scorecardresearch
Latest News

Top News Highlights: എംഎല്‍എമാര്‍ ഇപ്പോഴും സേനയുടെ ഭാഗം; ഒരു പാര്‍ട്ടിയിലും ലയിക്കാനില്ല: ദീപക് കേസർകർ

ഏകനാഥ് ഷിൻഡെ തന്റെ പുതിയ പാർട്ടിക്ക് “ശിവസേന ബാലാസാഹേബ്” എന്ന് പേരിടാൻ തീരുമാനിച്ചതിന് പിന്നാലെയാണ് നീക്കം

Top News Highlights: വിമത എംഎൽഎമാർ ഇപ്പോഴും ശിവസേനയുടെ ഭാഗമാണെന്നും പാർട്ടിയുടെ പ്രത്യേക ബ്ലോക്ക് രൂപീകരിക്കുമെന്നും ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത എംഎൽഎമാരെ പ്രതിനിധീകരിച്ച് സംസാരിക്കവെ ദീപക് കേസർകർ പറഞ്ഞു.

“ഞങ്ങൾ ആരുമായും ലയിക്കാൻ പോകുന്നില്ല. ഞങ്ങൾ പാർട്ടിയുടെ ഒരു പ്രത്യേക ബ്ലോക്ക് സ്ഥാപിക്കും. സേന ബിജെപിക്കൊപ്പം വേണമെന്ന് മുഖ്യമന്ത്രിയോട് ഞാൻ എപ്പോഴും പറഞ്ഞിട്ടുണ്ട്. ഒരു ബിജെപി പ്രധാനമന്ത്രിയും സംസ്ഥാന മുഖ്യമന്ത്രിയും തമ്മിലുള്ള സഹകരണം സംസ്ഥാനത്തിന്റെ വികസനത്തിന് പ്രധാനമാണ്,” ദീപക് കൂട്ടിച്ചേര്‍ത്തു

എക്നാഥ് ഷിന്‍ഡെയ്ക്കൊപ്പമുള്ള ശിവസേനയുടെ 16 വിമത എംഎല്‍എമാര്‍ക്ക് മഹാരാഷ്ട്ര അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ അയോഗ്യതാ നോട്ടീസ് അയച്ചു. മറുപടിക്കായി ജൂണ്‍ 27 വരെയാണ് സമയം നല്‍കിയിരിക്കുന്നതെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

വിമത നേതാവ് ഏകനാഥ് ഷിൻഡെ തന്റെ പുതിയ പാർട്ടിക്ക് “ശിവസേന ബാലാസാഹേബ്” എന്ന് പേരിടാൻ തീരുമാനിച്ചതിന് പിന്നാലെ, പുതിയ ഗ്രൂപ്പുണ്ടാക്കാൻ പാർട്ടിയുടെയോ ബാലാസാഹേബ് താക്കറെയുടെയോ പേര് ഉപയോഗിക്കാൻ ആരെയും അനുവദിക്കില്ലെന്ന് ശിവസേന പ്രമേയം പാസാക്കി. ഇന്ന് ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ അധ്യക്ഷതയിൽ ചേർന്ന ശിവസേനയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് പ്രമേയം പാസാക്കിയത്.

രാഷ്ട്രീയ സംഘർഷങ്ങക്കുള്ള സാധ്യത നിലനിൽക്കുന്നതിനാൽ, മുംബൈ പൊലീസ് ജൂലൈ 10 നഗരത്തിൽ വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെയുടെ ശക്തികേന്ദ്രമായ താനെയിൽ ജില്ലാ ഭരണകൂടം മുമ്പ് സെക്ഷൻ 144 സിആർപിസി ഏർപ്പെടുത്തിയിരുന്നു.

അതിനിടെ, തന്റെയുൾപ്പടെ 16 വിമത എംഎൽഎമാരുടെ വസതികളിൽ ഏർപ്പെടുത്തിയിരുന്ന സുരക്ഷ മഹാരാഷ്ട്ര സർക്കാർ പിൻവലിച്ചെന്ന് വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ ആരോപിച്ചു. രാഷ്ട്രീയ പകപോക്കലാണിതെന്നും അദ്ദേഹം ആരോപിച്ചു. സുരക്ഷ പിൻവലിച്ചത് ചോദ്യം ചെയ്ത് 16 എംഎൽഎമാർ ഒപ്പിട്ട കത്ത് ഷിൻഡെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും ആഭ്യന്തര മന്ത്രി ദിലീപ് വാൽസ് പാട്ടീലിനും അയച്ചു.

തങ്ങളുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു ഉത്തരവാദി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മഹാ വികാസ് അഘാഡി (എം‌വി‌എ) സഖ്യത്തിന്റെ നേതാക്കളുമായിരിക്കുമെന്ന് കത്തിൽ പറഞ്ഞു. അതേസമയം, സുരക്ഷ പിൻവലിക്കുന്നത് സംബന്ധിച്ച ഉത്തരവ് മുഖ്യമന്ത്രിയോ ആഭ്യന്തരമന്ത്രാലയമോ ഇറക്കിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിക്കൊരുങ്ങി സിപിഎം. എസ്എഫ്ഐയുടെ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി. എസ്.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു, സംസ്ഥാന പ്രസിഡന്റ് കെ.അനുശ്രീ എന്നിവരെയാണ് സി.പി.എം. നേതൃത്വം വിളിച്ചുവരുത്തിയത്.

ആക്രമണം നേതൃത്വം അറിയാതെയാണെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു പറഞ്ഞു. പരിശോധിച്ച ശേഷം തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഇരുനേതാക്കളും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കൂടുതൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഇന്ന് കസ്റ്റഡിയിൽ എടുത്തേക്കും. അതേസമയം സമരത്തിൽ പങ്കെടുത്തവർക്കെതിരെ പാര്‍ട്ടിതല നടപടിയ്ക്കും സാധ്യതയുണ്ട്.

ഓഫീസ് ആക്രമിച്ചവർക്കെതിരെ നടപടിയെടുക്കാൻ എസ്എഫ്ഐയോട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിനോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം. പാർട്ടി അറിയാതെയാണ് സമരവും ഓഫീസ് ആക്രമണവും നടന്നതെന്നാണ് സിപിഎം വിശദീകരണം. സമരം ചെയ്ത നടപടിയെ മുഖ്യമന്ത്രി അടക്കമുള്ള സംസ്ഥാന നേതാക്കൾ തള്ളിയിരുന്നു.

അതേസമയം, എസ്എഫ്ഐ ആക്രമണത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയാണ് കോൺഗ്രസ്. കൽപ്പറ്റയിൽ ഇന്ന് കോൺഗ്രസ് മാർച്ച് നടത്തുന്നുണ്ട്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ മാർച്ചിൽ പങ്കെടുക്കും.

Live Updates
20:01 (IST) 25 Jun 2022
സംസ്ഥാനത്തെ മദ്യശാലകള്‍ നാളെ അടച്ചിടും

സംസ്ഥാനത്ത് നാളെ സമ്പൂര്‍ണ ഡ്രൈ ഡെ. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ചാണ് നടപടി സംസ്ഥാനത്തെ സ്വകാര്യ ബാറുകൾക്കും കള്ളു ഷാപ്പുകള്‍ക്കുമുള്‍പ്പടെ നാളെ അവധിയായിരിക്കും.

18:49 (IST) 25 Jun 2022
ടീസ്റ്റ സെതൽവാദ് കസ്റ്റഡിയില്‍

സാമൂഹിക പ്രവർത്തകയായ ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. മുംബൈ ജുഹുവിലെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയെ ചോദ്യം ചെയ്യലിനായി അഹമ്മാദാബാദിലേക്ക് കൊണ്ടുപോയതായി വാര്‍ത്താ ഏജന്‍സിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. 2002 ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റ അടിസ്ഥാന രഹിതമായ വിവരങ്ങള്‍ പൊലീസിന് കൈമാറിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് അറസ്റ്റ്.

16:43 (IST) 25 Jun 2022
രാഹുല്‍ ഗാന്ധിയുടെ ഓഫീസിനെതിരായ ആക്രമണത്തിലെ പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ല

വയനാട് എംപിയും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അടിച്ചുത്തകര്‍ത്ത സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ രക്ഷിക്കാനുള്ള ചരടുവലി അണിയറയില്‍ നടത്തിയ ശേഷം പോലീസ് നടത്തുന്ന അന്വേഷണം വിശ്വാസയോഗ്യമല്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ആക്രമണത്തില്‍ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ സാന്നിധ്യം കേസിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

15:06 (IST) 25 Jun 2022
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി

സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂട്ടി. ശരാശരി 6.6 ശതമാനമാണ് വര്‍ധന. പ്രതിമാസം 40 യൂണിറ്റ് ഉപയോഗിക്കുന്ന 1000 വാട്ട് കണക്ടഡ് ലോഡുള്ളവർക്ക് വര്‍ധനയില്ല. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും നിരക്ക് കൂട്ടില്ല. അംഗന്‍വാടി, വൃദ്ധസദനം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ എന്നിവര്‍ക്കും നിരക്കില്‍ മാറ്റമുണ്ടാകില്ല.

13:36 (IST) 25 Jun 2022
രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; 19 പേർ റിമാൻഡിൽ

രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ 19 എസ്എഫ്ഐ പ്രവര്‍ത്തകരെ കോടതി റിമാൻഡ് ചെയ്തു. എസ്എഫ്ഐ ജില്ലാ പ്രസിഡന്റ ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി അടക്കമുള്ളവരെയാണ് റിമാൻഡ് ചെയ്തത്. കേസിൽ ആറ് പേർ കൂടി പൊലീസ് പിടിയിലായിട്ടുണ്ട്.

11:24 (IST) 25 Jun 2022
അതിജീവിത അവളുടെ മുന്നിലെ തടസങ്ങൾ നേരിട്ട് സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ ഭീകരം: ഡബ്ള്യൂസിസി

നടിയെ ബലാത്സംഗം ചെയ്ത കേസിൽ വിജയ് ബാബുവിന് മുൻ‌കൂർ ജാമ്യം ലഭിച്ചതിനെതിരെ ഡബ്ള്യൂസിസി. പരാതിപ്പെടുന്ന അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺആണ് വിജയ് ബാബു ഉപയോഗിച്ചതെന്നും ഒരു അതിജീവിതക്ക് അവളുടെ മുന്നിലെ തടസ്സങ്ങൾ എല്ലാം നേരിട്ടു കൊണ്ട് സത്യം തെളിയിക്കുക എന്നത് ആ കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ള്യൂസിസി ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

10:17 (IST) 25 Jun 2022
അട്ടപ്പാടി മധു കേസ്; സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജിവെച്ചു

അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി.രാജേന്ദ്രൻ രാജിവച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന് രാജിക്കത്ത് കൈമാറി. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി. നേരത്തെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. മണ്ണാർക്കാട് എസ്‍സി എസ്‍ടി കോടതിയിൽ നടക്കുന്ന കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റുന്ന കാര്യത്തിൽ സർക്കാർ തീരുമാനം ഉണ്ടാകുന്നത് വരെ വിചാരണ തടയണമെന്ന മധുവിന്റെ അമ്മയുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി.

10:03 (IST) 25 Jun 2022
വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖാപിക്കും

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന ഇന്ന്. വൈദ്യുതി റെഗുലേറ്ററി കമ്മിഷനായിരിക്കും പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കുക. യൂണിറ്റിന് 15 മുതല്‍ 50 പൈസ വരെ കൂടുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്കില്‍ 18 ശതമാനം വര്‍ധന വേണമെന്നാണ് വൈദ്യുതി ബോര്‍ഡ് റെഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. യൂണിറ്റിന് ശരാശരി 92 പൈസയുടെ വര്‍ധനെയെങ്കിലും വേണമെന്നുമാണ് കെ എസ് ഇ ബിയുടെ നിര്‍ദേശം.

08:42 (IST) 25 Jun 2022
സംസ്ഥാനത്ത് പരക്കെ മഴ സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്. കേരള-കർണാടക-ലക്ഷദ്വീപ്- തീരങ്ങളിൽ ഈ മാസം 28 വരെ മീൻ പിടിക്കാൻ പോകാൻ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

Web Title: Top news live updates 25 june 2022 kerala