗ്രസും പത്രപ്രവർത്തക യൂണിയനും പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കെ എം ബഷീറിന്‍റെ സഹപാഠികളുടെ സത്യഗ്രഹവും ഇന്ന് നടക്കും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പത്രപ്രവർത്തക യൂണിയൻ പ്രതിഷേധം സംഘടിപ്പിക്കും.

അതേസമയം, ശ്രീറാം വെങ്കിട്ടരാമന്‍റെ ഔദ്യോഗിക പരിപാടികൾ ബഹിഷ്‌കരിക്കാൻ കോൺഗ്രസും മുസ്ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്. ഇന്ന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റി യോഗം ഇരു പാർട്ടികളും ബഹിഷ്കരിക്കും. ജില്ലാ കലക്ടറായ ശ്രീറാം വെങ്കിട്ടരാമനാണ് നെഹ്റു ട്രോഫി വള്ളംകളി കമ്മിറ്റിയുടെ ചെയർമാൻ.

08:59 (IST) 29 Jul 2022
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ട്രയല്‍ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. നേരത്തെ 28ന് ട്രയൽ അലോട്ട്മെന്റ വരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. വിദ്യാർത്ഥികൾക്ക് ഹയർ സെക്കണ്ടറി പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിന്റെ വെബ്‌സൈറ്റായ  www. admission. dge. kerala.gov.in എന്നതിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് റിസൾട്ട് പരിശോധിക്കാം.

08:58 (IST) 29 Jul 2022
വ്യോമസേന വിമാനാപകടം; അന്വേഷണം തുടങ്ങി

ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധവിമാനം രാജസ്ഥാനിൽ തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ച സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. അപകടകാരണം കണ്ടെത്താൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് വ്യോമസേന ട്വിറ്ററിലൂടെ അറിയിച്ചു.

ഇന്നലെ രാത്രി 9:10 ഓടെയാണ് രാജസ്ഥാനിലെ ബാർമറിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം തകർന്നു വീണ് രണ്ട് പൈലറ്റുമാർ മരിച്ചത്. ഇരട്ട സീറ്റുകളുള്ള മിഗ് 21 പരിശീലന വിമാനമാണ് തകർന്നുവീണത്. മരിച്ച രണ്ടു പൈലറ്റുമാരുടെ പേര് വിവരങ്ങൾ വ്യോമസേന പുറത്തുവിട്ടിട്ടില്ല.

Web Title: Top news live updates 29 july 2022 kerala