Top News Live Top News Highlights: മുഖ്യമന്ത്രി ഉദ്ധവ് താക്കറയ്ക്കെതിരെ ഗുരുതര ആരോപണവുമായി എക്നാഥ് ഷിന്‍ഡെ ക്യാമ്പിലെ എംഎല്‍എയായ ഭരത്ഷെത് ഗോഗവാലെ. “മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ രണ്ടര വർഷമായി 2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശിവസേന നേതാക്കളുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയിട്ടില്ല. നേരെമറിച്ച്, തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട എൻസിപി സ്ഥാനാർത്ഥികൾക്ക് സംസ്ഥാന ഉപമുഖ്യമന്ത്രി അജിത് പവാര്‍ ധനസഹായം നല്കി. എക്നാഥ് ഷിന്‍ഡെയായിരുന്നു നേതാക്കളെ സഹായിച്ചിരുന്നത്,” ഭരത്ഷെത് പറഞ്ഞു.
വിമത എംഎല്‍എമാരിലെ ദ്രോഹികളെ ശിവസേനയിലേക്ക് തിരിച്ചെടുക്കില്ലെന്ന് ആദിത്യ താക്കറെ. പോകേണ്ടവര്ക്കായും തിരിച്ചു വരേണ്ടവര്ക്കായും പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്ന് കിടക്കുകയാണെന്നും ആദിത്യ കൂട്ടിച്ചേര്‍ത്തു. ശിവ സേനയുടെ ഉദയ് സാമന്തും വിമതപക്ഷത്തിനൊപ്പം ചേര്‍ന്നു. ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ചേരുന്ന ഒന്‍പതാമത്തെ മന്ത്രിയാണ് ഉദയ്.
മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിയിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. വിമതർ ശിവസേനയുടെ പേര് ഉപയോഗിക്കരുതെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് വോട്ട് ചോദിക്കരുതെന്നും ഉദ്ധവ് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വിമത എംഎൽഎമാർക്കെതിരെ ആഞ്ഞടിച്ച അദ്ദേഹം, അവരുടെ തന്ത്രങ്ങളും പദ്ധതികളും നടപ്പിലാക്കാൻ അവർ മുംബൈയിലേക്ക് വരേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. രാവിലെ ട്വിറ്ററിലൂടെ അവർ എത്രനാൾ ഗുവാഹത്തിയിൽ ഒളിച്ചിരിക്കുമെന്ന് സഞ്ജയ് റാവത്ത് ചോദിച്ചിരുന്നു.
അതിനിടെ, ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാനുള്ള ശ്രമമായിരുന്നു അടിയന്തരാവസ്ഥയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അത്തരമൊരു “സ്വേച്ഛാധിപത്യ മനോഭാവത്തെ” ജനാധിപത്യ രീതിയിൽ പരാജയപ്പെടുത്താൻ ഇന്ത്യയിലെ ജനങ്ങൾക്ക് കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ ‘മൻ കി ബാത്തി’ന്റെ 90-ാം പതിപ്പിലാണ് പ്രധാനമന്ത്രിയുടെ പരാമർശം.
“ഇന്ത്യയിലെ ജനങ്ങൾ ‘അടിയന്തരാവസ്ഥ’ തള്ളുകയും ജനാധിപത്യ രീതിയിൽ ജനാധിപത്യം സ്ഥാപിക്കുകയും ചെയ്തു,” പ്രധാനമന്ത്രി മോദി പറഞ്ഞു. “സ്വേച്ഛാധിപത്യ മനോഭാവത്തെയും സ്വേച്ഛാധിപത്യ പ്രവണതയെയും ജനാധിപത്യ രീതിയിൽ പരാജയപ്പെടുത്തുന്നതിന് ലോകത്ത് ഇത്തരമൊരു ഉദാഹരണം കണ്ടെത്താൻ പ്രയാസമാണ്, അദ്ദേഹം കൂട്ടിച്ചേർത്തു.
ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും രണ്ട് ദിവസത്തെ ജർമ്മനി സന്ദർശനത്തിനുമായി പ്രധാനമന്ത്രി മ്യൂണിക്കിൽ എത്തിയതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പുതിയ എപ്പിസോഡ് വരുന്നത്.
അതിനിടെ, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 11,739 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സജീവ രോഗികളുടെ എണ്ണം 92,576 ആയി. നിലവിൽ രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.59 ശതമാനമാണ്. കേരളത്തിൽ ഇന്നലെ 3378 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 17.19 ശതമാനം ആണ് ടിപിആർ.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയും അറബികടലിൽ പടിഞ്ഞാറൻ കാറ്റ്ശക്തമാകുന്നതിന്റെയും സ്വാധീന ഫലമായാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി തുടരുന്നത്.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകൾ
- 26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- 27-06-2022: എറണാകുളം, തൃശൂർ, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
- 28-06-2022: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
- 29-06-2022: ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ 28 വരെയും കർണാടക തീരങ്ങളിൽ 29 വരെയും മീൻപിടിക്കാൻ പോകാൻ പാടുള്ളതല്ലയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാലാണിത്.
സംസ്ഥാനം പ്രതിഷേധത്തിനും പ്രതിരോധത്തിനും സാക്ഷ്യം വഹിക്കുമ്പോള്‍ നാളെ നിയമസഭാ സമ്മേളനത്തിന് തുടക്കമാകും. 15-ാം നിയമസഭയുടെ അഞ്ചാം സമ്മേളനം ജൂലൈ 27 ന് അവസാനിക്കും. സ്വര്‍ണക്കടത്ത് കേസ് ആരോപണങ്ങള്‍ മുതല്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകള്‍ അടിച്ചു തകര്‍ത്ത സംഭവം വരെ ആയുധമായി പ്രതിപക്ഷത്തിന്റെ പക്കലുണ്ട്. സര്‍ക്കാര്‍ എത്തരത്തിലായിരിക്കും പ്രതിരോധിക്കുക എന്നതും നിര്‍ണായകമാകും.
മഹാരാഷ്ട്രയിൽ രാഷ്ട്രീയ സംഘർഷം ഉടലെടുക്കുമ്പോൾ, വിമത എംഎൽഎമാരിൽ 15 പേർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സുരക്ഷ നൽകാൻ തീരുമാനിച്ചു.
സുരക്ഷ അനുവദിച്ച 15 എംഎൽഎമാരിൽ വിമത നേതാവ് ഏകനാഥ് ഷിൻഡെ ഉൾപ്പെട്ടിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. രമേഷ് ബോർനാരെ, മങ്കേഷ് കുഡാൽക്കർ, സഞ്ജയ് ഷിർസത്, ലതാബായ് സോനവാനെ, പ്രകാശ് സർവെ എന്നിവരും മറ്റ് 10 എംഎഎൽഎമാർക്കുമാണ് സുരക്ഷ. സിആർപിഎഫിന്റെ വൈ പ്ലസ് സുരക്ഷയാണ് അനുവദിച്ചിരിക്കുന്നത്. ഇവരുടെ വസതിക്ക് നേരെ ശിവസേന പ്രവർത്തകരുടെ ആക്രമണം ഉണ്ടായെന്ന് റിപ്പോർട്ടുകളെ തുടർന്നാണ് നടപടി.
വിദ്യാർഥി, യുവജന സംഘടനകളിൽ പ്രവർത്തിക്കുന്നവരിൽ മദ്യപാനികളുടെ എണ്ണം കൂടുന്നുവെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുന്നതിനിടയിലാണ് മന്ത്രിയുടെ പരമാർശം.
യുവജന സംഘടനകളിലും വിദ്യാർഥി സംഘടനകളിലുമുള്ള മദ്യപിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. അത്തരക്കാരെ മാറ്റിയെടുക്കാൻ പുതു തലമുറയിൽ ശക്തമായ ബോധവത്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. കേരളം മയക്കുമരുന്നിന്റെ ഹബ് ആയി മാറുകയാണ്. കടൽ മാർഗമാണ് സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തുന്നതെന്നും മന്ത്രി പറഞ്ഞു. ഇത്തരം ക്യാമ്പയിനിന്റെ ഭാഗമായി വരാൻ പോലും യുവാക്കൾ തയ്യാറാകുമെന്ന് കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്റ്റർ പക്ഷി ഇടിച്ചതിനെ തുടർന്ന് അടിയന്തരമായി വാരണാസിയിൽ ഇറക്കേണ്ടി വന്നതായി അധികൃതർ അറിയിച്ചു. ലഖ്നൗവിലേക്ക് യാത്ര തിരിക്കുന്നതിനിടയാണ് ഹെലികോപ്റ്റർ അടിയന്തരമായി താഴെ ഇറക്കേണ്ടിവന്നത്.
ഉപതിരഞ്ഞെടുപ്പ് നടന്ന ലോക്സഭയിലെ മൂന്ന് സീറ്റുകളിലേക്കും വിവിധ നിയമസഭകളിലേക്കുള്ള ഏഴ് സീറ്റുകളിലും ഇന്ന് വോട്ടെണ്ണൽ നടക്കും. ഡൽഹിയിലെ രാജേന്ദർ നഗർ ഉൾപ്പെടെ ആറ് സംസ്ഥാനങ്ങളിലെ ഏഴ് മണ്ഡലങ്ങളിലാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്നത്. ജൂൺ 23നായിരുന്നു ഇവിടങ്ങളിൽ വോട്ടെടുപ്പ്. അഖിലേഷ് യാദവ്, മുഹമ്മദ് അസംഖാൻ എന്നിവർ യുപി നിയമസഭാംഗങ്ങളായതോടെ ഒഴിവുവന്ന അസംഗഡ്, റാംപുർ ലോക്സഭാ മണ്ഡലങ്ങളിലേക്കും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാൻ എംപി സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നു ഒഴിവു വന്ന സങ്രൂരിലെ ലോക്സഭാ സീറ്റിലേക്കുമാണ് ഉപതിരഞെടുപ്പ് നടന്നത്.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് രോഹിതിന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച നടത്തിയ റാപിഡ് ആന്റിജന്‍ ടെസ്റ്റിലാണ് താരം കോവിഡ് പോസിറ്റീവായത്. ഐസൊലേഷനിലേക്ക് മാറ്റിയ രോഹിത്തിനെ ഇന്ന് ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയനാക്കും എന്ന് ബിസിസിഐ അറിയിച്ചു.
സംസ്ഥാനത്ത് ഇന്നലെ പ്രഖ്യാപിച്ച പുതുക്കിയ വൈദ്യുതി നിരക്ക് പ്രാബല്യത്തിൽ വന്നു. 6.6 ശതമാനമാണ് വര്‍ധനവ്. 1000 വാട്ട് വരെ കണക്റ്റഡ് ലോഡും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗവുമുള്ള ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള ഗാർഹിക ഉപഭോക്താക്കൾക്കു താരിഫ് വർധന ഇല്ല. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കളെയും നിരക്കു വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.