Top News Highlights: ആലുവ മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ മുഹമ്മദാലി അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്തെ ആശുപത്രിയില്‍ വൃക്ക രോഗത്തിന് ചികിത്സയിലിരിക്കേയാണ് അന്ത്യം. ആലുവയെ 26 വര്‍ഷം നിയമസഭയില്‍ പ്രതിനിധാനം ചെയ്ത യുഡിഎഫ് എംഎല്‍എയായിരുന്നു കെ മുഹമ്മദാലി. ദീര്‍ഘകാലമായി എ.ഐ.സി.സി അംഗമായിരുന്ന അദ്ദേഹം കുറച്ചു നാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകന്ന് നില്‍ക്കുകുകയായിരുന്നു. ആലുവ പാലസ് റോഡ് ചിത്ര ലൈനില്‍ ഞര്‍ളക്കാടന്‍ എ. കൊച്ചുണ്ണി- നബീസ ദമ്പതികളുടെ മകനായിരുന്നു.
ചേപ്പാട് ബൈക്കിലെത്തി വയോധികയുടെ മാല പറിച്ചു കടന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം ചിറയൻകീഴ് കീഴാറ്റിങ്കൽ ചരുവിള വീട്ടിൽ അക്ബർഷാ, താമരക്കുളം റംസാൻ മൻസിൽ സജേഖാൻ എന്ന സഞ്ജയ് ഖാൻ എന്നിവരാണ് പിടിയിലായത്. കായംകുളം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 31 നാണ് രാധമ്മ എന്ന വയോധികയുടെ മാല ഇരുവരും ചേര്‍ന്ന് കവര്‍ന്നത്
സെപ്റ്റംബർ 23ന് കേരളത്തിലെ പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രഖ്യാപിച്ചിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പുമന്ത്രി ജി.ആർ. അനിൽ പെട്രോളിയം കമ്പനികളുടെ പ്രതിനിധികളുമായും പെട്രോളിയം വ്യാപാരി സംഘടനകളുടെ പ്രിതിനിധികളുമായും ചൊവ്വാഴ്ച നടത്തിയ യോഗത്തിന് ശേഷമാണ് പണിമുടക്ക് മാറ്റിവച്ചത്. പെട്രോളിയം ഉല്പന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുക, പരിചയസമ്പന്നരായ വിൽപ്പന ഉദ്യോഗസ്ഥരെ നിയമിക്കുക, വ്യാപാരികൾ ആവശ്യപ്പെടുന്ന പെട്രോളിയം ഉല്പന്നങ്ങൾ കമ്പനികൾ നല്കാൻ തയ്യാറാവുക, ഓരോ വ്യാപാരിക്കും ആവശ്യകത അനുസരിച്ച് മാത്രം ഉല്പന്നങ്ങൾ നല്കുക, ഫയർ, പൊല്യൂഷൻ ലൈസൻസ് കാലദൈർഘ്യം വർദ്ധിപ്പിക്കുക, പെട്രോളിയം en വ്യാപാരികളോടുള്ള പെട്രോളിയം കമ്പനികളുടെ വിവേചനം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വ്യാപാരികൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.
മകളുടെ മുന്നിലിട്ട് പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ നാല് കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്.ആർ.സുരേഷ് കുമാർ, കണ്ടക്ടർ എൻ.അനിൽകുമാർ, അസിസ്റ്റന്റ് സി.പി.മിലൻ ഡോറിച്ച് എന്നിവര്‍ക്കെതിരെയാണ് നടപടി.
നെയ്യാറ്റിന്‍കരയില്‍ എട്ടുവയസുകാരനെ പിതൃസഹോദരന്‍ ബിയര്‍ കുടിപ്പിച്ചതായി പരാതി. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ നെയ്യാറ്റിന്‍കര പൊലീസാണ് കേസെടുത്തത്. കുട്ടിയുടെ ഇളയച്ഛന്‍ മനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മനുവിനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
പ്രദേശവാസി ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് മനുവിനെ കുടുക്കിയത്. കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള വഴിയില്‍ വച്ചാണ് കുട്ടിയെ ബിയര്‍ കുടിക്കാന്‍ മനു നിര്‍ബന്ധിച്ചത്. ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെയാണ് മാതാപിതാക്കള്‍ പരാതി നല്‍കിയത്. തിരുവോണ ദിവസത്തിലായിരുന്നു സംഭവം.
കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ പിതാവിനെ മകളുടെ മുന്നില്‍ ജീവനക്കാര്‍ മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടി. സംഭവത്തില്‍ കെ എസ് ആര്‍ ടി സി എംഡിയുടെ വിശദീകരണം എത്രയും വേഗം നല്‍കാന്‍ കോടതി കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന് നിര്‍ദേശം നല്‍കി.
മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണു ജസ്റ്റിസ് ദേവന്‍രാമചന്ദ്രന്റെ നടപടി. വിദ്യാര്‍ത്ഥിനിയേയും പിതാവിനെയും മര്‍ദിച്ചതു ശമ്പളം കിട്ടാതെ കഷ്ടപ്പെടുന്ന കെ എസ് ആര്‍ ടി സി ജീവനക്കാരോട് ജനങ്ങള്‍ക്കുള്ള സഹാനുഭൂതി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നു കോടതി വാക്കാല്‍ പറഞ്ഞു. റിപ്പോര്‍ട്ട് നാളെ സമര്‍പ്പിച്ചേക്കും.
സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശിയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫിസില്‍ വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുസ്ലിം ലീഗ് ദേശിയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഗവര്‍ണര്‍ എല്ലാ അതിരുകളും ലംഘിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവര്‍ണറുടെ രീതികളോട് പ്രതിപക്ഷത്തിന് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മകളുടെ മുന്നിലിട്ട് അച്ഛനെ മര്‍ദിച്ച് കെ എസ് ആര്‍ ടിസി. ജീവനക്കാര്‍. ആമച്ചല്‍ സ്വദേശി പ്രേമനെയാണ് കോളേജ് വിദ്യാര്‍ഥിയായ മകളുടെ മുന്നിലിട്ട് ജീവനക്കാര്‍ മര്‍ദിച്ചത്. കാട്ടാക്കട കെ എസ് ആര്‍ ടി സി ഡിപ്പോയിലായിരുന്നു സംഭവം.
ഇടുക്കി കുമളിയില്‍ തെരുവ് നായയുടെ ആക്രമണം. തെരുവുനായയുടെ ആക്രമണത്തില്‍ വയോധിക ഉള്‍പ്പടെ ഏഴ് പേര്‍ക്ക് കടിയേറ്റു. രാവിലെ ഏഴ് മണിയോടെയാണ് തെരുവ് നായയുടെ ആക്രമണമുണ്ടായത്. വലിയകണ്ടം ഒന്നാംമൈല്‍, രണ്ടാംമൈല്‍ ഭാഗങ്ങളില്‍ വച്ചായിരുന്നു സംഭവം. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചിട്ടില്ല. അസം സ്വദേശി ഫൈജുല്‍ ഇസ്ലാം, വലിയകണ്ടം സ്‌പൈസ്‌മോ ട്രേഡിംഗ് കമ്പനി ജീവനക്കാരനായ മൂര്‍ത്തി, തോട്ടം തൊഴിലാളിയായ പൊന്നിത്തായി, അമരാവതി സ്വദേശികളായ മോളമ്മ, രാജേന്ദ്രലാല്‍ ദത്ത് എന്നിവര്‍ക്കാണ് കടിയേറ്റത്. പരിക്കേറ്റവരെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൃഗങ്ങളുടെ വാക്സിനേഷന്‍, വന്ധ്യംകരണം എന്നിവയ്ക്കായി നായ ഉള്‍പ്പെടെയുള്ള മൃഗങ്ങളുമായി നേരിട്ട് ഇടപെടുന്ന ജീവനക്കാര്‍ക്ക് പേ വിഷബാധ പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിനേഷന്‍ ആരംഭിച്ചു. മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ചേര്‍ന്ന് നായകള്‍ക്ക് വാക്സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും നടത്തിവരികയാണ്. ഇവരില്‍ ചിലര്‍ക്ക് നായകളില്‍ നിന്നും കടിയേറ്റ സംഭവവുമുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് സ്പെഷ്യല്‍ വാക്സിനേഷന്‍ ആരംഭിച്ചത്. വെറ്ററിനറി ഡോക്ടര്‍മാര്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, മൃഗങ്ങളെ പിടിക്കുന്നവര്‍, കൈകാര്യം ചെയ്യുന്നവര്‍ എന്നിവര്‍ക്കാണ് വാക്സിന്‍ നല്‍കുന്നത്.
തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ 14കാരന് സഹപാഠികളുടെ ക്രൂരമര്‍ദനം. അഞ്ച് സഹപാഠികള്‍ ചേര്‍ന്നാണ് കുട്ടിയെ അതിക്രൂരമായി മര്‍ദിച്ചത്. ഈ മാസം ആറിന് ശ്രീചിത്ര പുവര്‍ ഹോമില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ക്ക് ശേഷമാണ് മര്‍ദ്ദനം നടന്നത്. ഇരുമ്പുവടി കൊണ്ട് സഹപാഠികള്‍ അടിച്ചു എന്നും ബൂട്ടിട്ട് മര്‍ദിച്ചു എന്നും പരാതിയുണ്ട്. കുട്ടിയുടെ നടുവിനും കാലിനും സാരമായ പരുക്കേറ്റു. ആര്യനാട് സ്വദേശിയായ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.