scorecardresearch
Latest News

Top News Highlights: കണ്ണൂര്‍ സര്‍വകലാശാല വിസി ക്രിമിനലെന്ന് ഗവര്‍ണര്‍

മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചാണ് വിസിയുടെ പ്രവര്‍ത്തനമെന്നും ഗവര്‍ണര്‍ പറഞ്ഞു

Top News Highlights: കണ്ണൂര്‍ സര്‍വകലാശാല വിസി ക്രിമിനലെന്ന് ഗവര്‍ണര്‍
ഫയൽ ഫൊട്ടോ

Top News Live Updates: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവര്‍ണര്‍ പറയുന്നു.

ഷാജഹാന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് ഭാര്യ ഐഷ

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് ഭാര്യ ഐഷ. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും ഐഷ ആരോപിച്ചു. ഷാജഹാനെ കൊലപ്പെ‍ടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും ഐഷ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

ഓഗസ്റ്റ് 14-ാം തീയതി രാത്രിയായിരുന്നു കൊലപാതകം നടന്നത്. കൊലയ്ക്ക് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ കൊലനടത്തിയത് ആര്‍എസ്എസ് ആണെന്ന് അരോപിച്ച സിപിഎം പൊലീസ് നിഗമനത്തെ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

Live Updates
20:04 (IST) 21 Aug 2022
രാജ്ഭവനെ ഗവര്‍ണര്‍ സംഘപരിവാറിന്റെ ഗൂഢാലോചന കേന്ദ്രമാക്കി മാറ്റി :ഇ.പി. ജയരാജന്‍

ഗവര്‍ണര്‍ പദവിക്ക് ചേരാത്ത വിധം പ്രവര്‍ത്തിക്കുന്നുവെന്ന് എല്‍ഡിഎഫ്. കണ്‍വീനര്‍ ഇ.പി. ജയരാജന്‍. രാജ്ഭവനെ ഗവര്‍ണര്‍ സംഘപരിവാറിന്റെ ഗൂഢാലോചനാ കേന്ദ്രമാക്കി മാറ്റി. ഗവര്‍ണര്‍ ആര്‍എസ്എസ് സേവകനെ പോലെ തരംതാഴുന്നു.ഉന്നതമായ അക്കാദമിക പാരമ്പര്യമുള്ള അധ്യാപകനാണ് വി സിയെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന്റെ തലപ്പത്തിരിക്കുന്ന ഗവര്‍ണറുടെ പദവിക്ക് യോജിച്ചതാണോ ഇത്തരം നിലവാരം കുറഞ്ഞ പ്രയോഗങ്ങള്‍ എന്ന് പുനര്‍ചിന്തനം നടത്തണമെന്നും ജയരാജന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ വൈസ് ചാന്‍സലര്‍ പാര്‍ട്ടി കേഡറെ പോലെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രസ്താവിച്ചു. എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ വിളിച്ച് പറയുന്നതെന്നും ജയരാജന്‍ ചോദിച്ചു.

18:36 (IST) 21 Aug 2022
കണ്ണൂര്‍ സര്‍വകലാശാല വിസി ചെയ്ത കുറ്റം എന്താണ്? ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സിപിഎം

അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂര്‍ വി.സിയെ ക്രിമിനല്‍ എന്നുവിളിച്ച ഗവര്‍ണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഗവര്‍ണറുടെ നടപടി അദ്ദേഹം വഹിക്കുന്ന ഭരണഘടനാ പദവിക്ക് നിരക്കാത്തതാണ്, എന്ത് ക്രിമിനല്‍ കുറ്റമാണ് വി.സി. ചെയ്തത് എന്ന് ഗവര്‍ണര്‍ വ്യക്തമാക്കണം. ഗവര്‍ണര്‍ എടുത്ത നടപടിയില്‍ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂര്‍ വൈസ് ചാന്‍സലര്‍. നിയമപരമായും, മാന്യമായും മറുപടി പറയുന്നതിന് പകരം തന്റെ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ പ്രതികരിക്കുന്നത് ഗവര്‍ണര്‍ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

16:51 (IST) 21 Aug 2022
കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു

കര്‍ഷക നേതാവ് രാകേഷ് ടിക്കായത്തിനെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ രാജ്യതലസ്ഥാനത്തേക്ക് എത്തുകയായിരുന്നു ടിക്കായത്ത്. ജന്തര്‍ മന്തറിലേക്കുള്ള യാത്രാമധ്യേ ഘാസിപൂരില്‍ വച്ച് ടികായിതിനെ തടഞ്ഞുനിര്‍ത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപോര്‍ട്ടുകള്‍. യാത്രകമധ്യേ ഘാസിപൂരില്‍ വെച്ച് തടഞ്ഞ് വെച്ച ടിക്കായത്തിനെ പിന്നീട് മധു വിഹാര്‍ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തുടര്‍ന്ന് തിരികെ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥന്‍ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിനോട് പറഞ്ഞു. അതേസമയം കേന്ദ്രത്തിന്റെ നിര്‍ദേശപ്രകാരമാണ് ഡല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നതെന്ന് ഭാരതീയ കിസാന്‍ യൂണിയന്റെ (ബികെയു) ദേശീയ വക്താവും സംയുക്ത് കിസാന്‍ മോര്‍ച്ചയുടെ (എസ്‌കെഎം) മുഖവുമായ രാകേഷ് ടിക്കായത്ത് ആരോപിച്ചു.

15:55 (IST) 21 Aug 2022
പ്ലസ്‌വണ്‍ വിഎച്ച്എസ്‌സി വിഭാഗം മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

ഹയര്‍സെക്കന്‍ഡറി(വിഎച്ച്എസ്‌സി) വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള മൂന്നാമത്തെയും അവസാനത്തേയും അലോട്ട്‌മെന്റ് http://www.admission.dge.kerala.gov.in/ എന്ന അഡ്മിഷന്‍ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു. Third Allotment Results എന്ന ലിങ്കില്‍ ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിയും നല്‍കി അപേക്ഷകര്‍ക്ക് അലോട്ട്‌മെന്റ് വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും അലോട്ട്‌മെന്റ് സ്ലിപ് ഡൗണ്‍ലോഡ് ചെയ്യാം. മൂന്നാം അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തില്‍ ആഗസ്റ്റ് 24, വൈകുന്നേരം 4.00 മണി വരെ അലോട്ട്‌മെന്റ് ലഭിച്ചിട്ടുള്ള സ്‌കൂളുകളില്‍ പ്രവേശനം നേടാവുന്നതാണ്. മൂന്നാം അലോട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിര പ്രവേശനം ആണ് ലഭിക്കുന്നത്. ഈ അലോട്ട്‌മെന്റില്‍ താത്കാലിക പ്രവേശനം അനുവദനീയമല്ല. അലോട്ട്‌മെന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥി ആഗസ്റ്റ് 24, വൈകുന്നേരം 4.00 മണിക്ക് മുമ്പ് അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിര പ്രവേശനം നേടാതിരുന്നാല്‍, അഡ്മിഷന്‍ പ്രോസസ്സില്‍ നിന്നും പുറത്താകുന്നതാണ്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ക്ലാസുകള്‍ ആഗസ്റ്റ് 25 മുതല്‍ ആരംഭിക്കുന്നതാണെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

15:40 (IST) 21 Aug 2022
നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് അറുപതു കോടിയോളം വിലവരുന്ന ലഹരിമരുന്ന് പിടിച്ചെടുത്തു

നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്നും 30 കിലോ ലഹരി മരുന്ന് പിടിച്ചെടുത്തു. സിംബാബ്വേയില്‍ നിന്നും ദോഹ വഴി കൊച്ചിയിലെത്തിയ മുരളീധരന്‍ നായര്‍ എന്ന യാത്രക്കാരനില്‍ നിന്നാണ് ലഹരി മരുന്ന് പിടിച്ചെടുത്തത്. പ്രാഥമിക വിലയിരുത്തലില്‍ ലഹരി വസ്തുവിന് അന്തരാഷ്ട്ര മാര്‍ക്കറ്റില്‍ അറുപതു കോടിയോളം വിലവരും. കൊച്ചിയില്‍നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കായി എയര്‍ ഏഷ്യ വിമാനത്തില്‍ കയറവെയാണ് ബാഗേജ് പരിശോധന നടത്തിയത്. സിയാല്‍ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് ലഹരി മരുന്ന് കണ്ടെത്തിയത്. പാലക്കാട് സ്വദേശിയായ യാത്രക്കാരനെ നര്‍കോട്ടിക് വിഭാഗത്തിന് കൈമാറി.

14:05 (IST) 21 Aug 2022
പ്ലസ് വണ്‍ പ്രവേശനം: മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ പ്ലസ് പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നാളെ (ഓഗസ്റ്റ് 22) രാവിലെ 10 മണി മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. നാളെ രാവിലെ പത്ത് മണി മുതല്‍ ബുധനാഴ്ച (ഓഗസ്റ്റ് 24) വൈകുന്നേരം അഞ്ചു മണി വരെ പ്രവേശന നടപടികള്‍ ഉണ്ടായിരിക്കും.

12:55 (IST) 21 Aug 2022
ലോകായുക്ത ബില്ലില്‍ കാനം

ലോകായുക്ത ബില്ല് സംബന്ധിച്ച് സിപിഐ നിലപാട് ഉഭയകക്ഷി ചര്‍ച്ചയില്‍ അറിയിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബില്ലിലെ വിയോജിപ്പ് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ബില്ല് സഭയില്‍ വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.

11:56 (IST) 21 Aug 2022
കണ്ണൂര്‍ വിസി ക്രിമിനലാണെന്ന് ഗവര്‍ണര്‍

കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊ. ഗോപിനാഥ് രവീന്ദ്രനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂർ വി സി ക്രിമിനലാണെന്നും ദില്ലിയിലാണ് ഗൂഢാലോചന നടന്നതെന്നും ഗവര്‍ണര്‍ ആരോപിച്ചു. കായികമായി നേരിടാന്‍ വിസി എല്ലാ ഒത്താശയും ചെയ്തുവെന്നും ഗവര്‍ണര്‍ പറയുന്നു.

11:00 (IST) 21 Aug 2022
സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ബുധനാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുണ്ടായേക്കുമെന്നാണ് പ്രവചനം. മൂന്ന് ദിവസങ്ങളിലായി നാല് ജില്ലകളിലായണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

09:57 (IST) 21 Aug 2022
ഷാജഹാന്റെ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് എന്ന് ഭാര്യ ഐഷ

പാലക്കാട് സിപിഎം പ്രവര്‍ത്തകന്‍ ഷാജഹാനെ കൊലപ്പെടുത്തിയത് ആര്‍എസ്എസ് ആണെന്ന് ഭാര്യ ഐഷ. ആര്‍എസ്എസ്, ബിജെപി നേതാക്കള്‍ ആസൂത്രണം ചെയ്താണ് കൊലപാതകം നടത്തിയതെന്നും ഐഷ ആരോപിച്ചു. ഷാജഹാനെ കൊലപ്പെ‍ടുത്തുമെന്ന് നിരന്തരം ഭീഷണിയുണ്ടായിരുന്നെന്നും ഐഷ പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Web Title: Top news live updates 21 august 2022 kerala news