Top News Highlights: കോഴിക്കോട്: വീട്ടുജോലിക്ക് നിര്‍ത്തിയ പന്ത്രണ്ടുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി ദേഹംമുഴുവന്‍ പൊള്ളിച്ചു. കോഴിക്കാടാണ് സംഭവം. ഡല്‍ഹി സ്വദേശികളായ ഡോക്ടറെയും ഭാര്യയെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റുചെയ്തു. ഡോ. മിന്‍സ മുഹമ്മദ് കമ്രാന്‍ (40), ഭാര്യ റുമാന (30) എന്നിവരാണ് അറസ്റ്റിലായത്. ഡോക്ടര്‍ വീട്ടിലില്ലാത്ത സമയത്ത് ഭാര്യ സ്ഥിരമായി ചട്ടുകം ചൂടാക്കി കൈകളിലും മുഖത്തും ഉള്‍പ്പെടെ പൊള്ളിക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തതായി പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പൊലീസിനും മൊഴി നൽകി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഫ്ലാറ്റില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം അറിയുന്നത്. പെണ്‍കുട്ടി ബിഹാര്‍ സ്വദേശിനിയാണ്.
തിരുവനന്തപുരത്ത് വാടകവീട്ടില്‍ നിന്ന് 158 കോടിയുടെ ലഹരിമരുന്ന് കണ്ടെടുത്തു
തിരുവനന്തപുരം ബാലരാമപുരത്ത് 158 കോടിയുടെ ഹെറോയിൻ ഡിആര്‍ഐ പിടികൂടി. ആഫ്രിക്കയിൽ നിന്നാണ് ഹെറോയിന്‍ എത്തിച്ചത്. മയക്കുമരുന്ന് സൂക്ഷിച്ചിരുന്ന രമേശ്, സന്തോഷ് എന്നിവരെ അറസ്റ്റ് ചെയ്തു. ബാലരാമപുരത്ത് വാടക വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു 22 കിലോ ഹെറോയിന്‍. സിംബാബ്വെ ഹരാരെയിൽ നിന്നും മുംബൈയിലെത്തിച്ച ശേഷം ട്രെയിനിൽ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
നാളത്തെ ഹര്‍ത്താലില്‍ സംസ്ഥാനത്ത് കെഎസ്ആർടിസി സർവീസുകൾ മുടങ്ങില്ല. സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ആശുപത്രികൾ, വിമാനത്താവളങ്ങൾ, റെയിൽവെ സ്റ്റേഷനുകൾ, എന്നിവടങ്ങളിലേക്ക് ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പോലീസ് സഹായം തേടാനും മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിഴിഞ്ഞം സമരസമിതിയുമായി നാളെ മന്ത്രിതല ഉപസമിതി ചര്‍ച്ച നടത്തും. നാളെ രാവിലെ പതിനൊന്ന് മണിക്കാണ് ചര്‍ച്ച. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് സാമൂഹിക ആഘാത പഠനം നടത്തണമെന്നത് ഉള്‍പ്പെടെ ഏഴ് ഇന ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്നാണ് സമര സമിതിയുടെ തീരുമാനം. ഇന്നലെ സമരമസമിതി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
എ കെ ജി സെന്ററില്‍ സ്‌ഫോടക വസ്തു എറിഞ്ഞ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിന്‍ നിരപരാധിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ബോംബെറിഞ്ഞു എന്നത് ശുദ്ധ നുണയാണെന്നും സുധാകരന്‍ പറഞ്ഞു. സി പി എം തീകൊണ്ട് തല ചൊറിയുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും ജിതിനെ വിട്ടയച്ചില്ലെങ്കില്‍ വെള്ളിയാഴ്ച പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തുമെന്നും കെ. സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നടന്ന സംഭവം ഞെട്ടിപ്പിക്കുന്നതെന്നു ഹൈക്കോടതി. യാത്രാ കണ്‍സെഷന്‍ പുതുക്കാനെത്തിയ വിദ്യാര്‍ഥിനിക്കും പിതാവിനും ജീവനക്കാരില്‍നിന്ന് മര്‍ദനമേറ്റതു സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും കോടതി പറഞ്ഞു.സംഭവത്തില്‍ കെ എസ് ആര്‍ ടി സി മാനേജിങ് ഡയറക്ടറുടെ വിശദീകരണം പരിഗണിക്കവെയാണു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ പരാമര്‍ശം. ജീവനക്കാര്‍ ഇങ്ങനെയാണോ പെരുമാറുന്നതെന്നു കോടതി ചോദിച്ചു. ഇതാണ് ജീവനക്കാരുടെ പെരുമാറ്റമെങ്കില്‍ കെ എസ് ആര്‍ ടി സിയെ ആര് ഏറ്റെടുക്കുമെന്നും കോടതി ചോദിച്ചു.
ദേശീയ, സംസ്ഥാന നേതാക്കളെ എന്‍ ഐ എ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണു ഹര്‍ത്താല്‍.
ഗവർണർമാരിലൂടെ സംഘർഷം സൃഷ്ടിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫും ബിജെപിയും കേരളത്തിൽ വികസനത്തെ തടസ്സപ്പെടുത്തുകയാണ്. അതിനൊപ്പം ഒരു 'ബഹുമാന്യനും' ചേരുകയാണെന്ന് ഗവർണറെ പരാമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഒക്ടോബര്‍ 17ന് ഇതു സംബന്ധിച്ച വിജ്ഞാപനം കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി പുറത്തിറക്കി. തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രിയാണ് വിജ്ഞാപനമിറക്കിയത്. സെപ്റ്റംബര്‍ 24 മുതല്‍ 30വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം.
എകെജി സെന്ററര്‍ ആക്രമണ കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വിടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി ബന്ധമില്ലെന്നും സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കസ്റ്റഡിയേ കാണാനാകൂവെന്നും അദ്ദേഹം പ്രതികരിച്ചു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതതടസ്സം ഉണ്ടാക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് നല്‍കിയ ഹര്‍ജി ഹൈക്കോടതി കൂടുതല്‍ വാദത്തിനായി തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹൈക്കോടതി അഭിഭാഷകന്‍ കെ.വിജയന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. ജാഥ അനുമതിയും മറ്റുവ്യവസ്ഥകളും ലംഘിച്ചിട്ടുണ്ടോയെന്നറിയിക്കാന്‍ ഹര്‍ജിക്കാരനോട് കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് എസ്.മണികുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചത്. റോഡ് നിറഞ്ഞ് സഞ്ചരിക്കുന്ന ജാഥ ഗതാഗതതടസ്സം ഉണ്ടാക്കുകയാണെന്നും റോഡിന്റെ ഒരുവശം ഒഴിവാക്കി ജാഥ നടത്താന്‍ നിര്‍ദേശിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം.
എകെജി സെന്റർ സ്ഫോടന കേസിലെ പ്രതിയെ പിടികൂടി. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിന്‍.
നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. ജഡ്ജി ഹണി.എം.വര്‍ഗീസ് തന്നെ കേസ് തുടര്‍ന്നും കേള്‍ക്കും. ജഡ്ജിയില്‍ വിശ്വാസമില്ലെന്ന നടിയുടെ വാദവും വിചാരണ ഉപദ്രവമായി മാറിയെന്ന നടിയുടെ വാദവും കോടതി അംഗീകരിച്ചില്ല .
കോഴിക്കോട് ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്ക് കപ്പൽ ഇടിച്ചു. കൊച്ചി പുറം കടലിൽ വച്ചാണ് സംഭവം . നാലുപേർക്ക് നിസാര പരുക്കേറ്റു. മലേഷ്യൻ ചരക്ക് കപ്പൽ ആണ് ഇടിച്ചത്
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ആരോപണത്തിന് മറുപടിയുമായി പിണറായി വിജയന്‍. ഞാനൊരാളില്‍ നിന്നും ഒരാനുകൂല്യവും കൈപ്പറ്റാന്‍ വേണ്ടി നടക്കുന്നയാളല്ല. ആ രീതിയില്‍ പറയേണ്ട എന്നാണ് ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അത് പറയാത്തത്. ഗവര്‍ണര്‍ സ്ഥാനത്തിരിക്കുന്നയാളെ വ്യക്തിപരമായി പറയുന്നത് ശരിയല്ലെന്നും ആരിഫ് മുഹമ്മദ് ഖാന് പിണറായി വിജയനെ അറിയാഞ്ഞിട്ടാണെന്നും പിണറായി പറഞ്ഞു. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍റെ നിയമനക്കാര്യത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായി ആവശ്യപ്പെട്ടെന്നായിരുന്നു ഗവർണറുടെ ആരോപണം.
തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥി കൺസഷൻ തേടിയെത്തിയ അച്ഛനെയും മകളെയും കെഎസ്ആർടിസി ജീവനക്കാര്‍ ആക്രമിച്ച കേസിൽ പൊലീസ് അന്വേഷണം തുടരുന്നു. ഇന്നലെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് തെരച്ചിൽ നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
തൃശൂര്‍ ചമ്മണ്ണൂരിൽ മകൻ തീ കൊളുത്തിയ അമ്മ മരിച്ചു. ചമ്മണ്ണൂർ സ്വദേശി ശ്രീമതി (75) ആണ് മരിച്ചത്. മകൻ മനോജിനെ (40) വടക്കേക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടര്‍ന്നുണ്ടായ അരിശമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.