scorecardresearch
Latest News

Live

Top News Highlights: സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

മൂന്നാം ദിവസമായ ഇന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് (ഇ ഡി) മൂന്ന് മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്

Sonia Gandhi admitted, Sonia Gandhi covid-19, ED notice

Top News Highlights: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്നാം ദിവസമായ ഇന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് (ഇ ഡി) മൂന്ന് മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. മക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം ഇന്ന് രാവിലെ 11 മണിക്കാണ് സോണിയ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. 11.15 ഓടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം, എംപിമാർ അറസ്റ്റിൽ; രാജ്യസഭയിൽ ഒരു സസ്‌പെൻഷൻ കൂടി

നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും വിലക്കയറ്റത്തിന് എതിരെയും കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതി ഭവൻ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. എംപിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

എഐസിസി ആസ്ഥാനത്തും വിജയ് ചൗക്കിലും പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരെ അറസ്റ്റ് ചെയ്തു. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച എംപിമാരെ അകാരണമായി സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Live Updates
21:56 (IST) 27 Jul 2022
യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകം: അന്വേഷണം കേരളത്തിലേക്ക്

കര്‍ണാടകയില്‍ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷനെതിരെ പ്രതിഷേധമുയര്‍ത്തി പാര്‍ട്ടി പ്രവര്‍ത്തകര്‍. പാര്‍ട്ടി പ്രവര്‍ത്തകരെ സംരക്ഷിക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാരോപിച്ചാണു പ്രതിഷേധം.

പ്രകോപിതരായ പ്രവര്‍ത്തകര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും എംപിയുമായ നളിന്‍ കുമാര്‍ കട്ടീലിന്റെ വാഹനം വളഞ്ഞു. കൊല്ലപ്പെട്ട യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന് ആദരാജ്ഞലിയര്‍പ്പിക്കാന്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം.

20:44 (IST) 27 Jul 2022
സംസ്ഥാനത്ത് കര്‍ക്കിടക വാവുബലി നാളെ

സംസ്ഥാനത്ത് കര്‍ക്കിടക വാവുബലി നാളെ. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ രണ്ട് വര്‍ഷവും ബലിതര്‍പ്പണം അനുവദിച്ചിരുന്നില്ല. പ്രതികൂല കാലാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ അറിയിച്ചു.

19:38 (IST) 27 Jul 2022
ബംഗാളില്‍ 38 ഭരണകക്ഷി എം എല്‍ എമാര്‍ ബന്ധപ്പെട്ടതായി ബി ജെ പി നേതാവ്

പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ 38 എം എല്‍ എമാര്‍ തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതായി ബി ജെ പി നേതാവ് നടന്‍ മിഥുന്‍ ചക്രവര്‍ത്തി. ഇവരില്‍ 21 പേര്‍ താനുമായി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ ഈ അവകാശവാദം തൃണമൂല്‍ കോണ്‍ഗ്രസ് തള്ളി.

കൊല്‍ക്കത്തയിലെ ബി ജെ പി ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണു തൃണമൂല്‍ എം എല്‍ എമാരെക്കുറിച്ച് മിഥുന്‍ ചക്രവര്‍ത്തി അവകാശവാദം ഉന്നയിച്ചത്. ബി ജെ പിയിലെ ഒരു വിഭാഗം എം എല്‍ എമാരുമായി കൂടിക്കാഴ്ച നടത്താന്‍ എത്തിയതായിരുന്നു അദ്ദേഹം പറഞ്ഞു.

18:44 (IST) 27 Jul 2022
സ്പൈസ്ജെറ്റിന് നിയന്ത്രണം; എട്ടാഴ്ചയ്‌ത്തേക്ക് പകുതി സര്‍വിസ് മാത്രം

വിമാനങ്ങള്‍ക്കു തുടര്‍ച്ചയായി സാങ്കേതിക തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് സ്പൈസ് ജെറ്റിനു ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡി ജി സി എ) നിയന്ത്രണം. അടുത്ത എട്ടാഴ്ചത്തേക്ക് 50 ശതമാനം വിമാനങ്ങള്‍ മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളൂവെന്ന് ഡി ജി സി എ ഉത്തരവിട്ടു.

വിമാനങ്ങളില്‍ തുടർച്ചായി സാങ്കേതിക തകരാറുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ സ്പൈസ് ജെറ്റിനു ജൂലൈ ആറിനു ഡി ജി സി എ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. സ്പൈസ് ജെറ്റ് വിമാനങ്ങളിൽ ജൂണ്‍ 19 മുതല്‍ സാങ്കേതിക തകരാറുമായി ബന്ധപ്പെട്ട എട്ട് സംഭവങ്ങളെങ്കിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

18:14 (IST) 27 Jul 2022
ബഫര്‍ സോണ്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭാ തീരുമാനം പ്രതിപക്ഷത്തിന്റെ വിജയമെന്ന് സതീശന്‍

ബഫര്‍ സോണ്‍ സംബന്ധിച്ച 2019-ലെ സര്‍ക്കാര്‍ ഉത്തരവ് തിരുത്താനുള്ള മന്ത്രിസഭായോഗ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തിരുത്താന്‍ തയാറായത് പ്രതിപക്ഷ നിലപാടിന്റെ വിജയമാണ്. ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍ സോണ്‍ വേണമെന്ന് 23-10-2019-ല്‍ മന്ത്രിസഭാ യോഗം എടുത്ത തീരുമാനമാണ് 31-10-2019 ല്‍ സര്‍ക്കാര്‍ ഉത്തരവായി പുറത്തിറങ്ങിയത്. ജനവാസകേന്ദ്രങ്ങള്‍ ഇല്ലാതെ ബഫര്‍ സോണ്‍ രൂപീകരിക്കണമെന്നാണ് 2013-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ ഈ നിലപാട് മാറ്റി 2019ല്‍ പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവാണ് ബഫര്‍ സോണ്‍ സംബന്ധിച്ച സുപ്രീം കോടതി വിധിക്ക് വഴിവച്ചത്. തൊട്ടടുത്ത തമിഴ്‌നാട് പോലും സീറോ ബഫര്‍ സോണാണ് നിശ്ചയിച്ചിരിക്കുന്നത്.

16:57 (IST) 27 Jul 2022
സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് പൂര്‍ത്തിയായി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. മൂന്നാം ദിവസമായ ഇന്ന് എന്‍ഫോഴ്സ് ഡയറക്ടറേറ്റ് (ഇ ഡി) മൂന്ന് മണിക്കൂറാണ് സോണിയയെ ചോദ്യം ചെയ്തത്. മക്കളായ പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമൊപ്പം ഇന്ന് രാവിലെ 11 മണിക്കാണ് സോണിയ ഇ ഡിക്ക് മുന്നില്‍ ഹാജരായത്. 11.15 ഓടെ ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

16:34 (IST) 27 Jul 2022
‘വിലക്കയറ്റത്തിന് കാരണമാകുന്ന നികുതി വർധന നടപ്പാക്കില്ല’; വ്യക്തത വരുത്തി ധനമന്ത്രി

നിത്യോപയോഗ സാധനങ്ങള്‍ക്ക് ജി എസ് ടി ഈടാക്കില്ലെ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തില്‍ വ്യക്തത വരുത്തി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍.

സപ്ലൈക്കൊ, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റ്, സാധരണ കടകള്‍ എന്നിവ വഴി വില്‍ക്കുന്ന സാധനങ്ങള്‍ക്ക് അഞ്ചു ശതമാനം ജി എസ് ടി ഇല്ലെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ സ്റ്റോറുകളില്‍ നേരിട്ടെത്തി പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ലഭിച്ച ബില്ല് ഉള്‍പ്പടെ കാണിച്ചായിരുന്നു മന്ത്രിയുടെ വിശദീകരണം.

15:21 (IST) 27 Jul 2022
ജിഎസ്ടി വകുപ്പ് പുഃസംഘടനയ്ക്ക് അംഗീകാരം

ചരക്കു സേവന വകുപ്പിന്റെ (ജിഎസ്ടി) പുഃസംഘടനയ്ക്ക് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. നികുതി സമ്പ്രദായത്തില്‍ പുതിയ കാഴ്ചപാട് രൂപപ്പെട്ടതോടെ പുതിയ നിയമത്തിനും ചട്ടത്തിനും അനുസൃതമായി കാലോചിതമായ പരിഷ്‌കരണം വകുപ്പിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലും നടപ്പില്‍ വരുത്തുന്നതിന്റെ ഭാഗമായാണ് പുഃസംഘടന. വകുപ്പിന്റെ പുഃസംഘടനയ്ക്കായി 2018ല്‍ രൂപീകരിച്ച ഉന്നതല സിമിതിയുടെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് പുഃസംഘടനയ്ക്ക് അംഗീകാരം നല്‍കിയിരിക്കുന്നത്.

ഇതനുസരിച്ച് ചരക്കുസേവന നികുതി വകുപ്പില്‍ പ്രധാനമായും മൂന്നു വിഭാഗങ്ങളാണ് ഉണ്ടാകുക. 1. നികുതിദായകസേവന വിഭാഗം, 2. ഓഡിറ്റ് വിഭാഗം, 3. ഇന്റലിജന്‍സ് ആന്റ് എന്‍ഫോഴ്‌സ് വിഭാഗം. ഈ മൂന്നു വിഭാഗങ്ങള്‍ക്കും നിലവിലുള്ള മറ്റു വിഭാഗങ്ങള്‍ക്കും പുറമേ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി ടാക്‌സ് റിസേര്‍ച്ച് ആന്റ് പോളിസി സെല്‍, റിവ്യൂ സെല്‍, സി ആന്റ് എജി സെല്‍, അഡ്വാന്‍സ് റൂളിംഗ് സെല്‍, പബ്ലിക്ക് റിലേഷന്‍സ് സെല്‍, സെന്റട്രല്‍ രജിസ്‌ട്രേഷന്‍ യൂണിറ്റ്, ഇന്റര്‍ അഡ്മിനിസ്‌ട്രേഷന്‍ കോ-ഓര്‍ഡിനേഷന്‍ സെല്‍ എന്നിവ ആസ്ഥാന ഓഫീസ് കേന്ദ്രീകരിച്ചും പുതുതായി സൃഷ്ടിക്കും. ഏഴ് സോണുകളിലായി 140 ഓഡിറ്റ് ടീമുകളെയും നിയമിക്കും.

ജിഎസ്ടി വകുപ്പിന്റെ പുതിയ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥ തലത്തിലും കാതലായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇതനുസരിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍/സ്റ്റേറ്റ് ഓഫീസര്‍ തസ്തികയെ ഡെപ്യൂട്ടി കമ്മീഷണര്‍ കേഡറിലേക്ക് ഉയര്‍ത്തി 24 തസ്തികള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി അസിസ്റ്റന്റ് കമ്മീഷണര്‍/ സ്റ്റേറ്റ് ടാകസ് ഓഫീസറുടെ നിലവിലെ അംഗബലം നിലനിര്‍ത്തുന്നതിന് 24 ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍/ അസിസ്റ്റന്റ് സ്റ്റേറ്റ് ഓഫീസര്‍ തസ്തികകളെ അപ്‌ഗ്രേഡ് ചെയ്യും.

അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍ തസ്തികയുടെ അംഗബലം 981 ല്‍ നിന്ന് 1362 ആക്കി ഉയര്‍ത്തും. ഇതിനായി 52 ഹെഡ് ക്ലാര്‍ക്ക് തസ്തികകളെയും 376 സീനിയര്‍ ക്ലര്‍ക്ക് തസ്തികകളെയും അപ്‌ഗ്രേഡ് ചെയ്യും.

14:13 (IST) 27 Jul 2022
കോൺഗ്രസിന്റെ രാജ്ഭവൻ മാർച്ച്; പ്രതിപക്ഷ നേതാവ് അറസ്റ്റിൽ

കോൺഗ്രസ് നേതാക്കൾ തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു. നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

14:00 (IST) 27 Jul 2022
ജനവാസകേന്ദ്രങ്ങളെ ഒഴിവാക്കും; ബഫർസോണിൽ തിരുത്തുമായി സർക്കാർ

സംസ്ഥാനത്തെ ബഫർ സോണുകളിൽ നിന്ന് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കാൻ മന്ത്രിസഭാ തീരുമാനം. 2019ൽ ഇറക്കിയ ഇതുസംബന്ധിച്ച ഉത്തരവ് തിരുത്തും. സുപ്രീംകോടതിയിൽ തുടർനടപടികൾ സ്വീകരിക്കാൻ വനംവകുപ്പിനെ ചുമതലപ്പെടുത്തി. സംരക്ഷിത വനങ്ങളുടെ അതിർത്തിക്ക് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഒരു കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോലമേഖല ആകണമെന്നായിരുന്നു 2019ലെ ഉത്തരവ്.

13:53 (IST) 27 Jul 2022
എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിയിലെ ആവശ്യം തൃപ്തികരമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭരണഘടനയെ അധിക്ഷേപിച്ചെന്ന ആരോപണത്തിൽ ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാനെ അയോഗ്യനാക്കണമെന്ന ഹർജിയിലെ ആവശ്യം പ്രാഥമികമായി തന്നെ തൃപ്തികരമല്ലെന്ന് ഹൈക്കോടതി.

സജി ചെറിയാനെ എം എൽ എ സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഏലംകുളം ചെറുകര സ്വദേശി ബിജു പി ചെറുമൻ സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. അഡ്വക്കറ്റ് ജനറലിനോട് പത്ത് ദിവസത്തിനകം സത്യവാങ്ങ്മൂലം സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റീസ് എസ്.മണി കുമാറും ജസ്റ്റീസ് ഷാജി.പി. ചാലിയും അടങ്ങുന്ന ബഞ്ചാണ് കേസ് പരിഗണിച്ചത്. ഭരണഘടനയെ അധിക്ഷേപിച്ചതിന് സജി.ചെറിയാനെതിരെ പൊലിസ് കേസെടുത്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ടന്നും ഹർജിക്കാരൻ വ്യക്തമാക്കി. ഹർജിയിലെ ആവശ്യം നിലനിൽക്കില്ലന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ കെ.ഗോപാലകൃഷ്ണക്കറുപ്പ് വ്യക്തമാക്കി. എം എൽ എ യെ അയാഗ്യനാക്കുന്നതിന് ഭരണഘടനയിൽ തന്നെ വ്യവസ്ഥകൾ

നിർദേശിക്കുന്നുണ്ടെന്നും മന്ത്രി സ്ഥാനത്തിരുന്നു കൊണ്ട് സത്യപ്രതിജ്ഞാ ലംലനം നടത്തിയാൽ പോലും ഭരണഘടനയുടെ അനുഛേദം 226 പ്രകാരം സാധ്യമല്ലെന്നും എജി വ്യക്തമാക്കി.

13:45 (IST) 27 Jul 2022
നിയമസഭാ കയ്യാങ്കളിക്കേസ്: പ്രതികള്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി, കെ ടി ജലീൽ, ഇ പി ജയരാജൻ അടക്കമുള്ള പ്രതികൾ സെപ്റ്റംബർ 14 ന് ഹാജരാകണമെന്ന് തിരുവനന്തപുരം സിജെഎം കോടതി. കുറ്റപത്രം വായിച്ചു കേൾക്കുന്നതിനാണ് മന്ത്രി ശിവൻകുട്ടി അടക്കമുള്ളവരോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

13:41 (IST) 27 Jul 2022
ഡൽഹിയിൽ കോൺഗ്രസ് പ്രതിഷേധം, എംപിമാർ അറസ്റ്റിൽ; രാജ്യസഭയിൽ ഒരു സസ്‌പെൻഷൻ കൂടി

നാഷണൽ ഹെറാൾഡ് കേസിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ ചോദ്യം ചെയ്യലിലും ഇഡി നടപടികളിലും വിലക്കയറ്റത്തിന് എതിരെയും കോൺഗ്രസ് നടത്തിയ രാഷ്‌ട്രപതി ഭവൻ മാർച്ചിൽ സംഘർഷം. മാർച്ച് പൊലീസ് തടഞ്ഞു. എംപിമാരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. എഐസിസി ആസ്ഥാനത്തും വിജയ് ചൗക്കിലും പ്രവർത്തകരും പൊലീസും ഏറ്റുമുട്ടി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കെ സി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരെ അറസ്റ്റ് ചെയ്തു. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച എംപിമാരെ അകാരണമായി സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതിനിടെ രാജ്യസഭയിൽ ഒരു എംപിയെ കൂടി സസ്‍പെൻഡ് ചെയ്തു. ആംആദ്മി പാർട്ടി എംപി സഞ്ജയ് സിങിനെയാണ് സസ്പെൻഡ് ചെയ്‌തത്‌. രാജ്യസഭയിൽ ഇന്നലെ പേപ്പർ വലിച്ചു കീറി എറിഞ്ഞതിനാണ് സസ്പെൻഷനെന്നാണ് വിശദീകരണം. വെളളിയാഴ്ച വരെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഇതോടെ സസ്പെൻഷനിലായ പ്രതിപക്ഷ എംപിമാരുടെ എണ്ണം 20 ആയി.

12:51 (IST) 27 Jul 2022
മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പള വർധന; പഠിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാൻ തീരുമാനം

സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കുന്നതിന് കമ്മിഷനെ നിയോഗിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ജസ്റ്റിസ് രാമചന്ദ്രനെയാണ് സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത്. ആറു മാസത്തിനുള്ളില്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനു മുൻപ് 2018ലാണ് ശമ്പളം വർധിപ്പിച്ചത്.

12:43 (IST) 27 Jul 2022
തൊണ്ടിമുതലിൽ കൃത്രിമം നടത്തിയ സംഭവം; ആന്റണി രാജുവിന്റെ വിചാരണ മുടങ്ങിയത് അതീവ ഗുരുതരമെന്ന് ഹൈക്കോടതി

മന്ത്രി ആൻ്റണി രാജുവിനെതിരായ കേസിന്റെ വിചാരണ മുടങ്ങിയത് അതീവ ഗുരുതരമെന്ന് ഹൈക്കോടതി. വിചാരണ പൂർത്തിയാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം.

ഹൈക്കോടതിയുടെ മേൽനോട്ടാധികാരം ഉപയോഗിച്ച് വിചാരണ പൂർത്തിയാക്കാൻ നിർദ്ദേശിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തന ജോർജ് വട്ടുകുളം സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. വിചാരണ പൂർത്തിയാക്കാൻ കാലതാമസം നേരിടുന്നത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. Read More.

12:03 (IST) 27 Jul 2022
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീംകോടതി

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ (പിഎംഎൽഎ) ഭരണഘടനാ സാധുത സുപ്രീം കോടതി ശരിവച്ചു. നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ സുപ്രീംകോടതി തീർപ്പാക്കിയതായി നിയമ വാർത്താ വെബ്സൈറ്റായ ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. Read More.

11:22 (IST) 27 Jul 2022
കർണാടകയിൽ യുവമോർച്ച നേതാവിനെ വെട്ടിക്കൊന്നു; ആക്രമണത്തിന് പിന്നിൽ കേരള രജിസ്‌ട്രേഷൻ ബൈക്കിൽ എത്തിയവർ

കർണാടകയിലെ സുള്ള്യ ബല്ലേരയിൽ യുവ മോർച്ച നേതാവിനെ വെട്ടി കൊലപ്പെടുത്തി. ഇന്നലെ രാത്രി 9:30 ഓടെയാണ് പ്രവീൺ നെട്ടാരു എന്ന നേതാവിനെ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കേരള രജിസ്‌ട്രേഷൻ ബൈക്കിലെത്തിയ രണ്ടുപേരാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷി പറഞ്ഞു. പ്രവീണിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

11:15 (IST) 27 Jul 2022
സോണിയ ഗാന്ധി ഇ ഡി ഓഫീസിൽ

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധി ഡൽഹിയിലെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഓഫീസിൽ ഹാജരായി. മൂന്നാം ദിനമാണ് സോണിയയുടെ ചോദ്യം ചെയ്യൽ. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കൊപ്പമാണ് സോണിയ എത്തിയത്. ഇന്നലെ ആറ് മണിക്കൂറിലധികം നേരം സോണിയയെ ഇ ഡി ചോദ്യം ചെയ്തിരുന്നു.

11:04 (IST) 27 Jul 2022
ബിഷപ്പ് ധർമരാജ് റസാലത്ത് ഇ ഡി ഓഫീസിൽ

ബിഷപ്പ് ധർമരാജ് റസാലത്ത് ഇ ഡി ഓഫീസിൽ ഹാജരായി. പത്തരയോടെയാണ് ബിഷപ്പ് കൊച്ചിയിലെ ഓഫീസിൽ എത്തിയത്.

11:02 (IST) 27 Jul 2022
കോവിഡ് ലോക്ക്ഡൗണും വിമാനസർവീസുകൾ വെട്ടിക്കുറച്ചതും സാങ്കേതിക തകരാറുകൾ വർധിക്കാൻ കാരണമായി: ഡിജിസിഎ

കോവിഡ് ലോക്ക്ഡൗണും വിമാനസർവീസുകൾ വെട്ടിക്കുറച്ചതുമാണ് വിമാനങ്ങളിൽ സാങ്കേതിക തകരാറുകൾ വർധിക്കുന്നതിന് കാരണമാകുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡിജിസിഎ) മേധാവി അരുൺ കുമാർ. അത്തരം സംഭവങ്ങൾ കുറയ്ക്കുന്നതിനായി വ്യോമയാന മന്ത്രാലയം നിരീക്ഷണം വർദ്ധിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു.

11:02 (IST) 27 Jul 2022
വലിയ പ്ലാന്റുകൾ, കൂടുതൽ തൊഴിലവസരങ്ങൾ: ആദ്യം തൊഴിൽപരിഷ്കരണം നടത്തിയവരുടെ നേട്ടങ്ങൾ

തൊഴിൽ നിയമങ്ങൾ പരിഷ്കരിച്ച സംസ്ഥാനങ്ങളിൽ ശരാശരി പ്ലാന്റുകളുടെ വലിപ്പം വർധിച്ചതായും ഉൽപ്പാദനമേഖലയിൽ കൂടുതൽ തൊഴിലവസരങ്ങളുണ്ടായതായും കണ്ടെത്തൽ. കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള ഒരു വിദഗ്‌ധ സംഘത്തിന്റെ പഠനത്തിലാണ് കണ്ടെത്തൽ. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ വ്യവസായവൽക്കരണത്തിനനുസരിച്ചും വ്യവസായങ്ങളുടെ സ്വഭാവത്തിന് അനുസരിച്ചും ഇതിൽ വ്യത്യാസങ്ങളുണ്ട്.

10:41 (IST) 27 Jul 2022
സജീവന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്; മരണകാരണം ഹൃദയാഘാതം

കോഴിക്കോട് വടകരയിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ച കല്ലേരി സ്വദേശി സജീവന്റെ പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്. മരണകാരണം ഹൃദയാഘാതമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സജീവന്റെ രണ്ട് കൈമുട്ടുകളിലെയും തോൽ ഉരഞ്ഞ പോറലുണ്ടെന്നും മുതുകിൽ ചുവന്ന പാടുണ്ടെന്നും ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.

09:53 (IST) 27 Jul 2022
ഫിലിപ്പീൻസിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തി

ഫിലിപ്പീൻസിലെ ലുസോൺ ദ്വീപിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെയാണ് റിക്ടർ സ്കെയിലിൽ 7.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. മുപ്പത് സെക്കൻഡുകൾ നീണ്ടു നിന്ന ഭൂചലനത്തിൽ ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

09:50 (IST) 27 Jul 2022
ബിഷപ്പ് ധർമരാജ് റസാലത്ത് ഇന്ന് ഇ ഡി ഓഫീസിൽ ഹാജരാകും

കാരക്കോണം മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിനായി സിഎസ്ഐ ബിഷപ്പ് ധർമരാജ് റസാലത്ത് ഇന്ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ ഹാജരാകും. മെഡിക്കൽ കോളജിൽ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങൾ ലംഘിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസുകളിലാണ് ഇഡി അന്വേഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം യുകെയിലേക്ക് പോകാനെത്തിയ ബിഷപ്പിനെ തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞിരുന്നു.

09:43 (IST) 27 Jul 2022
തമിഴ്‌നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

തമിഴ്‌നാട്ടിൽ വിദ്യാർത്ഥി വീണ്ടും ആത്മഹത്യ ചെയ്തു. ശിവകാശിക്ക് സമീപം അയ്യംപെട്ടി ഗ്രാമത്തിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് തൂങ്ങിമരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പടക്ക നിർമാണശാലയിൽ ജോലിചെയ്യുന്ന കണ്ണൻ മീന ദമ്പതികളുടെ മകളാണ് വീടിനുള്ളിൽ മരിച്ചത്. രണ്ടാഴ്ചക്കിടെ തമിഴ്‌നാട്ടിൽ ഉണ്ടാകുന്ന നാലാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണിത്.

Web Title: Top news live updates 27 july 2022 kerala