scorecardresearch

Top News Highlights: വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

വിദ്യാലയങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരേതരത്തിലുള്ള യൂണിഫോം അടിച്ചേല്‍പ്പിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു

Top News Highlights: വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കില്ലെന്ന് മന്ത്രി ശിവന്‍കുട്ടി

Top News Highlights: വിദ്യാലയങ്ങളില്‍ ലിംഗസമത്വം അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. “ആള്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല എന്നൊരു പ്രസ്താവന വന്നപ്പോള്‍ കുട്ടികള്‍ ഒരുമിച്ചിരുന്നാൽ എന്താണ് പ്രശ്നം എന്ന് ചോദിച്ചിരുന്നു. വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല,” മന്ത്രി വ്യക്തമാക്കി.

തൃശൂരില്‍ അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു

തൃശൂർ കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ ഇന്ദുലേഖ പിതാവിനേയും കൊല്ലാൻ ശ്രമിച്ചതായി വിവരം. മാതാപിതാക്കളുടെ പേരിലുള്ള സ്ഥലവും വീടും നേടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു ഇന്ദുലേഖ. അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ അച്ഛന്‍ ചന്ദ്രന് രുചി വ്യത്യാസം തോന്നിയതോടെ ചായ കുടിച്ചിരുന്നില്ല.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രുഗ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്.പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇന്ദുലേഖ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്ദുലേഖയുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പൊലീസ് അറിയിച്ചു.

Live Updates
22:19 (IST) 25 Aug 2022
‘ഭയാനകം’; റുഷ്ദിക്കെതിരായ ആക്രമണത്തില്‍ രണ്ടാഴ്ചയ്ക്കുശേഷം ഇന്ത്യയുടെ പ്രതികരണം

ലോകപ്രശസ്ത എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിക്കെതിരായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ. ആക്രമണത്തെ ‘ഭയാനകം’ എന്നാണ് ഇന്ത്യ വിശേഷിപ്പിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ റുഷ്ദി ആക്രമിക്കപ്പെട്ട് ഏതാണ്ട് രണ്ടാഴ്ചയ്ക്കുശേഷമാണ് ഇന്ത്യയുടെ ആദ്യത്തെ ഔദ്യോഗിക പ്രതികരണമുണ്ടായിരിക്കുന്നത്. റുഷ്ദിക്കെതിരായ ആക്രമണം ആഗോളരോഷത്തിന് കാരണമായെങ്കിലും ഇന്ത്യ ഇതുവരെ മൗനം പാലിക്കുകയായിരുന്നു.

22:18 (IST) 25 Aug 2022
ഐഎന്‍എസ് വിക്രാന്ത് സെപ്റ്റംബര്‍ രണ്ടിന് രാജ്യത്തിന് സമര്‍പ്പിക്കും

തദ്ദേശീയമായി നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് കമ്മീഷന്‍ ചെയ്യുന്നത് ഇന്തോ-പസഫിക് മേഖലയില്‍ സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിന് സഹായിക്കുമെന്ന് ഇന്ത്യന്‍ നേവി വൈസ് ചീഫ് വൈസ് അഡ്മിറല്‍ എസ്എന്‍ ഘോര്‍മേഡ്. കൊച്ചിയില്‍ സെപ്റ്റംബര്‍ രണ്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ ഐഎന്‍എസ് വിക്രാന്ത് നാവികസേനയിലേക്ക് കമ്മീഷന്‍ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

20:35 (IST) 25 Aug 2022
ബിജെപി നേതാവിന്റെ മരണം: കൊലപാതകത്തിന് കേസെടുത്ത് ഗോവ പൊലീസ്

ബിജെപി നേതാവും നടിയുമായ സോണാലി ഫോഗട്ടിന്റെ മരണവുമായി ബന്ധപ്പെട്ട് ഗോവ പൊലീസ് കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തു.ചൊവ്വാഴ്ച ഗോവയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നുള്ള സൊണാലിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം കുടുംബത്തോടും പൊലീസ് ആരാഞ്ഞു. ഓഗസ്റ്റ് 22 തിങ്കാളാഴ്ചയാണ് സോണാലി ഗോവയിലെത്തിയത്. പേഴ്സണല്‍ അസിസ്റ്റന്റ് സുധീര്‍ സാഗ്വാനും ഇയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ സിങ്ങും സോണാലിക്ക് ഒപ്പമുണ്ടായിരുന്നു. സംഭവത്തില്‍ സഹോദരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സെക്ഷന്‍ 302 (കൊലപാതകം) പ്രകാരം അഞ്ജുന പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഓംവീര്‍ സിംഗ് ബിഷ്നോയ് പറഞ്ഞു.

18:04 (IST) 25 Aug 2022
സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് മറിഞ്ഞു

പാലക്കാട് സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെട്ട് മറിഞ്ഞു. പാലക്കാട് മേലാമുറിയിലായിരുന്നു അപകടം. സ്‌കൂള്‍ കുട്ടികളെ കയറ്റി വന്നിരുന്ന ഓട്ടോയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടത്തിനെ തുടര്‍ന്ന് മറിയുകയായിരുന്നു. വാഹനത്തില്‍ ഡ്രൈവറെ കൂടാതെ 11 കുട്ടികള്‍ ഉണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെയും ഡ്രൈവറെയും മറ്റ് വാഹനങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതര പരുക്കുകളില്ല. കുട്ടികളെ കയറ്റി വന്നിരുന്ന ഓട്ടോ സഞ്ചരിച്ചിരുന്ന പാതയില്‍ ബൈക്ക് മറിഞ്ഞതിനെ തുടര്‍ന്നാണ് വാഹനത്തിന് നിയന്ത്രണം നഷ്ടമായത്. ഓട്ടോയ്ക്ക് മുന്നിലേക്ക് ബൈക്ക് മറിഞ്ഞതോടെ പെട്ടെന്ന് തിരിക്കുന്നതിനിടെയാണ് അപകടം സംഭവിക്കുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോ മറിയുകയും സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.

17:09 (IST) 25 Aug 2022
പ്രവാചകനെതിരെ പരാമര്‍ശം: ബിജെപി എംഎല്‍എ ടി രാജാ സിങ് വീണ്ടും അറസ്റ്റില്‍

പ്രവാചകനെതിരെ പരാമര്‍ശം നടത്തിയ തെലങ്കാന ബിജെപി എംഎല്‍എ ടി രാജാ സിങ് വീണ്ടും അറസ്റ്റില്‍. ഈ വര്‍ഷം ഏപ്രിലില്‍ പ്രവാചകനെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രാജാ സിങ്ങിനെതിരെ രണ്ട് നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ഹൈദരാബാദ് പൊലീസിന്റെ നടപടി. ബുധനാഴ്ച വൈകുന്നേരം ഹൈദരാബാദിലെ വീട്ടില്‍ നിന്ന് ഗോഷാമഹല്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തതിന് മണിക്കൂറുകള്‍ക്ക് ശേഷം പ്രാദേശിക കോടതി ജാമ്യം അനുവദിച്ചു. രാമനവമി ആഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് സിങ് പ്രവാചകനെതിരെ പരാമര്‍ശം നടത്തിയത്. ഷാജിനായത്ഗഞ്ച്, മംഗല്‍ഘട്ട് പൊലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതേ കേസില്‍ രാജാ സിങ് 23ന് അറസ്റ്റിലായെങ്കിലും ഉടന്‍ ജാമ്യം ലഭിച്ചിരുന്നു. വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് രാജാസിങ്ങിനെ ബിജെപി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

16:10 (IST) 25 Aug 2022
ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു.ഉറിയിലെ കമാല്‍കോട്ടില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെയാണ് സൈന്യം വധിച്ചത്. കമാല്‍കോട്ട് സെക്ടറിലെ മഡിയന്‍ നാനാക് പോസ്റ്റിന് സമീപത്തുവച്ചാണ് ഭീകരരെ വധിച്ചത്. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് കനത്ത ജാഗ്രതയും തിരച്ചിലും തുടരുകയാണ്. നേരത്തെ ബന്ദിപ്പൊരയില്‍ രണ്ട് ഭീകരരെ സുരക്ഷസേന അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്ന് തോക്കുകളും ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.

15:35 (IST) 25 Aug 2022
ഹേമന്ത് സോറനെ അയോഗ്യനാക്കല്‍: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണറെ അഭിപ്രായം അറിയിച്ചു

സ്ഥാനം ദുരുപയോഗം ചെയ്ത വിഷയത്തില്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനെഎം എല്‍ എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കുന്നതു സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഗവര്‍ണറെ അഭിപ്രായം അറിയിച്ചു. ഇതുസംബന്ധിച്ച് ഇന്ത്യന്‍ എക്‌സ്പ്രസിനു വിവരം ലഭിച്ചു. ഝാര്‍ഖണ്ഡ് ഖനന-വനം മന്ത്രി പദവി ദുരുപയോഗം ചെയ്ത് കല്ല് ഖനനത്തിനുള്ള പാട്ടം അനുവദിച്ച വിഷയത്തില്‍ സോറനെ നിയമസഭയില്‍നിന്ന് അയോഗ്യനാക്കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ കമ്മിഷന്റെ അഭിപ്രായം തേടുകയായിരുന്നു. ബി ജെ പിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍. എന്നാല്‍, ഇതുമായി ബന്ധപ്പെട്ടു തിരഞ്ഞെടുപ്പ് കമ്മിഷനില്‍നിന്നോ ഗവര്‍ണറില്‍നിന്നോ മുഖ്യമന്ത്രിയുടെ ഓഫീസിന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നു ഹേമന്ത് സോറന്‍ പറഞ്ഞു.

15:20 (IST) 25 Aug 2022
അഞ്ച് ഫോണുകളിൽ മാൽവെയർ; പെഗാസസ് ആണെന്നതിന് കൃത്യമായ തെളിവില്ലെന്ന് സുപ്രീം കോടതി

പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിരീക്ഷണ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അഞ്ച് ഫോണുകളില്‍ ചില മാല്‍വെയറുകള്‍ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍ ഇതു പെഗാസസ് മാല്‍വെയര്‍ ആണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഇസ്രായേല്‍ കമ്പനിയായ എന്‍ എസ് എ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തിലാണു ചില മാല്‍വെയറുകള്‍ കണ്ടെത്തിയത്.

14:54 (IST) 25 Aug 2022
കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി പരിശോധന

കരുവന്നൂര്‍ സഹകരണ ബാങ്കില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ പത്തോളം ഉദ്യോഗസ്ഥരത്തിയാണ് പരിശോധന നടത്തുന്നത്. രണ്ടാഴ്ച മുന്‍പും ഇഡി ബാങ്കില്‍ പരിശോധന നടത്തിയിരുന്നു.

13:44 (IST) 25 Aug 2022
മഴയ്ക്ക് ശമനം, ഇന്നത്തെ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴയ്ക്ക് ശമനം. ഇന്ന് വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ടുകള്‍ പിന്‍വലിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ നാളെ മഴയുണ്ടായേക്കുമെന്നാമ് വിവരം.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില്‍ നാളെ മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 28-ാം തീയതി വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

12:35 (IST) 25 Aug 2022
ഗുജറാത്ത് സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ്

ബില്‍ക്കിസ് ബാനോ കേസില്‍ പ്രതികളെ ജയില്‍ മോചിതരാക്കിയ സംഭവത്തില്‍ ഗുജറാത്ത് സര്‍ക്കാരിന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ഗുജറാത്ത് സര്‍ക്കാരിന്റെ നടപടിക്കെതിരെ ത്രിണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ജസ്റ്റിസുമാരായ അജയ് റസ്തോഗി, വിക്രം നാഥ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റ് അംഗങ്ങള്‍.

11:35 (IST) 25 Aug 2022
ലാവലിന്‍ കേസ് അടുത്ത മാസം 13 ന് സുപ്രീം കോടതി പരിഗണിക്കും

ലാവലിന്‍ കേസ് അടുത്ത മാസം 13 ന് സുപ്രീം കോടതി പരിഗണിക്കും. കേസ് പട്ടികയില്‍ നിന്ന് മാറ്റരുതെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചിന്റേതാണ് നടപടി. അന്ന് തന്നെ കേസില്‍ വാദം കേള്‍ക്കും. പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് കോടതി പരിഗണിക്കുന്നത്.

11:26 (IST) 25 Aug 2022
ഇന്ന് ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ട്. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

10:19 (IST) 25 Aug 2022
ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ്

പി സി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ ക്രൈം ബ്രാഞ്ചിന്റെ പരിശോധന. നടിയെ ആക്രമിച്ച കേസില്‍ അതിജീവതയ്ക്കെതിരായ സൈബര്‍ പ്രചാരണവുമായി ബന്ധപ്പെട്ടാണ് പരിശോധനയെന്നാണ് വിവരം.

09:40 (IST) 25 Aug 2022
തൃശൂരില്‍ അമ്മയെ കൊന്ന മകള്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചു

തൃശൂർ കുന്നംകുളത്ത് അമ്മയെ കൊന്ന മകൾ ഇന്ദുലേഖ പിതാവിനേയും കൊല്ലാൻ ശ്രമിച്ചതായി വിവരം. മാതാപിതാക്കളുടെ പേരിലുള്ള സ്ഥലവും വീടും നേടിയെടുക്കുക എന്ന ലക്ഷ്യമായിരുന്നു ഇന്ദുലേഖയ്ക്ക് ഉണ്ടായിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇരുവര്‍ക്കും ചായയില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു ഇന്ദുലേഖ.

അമ്മ രുഗ്മിണി ചായ കുടിച്ചു. എന്നാല്‍ അച്ഛന്‍ ചന്ദ്രന് രുചി വ്യത്യാസം തോന്നിയതോടെ ചായ കുടിച്ചിരുന്നില്ല. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രുഗ്മിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മരണം സംഭവിച്ചത്. മരണത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണകാരണം വ്യക്തമായത്.

Web Title: Top news live updates 25 august 2022 kerala news