scorecardresearch

Top News Highlights: കൊച്ചിയില്‍ വീണ്ടും കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു

കഴിഞ്ഞ ഒന്നര മാസത്തിനിടിയില്‍ കൊച്ചിയില്‍ സംഭവിക്കുന്ന ആറാമത്തെ കൊലപാതകമാണിത്

Top News Highlights: കൊച്ചിയില്‍ വീണ്ടും കൊലപാതകം; കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം

Top News Highlights: കൊച്ചി കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷാണ് അന്തരിച്ചത്. 24 വയസായിരുന്നു. കലൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നാണ് വിവരം. കഴിഞ്ഞ ഒന്നര മാസത്തിനിടിയില്‍ കൊച്ചിയില്‍ സംഭവിക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Live Updates
20:44 (IST) 25 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍: അറസ്റ്റിലായത് 1287 പേര്‍, രജിസ്റ്റര്‍ ചെയ്തത് 308 കേസുകള്‍

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളില്‍ 308 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും വിവിധ അക്രമങ്ങളില്‍ പ്രതികളായ 1287 പേര്‍ അറസ്റ്റിലായതായും പോലീസ് അറിയിച്ചു. ഇതുവരെ 834 പേരെ കരുതല്‍ തടങ്കലിലാക്കിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

19:24 (IST) 25 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ബന്ധം: കണ്ണൂരില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പൊലീസ് റെയ്ഡ്

കണ്ണൂരില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലാപ്‌ടോപ്പ്, സി പി യു ,മൊബൈല്‍ ഫോണ്‍ , ഫയല്‍ എന്നിവ പിടിച്ചെടുത്തു. മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന നടത്തി.

18:05 (IST) 25 Sep 2022
2024 ല്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണം: നിതീഷ് കുമാര്‍

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മുന്‍ ഹരിയാന മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ (ഐഎന്‍എല്‍ഡി) തലവനുമായ ഓം പ്രകാശ് ചൗട്ടാല ഹരിയാനയിലെ ഫത്തേഹാബാദില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രതിപക്ഷ നേതാക്കളായ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമൊപ്പം നിതീഷ് കുമാറും പങ്കെടുത്തു.

16:46 (IST) 25 Sep 2022
മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആരോപണം

പത്തനംതിട്ട പെരുനാട് മധ്യവയസ്‌കന്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യ കുറിപ്പില്‍ സിപിഎം നേതാക്കള്‍ക്ക് എതിരെ ആരോപണം. മടുത്തുമൂഴി സ്വദേശിയും സിപിഎം അനുഭാവിയുമായ ബാബു മേലേതി(64)ലാണ് തൂങ്ങിമരിച്ചത്. ഇന്ന് പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ ബാബുവിന്റേതായി പുറത്ത് വന്ന ആത്മഹത്യകുറിപ്പില്‍ സിപിഎം നേതാക്കളായ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍, ലോക്കല്‍ സെക്രട്ടറി റോബിന്‍ എന്നിവര്‍ മാനസ്സികമായി പീഡിപ്പിച്ചു എന്നാണ് പറയുന്നത്.

15:58 (IST) 25 Sep 2022
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു

കോൺഗ്രസിന്റെ നേതാവായിരുന്ന ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ രമേശ് ചെന്നിത്തല അനുശോചിച്ചു. സംസ്ഥാനത്തെ കോൺഗ്രസ്സിന്റെ ഗതിവിഗതികൾ നിയന്ത്രിക്കുന്നതിൽ അദ്ദേഹം ദീർഘകാലം നിർണ്ണായകപങ്കു വഹിക്കുകയുണ്ടായി. ഭരണാധികാരി എന്ന നിലയിൽ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. പാർട്ടിയോടുള്ള അടിയുറച്ച കൂറും ശക്തമായ നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. അദ്ദേഹത്തിന്റെ വിയോഗം കോൺഗ്രസ് പാർട്ടിക്കും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

14:03 (IST) 25 Sep 2022
അനുശോചിച്ച് കെ സുരേന്ദ്രന്‍

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അനുശോചിച്ചു. കേരള രാഷ്ട്രീയത്തിൽ നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്നു അദ്ദേഹം. പ്രഗത്ഭനായ വാഗ്മിയും നിയമസഭ സാമാജികനും സമർത്ഥനായ ഭരണാധികാരിയു മായിരുന്നു അദ്ദേഹം. ഭാരതീയ സംസ്കാരത്തെയും നമ്മുടെ പൈതൃകത്തെയും ഉയർത്തിപ്പിടിച്ച ദേശീയബോധമുള്ള നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. അദ്ദേഹത്തിൻ്റെ വിയോഗത്തിൽ സഹപ്രവർത്തകരുടേയും കുടുംബാംഗങ്ങളുടേയും ദുഃഖത്തിൽ പങ്കു ചേരുന്നതായും കെ.സുരേന്ദ്രൻ പറഞ്ഞു.

14:03 (IST) 25 Sep 2022
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു

തിരുവനന്തപുരം: മുതിർന്ന നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിൻ അനുശോചിച്ചു. ആര്യാടന്റെ വേർപാടിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗം ആണ് അവസാനിക്കുന്നത്. നിലപാടുകളിലെ കാർക്കശ്യം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വേറിട്ട് നിർത്തി. മത നിരപേക്ഷ നിലപാടുകളിൽ അടിയുറച്ചു നിന്ന നേതാവായിരുന്നു ആര്യാടൻ.

വൈദ്യുതി, ഗതാഗത മന്ത്രി തുടങ്ങിയ നിലകളിൽ സംസ്ഥാനത്തിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ നേതാവാണ് ആര്യാടൻ മുഹമ്മദ് എന്നും മന്ത്രി റോഷി അഗസ്റ്റിൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

12:38 (IST) 25 Sep 2022
സിയുഇടി പിജി 2022 പരീക്ഷാഫലം നാളെ

സിയുഇടി പിജി ഫലം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നാളെ വൈകുന്നേരം നാല് മണിക്ക് പ്രസിദ്ധീകരിക്കും. യുജിസി ചെയര്‍മാര്‍ എം ജഗദീഷ് കുമാര്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. cuet. nta. nic. in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ സാധിക്കുന്നതാണ്.

11:49 (IST) 25 Sep 2022
പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിച്ചയാള്‍, ആര്യാടനെക്കുറിച്ച് സതീശന്‍

മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന് ഏഴ് പതിറ്റാണ്ടോളം നെടുനായകത്വം വഹിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കാനും വാക്കിലും പ്രവൃത്തിയിലും തികഞ്ഞ മതേതരവാദിയാകാനും അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയേക്കുമെന്ന് തോന്നിക്കുമായിരുന്ന സന്ദർഭങ്ങൾ കൃത്യതയോടെ പരിഹരിച്ച് മുന്നണിയെയും പാർട്ടിയേയും ഒരു കാലത്ത് ഒറ്റക്കെട്ടായി മുന്നോട്ട് നയിച്ചത് ആര്യാടൻ മുഹമ്മദായിരുന്നു.

11:39 (IST) 25 Sep 2022
ഗെലോട്ടിന്റെ പിന്‍ഗാമിയെ കണ്ടെത്താന്‍ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ ഇന്ന് നിര്‍ണായ യോഗം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ലെജിസ്ലേച്ചർ പാർട്ടി (സിഎല്‍പി) യോഗം ഇന്ന് ചേരും. അശോക് ഗെലോട്ടിന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കാനാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് ഗെലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനം രാജി വച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

ഗെലോട്ട് പക്ഷത്തുള്ള ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയാകുന്നതിന് പിന്തുണ നല്‍കിയെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം ചേരുന്നത്. സംസ്ഥാന ഗ്രാമവികസന മന്ത്രി രാജേന്ദ്ര സിംഗ് ഗുധ എംഎൽഎ വാജിബ് അലി എന്നിവരും സച്ചിനെ പിന്തുണയ്ക്കുന്നവരില്‍ ഉള്‍പ്പെടുന്നു.

11:10 (IST) 25 Sep 2022
കോണ്‍ഗ്രസിന് കനത്ത നഷ്ടമെന്ന് രാഹുല്‍ ഗാന്ധി

ആര്യാടന്‍ മുഹമ്മദിന്റെ മരണം കോണ്‍ഗ്രസിന് കനത്ത നഷ്ടമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

09:50 (IST) 25 Sep 2022
ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.

ഇടതുപക്ഷവുമായി യോജിച്ചും വിയോജിച്ചും പ്രവർത്തിച്ച രാഷ്ട്രീയ പശ്ചാത്തലം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്രദ്ധേയനായ നിയമസഭാ സാമാജികനായിരുന്നു. മതനിരപേക്ഷ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിന് എന്നും അദ്ദേഹം തയ്യാറായിരുന്നു. തന്റെ വാദമുഖങ്ങൾ ശക്തമായി നിയമസഭയിൽ അവതരിപ്പിക്കുന്നതിൽ മികവ് പുലർത്തിയിരുന്ന സാമാജികനായിരുന്നു ആര്യാടൻ മുഹമ്മദ് എന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

09:50 (IST) 25 Sep 2022
കലൂരില്‍ യുവാവിനെ കുത്തിക്കൊന്നു

കൊച്ചി കലൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു. പള്ളുരുത്തി സ്വദേശി രാജേഷാണ് അന്തരിച്ചത്. 24 വയസായിരുന്നു. കലൂരില്‍ നടന്ന ഗാനമേളയ്ക്കിടെയാണ് സംഭവം നടന്നതെന്നാണ് ലഭിക്കുന്ന വിവരം. കൊലപാതകത്തിന് ശേഷം പ്രതി സ്ഥലത്ത് നിന്ന് ഓടി രക്ഷപെടുകയായിരുന്നു. എന്നാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു. ഉടന്‍ തന്നെ പ്രതി പിടിയിലാകുമെന്നാണ് വിവരം. കഴിഞ്ഞ ഒന്നര മാസത്തിനിടിയില്‍ കൊച്ചിയില്‍ സംഭവിക്കുന്ന ആറാമത്തെ കൊലപാതകമാണിത്.

Web Title: Top news live updates 25 september