scorecardresearch

Top News Highlights: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി വിചാരണാക്കോടതി തള്ളി

Top News Live Updates: കേസിൽ രണ്ടാഴ്ചക്കകം അന്തിമ റിപ്പോർട്ട് നൽകാൻ കോടതി നിർദേശിച്ചു

Dileep, Actress attack case, Supreme Court

Top News Highlights: കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ എട്ടാം പ്രതി ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി തള്ളി. ദിലീപിന് ജാമ്യത്തിൽ തുടരാമെന്നും കോടതി വ്യക്തമാക്കി. ജാമ്യം റദ്ദാക്കാൻ മതിയായ കാരണങ്ങൾ ഇല്ലന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. വിചാരണക്കോടതി ഉത്തരവിനെതിരെ മേൽക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.

ദിലീപ് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവ് നശിപ്പിച്ചുവെന്നും അതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ്റെ പ്രധാന ആവശ്യം. വിപിന്‍ ലാല്‍, ജിന്‍സണ്‍, സാഗര്‍ വിന്‍സന്‍റ്, ശരത് ബാബു, സുനീര്‍, ഡോ.ഹൈദരലി ,ദാസന്‍ എന്നീ സാക്ഷികളെ ദിലീപ് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു. സംവിധായകൻ ചന്ദ്രകുമാറിൻ്റെ വെറ്റപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പുതിയ തെളിവുകൾ ഹാജരാക്കിയാണ് പ്രോസിക്യൂഷൻ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്.

കേസില്‍ നിര്‍ണ്ണായകമായ തെളിവുകള്‍ ദിലീപ് നശിപ്പിച്ചതായും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുംബൈയിലെ സ്വകാര്യ ലാബില്‍ വെച്ചും സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്‍റെ സഹായത്തോടെയുമാണ് ദിലീപ് മൊബൈല്‍ ഫോണിലുള്ള തെളിവുകള്‍ നശിപ്പിച്ചതെന്നും പ്രോസിക്യൂഷന്‍ വിശദീകരിച്ചിരുന്നു. ജാമ്യത്തിലിരിക്കെ ദിലീപ്, വധ ഗൂഢാലോചനക്കേസില്‍ പ്രതിയായതുതന്നെ ജാമ്യവവസ്ഥകള്‍ ലംഘിച്ചതിന് പ്രധാന തെളിവാണെന്നും ദിലീപ് സമാന്തര ജുഡീഷ്യല്‍ സംവിധാനം സൃഷ്ടിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ദിലീപ് അഭിഭാഷകർ വഴി സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള പ്രോസിക്യൂഷൻ്റെ ആരോപണങ്ങൾ തെറ്റാണെന്ന് പ്രതിഭാഗവും വാദിച്ചു.

കേസിൽ മാപ്പുസാക്ഷിയായ വിപിൻ ലാലിന് ദിലീപ് ഭീഷണിക്കത്ത് അയച്ചുവെന്ന വാദവും തെറ്റാണ്. കത്ത് അന്വേഷണസംഘം വ്യാജമായി സൃഷ്ടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചിരുന്നു. പ്രോസിക്യൂഷൻ ആരോപണത്തിന് തെളിവില്ലെന്ന് കണ്ട് ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷ കോടതി നേരത്തെ തള്ളിയതാണെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി. തനിക്കെതിരായ ആരോപണങ്ങൾ പ്രോസിക്യൂഷൻ കെട്ടിച്ചമച്ചതാണെന്നും ബാലചന്ദ്രകുമാറിൻ്റെ തിരക്കഥയാണ് കേസിന് ആധാരമെന്നും ദിലീപ് ബോധിപ്പിച്ചു. വിശദമായ വാദം കേട്ട കോടതി പ്രോസിക്യൂഷൻ്റെ ആവശ്യം തള്ളുകയായിരുന്നു.കഴിഞ്ഞ വർഷവും സമാന ആവശ്യം ഉന്നയിച്ചുള്ള പ്രോസിക്യൂഷൻ ഹർജി, മതിയായ തെളിവില്ലെന്ന് കണ്ട് വിചാരണക്കോടതി തള്ളിയിരുന്നു.

അതിനിടെ, സ്വര്‍ണം, ഡോളര്‍ കടത്ത് കേസുകളില്‍ സ്വപ്നയുടെ വെളിപ്പെടുത്തലുകളിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ നിയമസഭയിൽ ചോദിച്ചു. സ്വർണക്കടത്തു കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നെവെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസ് സഭയിൽ ചർച്ച ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സികളെ അന്വേഷണത്തിന് ക്ഷണിച്ചത് മുഖ്യമന്ത്രിയാണ്. അവര്‍ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അന്വേഷണം തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരായി. അവര്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം ആരംഭിച്ചു. കേന്ദ്ര ഏജൻസികൾ അധികാരം ദുരുപയാഗം ചെയ്യുന്നവരാണ്. അവരുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് എന്നും ഒരേ നിലപാടാണെന്ന് വി.ഡി.സതീശന്‍ പറഞ്ഞു.

അതേസമയം, സ്വർണക്കടത്തു കേസിലെ ആരോപണങ്ങൾ എല്ലാം വൃഥാവ്യായാമമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വപ്ന സുരേഷിനുപിന്നില്‍ സംഘപരിവാറാണ്. സ്വപ്നയുടെ ജോലി, അഭിഭാഷകന്‍, സുരക്ഷ തുടങ്ങിയവ എല്ലാം സംഘപരിവാർ ഏർപ്പാടു ചെയ്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അവരുടെ വാക്കുകളാണ് കോൺഗ്രസ് വേദവാക്യമായി എടുക്കുന്നത്. ഇത്തരം ആരോപണങ്ങൾ നടത്തുന്നത് സംസ്ഥാനത്തെ പൊതു അന്തരീക്ഷം മലിനപ്പെടുത്താനാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

അതിനിടെ, മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. സിപിഎം സംസ്ഥാന കമ്മിറ്റി, സെക്രട്ടറിയേറ്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1987 ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി മന്ത്രിയായും 96 ൽ ധനമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് മാസ്‌ക് ധരിക്കൽ നിർബന്ധമാക്കി ഉത്തരവ് ഇറങ്ങി. പൊതുവിടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായി ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽനിന്നും പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ എസ്‌പിമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിൽ സഭ ഇന്നും പ്രക്ഷുബ്ധമാവും. സണ്ണി ജോസഫ് അടിയന്തര പ്രമേയ നോട്ടിസ് നൽകും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും, രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതും സഭയിൽ ഉന്നയിക്കപ്പെടും.

Live Updates
21:28 (IST) 28 Jun 2022
മുകേഷ് അംബാനി റിലയൻസ് ജിയോ ബോര്ഡിൽനിന്നു രാജിവെച്ചു; മകൻ ആകാശ് പുതിയ ചെയർമാൻ

മുകേഷ് അംബാനി ടെലികോം ഗ്രൂപ്പ് റിലയൻസ് ജിയോയുടെ ബോർഡിൽ നിന്ന് രാജിവച്ച് കമ്പനിയുടെ നിയന്ത്രണം മൂത്ത മകൻ ആകാശിന് കൈമാറി. ജൂൺ 27 ന് നടന്ന കമ്പനിയുടെ ബോർഡ് യോഗത്തിന് ശേഷമാണ് മകൻ ചുമതല ഏറ്റെടുത്തത്.

18:49 (IST) 28 Jun 2022
മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആൾട്ട് ന്യൂസിന്റെ സഹസ്ഥാപകൻ മുഹമ്മദ് മുഹമ്മദ് സുബൈറിനെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ ഇടപെടല്‍ നടത്തിയെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസമാണ് സുബൈറിനെ ഡല്‍ഹി പൊലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്ഒ) വിഭാഗം അറസ്റ്റ് ചെയ്തത്. സുബൈർ തന്റെ ട്വീറ്റിലെ ചിത്രം എഡിറ്റ് ചെയ്തിട്ടില്ലെന്നും ഒരു ഹിന്ദി സിനിമയിൽ നിന്നുള്ള ചിത്രമാണ് ട്വീറ്റിൽ ഉപയോഗിച്ചതെന്നും അറസ്റ്റ് അസംബന്ധമാണെന്നും അഭിഭാഷകർ ചൊവ്വാഴ്ച ഡൽഹി കോടതിയെ അറിയിച്ചു.

18:26 (IST) 28 Jun 2022
ഓഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണു; നാല് പേർ മരിച്ചു

ഓഎൻജിസി ഹെലികോപ്റ്റർ അറബിക്കടലിൽ തകർന്നു വീണ് നാല് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഒമ്പത് പേരുമായി ഹെലികോപ്റ്റർ മുംബൈയിൽ നിന്ന് 60 നോട്ടിക്കൽ മൈൽ അകലെ സാഗർ കിരൺ റിഗിന് സമീപം കടലിൽ വീണത്. പവന്‍ ഹാന്‍സ് സികോര്‍സ്‌കി എസ്-76 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അടിയന്തര ലാൻഡിങിനിടെയാണ് അപകടം

18:22 (IST) 28 Jun 2022
കുതിച്ചുയർന്ന് കോവിഡ്; 4459 പുതിയ കേസുകൾ, 15 മരണം

സംസ്ഥാനത്ത് കോവിഡ് കേസുകൾ വൻവർധനവ്. 4459 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 15 മരണങ്ങളും റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്തും എറണാകുളത്തും ആയിരത്തിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

17:00 (IST) 28 Jun 2022
അറസ്റ്റ് തടയണം എന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നസുരേഷിൻ്റെ അറസ്റ്റ് തടയണമെന്ന ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. സ്വപ്ന സമർപ്പിച്ച പുതിയ മുൻകൂർ ജാമ്യപേക്ഷ കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. അന്നു വരെ അറസ്റ്റ് തടയണമെന്ന് സ്വപ്ന ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം കോടതി കണക്കിലെടുത്തില്ല. ജസ്റ്റീസ് വിജു എബ്രഹാം ആണ് കേസ് പരിഗണിച്ചത്. കേസിൽ കോടതി സർക്കാരിൻ്റെ നിലപാട് തേടി.

ഗൂഡാലോചനയും കലാപശ്രമവും ആരോപിച്ച് കൻ്റോൺമെൻ്റ് പൊലീസ് എടുത്ത കേസിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സ്വപ്ന കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ ചുമത്തി ആദ്യം എടുത്ത കേസ് കോടതി തീർപ്പാക്കിയിരുന്നു.

ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ച് നൽകിയ നോട്ടീസിലാണ് ക്രമസമാധാനം തകർക്കൽ സർക്കാരിനെതിരെ കുറ്റം ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കൽ, വ്യാജരേഖ ചമക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയത്. തനിക്കെതിരായ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന സ്വപ്നയുടെ ഹർജി മറ്റൊരു ബഞ്ച് വെള്ളിയാഴ്ച പരിഗണിക്കാനായി മാറ്റി. മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും സർക്കാരിൻ്റെയും പ്രതിഛായ തകർക്കാൻ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീൽ നൽകിയ പരാതിയിലാണ് സ്വപ്നക്കെതിരെ കേസ് എടുത്തിട്ടുള്ളത്.

15:38 (IST) 28 Jun 2022
ടി. ശിവദാസ മേനോന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുന്‍ ധനകാര്യമന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന ടി.ശിവദാസ മേനോന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആശയത്തിലും സംഘടനാ തലത്തിലും ഒരുപോലെ സജ്ജമാക്കി നിര്‍ത്തുന്നതില്‍ അവിസ്മരണീയമായ സംഭാവനകള്‍ നല്‍കിയ വിപ്ലവകാരിയാണ് ടി.ശിവദാസ മേനോന്‍. സംഘടനാ രംഗത്തും ഭരണ രംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശിവദാസ മേനോന്‍ മികച്ച വാഗ്മിയും മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന കമ്മ്യൂണിസ്റ്റുമായിരുന്നു.

അധ്യാപക സംഘടനാ രംഗത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച ശിവദാസമേനോന്‍റെ സംഘടനാപാടവം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമെന്ന നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുതല്‍ കൂട്ടായിരുന്നു. സ്വകാര്യ സ്കൂള്‍ അധ്യാപകരുടെ സംഘടനയായിരുന്ന കെപിടിയു വിന്‍റെ ഭാരവാഹിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച അദ്ദേഹം പിന്നീട് അധ്യാപക പ്രസ്ഥാനത്തിന്‍റെ സംസ്ഥാനത്തെ ഏറ്റവും ഉന്നതായ നേതാവായി മാറി. യാതനാപൂര്‍വ്വമായ നിരവധി സമരങ്ങളിലൂടെ അധ്യാപക പ്രസ്ഥാനത്തെ സുശക്തമായ ഒന്നായി കെട്ടിപ്പടുക്കുന്നതില്‍ ശിവദാസ മേനോന്‍ വഹിച്ച പങ്ക് ചരിത്രപരമായ പ്രാധാന്യമുള്ളതാണ്.

പ്രാസംഗികന്‍, പാര്‍ലമെന്‍റേറിയന്‍, ചരിത്ര ബോധമുള്ള രാഷ്ട്രീയ നേതാവ് എന്നിങ്ങനെ എല്ലാ മേഖലകളിലും ശിവദാസ മേനോന്‍ വ്യക്തിമുദ്ര പതിപ്പിച്ചു. സിപിഐ(എം) നെതിരായ ഏതുവിധത്തിലുള്ള ആക്രമണങ്ങളെയും ചെറുക്കുന്നതിന് അദ്ദേഹം കാട്ടിയ ജാഗ്രതാപൂര്‍ണ്ണമായ നിലപാടുകള്‍ പുതിയ കാലഘട്ടത്തില്‍ വളരെ പ്രസക്തമാണ്. അടിയന്തരാവസ്ഥക്കാലത്തും പാര്‍ട്ടി പ്രതിസന്ധി നേരിട്ട ഇതര ചരിത്ര സന്ദര്‍ഭങ്ങളിലും അദ്ദേഹം ഒളിവിലും തെളിവിലും ജയിലിലുമൊക്കെ കഴിഞ്ഞ് പാര്‍ട്ടിയെ ശക്തിപ്പെടുത്തി. ജനകീയ പോരാട്ടങ്ങളുടെ മുന്‍പന്തിയില്‍ എന്നും ത്യാഗപൂര്‍വ്വമായി നിലകൊണ്ടു.

അതിതീവ്ര ഇടതുപക്ഷ വ്യതിയാനങ്ങള്‍ക്കും തീവ്ര വലതുപക്ഷ വ്യതിയാനങ്ങള്‍ക്കുമെതിരെ മാര്‍ക്‌സിസം-ലെനിനിസത്തിന്റെ കൃത്യമായ സൈദ്ധാന്തിക നിലപാട് മുറുകെ പിടിച്ചുകൊണ്ട് അദ്ദേഹം പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിൽ വ്യാപൃതനായി. പ്രഗല്‍ഭനായ നിയമസഭാ സാമാജികന്‍, ഉയര്‍ന്ന കാര്യക്ഷമതയുള്ള മന്ത്രി എന്നീ നിലകളിലും ശിവദാസ മേനോന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

അവസാനശ്വാസം വരെ കമ്മ്യൂണിസ്റ്റ് മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച അദ്ദേഹവുമായുള്ള വ്യക്തി ബന്ധം സ്മരണീയമാണ്. അദ്ദേഹത്തിന്‍റെ വിയോഗം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ മേഖലയ്ക്ക് തീരാനഷ്ടമാണ്. ബന്ധുമിത്രാദികളുടെയും പാർട്ടിസഖാക്കളുടെയും നാടിന്റെയാകെയും

ദുഃഖത്തില്‍ പങ്കുചേരുന്നു.

14:06 (IST) 28 Jun 2022
സ്വപ്ന സുരേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി

ഗൂഢാലോചന കേസിൽ അറസ്റ്റ് തടയണമെന്ന സ്വപ്ന സുരേഷിന്റെ ആവശ്യം ഹൈക്കോടതി പരിഗണിച്ചില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷ വെളളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യവും അംഗീകരിച്ചില്ല. പാലക്കാട് കേസില്‍ എഫ്ഐആര്‍ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹ‍ർജിയും വെള്ളിയാഴ്ച പരിഗണിക്കും.

14:06 (IST) 28 Jun 2022
ടി. ശിവദാസമേനോന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു

സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ അനുശോചിച്ചു. പാര്‍ട്ടി ചട്ടക്കൂടില്‍ ഉറച്ച് നിന്ന നേതാവായിരുന്നു അദ്ദേഹം. ഒരു നേതാവും പാര്‍ട്ടി പതാകയ്ക്ക് മുകളിലല്ലെന്നതായിരുന്നു അദ്ദേഹത്തിന്റെ എക്കാലത്തെയും നിലപാട്. രാഷ്ട്രീയപ്രഷുബ്ദമായ നിയസഭാ സമ്മേളന കാലങ്ങളില്‍ സഭ്യത വിടാതെ എതിര്‍ രാഷ്ട്രീയ പാര്‍ട്ടികളിലെ അംഗങ്ങളോട് പെരുമാറിയിരുന്ന ശിവദാസമേനോന്‍ എക്കാലത്തും സാമാജികര്‍ക്ക് മാതൃകയാണ്.

14:04 (IST) 28 Jun 2022
മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോൻ അന്തരിച്ചു

മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.ശിവദാസമേനോൻ (90) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

12:32 (IST) 28 Jun 2022
സംസ്ഥാനത്ത് മാസ്‌ക് ധരിക്കൽ നിർബന്ധമാക്കി

സംസ്ഥാനത്ത് മാസ്‌ക് ധരിക്കൽ നിർബന്ധമാക്കി ഉത്തരവ് ഇറങ്ങി. പൊതുവിടങ്ങളിലും യാത്രകളിലും മാസ്ക് നിർബന്ധമായി ധരിക്കണം. മാസ്ക് ധരിക്കാത്തവരിൽനിന്നും പിഴ ഈടാക്കാനും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് മാസ്ക് പരിശോധന കർശനമാക്കാൻ എസ്‌പിമാർക്ക് നിർദേശവും നൽകിയിട്ടുണ്ട്.

10:44 (IST) 28 Jun 2022
വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി

പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. എറണാകുളം സൗത്ത് പൊലീസ് സ്‌റ്റേഷനിൽ പൊലീസ് വിജയ് ബാബുവിനെ ചോദ്യം ചെയ്യുകയാണ്. ഇന്നലെ കേസിൽ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

09:42 (IST) 28 Jun 2022
സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു

സിപിഎം പ്രവര്‍ത്തകനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി മര്‍ദിച്ചു. കാർ കത്തിക്കുകയും ചെയ്തു. വടകരയക്കടുത്ത് കല്ലേരിയില്‍ ഒന്തമല്‍ ബിജുവിനാണ് മർദനമേറ്റത്. ഇന്നു പുലര്‍ച്ചെ ഒന്നര മണിയോടെയാണ് സംഭവം. അര്‍ജുന ആയങ്കിയെ ഒളിവില്‍ പാര്‍പ്പിച്ചുവെന്ന ആരോപണം നേരിട്ടയാളാണ് ബിജു.

08:42 (IST) 28 Jun 2022
സ്വപ്നയുടെ വെളിപ്പെടുത്തൽ; ഇന്നും സഭ പ്രക്ഷുബ്ധമാവും

സ്വർണക്കടത്ത്, ഡോളർ കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളിൽ സഭ ഇന്നും പ്രക്ഷുബ്ധമാവും. സണ്ണി ജോസഫ് അടിയന്തര പ്രമേയ നോട്ടിസ് നൽകും. മുഖ്യമന്ത്രിക്കെതിരെയുള്ള കരിങ്കൊടി സമരത്തെ അടിച്ചമർത്തിയ രീതിയും, രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ ആക്രമിച്ചതും സഭയിൽ ഉന്നയിക്കപ്പെടും.

08:42 (IST) 28 Jun 2022
ദിലീപിന്റെ ജാമ്യം റദ്ദാക്കണം; പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായി എന്നാരോപിച്ചാണ് ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി പ്രോസിക്യൂഷൻ കോടതിയെ സമീപിച്ചത്.

Web Title: Top news live updates 28 june 2022 kerala