Top News Live Updates: രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചതിനെതിരെ സംസ്ഥാനത്തെങ്ങും മാര്‍ച്ചും പ്രതിഷേധങ്ങളും. തിരുവനന്തപുരത്ത് എകെജി സെന്ററിലേക്ക് യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവർത്തകർ മാര്‍ച്ച് നടത്തി. സിപിമ്മിന്റെ ഫ്ളക്സുകളും കൊടിതോരണങ്ങളും തകർത്തു.
കോട്ടയത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. റോഡിൽ ടയർ കത്തിച്ചു പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. കൊച്ചിയിലും കൊല്ലത്തും പ്രതിഷേധമാർച്ച് നടത്തി. എറണാകുളം എം.ജി റോഡ് പ്രവർത്തകർ ഉപരോധിച്ചു. വിവിധയിടങ്ങളിൽ പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി.
അതിനിടെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ അപലപിച്ച് കോണ്‍ഗ്രസിന്റെ ദേശീയ നേതാക്കള്‍ രംഗത്തെത്തി. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ ഏറ്റവും നീചമായ സ്ഥിതിയാണിതെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു.
വയനാട് കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. എസ്എഫ്ഐയുടെ ഗുണ്ടായിസമാണ് നടക്കുന്നത്. സിപിഎം ഒരു സംഘടിത മാഫിയയായി മാറിയിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആക്രമത്തെ ശക്തമായി അപലപിക്കുന്നെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രാഹുലിനെതിരെ മോദി നടത്തുന്ന നീക്കം പിണറായി ഏറ്റെടുത്തെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. പൊലീസ് സഹായത്തോടെയാണ് ആക്രമണമെന്നും അദ്ദേഹം ആരോപിച്ചു.
ബഫർ സോൺ വിഷയത്തിൽ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് എസ്എഫ്ഐ എംപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് അക്രമാസക്തമാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. ഓഫീസിലേക്ക് ഇടിച്ചുകയറിയ പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലെ സാധനസമഗ്രഹികൾ തല്ലി തകർക്കുകയായിരുന്നു. ഓഫീസ് ജീവനക്കാരനെ മർദിച്ചതായും കോൺഗ്രസ് ആരോപിച്ചു.
അതേസമയം, വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധങ്ങൾക്കും അഭിപ്രായ പ്രകടനങ്ങൾക്കും സ്വാതന്ത്ര്യമുള്ള നാടാണിത്. എന്നാൽ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി ദ്രൗപതി മുർമു വെള്ളിയാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ പി നദ്ദ, എന്നിവരുടെയും മറ്റു ബിജെപി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പത്രിക സമർപ്പിച്ചത്. റിട്ടേണിംഗ് ഓഫീസർ പി സി മോഡിക്ക് പ്രധാനമന്ത്രിയാണ് മുർമുവിന്റെ നാമനിർദ്ദേശ പത്രിക കൈമാറിയത്.
നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷം മുർമു പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധി, ശരദ് പവാർ, മമത ബാനർജി എന്നിവരെ ബന്ധപ്പെട്ട് പിന്തുണ തേടിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയായി പ്രതിപക്ഷ പാർട്ടികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഒഡീഷയിലെ സന്താൾ ഗോത്ര സമുദായത്തിൽ നിന്നുള്ള, അറുപത്തിനാലുകാരി ദ്രൗപദി മുർമുവിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്.
അതേസമയം, മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ വിമതപക്ഷത്തിന്റെ നേതാവ് ഏക്നാഥ് ഷിന്‍ഡെ മുംബൈയിലേക്ക് തിരിച്ചതായി റിപ്പോര്‍ട്ടുകള്‍. തോല്‍വി ഏറ്റുവാങ്ങില്ലെന്നും, സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമെന്നും ശിവസേന നേതാവും എംപിയുമായ സഞ്ജയ് റാവത്ത് വ്യക്തമാക്കി.
തിരിച്ചടികള്‍ നിയമപരമായും അല്ലാതയും നേരിടേണ്ടി വരുമെന്നും വേണ്ടി വന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തെരുവിലിറങ്ങുമെന്നും നേരത്തെ ഷിന്‍ഡെയ്ക്ക് സഞ്ജയ് റാവത്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ശിവസേനയുടെ ജില്ലാ അധ്യക്ഷന്മാരുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തും. വിമതപക്ഷത്തിന്റെ നേതാവായ ഏക്നാഥ് ഷിന്‍ഡെ അടുത്ത നടപടികള്‍ സംബന്ധിച്ച് എംഎല്‍എമാരുമായി ചര്‍ച്ച നടത്തുമെന്നുമാണ് ലഭിക്കുന്ന വിവരം.
ശിവസേനയുടെ നിയമസ കക്ഷി നേതാവായും സ്വയം പ്രഖ്യാപിച്ചുകൊണ്ടും പാര്‍ട്ടിയുടെ ചീഫ് വിപ്പായി ഭരത്ഷേത് ഗോഗവാലയേയും നിയമിച്ചതായി മഹാരാഷ്ട്ര നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കർ നർഹരി സിർവാളിന് ഇന്നലെ രാത്രി വൈകി ഷിന്‍ഡെ കത്തയച്ചിരുന്നു.
കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റ റിപ്പോര്‍ട്ട്. പ്രസ്തുത സാഹചര്യത്തില്‍ 11 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീലോ മീറ്റര്‍ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്കുമാണ് സാധ്യത.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍
24-06-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
25-06-2022: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
26-06-2022: എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്.
27-06-2022: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
കന്യാകുമാരി തീരം, ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം അതിനോട് ചേർന്നുള്ള തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റുണ്ടായേക്കാം. ശനി, ഞായര്‍ ദിവസങ്ങളില്‍ തെക്ക് കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്നുള്ള മധ്യകിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളില്‍ സമാന കാലാവസ്ഥയായിരിക്കും.
Also Read: കോവിഡ് വാക്സിനുകള്‍ നിസാരമല്ല; ഇന്ത്യയില്‍ തടഞ്ഞത് 42 ലക്ഷം മരണം
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ സംസ്ഥനത്ത് ഉടനീളം വ്യാപക പ്രതിഷേധവുമായി കോൺഗ്രസ്. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. എറണാകുളത്ത് എംജി റോഡ് കെ.എസ്.യു പ്രവർത്തകരും ഉപരോധിക്കുന്നുണ്ട്. പലയിടത്തും കോൺഗ്രസ് പ്രതിഷേധ മാർച്ചുകൾ നടത്തുന്നുണ്ട്. പാലക്കാട് പ്രതിഷേധിച്ച ഷാഫി പറമ്പിൽ എംഎൽഎ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയെ തള്ളി സീതാറാം യെച്ചൂരിയും സിപിഎം സംസ്ഥാന നേതൃത്വവും. ഒരു സംഘടന ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് യെച്ചൂരി പറഞ്ഞു. എസ്എഫ്ഐ മാർച്ച് അനാവശ്യമാണെന്നും പരിശോധിക്കുമെന്നും എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനു നേരെ ഉണ്ടായ അതിക്രമത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംഭവത്തിൽ കുറ്റക്കാരായവർക്കെതിരെ ശക്തമായ നടപടി സർക്കാർ സ്വീകരിക്കുന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി.
റോഡിൽ യാത്രക്കാരുടെ ജീവൻ പൊലിയുന്നതിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് ഹൈക്കോടതിയുടെ താക്കീത്. റോഡ്- പാലം നിർമാണത്തിനിടെ ഇനി അപകട മരണം ഉണ്ടായാൽ മുഴുവൻ ഉത്തരവാദിത്തവും എഞ്ചിനീയർമാർക്കും സൂപ്പർവൈസർമാർക്കും ആയിരിക്കുമെന്ന് കോടതി വ്യക്തമാക്കി. നഷ്ടമടക്കം നിയമ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ്.
പിണറായി വിജയനെ സ്വർണ്ണക്കടത്ത് കേസിൽ നിന്ന് രക്ഷിക്കാൻ സി പി എമ്മിന് ബി ജെ പി നേതാക്കളെ സന്തോഷിപ്പിക്കണമെങ്കിൽ അത് കോൺഗ്രസിന്റെ ചെലവിൽ വേണ്ടെന്ന് ബെന്നി ബഹനാൻ എം.പി. എസ് എഫ് ഐ ഗുണ്ടകളെ അയച്ച് രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ചാൽ പേടിച്ച് മാളത്തിലൊളിക്കുന്നവരല്ല കോൺഗ്രസുകാർ. പ്രവർത്തകരുടെ ക്ഷമ ഇനിയും പരീക്ഷിക്കരുത്. സൈലന്റ് വാലി സംരക്ഷണത്തിനടക്കം പരിസ്ഥിതി സംരക്ഷണത്തിന് മുന്നിൽ നിന്ന് പോരാടിയ ഇന്ദിരാഗാന്ധിയുടെ പാരമ്പര്യമാണ് കോൺഗ്രസിനുള്ളത്.
ബഫർ സോൺ വിഷയത്തിന്റെ മറവിൽ രാഹുലിന്റെ ഓഫീസ് ആക്രമിച്ചത് കാട്ടാളത്തമാണ്. ഓഫിസ് തല്ലിത്തകർത്ത എസ് എഫ് ഐ ക്രിമിനലുകൾക്കെതിരെ നടപടിയെടുക്കാൻ സി പി എം നേതൃത്വം തയാറാകാത്തത് ഇതിനു തെളിവാണ്. എസ് എഫ് ഐ അക്രമം അംഗീകരിക്കുന്നുണ്ടോയെന്ന് സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ബി ജെ പിയുടെ ബി ടീമായി പ്രവർത്തിക്കുന്ന പിണറായി വിജയനെയും കേരള സി പി എമ്മിനെയും നിലയ്ക്ക് നിർത്താൻ ദേശീയ നേതൃത്വം തയാറാകണം. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച വിഷയത്തിൽ സി പി എം ജനറൽ സെക്രട്ടറി മാപ്പ് പറയണമെന്നും ബെന്നി ബഹനാൻ ആവശ്യപ്പെട്ടു.
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ദ്യശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കേന്ദ്ര ഫോറൻസിക് ലാബിൽ പരിശോധനക്കയക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി അഭിപ്രായം തേടിയതിനെ തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്. മെമ്മറി കാർഡിന്റെ തുടർ പരിശോധന അന്വേഷണത്തിൽ അനിവാര്യമാണെന്നും ശാസത്രീയ പരിശോധനാ റിപ്പോർട്ട് വിചാരണയുടെ ഭാഗമാവേണ്ടതാണെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി എ ഷാജി വ്യക്തമാക്കി.
ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടുണ്ടോ എന്നത് വിശദമായ പരിശോധനയിലേ അറിയാനാവൂ എന്നും ഡിജിപി ആവർത്തിച്ചു. മെമ്മറി കാർഡ് ഫോറൻസിക് പരിശോധക്ക് വിധേയമാക്കണമെന്ന ആവശ്യം തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിനെതിരെ സർക്കാരിന്റെ ഹർജിയും കേസന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന അതിജീവിതയുടെ ഹർജിയുമാണ് ജസ്റ്റീസ് ബച്ചു കുരിയൻ തോമസ് പരിഗണിച്ചത്. ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് കോടതി വാദത്തിനിടെ ശാസ്ത്രീയമായ അഭിപ്രായം തേടി.
തിരുവനന്തപുരം ഫോറൻസിക് ലാബിലെ അസിസ്റ്റൻഡ് ഡയറക്ടർ ദീപയുമായി കോടതി ഓൺലൈനിൽ സംസാരിച്ചു. കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റി
രാഹുൽ ഗാന്ധി എംപിയുടെ കൽപറ്റ ഓഫീസിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബഫർസോൺ വിഷയത്തിൽ എംപി ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ഓഫീസിലേക്ക് തള്ളിക്കയറിയ സമരക്കാർ സാധനസമഗ്രഹികൾ തകർത്തു.
കോഴിക്കോട് ബാലുശ്ശേരിയിലെ ആക്രമണത്തില്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. നജാഫ് ഫാരിസ്, മുഹമ്മദ് സാലി, മുഹമ്മദ് ഇജാസ്, റിയാസ്, ഷാലിദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ് നജാഫ്. സാലി, റിയാസ് എന്നിവർ ലീഗ് പ്രവർത്തകരും മുഹമ്മദ് ഇജാസ് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകനുമാണ്.
പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനം 27ന് ആരംഭിക്കുമെന്ന് സ്പീക്കർ എം.ബി രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജൂലൈ 27 വരെയാണ് സമ്മേളനം. 2022-23 സാമ്പത്തിക വർഷത്തെ ധനാഭ്യർത്ഥനകൾ വിശദമായി ചർച്ച ചെയ്ത് പാസാക്കും. സഭ സമ്മേളിക്കുന്ന 23 ദിവസങ്ങളിൽ 13 ദിവസം ധനാഭ്യർത്ഥന ചർച്ചയ്ക്കായും നാല് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കായും ധനകാര്യബിൽ ഉൾപ്പെടെയുള്ള ബില്ലുകളുടെ പരിഗണനയ്ക്കായി നാല് ദിവസവും ഉപധനാഭ്യാർത്ഥനയ്ക്കും ധനവിനിയോഗ ബില്ലുകൾക്കായി രണ്ട് ദിവസവും നീക്കിവച്ചിട്ടുണ്ടെന്ന് സ്പീക്കർ പറഞ്ഞു.
രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യത്തിന്റെ സ്ഥാനാർത്ഥിയായി ദ്രൗപതി മുര്‍മു നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ബിജെപി അധ്യക്ഷൻ ജെ. പി. നദ്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പത്രിക സമര്‍പ്പണം.
ലോക കേരളസഭ സമ്മേളനത്തോടനുബന്ധിച്ച് അനിത പുല്ലയില്‍ നിയമസഭ മന്ദരിത്തില്‍ പ്രവേശിച്ച സംഭവത്തില്‍ സര്‍ക്കാര്‍ നടപടി. അനിതയെ സഹായിച്ച നാല് കരാര്‍ ജീവനക്കാരെ പുറത്താക്കും. ചീഫ് മാര്‍ഷലിന്റെ അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടിയെന്ന് സ്പീക്കര്‍ എം. ബി. രാജേഷ് അറിയിച്ചു.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 17,336 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 13, 029 പേര് രോഗമുക്തി നേടി. വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 88,284 ആയി ഉയരുകയും ചെയ്തു.
രാജ്യത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കടുത്ത പനിയും ശ്വാസകോശ സംബന്ധമായ രോഗങ്ങളും കാരണം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരെ നിരീക്ഷിക്കേണ്ടതുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം.