scorecardresearch
Latest News

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ തകർത്തത് 70 കെ എസ് ആർ ടി സി ബസ്; 45 ലക്ഷത്തിന്റെ നഷ്ടം

കാട്ടക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയായിരുന്നു സമരക്കാര്‍ ബസ് തടഞ്ഞത്

Top News Highlights: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിൽ തകർത്തത് 70 കെ എസ് ആർ ടി സി ബസ്; 45 ലക്ഷത്തിന്റെ നഷ്ടം
Photo: Nitin RK

Top News Highlights: ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് നടത്തിയ ഹര്‍ത്താലിൽ തകർത്തത് 70 കെ എസ് ആർ ടി സി ബസുകൾ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ നടന്ന ഹര്‍ത്താലിൽ സംസ്ഥാനത്തുടനീളം മറ്റു വാഹനങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ഹർത്താലിന്റെ തുടക്കത്തിൽ സ്ഥിതിഗതികള്‍ ശാന്തമായിരുന്നെങ്കിലും പെട്ടെന്നു സ്ഥിതി മാറുകയായിരുന്നു.

കോഴിക്കോട് സിവിൽ സ്റ്റേഷനു സമീപം കെഎസ്ആര്‍ടിസി ബസിനു നേരെ കല്ലേറുണ്ടായി. ബസിന്റെ ചില്ല് പൂര്‍ണമായും തകര്‍ന്നു. ബസിന്റെ ഡ്രൈവര്‍ ശശിക്ക് കണ്ണിന് പരുക്കേറ്റു. മറ്റു പലയിടങ്ങളിലും ബസിനു നേരെ ആക്രമണമുണ്ടായതോടെ പലയിടത്തും ഹെൽമെറ്റ് വച്ചാണു ഡ്രൈവർമാർ ബസ് ഓടിച്ചത്.കാട്ടക്കടയില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെത്തിയായിരുന്നു സമരക്കാര്‍ ബസ് തടഞ്ഞത്.

കൊല്ലം പള്ളിമുക്കിൽ ഹർത്താൽ അനുകൂലികൾ പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ചു വീഴ്ത്തി. ഇരവിപുരം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആന്റണി, കൊല്ലം എ ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ നിഖിൽ എന്നിവർക്കാണു പരുക്കേറ്റത്.കണ്ണൂർ മട്ടന്നൂർ ഇല്ലൻമൂലയിലെ ആർ എസ് എസ് കാര്യാലയത്തിനു നേരെ പെട്രോൾ ബോംബേറുണ്ടായി. കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ തകർന്നു. ഉളിയിൽ നരയൻപാറയിൽ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയും ബോംബേറുണ്ടായി. പാപ്പിനിശേരിയിൽ ബോംബുമായി പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ പൊലീസ് പിടികൂടി. മാങ്കടവ് സ്വദേശി അനസാണ് പിടിയിലായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അക്രമസംഭവങ്ങളിലേർപ്പെട്ട നിരവധി പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇതുസംബന്ധിച്ച കണക്ക് ലഭ്യമായിട്ടില്ല.

Live Updates
21:17 (IST) 23 Sep 2022
ഹര്‍ത്താല്‍ അക്രമം: സംസ്ഥാനത്ത് 157 കേസ്, 170 അറസ്റ്റ്; 368 പേര്‍ കരുതല്‍ തടങ്കലില്‍

ദേശീയ-സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആഹ്വാനം ചെയ്ത ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത് 157 കേസുകള്‍. 170 പേരെ അറസ്റ്റ് ചെയ്തു. 368 പേരെ കരുതല്‍ തടങ്കലിലാക്കി.

19:50 (IST) 23 Sep 2022
കാരുണ്യ ഭാഗ്യക്കുറി നറുക്കെടുപ്പ് മാറ്റി

ഹര്‍ത്താലിനെ തുടര്‍ന്ന് 24-09-2022 നടത്താനിരുന്ന കാരുണ്യ ഭാഗ്യക്കുറിയുടെ (കെആര്‍-568) നറുക്കെടുപ്പ് 29-09-2022 രണ്ട് മണിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

19:20 (IST) 23 Sep 2022
വിഖ്യാത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

വിഖ്യാത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു. 'വോള്‍ഫ് ഹാളി'ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ് ഹിലരി. എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ആണ് മരണവിവരം പുറത്തുവിട്ടത്.

17:53 (IST) 23 Sep 2022
ഹര്‍ത്താലില്‍ കെഎസ്ആര്‍ടിസിക്ക് നഷ്ടം 30 ലക്ഷം

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് പല ഇടങ്ങളിലായി കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താലില്‍ 51 കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നാശനഷ്ടമുണ്ടായിയെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. മുപ്പതോളം ബസ്സുകളുടെ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു. ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ അക്രമത്തില്‍ 11 പേര്‍ക്ക് പരിക്കേറ്റതായും മന്ത്രി അറിയിച്ചു. 60 ശതമാനം അധിക കെഎസ്ആര്‍ടിസി ബസ്സുകളാണ് ഇന്ന് സര്‍വീസ് നടത്തിയത്. എട്ടു ഡ്രൈവര്‍മാര്‍, രണ്ടു കണ്ടക്ടര്‍മാര്‍, ഒരു യാത്രക്കാരി എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരത്തും, കോഴിക്കോടും കണ്ണൂരും ഡ്രൈവര്‍ക്ക് പരിക്കേറ്റു. 30 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക വിലയിരുത്തല്‍.

17:12 (IST) 23 Sep 2022
പണം ചോദിച്ചെത്തുന്നവരുടെ തിരക്ക്: ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്ന് ഓണം ബംബര്‍ വിജയി

പണം ചോദിച്ചെത്തുന്നവരുടെ ശല്യം കാരണം വീട്ടില്‍ നിന്ന് മാറി ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്ന് ഓണം ബംബര്‍ വിജയിയായ അനൂപ്. രാവിലെ മുതല്‍ പണം ചോദിച്ച് വീട്ടില്‍ വരുന്നവരുടെ തിരക്കാണെന്നും പണം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുന്നില്ലെന്നും അനൂപ് പറയുന്നു. ഇത്തരക്കാരെ പേടിച്ച് ഒളിച്ചു താമസിക്കേണ്ട ഗതികേടിലാണെന്നും ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലൂടെ അനൂപ് വെളിപ്പെടുത്തി.

16:01 (IST) 23 Sep 2022
രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു

മഹാത്മാ ഗാന്ധി സര്‍വകലാശാലയില്‍ ദളിത് ചിന്തക രേഖാ രാജിനെ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമിച്ചത് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. നിയമന നടപടി ശുദ്ധ അസംബന്ധം എന്ന രൂക്ഷ വിമര്‍ശനമുയര്‍ത്തിയാണ് സര്‍വകലാശാലയുടെയും രേഖാ രാജിന്റെയും ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയത്. കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റ് നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

15:55 (IST) 23 Sep 2022
എകെജി സെന്റര്‍ ആക്രമണം: പൊലീസ് ഭീഷണിപ്പെടുത്തി കുറ്റം സമതിപ്പിച്ചെന്ന് ജിതിന്‍

കുറ്റം ചെയ്തിട്ടില്ലെന്നും പൊലീസ് ഭീഷണിപ്പെടുത്തിയും ബലം പ്രയോഗിച്ചും കുറ്റം സമതിപ്പിച്ചതാണെന്നും എകെജി സെന്റര്‍ ആക്രമണക്കേസില്‍ അറസ്റ്റിലായ ജിതിന്‍. ജനറല്‍ ആശുപത്രിയില്‍ കൊണ്ടുവന്നു വൈദ്യ പരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു മാധ്യമങ്ങളോട് ജിതിന്‍ ഇങ്ങനെ പ്രതികരിച്ചത്.

14:37 (IST) 23 Sep 2022
മട്ടന്നൂരില്‍ ബോംബേറ്

കണ്ണൂര്‍ മട്ടന്നൂര്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ആരാണ് ഇതിന് പിന്നിലെന്ന് വ്യക്തമല്ല.

13:27 (IST) 23 Sep 2022
സ്ഥിതി നിയന്ത്രണവിധേയമെന്ന് ഡിജിപി

സംസ്ഥാനത്തെ സാഹചര്യം നിയന്ത്രണവിധേയമാണെന്ന് ഡിജിപി അനില്‍കാന്ത് അറിയിച്ചു. കുറച്ച് പേരെ കരുതല്‍ തടങ്കലില്‍ വച്ചതായി സ്ഥിരീകരിച്ച അദ്ദേഹം പ്രശ്നബാധിത മേഖലകളില്‍ കൂടുതല്‍ സേനയെ വിന്യസിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

12:26 (IST) 23 Sep 2022
197 പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ഹര്‍ത്താലില്‍ ആക്രമണങ്ങള്‍ നടത്തിയ പിഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. വിവിധ ജില്ലകളില്‍ നിന്നായി ഇതുവരെ 197 പേരെയാണ് കസ്റ്റഡിയിലെടുത്തത്.

11:28 (IST) 23 Sep 2022
അക്രമങ്ങള്‍ അടിയന്തരമായി തടയണമെന്ന് ഹൈക്കോടതി

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താലിനെതിരെ സ്വമേധയാ കേസ് എടുത്ത് ഹൈക്കോടതി. പോപ്പുലര്‍ ഫ്രണ്ടിന്റെ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ കോടതി സംസ്ഥാനത്ത് നടക്കുന്ന അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു

10:13 (IST) 23 Sep 2022
102 പിഎഫ്ഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍

സംസ്ഥാന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. ഈരാറ്റുപേട്ടയില്‍ മാത്രം 100 പ്രവര്‍ത്തകരെയാണ് ഹര്‍ത്താല്‍ സാഹചര്യത്തില്‍ കരുതല്‍ തടങ്കലിലാക്കിയിരിക്കുന്നത്. വടകരയില്‍ രണ്ട് പേരെയും കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്.

09:34 (IST) 23 Sep 2022
സര്‍വീസ് രീതി പുതുക്കാന്‍ കെഎസ്ആര്‍ടിസി

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ ആക്രമണം. പ്രസ്തുത സാഹചര്യത്തില്‍ സര്‍വീസ് രീതി പുതുക്കാനൊരുങ്ങുകയാണ് കെഎസ്ആര്‍ടിസി. സുരക്ഷയൊരുക്കിയെങ്കില്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.

08:42 (IST) 23 Sep 2022
പൊലീസുകാരന് നേരെ ആക്രമണം

കൊല്ലം പള്ളിമുക്കില്‍ പൊലീസ് ഉദ്യോഗസ്ഥനെ സമരക്കാര്‍ ബൈക്കിടിച്ചു വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന് സമരക്കാര്‍ അക്രമിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

07:39 (IST) 23 Sep 2022
കോഴിക്കോടും ആലപ്പുഴയിലും വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണു ഹര്‍ത്താല്‍. ഹര്‍ത്താല്‍ ആംരംഭിച്ച സമയത്ത് സ്ഥിതിഗതികള്‍ ശാന്തമായിരുന്നു. എന്നാല്‍ ഇപ്പോള്‍ പലയിടങ്ങളിലും അക്രമങ്ങള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോടും ആലപ്പുഴയിലും കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായി.

22:13 (IST) 22 Sep 2022
ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി നിര്‍ദേശം നല്‍കി

ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദേശം നല്‍കി. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യും. സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പൊലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദേശിച്ചിട്ടുണ്ട്.

22:10 (IST) 22 Sep 2022
ഹര്‍ത്താലില്‍ കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല

നാളത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടാനും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Web Title: Top news live updates 23 september