scorecardresearch

Top News Highlights: പുറത്താക്കിയ വിദ്യാര്‍ഥിക്ക് വീണ്ടും പ്രവേശനം നല്‍കിയില്ല; പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു

പൊലീസ് എസ് എഫ ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിയിൽനിന്ന് പുറത്തിറക്കിയത്

Top News Highlights: പുറത്താക്കിയ വിദ്യാര്‍ഥിക്ക് വീണ്ടും പ്രവേശനം നല്‍കിയില്ല; പ്രിന്‍സിപ്പലിനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുറിയില്‍ പൂട്ടിയിട്ടു

Top News Highlights: കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ പ്രസിന്‍പ്പിലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം മുറിയില്‍ പൂട്ടിയിട്ടു. കഴിഞ്ഞ വര്‍ഷം കോളേജില്‍നിന്ന് പുറത്താക്കിയ എസ് എഫ് ഐ പ്രവര്‍ത്തകന് വീണ്ടും അഡ്മിഷന്‍ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. കോളജ് അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പൊലീസ് എസ് എഫ ഐ പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച മാറ്റിയാണ് പ്രിന്‍സിപ്പിലിനെ മുറിയിൽനിന്ന് പുറത്തിറക്കിയത്. കഴിഞ്ഞ വര്‍ഷം അച്ചടക്ക നടപടി നേരിട്ട് കോളജില്‍നിന്നു പുറത്താക്കിയ രോഹിത് രാജ് എന്ന വിദ്യാര്‍ഥിയാണ് ഈ വര്‍ഷം അതേ വിഷയത്തില്‍ പ്രവേശനത്തിനെത്തിയത്.

പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടിച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.

Live Updates
22:26 (IST) 22 Aug 2022
ഫിലിപ്പോ ഓസെല്ലയെ തിരിച്ചയച്ച സംഭവം: കേന്ദ്രത്തിന്റെ നിലപാട് തേടി ഡല്‍ഹി ഹൈക്കോടതി

രാജ്യന്തര നരവംശ, സാമൂഹ്യ ശാസ്ത്രജ്ഞന്‍ ഫിലിപ്പോ ഓസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് തിരിച്ചയച്ച സംഭവത്തില്‍ രേഖകള്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. തനിക്കെതിരായ നടപടി ഏകപക്ഷീയവും യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഒസെല്ല നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഹര്‍ജി പരിഗണിച്ച ജഡ്ജി യശ്വന്ത് വെര്‍മ്മ അധ്യക്ഷനായ ബെഞ്ച് വിഷയത്തില്‍ ഒരു മാസത്തിനകം കേന്ദ്രം മറുപടി നല്‍കണമെന്നും വ്യക്തമാക്കി. കേസ് ഒക്ടോബര്‍ 12 ന് പരിഗണിക്കാന്‍ മാറ്റി.

21:17 (IST) 22 Aug 2022
പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്ന വാട്‌സ്ആപ്പ് സ്റ്റാറ്റസ്; മുംബൈയില്‍ ഒരാള്‍ അറസ്റ്റില്‍

പ്രവാചകന്‍ മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഉള്ളടക്കം വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സംഭവത്തില്‍ മുംബൈയില്‍ യുവാവ് അറസ്റ്റില്‍. മുപ്പതുകാരനെ കിഴക്കന്‍ മലാഡിന്റെ പ്രാന്തപ്രദേശത്തുനിന്ന് ഇന്നലെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് നബിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഫൊട്ടോയും വീഡിയോയുമുള്ള സ്റ്റാറ്റസിനെക്കുറിച്ച് പരിചയക്കാരനില്‍നിന്ന് അറിഞ്ഞതായി സലിം ചൗധരി എന്ന അഭിഭാഷകന്‍ ഡിണ്ടോഷി പൊലീസില്‍ ഓഗസ്റ്റ് 19നെ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് അറസ്റ്റ് ചെയ്ത് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ കുറ്റാരോപിത രണ്ടു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

19:57 (IST) 22 Aug 2022
കണ്ണൂര്‍ വിസിക്കെതിരായ പരാമര്‍ശം: ഗവര്‍ണര്‍ക്കെതിരെ അമ്പതോളം ചരിത്രകാരന്‍മാര്‍ രംഗത്ത്

കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ ഗോപിനാഥ് രവീന്ദ്രനെതിരെയുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചരിത്രകാരന്‍മാര്‍ രംഗത്ത്. ഗവര്‍ണറുടേത് അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണെന്ന് ചൂണ്ടികാണിച്ച് അമ്പതിലധികം ചരിത്രകാരന്മാര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം.

18:56 (IST) 22 Aug 2022
ഓണക്കിറ്റ് വിതരണം നാളെ മുതൽ

സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം നാളെ മുതൽ. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനങ്ങള്‍ അടങ്ങുന്ന കിറ്റ് എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ലഭിക്കും. എ എ വൈ (മഞ്ഞ) കാര്‍ഡുടമകള്‍ക്കുള്ള കിറ്റുകള്‍ ഓഗസ്റ്റ് 23, 24 എന്നീ ദിവസങ്ങളില്‍ വിതരണം ചെയ്യും. 25, 26, 27 തീയതികളില്‍ പി എച്ച് എച്ച് (പിങ്ക്) കാര്‍ഡുടമകള്‍ക്കും 29, 30, 31 തീയതികളില്‍ എന്‍ പി എസ് (നീല) കാര്‍ഡുടമകള്‍ക്കും സെപ്റ്റംബര്‍ ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ എന്‍ പി എന്‍ എസ് (വെള്ള) കാര്‍ഡുടമകള്‍ക്കും കിറ്റുകള്‍ നല്‍കും. നിശ്ചയിക്കപ്പെട്ട തീയതികളില്‍ കിറ്റ് വാങ്ങാന്‍ കഴിയാത്ത എല്ലാ കാര്‍ഡുടകള്‍ക്കും സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ ലഭിക്കും. ഞായറാഴ്ചയായ നാലിനു റേഷന്‍ കടകള്‍ക്കു പ്രവൃത്തി ദിവസമാണ്. ഏഴിനു ശേഷം കിറ്റ് വിതരണം ഉണ്ടാകില്ല.

17:37 (IST) 22 Aug 2022
രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി അയാള്‍ വേട്ടയാടപ്പെടുന്നു; സിസോദിയ ഭാരത രത്‌നയ്ക്ക് യോഗ്യനെന്ന് അരവിന്ദ് കെജ്‌രിവാള്‍

എക്‌സ്‌സൈ് അഴിമതി കേസില്‍ സിബിഐ അന്വേഷണം നേരിടുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഭാരതരത്‌നയ്ക്ക് യോഗ്യനെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. വിദ്യാഭ്യാസ മന്ത്രി എന്ന നിലയിലുള്ള സിസോദിയയുടെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച കെജ്‌രിവാള്‍ രാജ്യത്തിന്റെ വിദ്യഭ്യാസ മേഖല സിസോദിയയ്ക്ക് കൈമാറണമെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളുടെ പേരില്‍ സിസോദിയ വേട്ടയാടപ്പെടുകയാണെന്നും അഹമ്മദാബാദില്‍ മാധ്യമങ്ങളോട് പറഞ്ഞു. 70 വര്‍ഷം കൊണ്ട് മറ്റ് പാര്‍ട്ടികള്‍ക്ക് ചെയ്യാന്‍ കഴിയാത്ത സര്‍ക്കാര്‍ സ്‌കൂളുകള്‍ അദ്ദേഹം (മനീഷ് സിസോദിയ) പുനരുദ്ധരിച്ചു. അങ്ങനെയുള്ള ഒരാള്‍ക്ക് ഭാരതരത്ന ലഭിക്കണം. രാജ്യത്തിന്റെ മുഴുവന്‍ വിദ്യാഭ്യാസ മേഖലയും അദ്ദേഹത്തിന് കൈമാറേണ്ടതാണ്. എന്നാല്‍ അവര്‍ അദ്ദേഹത്തിനെതിരെ സിബിഐ റെയ്ഡുകള്‍ നടത്തുന്നു. രണ്ട് ദിവസത്തെ ഗുജറാത്ത് സന്ദര്‍ശനത്തിനെത്തിയ കെജ്‌രിവാളിന് ഒപ്പം മനീഷ് സിസോദിയയും എത്തിയിട്ടുണ്ട്.

16:45 (IST) 22 Aug 2022
26,000 വയല്‍ പേവിഷബാധ പ്രതിരോധ വാക്‌സിന്‍ ലഭ്യമായി

പേവിഷബാധയ്‌ക്കെതിരായ 26,000 വയല്‍ ആന്റി റാബിസ് വാക്‌സിന്‍ (ഐ ഡി ആര്‍ വി.) സംസ്ഥാനത്ത് ലഭ്യമായി. സി ഡി എല്‍ പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് ലഭ്യമാക്കിയത്. പരിശോധനകള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ ലഭ്യമാക്കും. നായകളില്‍ നിന്നും പൂച്ചകളില്‍ നിന്നും കടിയേറ്റ് ആന്റി റാബിസ് വാക്‌സിന്‍ എടുക്കുന്നതിനായി ആശുപത്രികളില്‍ വരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുണ്ടായത്. പല ജില്ലകളിലും നായകളുടെ കടി രണ്ടു മുതല്‍ മൂന്നിരട്ടി വരെ വര്‍ധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് അധികമായി വാക്‌സിന്‍ ശേഖരിക്കാൻ കെ എം എസ് സി എല്‍ നടപടി സ്വീകരിക്കുന്നത്

15:43 (IST) 22 Aug 2022
സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ്

ലൈംഗീകപീഡന പരാതിയിൽ സാംസ്കാരിക പ്രവർത്തകൻ സിവിക് ചന്ദ്രന് ഹൈക്കോടതി നോട്ടിസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് മേരി ജോസഫിന്റെ നടപടി. കേസിൽ കോടതി സർക്കാരിന്റെ നിലപാട് തേടി. അതിജീവിതയുടെ വസ്ത്രധാരണം പ്രകോപനപരമായിരുന്നുവെന്നും പട്ടികജാതി/വർഗ അതിക്രമ നിയമം പ്രതിക്കെതിരെ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് വിചാരണക്കോടതി സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചത്. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. വിചാരണക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചിട്ടുണ്ട്

14:44 (IST) 22 Aug 2022
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ റിപ്പോര്‍ട്ട്. മധ്യകേരളത്തില്‍ രാവിലെ മുതല്‍ തുടര്‍ച്ചയായ മഴ ലഭിക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ ഇന്ന് ഒരു ജില്ലകളിലും അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇന്ന് എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

14:17 (IST) 22 Aug 2022
കണ്ണൂര്‍ സര്‍വകലാശാല: പ്രിയ വര്‍ഗീസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടാം റാങ്കുകാരനായ ജോസഫ് സ്കറിയയുടെ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.

13:40 (IST) 22 Aug 2022
ലോകായുക്ത, സര്‍വകലാശാല ഭേദഗതി ബില്ലുകളെ എതിര്‍ക്കുമെന്ന് സതീശന്‍

ലോകായുക്ത ബില്ലിനെ പ്രതിപക്ഷം നിയമസഭയില്‍ എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളില്‍ സര്‍ക്കാരിന്റെ ഏറാന്‍മൂളികളെ വി.സിമാരാക്കാന്‍ വേണ്ടിയുള്ള ബില്ലിനെയും എതിര്‍ക്കും. ഉന്നത വിദ്യാഭ്യാസരംഗത്തിന്റെ ഗുണനിലവാരവും വിശ്വാസ്യതയും തകര്‍ക്കാനാണ് സര്‍ക്കാരിന്റെ ഇഷ്ടക്കാരെ വി.സിമാരാക്കാന്‍ ശ്രമിക്കുന്നത്. ഇപ്പോള്‍ തന്നെ കേരളത്തിലെ സര്‍വകലാശാലകളില്‍ ബിരുദ- ബിരുദാനന്തര കോഴ്‌സുകള്‍ക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ എണ്ണം കുറയുകയാണ്. ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് കുട്ടികള്‍ യു.കെയും യു.എസും ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലേക്ക് പോകുകയാണ്. കേരളത്തിന്റെ മനുഷ്യ വിഭവശേഷിയാണ് നഷ്ടമാകുന്നത്. അപകടകരമായ സ്ഥിതി വിശേഷമാണ് ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്നത്.

12:29 (IST) 22 Aug 2022
വിഴിഞ്ഞത്ത് സമരം ശക്തം; കടലിലും കരയിലും പ്രതിഷേധിച്ച് തീരദേശവാസികള്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരായ തീരദേശവാസികളുടെ പ്രതിഷേധം ഏഴാം ദിവസവും ശക്തമായി തുടരുന്നു. കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുകളെപ്പോലും അവഗണിച്ച് കരയിലും കടലിലും ഓരേ സമയമാണ് പ്രതിഷേധം നടക്കുന്നത്. തുറമുഖനിര്‍മ്മാണ മേഖലയിലേക്ക് സമരക്കാര്‍ അതിക്രമിച്ച് കടന്നു.

കരയിലൂടെ എത്തിയ സമരക്കാര്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടന്ന് നിര്‍മ്മാണമേഖലയിലേക്കുള്ള ഗേയ്റ്റിന്റെ പൂട്ട് പൊളിച്ചാണ് അകത്തേക്ക് കടന്നത്. ഇതേസമയം തന്നെ കടലിലൂടെയെത്തിയ മത്സ്യത്തൊഴിലാളികളും തുറമുഖത്തിലേക്ക് പ്രവേശിച്ചു. തുറമുഖനിര്‍മ്മാണ മേഖലയില്‍ പ്രതിഷേധം തുടരുകയാണ്.

11:48 (IST) 22 Aug 2022
അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ആവശ്യം അംഗീകരിച്ച് ഹൈക്കോടതി. കോടതി മാറ്റം വേണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ ഹൈക്കോടതി അടിച്ചിട്ട മുറിയില്‍ വാദം കേള്‍ക്കും. സെഷന്‍സ് കോടതിയിലെ വിചാരണ നിര്‍ത്തി വയ്ക്കണമെന്ന ആവശ്യം അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും.

11:31 (IST) 22 Aug 2022
മട്ടന്നൂര്‍ നഗരസഭ എല്‍‍ഡിഎഫ് നിലനിര്‍ത്തി, യുഡിഎഫിന് മുന്നേറ്റം

മട്ടന്നൂര്‍ നഗരസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. 35 സീറ്റുകളില്‍ 21 എണ്ണത്തില്‍ വിജയിച്ചു. കഴിഞ്ഞ തവണ ഏഴ് സീറ്റിലൊതുങ്ങിയ യുഡിഎഫ് സീറ്റുകളുടെ എണ്ണം 14 ആയി ഉയര്‍ത്തി.

10:19 (IST) 22 Aug 2022
മദ്യപിച്ച് ബസോടിച്ച ഡ്രൈവര്‍മാര്‍ പിടിയില്‍

തൃശൂരില്‍ മദ്യപിച്ച് ബസോടിച്ച ഏഴ് ഡ്രൈവര്‍മാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍മാര്‍ക്ക് പുറമെ അഞ്ച് കണ്ടക്ടര്‍മാരും പിടിയിലായി. ശക്തന്‍, വടക്കെ സ്റ്റാന്‍ഡുകളില്‍ പൊലീസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഇവര്‍ കുടുങ്ങിയത്.

09:32 (IST) 22 Aug 2022
കോഴിക്കോട് തെരുവുനായയുടെ കടിയേറ്റ മധ്യവയസ്ക വാക്സിനെടുത്തിട്ടും മരിച്ചു

കോഴിക്കോട് പേരാമ്പ്രയില്‍ തെരുവുനായയുടെ കടിയേറ്റ മധ്യവയസ്ക വാക്സിനെടുത്തിട്ടും മരിച്ചു. കൂത്താളി സ്വദേശിയായ ചന്ദ്രികയാണ് ചികിത്സയിലിരിക്കെ മരിച്ചത്. 53 വയസായിരുന്നു. ജൂലൈ 21 നാണ് ഇവര്‍ക്ക് തെരുവുനായയില്‍ നിന്ന് കടിയേറ്റത്.

വാക്സിനുകളെല്ലാം കൃത്യമായി എടുത്തിരുന്നതായാണ് ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരം. പത്ത് ദിവസം മുന്‍പ് ആരോഗ്യസ്ഥിതി മോശമാവുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതെതുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Web Title: Top news live updates 22 august 2022 kerala news

Best of Express