scorecardresearch
Latest News

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: ആകെ 281 കേസ്; 1013 അറസ്റ്റ്

Top News Highlights: ആകെ 819 പേരെ കരുതല്‍ തടങ്കലിലാക്കിയതായും പൊലീസ് അറിയിച്ചു

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: ആകെ 281 കേസ്; 1013 അറസ്റ്റ്

Top News Highlights: തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍. 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി.

വിശദവിവരങ്ങള്‍ ഇങ്ങനെ (ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റ്, കരുതല്‍ തടങ്കല്‍ എന്നിവ ക്രമത്തില്‍): തിരുവനന്തപുരം സിറ്റി – 24, 40, 151; തിരുവനന്തപുരം റൂറല്‍ – 23, 113, 22; കൊല്ലം സിറ്റി – 27, 169, 13; കൊല്ലം റൂറല്‍ – 12, 71, 63; പത്തനംതിട്ട – 15, 109, 2; ആലപ്പുഴ – 15, 19, 71; കോട്ടയം – 28, 215, 77; ഇടുക്കി – 4, 0, 3; എറണാകുളം സിറ്റി – 6, 4, 16; എറണാകുളം റൂറല്‍ – 17, 17, 22; തൃശൂര്‍ സിറ്റി -10, 2, 14; തൃശൂര്‍ റൂറല്‍ – 4, 0, 10; പാലക്കാട് – 6, 24, 36; മലപ്പുറം – 34, 123, 128; കോഴിക്കോട് സിറ്റി – 7, 0, 20; കോഴിക്കോട് റൂറല്‍ – 8, 8, 23; വയനാട് – 4, 26, 19; കണ്ണൂര്‍ സിറ്റി – 25, 25, 86; കണ്ണൂര്‍ റൂറല്‍ – 6, 10, 9; കാസര്‍ഗോഡ് – 6, 38, 34.

Live Updates
21:14 (IST) 24 Sep 2022
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

2021-ലെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ സമ്മാനിച്ചത്. മികച്ച നടിക്കുള്ള പുരസ്കാരം രേവതി ഏറ്റുവാങ്ങി. ജോജു ജോര്‍ജും ബിജു മേനോനുമാണ് നടന്മാര്‍. ജെ സി ഡാനിയല്‍ പുരസ്കാരം കെ പി കുമാരന്‍ സ്വീകരിച്ചു.

20:30 (IST) 24 Sep 2022
കുട്ടികളെ ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങൾ: ‘ഓപ്പറേഷന്‍ മേഘചക്ര’യുമായി സി ബി ഐയുടെ രാജ്യവ്യാപക റെയ്‌ഡ്

കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ആസൂത്രി നീക്കവുമായി സി ബി ഐ. ‘ഓപ്പറേഷന്‍ മേഘചക്ര’ എന്ന പേരില്‍ രാജ്യത്തുടനീളം 56 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി.

രണ്ട് കേസുകളുമായി ബന്ധപ്പെട്ട് 19 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമാണു റെയ്ഡ് നടന്നതെന്നു ഉദ്യോഗസ്ഥര്‍ പറഞ്ഞു.

19:14 (IST) 24 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമം: ആകെ 281 കേസ്; 1013 അറസ്റ്റ്

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 281 കേസുകള്‍. 1013 പേര്‍ അറസ്റ്റിലായി. 819 പേരെ കരുതല്‍ തടങ്കലിലാക്കി.

18:11 (IST) 24 Sep 2022
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

നേതാക്കളെ എന്‍ഐഎ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഇന്നലെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) നടത്തിയ ഹര്‍ത്താലിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്ത് ഇന്നലെ നടന്നത് ആസൂത്രിതമായ ആക്രമങ്ങളാണ്. കേരളത്തില്‍ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത തരം അക്രമങ്ങളാണ് ഉണ്ടായത്. മുഖം മൂടി ആക്രമണങ്ങളും നടന്നു. കുറച്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല, മുഖ്യമന്ത്രി വ്യക്തമാക്കി.

17:08 (IST) 24 Sep 2022
അങ്കിത ഭണ്ഡാരി വധം: ബി ജെപി നേതാവിന്റെ മകന്റെ റിസോര്‍ട്ടിനു തീയിട്ട് നാട്ടുകാര്‍

ഉത്തരാഖണ്ഡിലെ ഋഷികേശില്‍ പത്തൊന്‍പതുകാരിയുടെ മൃതദേഹം കനാലില്‍ കണ്ടെത്തിയ സംഭവത്തില്‍ രോഷാകുലരായി നാട്ടുകാര്‍. കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരി ജോലി ചെയ്തിരുന്ന ബി ജെ പി നേതാവിന്റെ മകൻ പുൽകിത് ആര്യയുടെ റിസോര്‍ട്ടിനു നാട്ടുകാര്‍ തീയിട്ടു. കേസിലെ മുഖ്യപ്രതിയാണു പുൽകിത്.

ഉത്തരാഖണ്ഡിലെ ബി ജെ പി മുന്‍ മന്ത്രി വിനോദ് ആര്യയുടെ മകനാണു പുല്‍കിത് ആര്യ. പുൽകിതിന്റെ ഉടമസ്ഥതയിലുള്ള ‘വനാന്തര റിസോര്‍ട്ട്’ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു അങ്കിത.

16:11 (IST) 24 Sep 2022
കോഴിക്കോട് യുപി സ്വദേശിനിയായ പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി

ഉത്തർപ്രദേശ് സ്വദേശിനിയായ പതിനാറുകാരിയെ ട്രെയിനിൽവച്ച് കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ അതിഥിതൊഴിലാളികളായ നാലുപേര്‍ ആര്‍.പി.എഫ്. പിടിയിലായി. പെണ്‍കുട്ടിയോടൊപ്പം യാത്ര ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശികളായ ഇകറാര്‍ ആലം(18), അജാജ് (25) എന്നിവരും ഇവര്‍ക്ക് മുറിയെടുക്കാന്‍ സഹായിച്ച ബന്ധുവായ ഷക്കീല്‍ ഷാ (42), ഇര്‍ഷാദ് (23) എന്നിവരാണ് പിടിയിലായത്.

15:16 (IST) 24 Sep 2022
വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ വ്യാപക ആക്രമണത്തില്‍ സംസ്ഥാന സര്‍ക്കാരിനേയും പൊലീസിനേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹര്‍ത്താല്‍ നേരിടാന്‍ ഒരു സംവിധാനവും ഏര്‍പ്പെടുത്തിയില്ല. അക്രമങ്ങള്‍ തടയാന്‍ കഴിയാത്തത് ദൗര്‍ഭാഗ്യകരമെന്നും സതീശന്‍.

14:02 (IST) 24 Sep 2022
കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു: വി.മുരളീധരന്‍

പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിനെ തുടര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം മുഴുവന്‍ കത്തുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. നീറോ ചക്രവര്‍ത്തി റോം കത്തിയെരിയുമ്പോള്‍ വീണ വായിക്കുകയായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ഇവിടെ കേരളം മുഴുവന്‍ കത്തിയെരിയുമ്പോള്‍ മുഖ്യമന്ത്രിയും ഡി.ജി.പിയും കൊച്ചിയില്‍ കൊക്കൂണ്‍ പരിപാടിയില്‍ ചെണ്ടകൊട്ടി രസിക്കുകയായിരുന്നുവെന്ന് മുരളീധന്‍ പറഞ്ഞു.

13:57 (IST) 24 Sep 2022
കണ്ണൂരിലെ പെട്രോൾ ബോംബ് ആക്രമണം പിഎഫ്ഐ നേതൃത്വത്തിന്റെ അറിവോടെയെന്ന് പൊലീസ്

പോപ്പുലര്‍ ഫ്രണ്ട് ഹ‍ര്‍ത്താൽ ദിവസം, കണ്ണൂര്‍ ജില്ലയിൽ വ്യാപകമായി പെട്രോൾ ബോംബ് ആക്രമണം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. പിഎഫ്ഐ നേത‍ൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണമാണുണ്ടായതെന്നാണ് പൊലീസ് കണ്ടെത്തൽ. പിഎഫ്ഐ ജില്ലാ നേതാക്കളുടെ കൃത്യമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ജില്ലയുടെ പലഭാഗത്തും പെട്രോൾ ബോംബ് ഉപയോഗിച്ചതെന്ന് പൊലീസ് വിശദീകരിച്ചു.

12:14 (IST) 24 Sep 2022
കണ്ണൂരില്‍ ട്രെയിനില്‍ നിന്ന് പിടികൂടിയത് രണ്ട് കോടിയുടെ എംഡിഎംഎ

കണ്ണൂരില്‍ വന്‍ ലഹരിമരുന്ന് വേട്ട. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ട് കോടിയുടെ ലഹരി മരുന്ന് പിടികൂടി. ബെംഗളൂരുവില്‍ നിന്ന് എത്തിയ ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച  എംഡിഎംഎയാണ്  പിടികൂടിയത്. സംഭവത്തില്‍ പ്രതി ഓടി രക്ഷപ്പെട്ടു.

10:43 (IST) 24 Sep 2022
വയനാട്ടില്‍ മാവോയിസ്റ്റ് പോസ്റ്റര്‍

വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍.  തൊണ്ടർനാട് കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ  പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്.

10:42 (IST) 24 Sep 2022
മോദിയുടെയും ബിജെപിയുടെയും ക്വട്ടേഷനെടുത്ത മുഖ്യമന്ത്രി; പിണറായിക്കെതിരെ കെ.സി.വേണുഗോപാൽ

ഭാരത് ജോഡോ യാത്രയെ വിമർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി. ബിജെപിക്കെതിരെ നിശിത വിമർശനമുന്നയിച്ചാണ് ജോഡോ യാത്ര മുന്നോട്ട് പോകുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ജോഡോ യാത്രയെ വിമർശിക്കുന്നതെന്നറിയില്ലെന്നും വേണുഗോപാൽ തുറന്നടിച്ചു. 

09:32 (IST) 24 Sep 2022
എകെജി സെന്‍റര്‍ ആക്രമണം: ജിതിന്റെ ചോദ്യം ചെയ്യല്‍ തുടരുന്നു

എകെജി സെന്റർ ആക്രമണക്കേസിലെ പ്രതി ജിതിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുന്നു.  ഇന്നലെയാണ് ജിതിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. എകെജി സെന്റർ ആക്രണത്തിന് ഉപയോഗിച്ച ഡിയോ സ്കൂട്ടർ കണ്ടെത്തുകയാണ് പൊലീസിന്‍റെ പ്രധാന ലക്ഷ്യം. എകെജി സെന്റർ ആക്രണത്തിന് മുമ്പ് ജിതിന് സ്കൂട്ടറെത്തിച്ച സ്ത്രീയെയും ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ച് ഒപ്പമിരുത്തി ചോദ്യം ചെയ്യും

09:30 (IST) 24 Sep 2022
വർക്കലയിൽ കിടപ്പ് രോഗിയായ സഹോദരനെ കുത്തിക്കൊന്നു

വർക്കലയിൽ ജ്യേഷ്ഠൻ കിടപ്പ് രോഗിയായ സഹോദരനെ നെഞ്ചിൽ കുത്തിക്കൊന്നു. വർക്കല മേൽ വെട്ടൂർ കാർത്തികയിൽ സന്ദീപാണ് ( 47) കൊല്ലപ്പെട്ടത്. ജ്യേഷ്ഠ സഹോദരൻ സന്തോഷിനെ( 52 ) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. 

09:30 (IST) 24 Sep 2022
അച്ഛനെയും മകളെയും മർദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ പിടികൂടാതെ പൊലീസ്, ഒളിവിലെന്ന് വിശദീകരണം

കാട്ടാക്കടയില്‍ കണ്‍സഷനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ അച്ഛനെയും മകളെയും മർദിച്ച കെഎസ്ആര്‍ടിസി ജീവനക്കാരെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സംഭവം നടന്ന് അഞ്ചു ദിവസം ആയിട്ടും പ്രതികളാരെയും പൊലീസിന് പിടികൂടാൻ കഴിഞ്ഞിട്ടില്ല. പ്രതികൾ ഫോൺ ഓഫ് ചെയ്ത് ഒളിവിലാണെന്നാണ് പ്രത്യേക അന്വേഷണ സംഘം നൽകുന്ന വിശദീകരണം.

09:29 (IST) 24 Sep 2022
ജോഡോ യാത്ര ഇന്ന് തൃശൂരില്‍, രാഹുല്‍ പൊതുയോഗത്തില്‍ പ്രസംഗിക്കും

കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് തൃശൂർ ജില്ലയിൽ പര്യടനം തുടരും. ചാലക്കുടിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഉച്ചയ്ക്ക് ആമ്പല്ലൂരിൽ അവസാനിക്കും. ഉച്ച കഴിഞ്ഞ് ആരംഭിക്കുന്ന യാത്ര തൃശൂർ തേക്കിൻകാട് മൈതാനത്ത് എത്തിച്ചേരും. തുടർന്ന് നടക്കുന്ന പൊതു യോഗത്തിൽ രാഹുൽ ഗാന്ധി പ്രസംഗിക്കും.

Web Title: Top news live updates 24 september